ജാലകത്തിലെ പെണ്കുട്ടി





ശനിയാഴ്ച.
ഓഫീസ്-ല്‍ നിന്നും നേരത്തെ ഇറങ്ങി.
ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യുമ്പോഴേക്കും നേര്‍ത്ത മഴച്ചാറ്റല്‍ തുടങ്ങി.
എന്നാലും കയ്യില്‍ കരുതിയിരുന്ന മഴക്കോട്ട് ധരിക്കാന്‍ തോന്നിയില്ല.
പലപ്പോഴും,നേര്ത്ത മഴയുടെ കുളിരുന്ന സ്പര്‍ശനവും ,തലോടലും എന്റെ യാത്രകളില്‍ ഞാന്‍ ഏറെ ആസ്വദിച്ചിരുന്നു. സ്നേഹത്തിന്റെ അദൃശ്യമായ ചുംബനം പോലെ...

റോഡില്‍ നല്ല തിരക്ക്.
മഴ ശക്തി പ്രാപിക്കും മുന്പേ വീടണയാന്‍ തിരക്ക് കൂട്ടി പായുന്നവര്‍.
വാഹനങ്ങളുടെ അനിയന്ത്രിതമായ ഒഴുക്കില്‍പ്പെട്ടു നീങ്ങവേ,അടുത്തയാഴ്ച്ചയിലെ യാത്രയെക്കുറിച്ചുള്ള ചിന്തകളായിരുന്നു മനസ്സില്‍.
അച്ഛന്റെ ഭീഷണിക്കും ,ശീതസമരങ്ങള്‍ക്കും ഇപ്പുറം,അമ്മയുടെ കണ്ണീരിനു മുന്നില്‍ വഴങ്ങി കൊടുക്കേണ്ടി വന്നു.
അങ്ങനെയാണ് ,അച്ഛനും,അമ്മാവനും കണ്ടു ,പൂര്‍ണ്ണതൃപ്തി രേഖപ്പെടുത്തിയ പെണ്‍കുട്ടിയെ കാണാന്‍ അടുത്തയാഴ്ച അമ്മാവനോടൊപ്പം ചെല്ലാമെന്നു മനസ്സില്ലാമനസ്സോടെ സമ്മതം മൂളിയത്. അതിനെക്കുറിച്ച് ചിന്തിച്ചപ്പോള്‍ തന്നെ മനസ്സിനാകെ വല്ലാത്ത മരവിപ്പ് തോന്നുന്നു.
എല്ലാം അറിയുന്ന അമ്മയും ഇപ്പോള്‍ ...
പാവം അമ്മയെയും കുറ്റപ്പെടുത്താനാവില്ല.മകന്റെ ജീവിതം ചരട് പൊട്ടി ,നിയന്ത്രണം വിട്ട പട്ടം പോലെ എങ്ങോട്ടെന്നില്ലാതെ ഒഴുകുന്നത്‌ എതമ്മക്കാണ് സഹിക്കാന്‍ പറ്റുക?
ഹൃദയം പകുത്തെടുത്ത് , പരസ്പരം ജീവന് തുല്യം സ്നേഹിച്ചു,... ഭൂമിയിലേക്കും ഭാഗ്യം ചെയ്തവരെന്നു ദിവസവും നൂറുവട്ടം ഓര്‍ത്തും ,ഓര്‍മ്മിപ്പിച്ചും....അവളോടൊപ്പം ചെലവഴിച്ച പ്രണയ ദിനങ്ങള്‍...
തമ്മില്‍ ഒരു നിമിഷമെങ്കിലും കാണാതിരുന്നാല്‍,കേള്‍ക്കാതിരുന്നാല്‍,ജീവന്‍ തന്നെ നിലച്ചു പോകുമെന്ന് ഭയന്നിരുന്ന വിരഹചൂടിന്റെ ചില ദിനരാത്രങ്ങളും....
ഒടുവില്‍...ഒരു സായാഹ്നത്തില്‍ മാതാപിതാക്കളെ ധിക്കരിക്കാന്‍ വയ്യെന്ന് പറഞ്ഞു ,എന്റെ സ്നേഹം പുറങ്കാല്‍ കൊണ്ടു തട്ടിത്തെറിപ്പിച്ചു കടന്നു പോയ കൂട്ടുകാരി , ഹൃദയത്തില്‍ ഏല്‍പ്പിച്ച മുറിവുകളില്‍ നിന്നും ഇപ്പോഴും രക്തം കിനിയുന്നു.
എതിരെ വന്ന ബസ്സിന്റെ ഹോണ്‍ കാടുകയറിയ ചിന്തകളില്‍ നിന്നും മനസ്സിനെ മടക്കിക്കൊണ്ടു വന്നു.


