ജാലകത്തിലെ പെണ്കുട്ടി





ശനിയാഴ്ച.
ഓഫീസ്-ല്‍ നിന്നും നേരത്തെ ഇറങ്ങി.
ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യുമ്പോഴേക്കും നേര്‍ത്ത മഴച്ചാറ്റല്‍ തുടങ്ങി.
എന്നാലും കയ്യില്‍ കരുതിയിരുന്ന മഴക്കോട്ട് ധരിക്കാന്‍ തോന്നിയില്ല.
പലപ്പോഴും,നേര്ത്ത മഴയുടെ കുളിരുന്ന സ്പര്‍ശനവും ,തലോടലും എന്റെ യാത്രകളില്‍ ഞാന്‍ ഏറെ ആസ്വദിച്ചിരുന്നു. സ്നേഹത്തിന്റെ അദൃശ്യമായ ചുംബനം പോലെ...

റോഡില്‍ നല്ല തിരക്ക്.
മഴ ശക്തി പ്രാപിക്കും മുന്പേ വീടണയാന്‍ തിരക്ക് കൂട്ടി പായുന്നവര്‍.
വാഹനങ്ങളുടെ അനിയന്ത്രിതമായ ഒഴുക്കില്‍പ്പെട്ടു നീങ്ങവേ,അടുത്തയാഴ്ച്ചയിലെ യാത്രയെക്കുറിച്ചുള്ള ചിന്തകളായിരുന്നു മനസ്സില്‍.
അച്ഛന്റെ ഭീഷണിക്കും ,ശീതസമരങ്ങള്‍ക്കും ഇപ്പുറം,അമ്മയുടെ കണ്ണീരിനു മുന്നില്‍ വഴങ്ങി കൊടുക്കേണ്ടി വന്നു.
അങ്ങനെയാണ് ,അച്ഛനും,അമ്മാവനും കണ്ടു ,പൂര്‍ണ്ണതൃപ്തി രേഖപ്പെടുത്തിയ പെണ്‍കുട്ടിയെ കാണാന്‍ അടുത്തയാഴ്ച അമ്മാവനോടൊപ്പം ചെല്ലാമെന്നു മനസ്സില്ലാമനസ്സോടെ സമ്മതം മൂളിയത്. അതിനെക്കുറിച്ച് ചിന്തിച്ചപ്പോള്‍ തന്നെ മനസ്സിനാകെ വല്ലാത്ത മരവിപ്പ് തോന്നുന്നു.
എല്ലാം അറിയുന്ന അമ്മയും ഇപ്പോള്‍ ...
പാവം അമ്മയെയും കുറ്റപ്പെടുത്താനാവില്ല.മകന്റെ ജീവിതം ചരട് പൊട്ടി ,നിയന്ത്രണം വിട്ട പട്ടം പോലെ എങ്ങോട്ടെന്നില്ലാതെ ഒഴുകുന്നത്‌ എതമ്മക്കാണ് സഹിക്കാന്‍ പറ്റുക?
ഹൃദയം പകുത്തെടുത്ത് , പരസ്പരം ജീവന് തുല്യം സ്നേഹിച്ചു,... ഭൂമിയിലേക്കും ഭാഗ്യം ചെയ്തവരെന്നു ദിവസവും നൂറുവട്ടം ഓര്‍ത്തും ,ഓര്‍മ്മിപ്പിച്ചും....അവളോടൊപ്പം ചെലവഴിച്ച പ്രണയ ദിനങ്ങള്‍...
തമ്മില്‍ ഒരു നിമിഷമെങ്കിലും കാണാതിരുന്നാല്‍,കേള്‍ക്കാതിരുന്നാല്‍,ജീവന്‍ തന്നെ നിലച്ചു പോകുമെന്ന് ഭയന്നിരുന്ന വിരഹചൂടിന്റെ ചില ദിനരാത്രങ്ങളും....
ഒടുവില്‍...ഒരു സായാഹ്നത്തില്‍ മാതാപിതാക്കളെ ധിക്കരിക്കാന്‍ വയ്യെന്ന് പറഞ്ഞു ,എന്റെ സ്നേഹം പുറങ്കാല്‍ കൊണ്ടു തട്ടിത്തെറിപ്പിച്ചു കടന്നു പോയ കൂട്ടുകാരി , ഹൃദയത്തില്‍ ഏല്‍പ്പിച്ച മുറിവുകളില്‍ നിന്നും ഇപ്പോഴും രക്തം കിനിയുന്നു.
എതിരെ വന്ന ബസ്സിന്റെ ഹോണ്‍ കാടുകയറിയ ചിന്തകളില്‍ നിന്നും മനസ്സിനെ മടക്കിക്കൊണ്ടു വന്നു.


