''മക്കള്മാഹാത്മ്യം ''


വീണ്ടും '' അപ്പുചരിതം ''.
എന്റെ ബ്ലോഗ് ,വായിക്കുന്നവരെ ബോറടിപ്പിച്ചേ ഞാന്‍ അടങ്ങൂ എന്ന നിഗൂഡമായ ഉദ്ദേശ്യമൊന്നും സത്യമായും എനിക്കില്ല.കേട്ടോ.
എന്റെ ഈ കൊച്ചു കൂട്ടിലെ ആണ്കിളിയും,കുഞ്ഞിക്കിളികളും ഒക്കെ നേരം പുലരുമ്പോള്‍,കൂടൊഴിഞ്ഞു പറന്നു പോകുമ്പോള്‍,കൂട്ടില്‍ ഒറ്റക്കാകുന്ന ഞാന്‍ ചിലപ്പോള്‍ ഓര്ത്തു ചിരിക്കുന്ന ചില നുറുങ്ങുകള്‍ ഇവടെ കുറിക്കാമെന്നു കരുതി.

ഒരു ''ഡ്രൈവര്‍'' ആകുകയെന്ന തന്റെ പരമമായ 'ജീവിതലക്ഷ്യം''സാധിക്കുന്നതിനുള്ള യോഗ്യതയൊക്കെ തനിക്ക് ഇപ്പോള്‍ തന്നെ ആയിക്കഴിഞ്ഞു എന്നും,ഇനി കൂടുതലായി ഒന്നും പഠിച്ചു തല പുണ്ണാക്കേണ്ട കാര്യമില്ലെന്നും , എന്റെ മകന്‍ അപ്പു എന്നെ ദിവസവും ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കുകയാണ് ..
അത്യാവശ്യം കൂട്ടാനും,കുറയ്ക്കാനും,ഗുണിക്കാനുംഅറിയാം . (ഗുണനപ്പട്ടിക,അവന്റെ പപ്പാ,കാര്‍ഡ്ബോര്‍ഡ് - ല്‍ തയാറാക്കി,ഈ വീട്ടില്‍,അവന്‍ കടന്നു ചെല്ലാന്‍ സാധ്യതയുള്ള എല്ലാ മുക്കിലും,മൂലയിലും സ്ഥാപിച്ചു ,സാമ-ദാന-ഭേദ-ദണ്ഡങ്ങള്‍ പ്രയോഗിച്ചു ,[മനുഷ്യാവകാശകമ്മീഷന്‍ അറിയണ്ട ] അവനെ പഠിപ്പിച്ചതാണ്.) . പിന്നെ മലയാളം ഹിന്ദി ഭാഷകളിലെ സ്വര-വ്യഞ്ജന അക്ഷരങ്ങളും,അറബി ടീച്ചര്‍ ചെവി തിരുമ്മി പൊന്നാക്കി പഠിപ്പിച്ച അറബി ലിപികളും,കൂടി ആയപ്പോള്‍ അത് അധികയോഗ്യതയുമായി എന്നുമാണ് അവന്‍ പറയുന്നത്.


ഇങ്ങനെയിരിക്കെ,മൂന്നാം ക്ലാസ്സിലെ ആദ്യ ടേം തുടങ്ങിയപ്പോള്‍ പപ്പയുടെ പുതിയ പ്രഖ്യാപനം വന്നു.
''ഈ ടേം-ല്‍ അപ്പു എല്ലാ വിഷയങ്ങള്‍ക്കും 100% മാര്‍ക്ക് വാങ്ങിയാല്‍ മധ്യവേനലവധിക്ക് നേരത്തെ നാട്ടില്‍ വിടാം.''
(ഇല്ലെങ്കില്‍ പപ്പക്ക് കിട്ടുന്ന 30 ദിവസത്തെ അവധിക്കു പോയി മടങ്ങേണ്ടി വരും എന്ന് ചുരുക്കം )
കഴിഞ്ഞ വെക്കേഷനു തന്നെ ഈ വര്ഷത്തെ അവധിക്കാലത്തേക്കുള്ള ചില ''കുനുഷ്ടുകള്‍''
അപ്പു ,അവന്റെ അളിയനുമായി (അച്ഛന്‍ പെങ്ങളുടെ മകന്‍) കണ്ടു പിടിച്ചു വച്ചിരിക്കുന്നതിനാല്‍ പപ്പയുടെ പ്രഖ്യാപനത്തെ അവന്‍ ഹര്‍ഷാരവത്തോടെ സ്വാഗതം ചെയ്തു.