വീടെത്താറായിരിക്കുന്നു .ആകാശത്ത് പാഞ്ഞു നടക്കുന്ന മിന്നല്‍പ്പിണറുകള്‍...മഴ കനത്തേക്കും. ഞാന്‍ ബൈക്കിന്റെ വേഗത കൂട്ടി .
വീടിന്റെ ഗേറ്റ് കടക്കുമ്പോഴേക്കും ഞരങ്ങിയും,മൂളിയും നിന്ന മഴ ശക്തി പ്രാപിച്ചു.
വണ്ടി പോര്‍ച്ചില്‍ വെച്ചു ,കോളിംഗ് ബെല്ലില്‍ വിരലമര്‍ത്തി.കൈകള്‍ കൊണ്ടു മുടിയിലെ വെള്ളത്തുള്ളികള്‍ തെറിപ്പിച്ചു നിവരവെ,കണ്ണുകള്‍ വീടിനു മുന്നിലെ റോഡിനു എതിര്‍വശത്തുള്ള പഴയ ഓടിട്ട ഇരുനില മാളികയിലേക്ക്‌ നീണ്ടു.
വീടിന്റെ മുകള്‍ നിലയിലെ ജാലകം തുറന്നു കിടക്കുന്നു.
മുറിയിലെ ലൈറ്റിന്റെ മഞ്ഞ വെളിച്ചം ജനാലയിലൂടെ പുറത്തെ ഇരുളിലേക്ക് പടര്ന്നു ലയിക്കുന്നു.മഴയുടെ പശ്ചാത്തലത്തില്‍ ദൃശ്യം ഏതോ ഹൊറര്‍ സിനിമയിലെ പ്രേത മാളികയെ അനുസ്മരിപ്പിച്ചു.
എനിക്ക് ആശ്ചര്യം തോന്നി.
കാലങ്ങളായി ആള്താമസമില്ലാതെ അടഞ്ഞു കിടക്കുകയായിരുന്നല്ലോ വീട്.
കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ടു വാതില്‍ തുറന്ന അമ്മയുടെ ശബ്ദം ,കേട്ട് ഞാന്‍ ഞെട്ടിത്തിരിഞ്ഞു .

''ആരാണമ്മേ...അവിടെ? പുതിയ താമസക്കാര്‍ വല്ലവരും ആണോ?''
''അതെ,അവിടുത്തെ ഗോവിന്ദമേനന്റെ ഡല്‍ഹിയി‌ലുള്ള ഏതോ സുഹൃത്തും കുടുംബവും..ഒരാഴ്ച അവിടെ കാണും ത്രെ..''
''ഉം'' മൂളികേട്ടു കൊണ്ടു ഞാന്‍ ബെഡ് റൂമിലേക്ക്‌ നടന്നു.
ബാഗും,ഹെല്‍മെറ്റും മേശപ്പുറത്തു വെച്ചു ,ഈറന്‍ മാറി ടൌവലുമെടുത്തു കുളിമുറിയിലേക്ക് പോയി.