വീടെത്താറായിരിക്കുന്നു .ആകാശത്ത് പാഞ്ഞു നടക്കുന്ന മിന്നല്‍പ്പിണറുകള്‍...മഴ കനത്തേക്കും. ഞാന്‍ ബൈക്കിന്റെ വേഗത കൂട്ടി .
വീടിന്റെ ഗേറ്റ് കടക്കുമ്പോഴേക്കും ഞരങ്ങിയും,മൂളിയും നിന്ന മഴ ശക്തി പ്രാപിച്ചു.
വണ്ടി പോര്‍ച്ചില്‍ വെച്ചു ,കോളിംഗ് ബെല്ലില്‍ വിരലമര്‍ത്തി.കൈകള്‍ കൊണ്ടു മുടിയിലെ വെള്ളത്തുള്ളികള്‍ തെറിപ്പിച്ചു നിവരവെ,കണ്ണുകള്‍ വീടിനു മുന്നിലെ റോഡിനു എതിര്‍വശത്തുള്ള പഴയ ഓടിട്ട ഇരുനില മാളികയിലേക്ക്‌ നീണ്ടു.
വീടിന്റെ മുകള്‍ നിലയിലെ ജാലകം തുറന്നു കിടക്കുന്നു.
മുറിയിലെ ലൈറ്റിന്റെ മഞ്ഞ വെളിച്ചം ജനാലയിലൂടെ പുറത്തെ ഇരുളിലേക്ക് പടര്ന്നു ലയിക്കുന്നു.മഴയുടെ പശ്ചാത്തലത്തില്‍ ദൃശ്യം ഏതോ ഹൊറര്‍ സിനിമയിലെ പ്രേത മാളികയെ അനുസ്മരിപ്പിച്ചു.
എനിക്ക് ആശ്ചര്യം തോന്നി.
കാലങ്ങളായി ആള്താമസമില്ലാതെ അടഞ്ഞു കിടക്കുകയായിരുന്നല്ലോ വീട്.
കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ടു വാതില്‍ തുറന്ന അമ്മയുടെ ശബ്ദം ,കേട്ട് ഞാന്‍ ഞെട്ടിത്തിരിഞ്ഞു .

''ആരാണമ്മേ...അവിടെ? പുതിയ താമസക്കാര്‍ വല്ലവരും ആണോ?''
''അതെ,അവിടുത്തെ ഗോവിന്ദമേനന്റെ ഡല്‍ഹിയി‌ലുള്ള ഏതോ സുഹൃത്തും കുടുംബവും..ഒരാഴ്ച അവിടെ കാണും ത്രെ..''
''ഉം'' മൂളികേട്ടു കൊണ്ടു ഞാന്‍ ബെഡ് റൂമിലേക്ക്‌ നടന്നു.
ബാഗും,ഹെല്‍മെറ്റും മേശപ്പുറത്തു വെച്ചു ,ഈറന്‍ മാറി ടൌവലുമെടുത്തു കുളിമുറിയിലേക്ക് പോയി.