പക്ഷെ,പഠിക്കാനായി മിനക്കെട്ടു കുത്തിയിരിക്കുന്നത് അങ്ങേയറ്റം വിഷമം പിടിച്ച ഏര്‍പ്പാടാണ്.
വീടിനു പുറത്തു കൂട്ടുകാര്‍ കളിക്കുന്നതിന്റെ ആരവങ്ങള്‍ അവനെ പലപ്പോഴും പുറത്തേക്ക് ആകര്‍ഷിച്ചു കൊണ്ടിരുന്നു.
ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളുടെയും പ്രതിനിധികള്‍ക്ക് പുറമെ,ഫിലിപ്പിന്‍സ്‌ ,പാകിസ്ഥാനി,ശ്രീലങ്ക ,ബംഗ്ലാദേശ് തുടങ്ങി പല നാടുകളില്‍ നിന്നും പല ഭാഷകള്‍ സംസാരിക്കുന്നവര്‍ അവന്റെ സുഹൃത്ത് വലയത്തില്‍ ഉള്ളതിനാല്‍, എല്ലാവരോടും ആശയവിനിമയം നടത്തേണ്ടതിന്റെ ഭാഗമായി ,എല്ലാവരെയും,നമ്മുടെ സ്വന്തം 'മലയാളം'പഠിപ്പിച്ചു ,''നാനാത്വത്തില്‍ ഏകത്വം '' അവന്‍ നടപ്പാക്കി കഴിഞ്ഞു .
പുറത്തുള്ള കൂട്ടുകാരുടെ കൂക്കുവിളികളും,ഇറങ്ങി ചെല്ലാനുള്ള സിഗ്നലുകളും കേട്ട് ക്ഷമ കെടുമ്പോള്‍ 'ദൌത്യ'മൊക്കെ മറന്നു ഇടക്കെങ്ങാനും വാതില്‍ തുറന്നു പുറത്തേക്ക് എത്തിനോക്കിയാല്‍,അവന്റെ ചേച്ചി ,ശാലുവിന്റെ' reminder' അവനെ പാഠങ്ങളുടെ വിരസമായ ലോകത്തിലേക്ക്‌ തിരികെ കൊണ്ടു വരികയും ചെയ്തു.

ചേച്ചിയാണ് അവന്റെ വീക്ഷണത്തില്‍,ഈ ലോകത്തിലെ ഒരേയൊരു വില്ലത്തി കഥാപാത്രം.
ചേച്ചി ,നല്ല മാര്‍ക്ക് വാങ്ങുന്നതാണല്ലോ,തന്റെ ഇമേജ് ഇടിയാന്‍ കാരണമാകുന്നത് .ഇതില്‍ അല്‍പ്പം മനപ്രയാസം കക്ഷിക്ക് ഉണ്ട് താനും.
പിന്നെ അതിനെ അതിജീവിക്കാന്‍ ,അവളുടെ ചില' ദൌര്‍ബല്യങ്ങള്‍ 'ഓര്‍മ്മിപ്പിച്ചു നാണം കെടുത്തുകയെ ഉള്ളൂ ഏക പോംവഴി.അതിലൊന്ന്,അവളെക്കുറിച്ച് എന്റെ കയ്യില്‍ നിന്നും പലപ്പോഴായി അവന്‍ ചോര്‍ത്തിയെടുത്തിട്ടുള്ള
ഒരു സംഭവകഥയാണ് .