പുറത്തു ശക്തിയായ മഴ.
കുളികഴിഞ്ഞു വന്ന് ,അമ്മ തന്ന ചൂട് ചായ മൊത്തി കുടിച്ചു കൊണ്ടു,ഞാന്‍ എന്റെ മുറിയുടെ ജനാല തുറന്നു.
അവിടെ നിന്നാല്‍ മാളിക കാണാം.അതിന്റെ മുകളിലത്തെ നിലയിലെ തുറന്നിട്ട ജാലകവും.വെറുതെ തോന്നിയ കൌതുകമാണ് പുറത്തു നിന്നും വീശിയടിക്കുന്ന മഴത്തുള്ളികള്‍ വകവെക്കാതെ ജന്നല്‍ തുറക്കാന്‍ പ്രേരിപ്പിച്ചത് .മഴ തീര്ത്ത മറയിലൂടെ കാഴ്ച അവ്യക്തമയിരുന്നുവെങ്കിലും ജാലകത്തിനരികെ ഒരു നിഴല്‍ കണ്ടു.ഒരു സ്ത്രീയുടെ രൂപം പോലെ . വീശിയടിച്ചെത്തിയ കാറ്റ് എന്റെ ജന്നല്‍ വലിച്ചടച്ചു.
* * * *
ഉച്ചത്തില്‍ കതകിനു മുട്ടുന്ന ശബ്ദം കേട്ട് കൊണ്ടാണ് ഞെട്ടിയുണര്‍ന്നത്. അമ്മയാണ് . നേരം നന്നേ പുലര്‍ന്നിരിക്കുന്നു.
ഞാന്‍ വാതില്‍ തുറന്നു. പ്രഭാതകര്‍മ്മങ്ങള്‍ക്ക്ശേഷം അമ്മ തന്ന ചായയുമായി,മുറിയിലെത്തി.അടച്ചിട്ടിരുന്ന ജനാല ഞാന്‍ തള്ളിത്തുറന്നു.
കണ്ണുകള്‍ റോഡിനപ്പുറം, ജാലകത്തിലേക്ക്.... അറിയാതെ...
ഇപ്പോഴും അത് തുറന്നു തന്നെ കിടക്കുന്നു.
നിഴലും അവിടെയുണ്ട്.
നിഴല്‍ അല്ല...വ്യക്തമായ ചിത്രം പോലെ ഒരു പെണ്‍കുട്ടി..
ബാലസൂര്യന്റെ കിരണങ്ങള്‍ ജാലകത്തിന്റെ അഴികളും കടന്ന് അവളുടെ മുഖത്ത് തട്ടി പ്രതിഫലിച്ചു.ഒറ്റനോട്ടത്തില്‍ നിഷ്കളങ്കത തുളുമ്പുന്ന മുഖം.
മാറിലേക്ക്‌ വിടര്‍ത്തിയിട്ടിരിക്കുന്ന നീണ്ട മുടിയും,നേരിയ പുഞ്ചിരി ഒളിപ്പിച്ച
അവളുടെ ചൊടികളും,ഒരു പ്രത്യേക വശ്യത പകരുന്നത് പോലെ തോന്നി ...
പക്ഷെ,കണ്ണുകളിലെ വിഷാദഛവി , അന്തരീക്ഷമാകെ പടരുന്നതുപോലെ....
അമ്മയുടെ വിളി കേട്ട് ഞാന്‍ പൂമുഖത്തേക്ക്‌ നടന്നു.


ബ്രേക്ഫാസ്റ്റ് കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ പലതവണ അമ്മയോട് ചോദിയ്ക്കാന്‍ തുനിഞ്ഞു, വീട്ടിലെ പുതിയ അന്തേവാസികള്‍ ആരാണെന്ന്.
അതിന്റെ അനൌചിത്യം ഓര്‍ത്തു ചോദ്യം ഞാന്‍ വിഴുങ്ങി.
ആഴ്ചയില്‍ ആകെ കിട്ടുന്ന ഒരേയൊരു അവധി ദിനമാണ്.
മുടങ്ങിക്കിടക്കുന്നതും,മാറ്റി വെച്ചിരിക്കുന്നതുമായ പല കാര്യങ്ങളും ഇന്ന് ചെയ്തു തീര്‍ക്കണമെന്ന് മനസ്സില്‍ കരുതിയതുമാണ്.
പക്ഷെ ഒന്നിനും ഒരു മൂഡ് തോന്നുന്നില്ല.
ദിനപത്രവുമെടുത്തു സിറ്റൌട്ടില്‍ കുറച്ചു നേരം ഇരുന്നു.
അറിയാതെ മനസ്സും,കണ്ണുകളും,വീണ്ടും ജാലകത്തിലെ മനോഹര ദൃശ്യം തേടിയോ....
ജാലകം തുറന്നു കിടക്കുന്നു.
പക്ഷെ,അവിടെ അവള്‍ ഉണ്ടായിരുന്നില്ല.
* * * *
വിരസമായ പകല്‍ കടന്നു പോയി.
വൈകുന്നേരം ഒരു സുഹൃത്തിന്റെ വീട്ടില്‍ പോകാനിറങ്ങുമ്പോഴാണു കണ്ടത്,കുലീനയായ ഒരു സ്ത്രീയും,അവരുടെ ഭര്‍ത്താവ് എന്ന് തോന്നിക്കുന്ന ഒരു പുരുഷനും വീടിന്റെ ഗേറ്റ് കടന്നു പുറത്തേക്കു വരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആയിരിക്കണം.
ഞാന്‍ അനുമാനിച്ചു.
അവരുടെ വേഷവും,കയ്യിലെ പൂക്കൂടയും കണ്ടപ്പോള്‍ അമ്പലത്തിലെക്കാണെന്നു മനസ്സിലായി.

