സന്ദര്‍ശനം (ബാലചന്ദ്രന്‍ ചുള്ളിക്കാട് )






അധികനേരമായി സന്ദശകര്‍ക്കുള്ള
മുറിയില്‍ മൌനം കുടിച്ചിരിക്കുന്നു നാം.
ജനലിനപ്പുറം ജീവിതം പോലെയീ
പകല്‍ വെളിച്ചം പൊലിഞ്ഞു പോകുന്നതും ,
ചിറകു പൂട്ടുവാന്‍ കൂട്ടിലേക്കോര്‍മ്മതന്‍
കിളികളൊക്കെ പറന്നു പോകുന്നതും,
ഒരു നിമിഷം മറന്നൂ പരസ്പരം
മിഴികളില്‍ നമ്മള്‍ നഷ്ടപ്പെടുന്നുവോ.
മുറുകിയോ നെഞ്ചിടിപ്പിന്റെ താളവും,
നിറയെ സംഗീതമുള്ള നിശ്വാസവും.
പറയുവാനുണ്ട് പൊന്‍ ചെമ്പകം പൂത്ത
കരളു പണ്ടേ കരിഞ്ഞു പോയെങ്കിലും,
കറ പിടിച്ചോരെന്‍ ചുണ്ടില്‍ തുളുമ്പുവാന്‍
കവിത പോലും വരണ്ടു പോയെങ്കിലും,
ചിറകു നീര്‍ത്തുവാനാവാതെ തൊണ്ടയില്‍
പിടയുകയാണൊരേകാന്ത രോദനം,
സ്മരണതന്‍ ദൂര സാഗരം തേടിയെന്‍
ഹൃദയരേഖകള്‍ നീളുന്നു പിന്നെയും.
കനകമൈലാഞ്ചിനീരില്‍ തുടുത്ത നിന്‍
വിരല്‍ തൊടുമ്പോള്‍ കിനാവു ചുരന്നതും
നെടിയ കണ്ണിലെ കൃഷ്ണകാന്തങ്ങള്‍ തന്‍
കിരണമേറ്റെന്റെ ചില്ലകള്‍ പൂത്തതും
മറവിയില്‍ മാഞ്ഞു പോയ നിന്‍ കുങ്കുമ-
ത്തരി പുരണ്ട ചിദംബര സന്ധ്യകള്‍.
മരണ വേഗത്തിലോടുന്നു വണ്ടികള്‍
നഗരവീഥികള്‍ നിത്യ പ്രയാണങ്ങള്‍
മദിരയില്‍ മനം മുങ്ങി മരിക്കുന്ന
നരക രാത്രികള്‍ സത്രച്ചുമരുകള്‍
ചില നിമിഷത്തിലേകാകിയാം പ്രാണ -
നലയുമാര്‍ത്തനായ് ഭൂതായനങ്ങളില്‍
ഇരുളിലപ്പോള്‍ ഉദിക്കുന്നു നിന്‍ മുഖം
കരുണമാം ജനനാന്തര സാന്ത്വനം.
നിറമിഴിനീരില്‍ മുങ്ങും തുളസി തന്‍
കതിരുപോലുടന്‍ ശുദ്ധനാകുന്നു ഞാന്‍
അരുത് ചൊല്ലുവാന്‍ നന്ദി,കരച്ചിലിന്‍,
അഴിമുഖം നമ്മള്‍ കാണാതിരിക്കുക
സമയമാകുന്നു പോകുവാന്‍,രാത്രിതന്‍
നിഴലുകള്‍ നമ്മള്‍,പണ്ടേ പിരിഞ്ഞവര്‍.
[courtesy: കാവ്യഗീതങ്ങള്‍ ,composed by ജെയ്സണ്‍.j.നായര്‍,sung by g. വേണുഗോപാല്‍ ]

21 അഭിപ്രായം. >>ഇവിടെഎഴുതാന്‍ മറക്കണ്ടാ ട്ടോ..:

ശ്രീ said...

നന്ദി
:)

ശ്രീ said...

ഈ കവിതകള്‍ ഡൌണ്‍‌ലോഡ് ചെയ്യാനുള്ള സൌകര്യം കൂടെ ചെയ്തു തന്നാല്‍ കൂടുതല്‍ നന്നായിരുന്നു.

ശ്രീ said...

ഡൌണ്‍‌ലോഡ് ചെയ്യാന്‍ പറ്റുന്നുണ്ട് ട്ടോ. രണ്ടാമത്തെ കമന്റ് പരിഗണിയ്ക്കേണ്ടതില്ല :)

Rejeesh Sanathanan said...

വേണുഗോപാലിന്‍റെ ശബ്ദത്തില്‍ വന്നപ്പോള്‍ ഒരു വല്ലാത്ത അനുഭവമായിരുന്നു ഈ കവിത

Zebu Bull::മാണിക്കൻ said...