അതിങ്ങനെയാണ്....
ശാലുവിനു, രണ്ടു വയസ്സുള്ളപ്പോള്‍,അവളുടെ അപ്പുപ്പന്‍ അവള്ക്ക് ഒരു സ്ലേറ്റ് വാങ്ങിക്കൊടുത്തു.
ആ അതേന്നെ, നമ്മുടെ പണ്ടത്തെ പൊട്ടിപോകുന്ന സ്ലേറ്റ് തന്നെ.
കുടുംബത്തിലെ ആദ്യത്തെ പേരക്കുട്ടിയായതിനാല്‍ എല്ലാവരും കൂടി കൊഞ്ചിച്ചു വഷളാക്കിയെന്നും , തറ തൊടാതെ ഒരു കയ്യില്‍ നിന്നും മറുകയ്യിലേക്ക് ചാടി ഇങ്ങനെ തുടര്‍ന്നാല്‍ ശരിയാകില്ലെന്നും ഓര്‍ത്താണ് അച്ഛന്‍ ,അങ്ങനെ ഒരു 'കടുംകൈ' ചെയ്തത്.
സ്ലേറ്റും,പെന്‍സിലും കൊടുത്താല്‍ ,കൊച്ച് എവിടേലും കുത്തിയിരുന്ന് വരയും,കുറിയുമായി
'ടൈംപാസ് 'ചെയ്തോളുമല്ലോ.
'ഐഡിയ'എപ്പടി???
അങ്ങനെ സ്ലേറ്റ് വന്നു,ചോക്കുപെന്സില്‍ വന്നു.
കുഞ്ഞ് , ഒരു ദിവസം കൊണ്ടു തന്നെ 'ബോബനും മോളിയും' വരയ്ക്കുന്ന ടോംസ് മാഷിനും വെല്ലുവിളിയായി.
ചിത്രരചനയുടെ ആദ്യ ദിവസം ഭംഗിയായി കടന്നു പോയി.
കുഞ്ഞ്, '''നല്ലകുഞ്ഞ്''' ആയിരിക്കുന്നു.
എല്ലാവരും സന്തുഷ്ടരായി.
രണ്ടാം ദിവസം,അമ്മ,(അവളുടെ അച്ഛമ്മ ),രാവിലെ തന്നെ മോളെ പൊക്കിയെടുത്തു സ്ലേറ്റും ,പെന്‍സിലുമായി സിറ്റൌട്ടില്‍ കൊണ്ടിരുത്തി.
കുഞ്ഞ് , കാക്കയേയും,കിളികളെയും, ശലഭങ്ങളെയും ഒക്കെ ' ലൈവായി 'കണ്ടു ചിത്രം
വരച്ചോട്ടെയെന്നു അമ്മ ആഗ്രഹിച്ചതില്‍ കുറ്റം പറയാനാവില്ലല്ലോ.
ഞാന്‍ കിട്ടിയ അവസരം മുതലാക്കി,അടുക്കളയില്‍ പാചക പരീക്ഷണത്തിലും.
അമ്മയും വന്നു സഹായിക്കാന്‍.
ഇടയ്ക്ക് ഞാന്‍ ഒളിച്ചു ചെന്നു നോക്കിയപ്പോള്‍ കാര്യങ്ങളൊക്കെ ഭംഗിയായി പുരോഗമിക്കുന്നു.എന്തോ തെരക്ക് പിടിച്ച 'സര്‍ഗ്ഗ സൃഷ്ടിയിലാണ് ''അവള്‍ .
ഞാന്‍ തിരികെപോയി.
അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ സിറ്റൌട്ടില്‍ മോള്‍ അലറിക്കരഞ്ഞു കൊണ്ടു ഓടി വരുന്നു.
എല്ലാവരും ഭയന്ന് പോയി.
കുഞ്ഞ്,''പാമ്പ്...പാമ്പ് '' എന്ന് അവ്യക്തമായി പറഞ്ഞാണ് കരയുന്നത്.
ഞാന്‍ ഓടിച്ചെന്നു അവളെ വാരിയെടുത്തു.കുഞ്ഞുഹൃദയം പേടിച്ചിട്ടു വല്ലാതെ മിടിക്കുന്നുണ്ട്‌.