അപ്പോള്‍ പെണ്‍കുട്ടി എവിടെ?
തീര്‍ച്ചയായും അവളും അവരെ അനുഗമിക്കേണ്ടാതാണല്ലോ ....
ഞാന്‍ വീടിന്റെ മുകള്‍ നിലയിലേക്ക് നോക്കി.
ജാലകത്തിനരികെ അവള്‍ വീണ്ടും...
മുഖത്തു അതെ പുഞ്ചിരി.
കാഴ്ച എന്റെ മനസ്സിനെ കുളിര്‍പ്പിച്ചു.
തിരികെ പുഞ്ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
* * * *
വണ്ടിയോടിക്കുമ്പോള്‍ പലവിധ ചിന്തകള്‍ മനസ്സിനെ മഥിച്ചു കൊണ്ടിരുന്നു.
എനിക്കെന്താണ് സംഭവിക്കുന്നത്‌??
അലകളൊടുങ്ങി ഒട്ടു ശാന്തമായ മനസ്സില്‍,ഓളങ്ങള്‍ ഉണ്ടാക്കാന്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ അവള്‍ക്കു എങ്ങനെയാണ് സാധിച്ചത്??
അവള്‍ ആരാണ്? പേര് പോലും അറിയില്ലല്ലോ..
അവള്‍ ആര് തന്നെയായാലും,ഇനിയെന്നും ഹൃദ്യമായ ''കണി'' കണ്ടുണരാന്‍ ഞാന്‍ മനസ്സില്‍ വല്ലാതെ മോഹിച്ചു തുടങ്ങിയിരുന്നു.


പിന്നെയും പല തവണ കണ്ടു, ഇരുണ്ട ജാലകത്തിന്റെ പശ്ചാത്തലമായി അര്‍ദ്ധസുന്ദര രൂപം.
ഒരിക്കലെങ്കിലും അവളെ അടുത്ത് കാണാന്‍ ഞാന്‍ വല്ലാതെ ആഗ്രഹിച്ചു.
പക്ഷെ ഒരിക്കല്‍ പോലും എനിക്ക് അതിനുള്ള ഭാഗ്യം ഉണ്ടായില്ല.

* * * *
ഓഫീസിലെ യാന്ത്രികമായ ചര്യകളും കഴിഞ്ഞു മടുപ്പോടെ വീട്ടിലെത്തിയിരുന്ന എനിക്ക് ദിനങ്ങള്‍ പ്രത്യാശയുടെയും,ആത്മഹര്‍ഷത്തിന്റെയും ദിനങ്ങളാകുന്നു.
ജന്നലരികില്‍ പ്രതിഷ്ടിച്ച സുന്ദരീശില്‍പ്പം പോലെ ,അവളുടെ സാന്നിധ്യം എന്റെ പ്രഭാതങ്ങള്‍ക്കും,സായാഹ്നങ്ങള്‍ക്കും ഊര്‍ജ്ജം പകര്‍ന്നു.
അവളെ ഞാന്‍ സ്നേഹിച്ചു തുടങ്ങിയോ?
ഒരുത്തരം തരാന്‍ മനസ്സിന് കഴിഞ്ഞില്ല.
* * * *
വീണ്ടും ഇതാ ശനിയാഴ്ച.
ഒരാഴ്ച പെട്ടെന്ന് കടന്നു പോയിരിക്കുന്നു.
നാളെയാണ് അമ്മാവനോടൊപ്പം ചെല്ലാമെന്നു പറഞ്ഞ ദിവസം.
എങ്ങനെയും യാത്ര ഒഴിവാക്കണം.
പുതിയ ഒരു ലക്‌ഷ്യം ഉണ്ടായിരിക്കുന്നതുപോലെ...
അമ്മയോട് തുറന്നു പറയാം ,
തനിക്കു പെണ്‍കുട്ടിയെ ഇഷ്ടമായി എന്ന്.
അമ്മ സന്തോഷിക്കുകയെ ഉള്ളൂ .
ഓഫീസില്‍ വെച്ച് തന്നെ അമ്മയോട് പറയാനുള്ള കാര്യങ്ങള്‍ ചിട്ടയായി അടുക്കി മനസ്സില്‍
സൂക്ഷിച്ചു.


