നീയും....
വള്‍
വീണ്ടും വന്നു...... വളരെ അപ്രതീക്ഷിതമായി....

കൊടുംവേനല്‍ തളര്‍ത്തി കടന്നുപോയ ആ വള്ളിപ്പടര്‍പ്പുകള്‍ വീണ്ടും തളിര്‍ത്തു തുടങ്ങിയിരിക്കുന്നു...
അതിന്‍റെ താഴെചില്ലയില്‍...തന്‍റെ ഇണയോടൊത്ത് ചേര്‍ന്നിരുന്നു,....കൊക്കുരുമ്മിയും,കൊഞ്ചിയും പരിഭവിച്ചും. പരിസരംപോലും മറന്നു അവള്‍....

വലിയ ഒച്ചയോടെ ഞാന്‍ ജന്നല്‍പാളി വലിച്ചു തുറന്നതുപോലും അവര്‍ അറിയുന്നതുണ്ടായിരുന്നതില്ല.
അവളെ, പ്രതീക്ഷിക്കാതെ വീണ്ടും കണ്ടുമുട്ടിയ സന്തോഷം കൊണ്ടു മനസ്സു തുടിച്ചു...
കുറെനാളുകളായിരിക്കുന്നു ഞാന്‍ പുറംലോകത്തെക്കുള്ള ആ ഏകജാലകം തുറന്നിട്ട്‌....കഴിഞ്ഞ വര്‍ഷത്തെ കൊടും ശിശിരത്തിനു മുന്നോടിയായി നിനച്ചിരിക്കാതെ എത്തിയ ആ മഴയുടെ തിരുശേഷിപ്പായി , ആ ജാലകത്തിന്‍റെ കണ്ണാടിചില്ലുകളില്‍ വെള്ളത്തുള്ളികള്‍ തെറിപ്പിച്ച മണ്ണ് ഉണങ്ങിപ്പിടിച്ചിരിക്കുന്നു. ഇതാ,അടുത്ത ശിശിരം വന്നെത്തിയിട്ടും അത് കഴുകിക്കളയാന്‍ മനസ്സു അനുവദിച്ചില്ല.. ഈ വര്‍ഷവും ഒരു മഴയെത്തി അത് കഴുകിനീക്കുമെന്നു ഞാന്‍ വൃഥാ വ്യാമോഹിച്ചിരുന്നു...
നേര്‍ത്ത മയക്കത്തില്‍,സ്വപ്നത്തിലെന്ന പോലെ കേട്ട അവളുടെ കൊഞ്ചലാണ് ഉണര്‍ന്നു നനുത്ത ജാലകവിരികള്‍
മാറ്റി പുറത്തേക്ക് നോക്കാന്‍ എന്നെ പ്രേരിപ്പിച്ചത്...വര്‍ഷങ്ങള്‍ക്കുശേഷം, പണ്ടെന്നോ പിരിഞ്ഞ കൂട്ടുകാരിയെ കണ്ടുമുട്ടിയതിന്‍റെ ത്രില്ലിലായിരുന്നു ഞാന്‍...എവിടെയായിരുന്നു അവള്‍??എന്‍റെ ഏകാന്തതകളില്‍ എനിക്ക് കൂട്ടായിരുന്നിട്ടു..... ഒടുവില്‍ ഒരു യാത്രപോലും പറയാതെ പറന്നു പോയി ...,ഇന്നിതാ വീണ്ടും....

ആറേഴുമാസങ്ങള്‍ക്ക് മുന്പ് ഒരു സായാഹ്നത്തില്‍ ,വാതില്‍ മുട്ടുന്ന ശബ്ദം കേട്ടു കതകു തുറന്നപ്പോള്‍ കൈകളില്‍ പിന്നില്‍ എന്തോ ഒളിപ്പിച്ചു ഏട്ടന്‍ പറഞ്ഞു '' കൈനീട്ടൂ....ഒരു സമ്മാനം തരാം''. നീട്ടിയ കൈകളില്‍,പിടയലോടെ അമര്‍ന്ന സാധനം ഞാന്‍ ഞെട്ടിത്തരിച്ചു കുടഞ്ഞു താഴേക്കിട്ടു. ഒരു ചെറിയ കിളി..പുറത്തെ കൊടുംവേനലില്‍ വെള്ളം പോലും കിട്ടാതെ ചാകാറായി കിടന്ന അതിനെ എടുത്തു കൊണ്ടുവന്നതാണ് ഏട്ടന്‍ .
അവശയായ,മരണാസന്നയായ അവള്‍,വീഴ്ചയുടെ ആഘാതത്തില്‍ ഒന്നു കൂടി പിടഞ്ഞു.പിന്നെ,കുതറി ഷെല്‍ഫിന്‍റെ പിന്നിലൊളിച്ചു...

എനിക്ക് വല്ലാത്ത സങ്കടമായി.വളരെ ക്ഷമയോടെ അവളെ ഞാന്‍ പരിചരിച്ചു.സന്ധ്യക്ക്‌, പുറത്തെ വള്ളിപ്പടര്‍പ്പില്‍ കൊണ്ടു വിട്ടിട്ടു മനസ്സില്ലാമനസ്സോടെയാണ് ഞാന്‍ അന്ന് വാതിലടച്ചത്.