''എവിടെ മോളെ പാമ്പ്?? അച്ഛമ്മ അതിനെ ഇപ്പൊ കൊല്ലാം''
മോളെ സിറ്റൌട്ടില്‍ ഇരുത്തിയതിന്റെ കുറ്റബോധം അമ്മയെ ''ഭീഷ്മപ്രതിജ്ഞ ''എടുക്കാന്‍ നിര്‍ബന്ധിതയാക്കി
അപ്പോള്‍ അവള്ക്ക് കുറച്ചു ധൈര്യം വന്നെന്നു തോന്നുന്നു.
എന്റെ കയ്യില്‍ നിന്നും ഊര്‍ന്നിറങ്ങി അവള്‍ സിറ്റൌട്ടിലേക്ക് നടന്നു.
ഞങ്ങള്‍ ജാഥയായി ചട്ടുകം,തവി,തുടങ്ങിയ മാരകായുധങ്ങളുമായി പിന്നാലെയും.(വെപ്രാളത്തില്‍ അടുക്കളയില്‍ നിന്നും ഓടി വന്നതല്ലേ,ആയുധങ്ങള്‍ കയ്യിലുള്ള കാര്യം ഞങ്ങള്‍ മറന്നുപോയിരുന്നു.)

ചെന്നപ്പോള്‍ കണ്ട കാഴ്ച..!!!!!

അവളുടെ സ്ലേറ്റില്‍,, രണ്ടു വലിയ ഉണ്ടക്കണ്ണുള്ള ഒരു പാമ്പിനെ നീളത്തില്‍ വരച്ചിട്ടിരിക്കുന്നു.
സ്വന്തം 'കലാസൃഷ്ടി'' കണ്ടിട്ടാണ് അവള്‍ പേടിച്ചു ഓടിയത്.
അന്ന് ഞങ്ങള്‍ ചിരിച്ചതിനു കണക്കില്ല.
[അവളുടെ ഈ സ്വഭാവത്തിന് ഇപ്പോഴും വലിയ മാറ്റമൊന്നുമില്ല കേട്ടോ .
കഴിഞ്ഞ ദിവസം,സ്കൂളിലേക്ക് അന്യഗ്രഹജീവികളെക്കുറിച്ച് തന്റെ ഭാവനയില്‍ നിന്നും ഒരു റിപ്പോര്ട്ട് തയാറാക്കാന്‍ ഇരുന്ന അവള്‍ , ഭാവനയുടെ ''അനന്ത വിഹായസ്സില്‍ ''പാറി നടന്നു, alien-നെ ഓര്ത്തു പേടിച്ചു വിറച്ചു അവസാനം എന്നെ പിടിച്ചു കൂട്ടിനു ഇരുത്തിയാണ്‌ റിപ്പോര്ട്ട് പൂര്‍ത്തിയാക്കിയത്.]