പുറത്തു ശക്തിയായ മഴ.
കുളികഴിഞ്ഞു വന്ന് ,അമ്മ തന്ന ചൂട് ചായ മൊത്തി കുടിച്ചു കൊണ്ടു,ഞാന്‍ എന്റെ മുറിയുടെ ജനാല തുറന്നു.
അവിടെ നിന്നാല്‍ മാളിക കാണാം.അതിന്റെ മുകളിലത്തെ നിലയിലെ തുറന്നിട്ട ജാലകവും.വെറുതെ തോന്നിയ കൌതുകമാണ് പുറത്തു നിന്നും വീശിയടിക്കുന്ന മഴത്തുള്ളികള്‍ വകവെക്കാതെ ജന്നല്‍ തുറക്കാന്‍ പ്രേരിപ്പിച്ചത് .മഴ തീര്ത്ത മറയിലൂടെ കാഴ്ച അവ്യക്തമയിരുന്നുവെങ്കിലും ജാലകത്തിനരികെ ഒരു നിഴല്‍ കണ്ടു.ഒരു സ്ത്രീയുടെ രൂപം പോലെ . വീശിയടിച്ചെത്തിയ കാറ്റ് എന്റെ ജന്നല്‍ വലിച്ചടച്ചു.
* * * *
ഉച്ചത്തില്‍ കതകിനു മുട്ടുന്ന ശബ്ദം കേട്ട് കൊണ്ടാണ് ഞെട്ടിയുണര്‍ന്നത്. അമ്മയാണ് . നേരം നന്നേ പുലര്‍ന്നിരിക്കുന്നു.
ഞാന്‍ വാതില്‍ തുറന്നു. പ്രഭാതകര്‍മ്മങ്ങള്‍ക്ക്ശേഷം അമ്മ തന്ന ചായയുമായി,മുറിയിലെത്തി.അടച്ചിട്ടിരുന്ന ജനാല ഞാന്‍ തള്ളിത്തുറന്നു.
കണ്ണുകള്‍ റോഡിനപ്പുറം, ജാലകത്തിലേക്ക്.... അറിയാതെ...
ഇപ്പോഴും അത് തുറന്നു തന്നെ കിടക്കുന്നു.
നിഴലും അവിടെയുണ്ട്.
നിഴല്‍ അല്ല...വ്യക്തമായ ചിത്രം പോലെ ഒരു പെണ്‍കുട്ടി..
ബാലസൂര്യന്റെ കിരണങ്ങള്‍ ജാലകത്തിന്റെ അഴികളും കടന്ന് അവളുടെ മുഖത്ത് തട്ടി പ്രതിഫലിച്ചു.ഒറ്റനോട്ടത്തില്‍ നിഷ്കളങ്കത തുളുമ്പുന്ന മുഖം.
മാറിലേക്ക്‌ വിടര്‍ത്തിയിട്ടിരിക്കുന്ന നീണ്ട മുടിയും,നേരിയ പുഞ്ചിരി ഒളിപ്പിച്ച
അവളുടെ ചൊടികളും,ഒരു പ്രത്യേക വശ്യത പകരുന്നത് പോലെ തോന്നി ...
പക്ഷെ,കണ്ണുകളിലെ വിഷാദഛവി , അന്തരീക്ഷമാകെ പടരുന്നതുപോലെ....
അമ്മയുടെ വിളി കേട്ട് ഞാന്‍ പൂമുഖത്തേക്ക്‌ നടന്നു.