ഇത് എനിക്കും വളരെ ഇഷ്ടമുള്ള ഒരു കവിതയായിരുന്നു ഒരിക്കല്‍. വേണുഗോപാല്‍ ഇതു പാടുന്നത് ആദ്യമായിട്ടാണു കേള്‍ക്കുന്നത്. നന്ദി.

മയൂര said...

ഈ കവിതയ്ക്ക് നന്ദി :)

ജ്വാല said...

വേണുഗോപാലിന്റെ ആര്‍ദ്ര ശബ്ദം..സംഗീതാവിഷ്കാരം കേള്‍പ്പിച്ചതിന് നന്ദി

നൊമാദ് | A N E E S H said...

അരുത് ചൊല്ലുവാന്‍ നന്ദി,കരച്ചിലിന്‍,
അഴിമുഖം നമ്മള്‍ കാണാതിരിക്കുക
സമയമാകുന്നു പോകുവാന്‍,രാത്രിതന്‍
നിഴലുകള്‍ നമ്മള്‍,പണ്ടേ പിരിഞ്ഞവര്‍.


haunts me nhtng like.

karimeen/കരിമീന്‍ said...

ആയിരം ആയിരം നന്ദി നന്ദി

മുസ്തഫ|musthapha said...

വളരെ നന്ദി...

"കനകമൈലാഞ്ചിനീരില്‍ തുടുത്ത നിന്‍
വിരല്‍ തൊടുമ്പോള്‍ കിനാവു ചുരന്നതും
നെടിയ കണ്ണിലെ കൃഷ്ണകാന്തങ്ങള്‍ തന്‍
കിരണമേറ്റെന്റെ ചില്ലകള്‍ പൂത്തതും"

1991ലെഴുതിയ പ്രണയലേഖനങ്ങളിലൊന്നില്‍ ഈ വരികള്‍ കോപ്പിയടിച്ചിട്ടിരുന്നു :)

ജയലക്ഷ്മി said...

ഒരു നിമിഷം മറന്നൂ പരസ്പരം
മിഴികളില്‍ നമ്മള്‍ നഷ്ടപ്പെടുന്നുവോ.

Anonymous said...

ചിറകു നീര്‍ത്തുവാനാവാതെ തൊണ്ടയില്‍
പിടയുകയാണൊരേകാന്ത രോദനം,

Anonymous said...

മറവിയില്‍ മാഞ്ഞു പോയ നിന്‍ കുങ്കുമ-
ത്തരി പുരണ്ട ചിദംബര സന്ധ്യകള്‍.

മാനസ said...

.....

പ്രതികരണൻ said...

വേണുഗോപാല്‍ കവിതയെ വെറും പാട്ടാക്കിക്കളഞ്ഞു എന്ന വിയോജിപ്പ് രേഖപ്പെടുത്തുവാന്‍ അനുവദിക്കുക...

Anonymous said...

"വേണുഗോപാല്‍ കവിതയെ വെറും പാട്ടാക്കിക്കളഞ്ഞു എന്ന വിയോജിപ്പ് രേഖപ്പെടുത്തുവാന്‍ അനുവദിക്കുക..."

സത്യം

Unknown said...

എൻെറ പ്രണയവും ഇങനെ തന്നെ

സദൻ കണ്ണമംഗലം said...

പ്ലസ് വൺ പാഠപുസ്തകത്തിൽ ഈ കവിതയിലെ രണ്ടു വരികൾ ' ( നിറമിഴിനീരിൽ മുങ്ങും തുളസിതൻ കതിരു പോലുടൻ ശുദ്ധനാകുന്നു ഞാൻ ) ഒഴിവാക്കിയതായി കാണുന്നു

ജഗൻ ജിത്‌ said...

പ്ലസ് വൺ മലയാള പുസ്തകത്തിലും പിന്നീട് മലയാളം ഐച്ഛിക വിഷയമായി സ്വീകരിച്ച വേളയിലും സന്ദർശനം പഠിക്കാൻ ഭാഗ്യമുണ്ടായി.ഒരുപാട് ഇഷ്ടമുള്ള, ഓരോ വായനയിലും ഏറെ ആസ്വദിച്ച കവിത...

ജഗൻ ജിത്‌ said...

കവിത ചേർത്തതിൽ ഒത്തിരി സന്തോഷം... നന്ദി...

Unknown said...

സന്ദർശനത്തിലെ നായകന്റെ ഭൂധകാലം ഇരുണ്ടതായിരുന്നെന്ന് കവിതയിൽ സൂചനകളുണ്ടോ

Post a Comment

അഭിപ്രായം ഇവിടെ...