പിന്നെ,വീണ്ടും അവളെ ഞാന്‍ കണ്ടു...പൂര്‍ണ്ണ ആരോഗ്യവതിയായി...
തുണികള്‍ വിരിക്കാന്‍ അഴകള്‍ കെട്ടാന്‍ ഉറപ്പിച്ച പൊള്ളയായ ഇരുമ്പു തൂണിന്‍റെയുള്ളില്‍ കൂടൊരുക്കി അവളും,ഇണക്കിളിയും....വിരസമായ എന്‍റെ ദിവസങ്ങളെ ധന്യമാക്കികൊണ്ട് ,അവരുടെ കൂട് മിനുക്കലും,പ്രണയവും,പരിഭവവും,ദാമ്പത്യവുമെല്ലാം എന്‍റെ കണ്മുന്നിലൂടെ കടന്നുപോയി.ജന്നല്‍ തുറന്നു അവളുടെ കുഞ്ഞുങ്ങളുടെ ശബ്ദത്തിനു കാതോര്‍ത്തു ഞാന്‍ നിര്‍വൃതിയടഞ്ഞു...

കുടുംബജീവിതത്തിന്‍റെ അനിവാര്യമായ ചില തിരക്കുകളില്‍പ്പെട്ടു ,ചിലപോഴെന്കിലും , മനപ്പൂര്‍വ്വമല്ലാതെ ഞാനും അവളെ മറന്നു...അതില്‍ പരിഭവിച്ചാവും ഞാന്‍ പോലുമറിയാതെ അവള്‍ കൂടൊഴിഞ്ഞു പോയത് .പിന്നീടൊരിക്കല്‍ ഒരു ഫിലിപ്പിനോ പയ്യന്‍ അവളുടെ കൂട് നിലത്തിട്ടു ചവുട്ടി ഞെരിക്കുന്നത്‌ ഞാന്‍ വേദനയോടെ കണ്ടുനിന്നു....

അതിന് ശേഷം ഇന്നാണ് അവളെ ഞാന്‍ കാണുന്നത്.....അത്ഭുതം തോന്നിയതില്‍ അതിശയോക്തിയുണ്ടോ ? പൈപ്പിനുള്ളില്‍ അവള്‍ വീണ്ടും ഒരു കൂട് മെനഞ്ഞിട്ടുണ്ടാവുമോ ?ഉണ്ടാവും. ..തീര്‍ച്ച!! കഴിഞ്ഞ വേനലിന്‍റെ വറുതി നരപ്പിച്ച പുറംകാഴ്ചകള്‍, തളിര്‍ത്തു പൂത്തു എന്‍റെ മുന്നില്‍ വീണ്ടും സജീവമാകാന്‍ പോകുന്നു....

തുണികള്‍ വിരിക്കാന്‍ വന്ന ഗുജറാത്തിസ്ത്രീയെക്കണ്ട് അവര്‍ പിടഞ്ഞകന്നു ടെറസ്-ലെ ഡിഷ്‌ ആന്റിനയുടെ തണലില്‍ ഇടംതേടി.പിന്നെ എങ്ങോട്ടോ പറന്നുപോയി...എനിക്ക് ആ സ്ത്രീയോട് വല്ലാത്ത ദേഷ്യം തോന്നി .നിരാശയും...വരും....അവ തിരിച്ചു വരും....വരാതിരിക്കാനാവില്ല......

ഇല്ല...എന്‍റെ മൃദുചലനം പോലും അവരുടെ സ്വകാര്യതയ്ക്ക് ഭംഗം വരുത്താന്‍ പാടില്ല.ഞാന്‍ അകത്തേക്ക് ഓടി.വെള്ളവുമായി വന്നു ജന്നല്പാളികള്‍ തുടച്ചു വൃത്തിയാക്കാന്‍ തുടങ്ങി.പിന്നെ ചേര്‍ത്തടച്ചു....എന്‍റെ ജന്നല്പാളികളുടെ കരകര ശബ്ദം ഇനി അവരെ ശല്യപ്പെടുത്തില്ല.....സ്ഫടികചില്ലിലേക്ക് മുഖംചേര്‍ത്തുവച്ച് അക്ഷമയോടെ ഞാന്‍ അവരെ കാത്തുനിന്നു.കുറെ നേരത്തെ കാത്തിരിപ്പിനുശേഷം അവള്‍ പറന്നുവന്നു ,കൂടെ മഞ്ഞനിറത്തിലെ മാറിടമുള്ള അവളുടെ ഇണയും... ...കാത്തുകാത്തിരുന്ന വേനല്‍മഴ...ഹൃദയത്തില്‍ പതിയെ പെയ്തിറങ്ങുന്നത് ഉള്‍ക്കുളിരോടെ ഞാന്‍ അറിഞ്ഞു.

2 അഭിപ്രായം. >>ഇവിടെഎഴുതാന്‍ മറക്കണ്ടാ ട്ടോ..:

സബിതാബാല said...

venalmazhayil.........

venalmazha said...

:)

Post a Comment

അഭിപ്രായം ഇവിടെ...