ബ്രേക്ഫാസ്റ്റ് കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ പലതവണ അമ്മയോട് ചോദിയ്ക്കാന്‍ തുനിഞ്ഞു, വീട്ടിലെ പുതിയ അന്തേവാസികള്‍ ആരാണെന്ന്.
അതിന്റെ അനൌചിത്യം ഓര്‍ത്തു ചോദ്യം ഞാന്‍ വിഴുങ്ങി.
ആഴ്ചയില്‍ ആകെ കിട്ടുന്ന ഒരേയൊരു അവധി ദിനമാണ്.
മുടങ്ങിക്കിടക്കുന്നതും,മാറ്റി വെച്ചിരിക്കുന്നതുമായ പല കാര്യങ്ങളും ഇന്ന് ചെയ്തു തീര്‍ക്കണമെന്ന് മനസ്സില്‍ കരുതിയതുമാണ്.
പക്ഷെ ഒന്നിനും ഒരു മൂഡ് തോന്നുന്നില്ല.
ദിനപത്രവുമെടുത്തു സിറ്റൌട്ടില്‍ കുറച്ചു നേരം ഇരുന്നു.
അറിയാതെ മനസ്സും,കണ്ണുകളും,വീണ്ടും ജാലകത്തിലെ മനോഹര ദൃശ്യം തേടിയോ....
ജാലകം തുറന്നു കിടക്കുന്നു.
പക്ഷെ,അവിടെ അവള്‍ ഉണ്ടായിരുന്നില്ല.
* * * *
വിരസമായ പകല്‍ കടന്നു പോയി.
വൈകുന്നേരം ഒരു സുഹൃത്തിന്റെ വീട്ടില്‍ പോകാനിറങ്ങുമ്പോഴാണു കണ്ടത്,കുലീനയായ ഒരു സ്ത്രീയും,അവരുടെ ഭര്‍ത്താവ് എന്ന് തോന്നിക്കുന്ന ഒരു പുരുഷനും വീടിന്റെ ഗേറ്റ് കടന്നു പുറത്തേക്കു വരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആയിരിക്കണം.
ഞാന്‍ അനുമാനിച്ചു.
അവരുടെ വേഷവും,കയ്യിലെ പൂക്കൂടയും കണ്ടപ്പോള്‍ അമ്പലത്തിലെക്കാണെന്നു മനസ്സിലായി.

അപ്പോള്‍ പെണ്‍കുട്ടി എവിടെ?
തീര്‍ച്ചയായും അവളും അവരെ അനുഗമിക്കേണ്ടാതാണല്ലോ ....
ഞാന്‍ വീടിന്റെ മുകള്‍ നിലയിലേക്ക് നോക്കി.
ജാലകത്തിനരികെ അവള്‍ വീണ്ടും...
മുഖത്തു അതെ പുഞ്ചിരി.
കാഴ്ച എന്റെ മനസ്സിനെ കുളിര്‍പ്പിച്ചു.
തിരികെ പുഞ്ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
* * * *
വണ്ടിയോടിക്കുമ്പോള്‍ പലവിധ ചിന്തകള്‍ മനസ്സിനെ മഥിച്ചു കൊണ്ടിരുന്നു.
എനിക്കെന്താണ് സംഭവിക്കുന്നത്‌??
അലകളൊടുങ്ങി ഒട്ടു ശാന്തമായ മനസ്സില്‍,ഓളങ്ങള്‍ ഉണ്ടാക്കാന്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ അവള്‍ക്കു എങ്ങനെയാണ് സാധിച്ചത്??
അവള്‍ ആരാണ്? പേര് പോലും അറിയില്ലല്ലോ..
അവള്‍ ആര് തന്നെയായാലും,ഇനിയെന്നും ഹൃദ്യമായ ''കണി'' കണ്ടുണരാന്‍ ഞാന്‍ മനസ്സില്‍ വല്ലാതെ മോഹിച്ചു തുടങ്ങിയിരുന്നു.


പിന്നെയും പല തവണ കണ്ടു, ഇരുണ്ട ജാലകത്തിന്റെ പശ്ചാത്തലമായി അര്‍ദ്ധസുന്ദര രൂപം.
ഒരിക്കലെങ്കിലും അവളെ അടുത്ത് കാണാന്‍ ഞാന്‍ വല്ലാതെ ആഗ്രഹിച്ചു.
പക്ഷെ ഒരിക്കല്‍ പോലും എനിക്ക് അതിനുള്ള ഭാഗ്യം ഉണ്ടായില്ല.