അപ്പോള്‍,നമ്മള്‍ പറഞ്ഞു വരുന്നത്, ഫസ്റ്റ് ടേമില്‍ നൂറുശതമാനം മാര്‍ക്ക് വാങ്ങാനുള്ള അപ്പുവിന്റെ 'ഭഗീരഥ പ്രയത്നത്തെ ''കുറിച്ചാണല്ലോ. അവന് ഏറ്റവും ഇഷ്ടമുള്ള വിഷയം, E.V.S.ആണ്.
നമ്മുടെ ചുറ്റുപാടുകളെയും,പരിസരത്തെയും കുറിച്ച് പഠിക്കുമ്പോള്‍ സ്വാഭാവികമായും ,അവനു ഇഷ്ടപ്പെട്ട പല വിഷയങ്ങളും അതില്‍ പ്രതിപാദിക്കപ്പെടുന്നത്‌ കൊണ്ടാവണം.
'മീന്‍സ്‌ ഓഫ് ട്രാന്‍സ്പോര്‍ട്ട്' എന്ന അധ്യായത്തില്‍ അവന്റെ ആരാധനാമൂര്‍ത്തികളായ കാറും,ബസ്സുമെല്ലാം യഥേഷ്ടം വിഹരിക്കുന്നുമുണ്ട്.
ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ,അവനു E.V.S. -നു പിറ്റേന്ന് ക്ലാസ്സ്‌ ടെസ്റ്റ്‌ ഉള്ളതിനാല്‍
ഞാന്‍,അതിലെ 'ലിവിംഗ് തിങ്ങ്സ്‌ '' (ഭൂമിയിലെ ജീവലോകത്തെ കുറിച്ച്) എന്ന അദ്ധ്യായം പഠിപ്പിച്ചു കൊടുക്കാനായി ഇരുന്നു .ജീവലോകത്തെക്കുറിച്ചാണല്ലോ,സംഭവം രസകരം തന്നെ...
ഞാന്‍ വിശദമായി പാഠം വിവരിച്ചു കൊടുത്തു.അവന്റെ മുഖഭാവം അവനും അത് താല്‍പ്പര്യത്തോടെ മനസ്സിലാക്കുന്നുവെന്നു വെളിവാക്കുന്നതായിരുന്നു.
ഞാന്‍ ഹാപ്പി ആയി .
മകന്റെ അഭ്യുന്നതി കാംക്ഷിക്കുന്ന ഒരു അമ്മയ്ക്ക് ആനന്ദലബ്ധിക്കിനി എന്തു വേണം.
ഇനിയുള്ളത് ടീച്ചര്‍ കൊടുത്ത ചോദ്യോത്തരങ്ങള്‍ വിശദീകരിച്ചു കൊടുക്കുക എന്ന കടമ്പയാണ്.
പാഠഭാഗങ്ങള്‍ അവന്‍ ഈസിയായി മനസിലാക്കിയത് കൊണ്ട് മേല്‍പ്പറഞ്ഞതും ഈസി ആയി കൈകാര്യം ചെയ്യാവുന്നതെ ഉള്ളൂ.
ആദ്യത്തെ ചോദ്യം ,
''Describe any three characteristics of living things ''

ജീവനുള്ള വസ്തുക്കളുടെ ഏതെങ്കിലും മു‌ന്നു സവിശേഷതകള്‍ വിശദീകരിക്കുക എന്നാണ്.

1 )' Living things need food '

മനസ്സിലായോ എന്തെങ്കിലും??
''ആഹ്,ലിവിംഗ് തിങ്ങ്സ്‌-നു ജീവിക്കാന്‍ ഫുഡ്‌ വേണം എന്നല്ലേ അമ്മെ...''

''അതെ,വെരി ഗുഡ്‌.അത് തന്നെ.
ഇനി രണ്ടാമത്തെ പ്രത്യേകത,ശ്രദ്ധിച്ചു കേള്‍ക്കൂ''
2 )'Living things need air '

''ജീവനുള്ള വസ്ത്തുക്കള്‍ക്ക് ശ്വസിക്കാന്‍ വായു വേണം.''