* * * *
ഓഫീസിലെ യാന്ത്രികമായ ചര്യകളും കഴിഞ്ഞു മടുപ്പോടെ വീട്ടിലെത്തിയിരുന്ന എനിക്ക് ദിനങ്ങള്‍ പ്രത്യാശയുടെയും,ആത്മഹര്‍ഷത്തിന്റെയും ദിനങ്ങളാകുന്നു.
ജന്നലരികില്‍ പ്രതിഷ്ടിച്ച സുന്ദരീശില്‍പ്പം പോലെ ,അവളുടെ സാന്നിധ്യം എന്റെ പ്രഭാതങ്ങള്‍ക്കും,സായാഹ്നങ്ങള്‍ക്കും ഊര്‍ജ്ജം പകര്‍ന്നു.
അവളെ ഞാന്‍ സ്നേഹിച്ചു തുടങ്ങിയോ?
ഒരുത്തരം തരാന്‍ മനസ്സിന് കഴിഞ്ഞില്ല.
* * * *
വീണ്ടും ഇതാ ശനിയാഴ്ച.
ഒരാഴ്ച പെട്ടെന്ന് കടന്നു പോയിരിക്കുന്നു.
നാളെയാണ് അമ്മാവനോടൊപ്പം ചെല്ലാമെന്നു പറഞ്ഞ ദിവസം.
എങ്ങനെയും യാത്ര ഒഴിവാക്കണം.
പുതിയ ഒരു ലക്‌ഷ്യം ഉണ്ടായിരിക്കുന്നതുപോലെ...
അമ്മയോട് തുറന്നു പറയാം ,
തനിക്കു പെണ്‍കുട്ടിയെ ഇഷ്ടമായി എന്ന്.
അമ്മ സന്തോഷിക്കുകയെ ഉള്ളൂ .
ഓഫീസില്‍ വെച്ച് തന്നെ അമ്മയോട് പറയാനുള്ള കാര്യങ്ങള്‍ ചിട്ടയായി അടുക്കി മനസ്സില്‍
സൂക്ഷിച്ചു.


വൈകിട്ട് വീടെത്തി,ഗേറ്റിനു മുന്നില്‍ ബൈക്ക് നിര്‍ത്തി,ഗേറ്റ് തുറക്കാനായി ഇറങ്ങുമ്പോള്‍ കണ്ടു,
വീടിനു മുന്നില്‍ ഒരു കാര്‍ കിടക്കുന്നു.
ഡിക്കി തുറന്നു ബാഗുകളും ,പെട്ടികളും സൂക്ഷ്മതയോടെ അടുക്കി വെക്കുന്ന ഡ്രൈവര്‍.
എന്റെ കാലുകള്‍ നിശ്ചലമായി.
അവര്‍ പോകുകയാണോ?
മനസിനും,ശരീരത്തിനും വല്ലാത്ത തളര്‍ച്ച അനുഭവപ്പെട്ടു.
പെട്ടെന്നാണ്‌ അത് കണ്ടത്.
പൂമുഖവാതിലിലൂടെ പുറത്തേക്കു കൊണ്ട് വരുന്ന വീല്‍ ചെയറില്‍ അവള്‍...
അവളുടെ അച്ഛന്‍ പതിയെ വീല്‍ചെയര്‍ ഉന്തി പുറത്തേക്കു കൊണ്ട് വരുന്നു.
ലോകം കീഴ്മേല്‍ മറിയുന്നത് പോലെ എനിക്ക് തോന്നി.
ദൈവമേ,....
ആ ജനലഴികള്‍ക്കിപ്പുറമുള്ള ലോകം അവള്‍ക്കു അന്യമായിരുന്നതിനുള്ള ആ കാരണം എനിക്ക് പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല .
കാറിനടുത്തെത്തുമ്പോഴേക്കും അവള്‍ എന്നെ കണ്ടിരുന്നു.
കണ്ണുകള്‍ തമ്മിലിടഞ്ഞു.
അവളുടെ പുഞ്ചിരി മുഖത്ത് നിന്നും മാഞ്ഞിരുന്നു
നിറഞ്ഞ കണ്ണുകള്‍....

കാറിന്റെ ഡോര്‍ തുറന്നു അച്ഛനും,ഡ്രൈവറും കൂടി അവളെ കാറിലേക്ക് എടുത്തു ഇരുത്തുന്നതിനിടയില്‍ അവള്‍ വീണ്ടും തിരിഞ്ഞു നോക്കി.
മൌനമായി യാത്ര പറയുന്ന നിറകണ്ണുകള്‍.
ഹൃദയം ഒരായിരം കഷണങ്ങളായി നുറുങ്ങുന്നത് ഞാന്‍ വീണ്ടും അനുഭവിച്ചറിഞ്ഞു.
പുറകില്‍ അമ്മയുടെ ശബ്ദം.
''അവര്‍ പോകുകയാണ്.''
''പാവം കുട്ടി.രണ്ടു കാലുകളും പോളിയോ വന്നു തളര്‍ന്നു പോയി. പെണ്‍കുട്ടിയുടെ പേരില്‍ ഏതൊക്കെയോ ക്ഷേത്രങ്ങളില്‍ എന്തൊക്കെയോ നേര്‍ച്ചകള്‍ ഉണ്ടായിരുന്നത്രേ.അത് നടത്താന്‍ വന്നതാണ് അവര്‍''
അകലെ നിന്നെന്നപോലെ അമ്മയുടെ ശബ്ദം കാതുകളില്‍ തീമഴയായി പെയ്തിറങ്ങി.
ഡ്രൈവര്‍ , കാറിന്റെ കാരിയറില്‍ അവളുടെ വീല്‍ ചെയര്‍ ഭദ്രമായി കെട്ടിവെക്കുന്നു.

അമ്മ, വീണ്ടും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു.
അമ്മയുടെ വാക്കുകളെ വിഴുങ്ങി ഇരമ്പലോടെ കാര്‍ ഗേറ്റ് കടന്നു പോയി..
ദൂരെ മറയുന്ന കാറിനെയും ,മുകളില്‍ വച്ചിരുന്ന വീല്‍ ചെയറിനെയും ,കണ്ണീര്പാട എന്റെ ദൃഷ്ടിയില്‍ നിന്നും മറച്ചു.
അവള്‍ എന്നെന്നേക്കുമായി മറയുകയാണ്...
ഞാന്‍ സ്വപ്നാടകനെപ്പോലെ എന്റെ മുറിയിലേക്ക് നടന്നു.
ആവേശത്തോടെ ജനാല തള്ളി തുറന്നു.
അവളുടെ മുറിയുടെ ജാലകം അടഞ്ഞു കിടന്നിരുന്നു
എന്റെ മൌനപ്രണയത്തിന്റെയും...
എന്നെന്നേക്കുമായി....

15 അഭിപ്രായം. >>ഇവിടെഎഴുതാന്‍ മറക്കണ്ടാ ട്ടോ..:

ramanika said...

ജീവിതം ഇങ്ങനെയാണ്
വെറുതെ മോഹിപ്പിക്കും
പിന്നെ വേദനിപ്പിക്കും

Anil cheleri kumaran said...

nalla work..
good

പകല്‍കിനാവന്‍ | daYdreaMer said...

നല്ല കഥ.. നന്നായി അവതരിപ്പിച്ചിരിക്കുന്നു..

ശ്രീ said...

നന്നായിട്ടുണ്ട്...

Mr. X said...

Touching one... really... nice...

മാനസ said...

എല്ലാ സുഹൃത്തുക്കളുടെയും അഭിപ്രായങ്ങള്‍ക്ക് നന്ദി...

ചോലയില്‍ said...

കഥ ഇഷ്ടപ്പെട്ടു.
അഭിനന്ദനങ്ങള്‍

ഷാനവാസ് കൊനാരത്ത് said...

ആശംസകള്‍

കുക്കു.. said...

nice story..

VEYIL said...

manasayude kadayude jalakangal ennum thurannirikkate...........

VEYIL said...

manasayude kadayude jalakangal ennum thurannirikkate...........

VEYIL said...

manasayude kadayude jalakangal ennum thurannirikkate...........

Unknown said...

Blog valare nannayittund.

Anonymous said...

kannu nanayikkunna anubhavam...parayathe vayya...

Anonymous said...

നൈസ് ......ഒരു മഴ നനഞ്ഞ സുഖം

Post a Comment

അഭിപ്രായം ഇവിടെ...