ഞാന്‍ രണ്ടാമത്തെ സവിശേഷത വിശദീകരിച്ചിട്ടു അവന്റെ മുഖത്ത് നോക്കി.
''ഉം...ഉം...''
'കിലുക്കം'സിനിമയില്‍ രേവതി ,കാമധേനു ലോട്ടറി റിസള്‍ട്ട് സ് വായിക്കുമ്പോള്‍ ''ഉം...ഉം....ഇതൊക്കെ കുറെ കേട്ടതാ' എന്നു പറഞ്ഞു തലകുലുക്കുന്ന ഇന്നസെന്റിന്റെ അതെ മുഖഭാവം .
(ഓഹ്‌,ഇത്രേം മിടുക്കനായ എന്റെ മോനെയാണല്ലോ,പപ്പാ വെല്ലുവിളിച്ചത്!!!)
ഇനി നമ്പര്‍ ത്രീ ,ശ്രദ്ധിച്ചു കേള്‍ക്കൂ.

3 ) ''all living things have young ones ''

''എന്നൂച്ചാ??''അവന്റെ സംശയം തലപൊക്കി.

''എന്നുവെച്ചാല്‍....എല്ലാ ജീവജാലങ്ങള്‍ക്കും അവയുടെ കുഞ്ഞുങ്ങള്‍ ഉണ്ടാകും ''എന്ന്.
(ഈശ്വരാ...ഇങ്ങനെയല്ലേ ഇത് പറഞ്ഞു കൊടുക്കേണ്ടത്?? ഞാന്‍ തല പുകച്ചു )

ഞാന്‍ പറഞ്ഞു തീരും മുന്‍പേ അവന്‍ ചിരിച്ചു.
വീണ്ടും ഇന്നസെന്റ്-ന്റെ മുഖഭാവം .''അടിച്ചു മോളെ'' എന്നു പറഞ്ഞിട്ട് താഴെവീണ്‌ ചിരിക്കുന്ന ആ സീനിലെ ആണെന്ന് മാത്രം.
അതുപോലെ ചിരി.
ഞാന്‍ ഒന്നു പകച്ചു.'' എന്താ മോനെ''
''ഹി..ഹി... അമ്മെ.... ഈ ആന്‍സര്‍ പൊട്ട തെറ്റാ...''
''ഏന്തേ?""
ആകാക്ഷയോടെ ഞാന്‍...
''ഹല്ലാ,അമ്മ ആലോചിച്ചു നോക്ക്,ഞാന്‍ ഒരു ലിവിംഗ് തിംഗ് അല്ലെ,എന്നിട്ട് എനിക്ക് '' young one '' ഇല്ലല്ലോ''

ചിരിക്കണോ,കരയണോ എന്നറിയാതെ ഞാന്‍ വായും പൊളിച്ചു ഇരുന്നു പോയി.

6 അഭിപ്രായം. >>ഇവിടെഎഴുതാന്‍ മറക്കണ്ടാ ട്ടോ..:

പാവപ്പെട്ടവന്‍ said...

അപ്പുവിന്റെ ഓരോരോ കാര്യങ്ങളെ

maramaakri said...

ചിന്തയില്‍ നിന്ന് മരമാക്രി പുറത്ത്
പഴയ പോലെ കമന്‍റ് ബോക്സില്‍ കണ്ടു മുട്ടാം

വാഴക്കോടന്‍ ‍// vazhakodan said...

ചിരിക്കണോ,കരയണോ എന്നറിയാതെ ഞാന്‍ വായും പൊളിച്ചു ഇരുന്നു പോയി എന്ന് പറയാനാകില്ല രസകരമാണ് കേട്ടോ! അപ്പുവിന്റെ ഒരു കാര്യം!

hAnLLaLaTh said...

വായിക്കാന്‍ രസമുണ്ട് കേട്ടോ

...പകല്‍കിനാവന്‍...daYdreamEr... said...

:)

ശ്രീ said...

ഹ ഹ, മക്കള്‍ രണ്ടാളും കൊള്ളാമല്ലോ.

വിവരണം രസകരം തന്നെ. :)

Post a Comment

അഭിപ്രായം ഇവിടെ...