വൈകിട്ട് വീടെത്തി,ഗേറ്റിനു മുന്നില്‍ ബൈക്ക് നിര്‍ത്തി,ഗേറ്റ് തുറക്കാനായി ഇറങ്ങുമ്പോള്‍ കണ്ടു,
വീടിനു മുന്നില്‍ ഒരു കാര്‍ കിടക്കുന്നു.
ഡിക്കി തുറന്നു ബാഗുകളും ,പെട്ടികളും സൂക്ഷ്മതയോടെ അടുക്കി വെക്കുന്ന ഡ്രൈവര്‍.
എന്റെ കാലുകള്‍ നിശ്ചലമായി.
അവര്‍ പോകുകയാണോ?
മനസിനും,ശരീരത്തിനും വല്ലാത്ത തളര്‍ച്ച അനുഭവപ്പെട്ടു.
പെട്ടെന്നാണ്‌ അത് കണ്ടത്.
പൂമുഖവാതിലിലൂടെ പുറത്തേക്കു കൊണ്ട് വരുന്ന വീല്‍ ചെയറില്‍ അവള്‍...
അവളുടെ അച്ഛന്‍ പതിയെ വീല്‍ചെയര്‍ ഉന്തി പുറത്തേക്കു കൊണ്ട് വരുന്നു.
ലോകം കീഴ്മേല്‍ മറിയുന്നത് പോലെ എനിക്ക് തോന്നി.
ദൈവമേ,....
ആ ജനലഴികള്‍ക്കിപ്പുറമുള്ള ലോകം അവള്‍ക്കു അന്യമായിരുന്നതിനുള്ള ആ കാരണം എനിക്ക് പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല .
കാറിനടുത്തെത്തുമ്പോഴേക്കും അവള്‍ എന്നെ കണ്ടിരുന്നു.
കണ്ണുകള്‍ തമ്മിലിടഞ്ഞു.
അവളുടെ പുഞ്ചിരി മുഖത്ത് നിന്നും മാഞ്ഞിരുന്നു
നിറഞ്ഞ കണ്ണുകള്‍....

കാറിന്റെ ഡോര്‍ തുറന്നു അച്ഛനും,ഡ്രൈവറും കൂടി അവളെ കാറിലേക്ക് എടുത്തു ഇരുത്തുന്നതിനിടയില്‍ അവള്‍ വീണ്ടും തിരിഞ്ഞു നോക്കി.
മൌനമായി യാത്ര പറയുന്ന നിറകണ്ണുകള്‍.
ഹൃദയം ഒരായിരം കഷണങ്ങളായി നുറുങ്ങുന്നത് ഞാന്‍ വീണ്ടും അനുഭവിച്ചറിഞ്ഞു.
പുറകില്‍ അമ്മയുടെ ശബ്ദം.
''അവര്‍ പോകുകയാണ്.''
''പാവം കുട്ടി.രണ്ടു കാലുകളും പോളിയോ വന്നു തളര്‍ന്നു പോയി. പെണ്‍കുട്ടിയുടെ പേരില്‍ ഏതൊക്കെയോ ക്ഷേത്രങ്ങളില്‍ എന്തൊക്കെയോ നേര്‍ച്ചകള്‍ ഉണ്ടായിരുന്നത്രേ.അത് നടത്താന്‍ വന്നതാണ് അവര്‍''
അകലെ നിന്നെന്നപോലെ അമ്മയുടെ ശബ്ദം കാതുകളില്‍ തീമഴയായി പെയ്തിറങ്ങി.
ഡ്രൈവര്‍ , കാറിന്റെ കാരിയറില്‍ അവളുടെ വീല്‍ ചെയര്‍ ഭദ്രമായി കെട്ടിവെക്കുന്നു.

അമ്മ, വീണ്ടും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു.
അമ്മയുടെ വാക്കുകളെ വിഴുങ്ങി ഇരമ്പലോടെ കാര്‍ ഗേറ്റ് കടന്നു പോയി..
ദൂരെ മറയുന്ന കാറിനെയും ,മുകളില്‍ വച്ചിരുന്ന വീല്‍ ചെയറിനെയും ,കണ്ണീര്പാട എന്റെ ദൃഷ്ടിയില്‍ നിന്നും മറച്ചു.
അവള്‍ എന്നെന്നേക്കുമായി മറയുകയാണ്...
ഞാന്‍ സ്വപ്നാടകനെപ്പോലെ എന്റെ മുറിയിലേക്ക് നടന്നു.
ആവേശത്തോടെ ജനാല തള്ളി തുറന്നു.
അവളുടെ മുറിയുടെ ജാലകം അടഞ്ഞു കിടന്നിരുന്നു
എന്റെ മൌനപ്രണയത്തിന്റെയും...
എന്നെന്നേക്കുമായി....

സന്ദര്‍ശനം (ബാലചന്ദ്രന്‍ ചുള്ളിക്കാട് )






അധികനേരമായി സന്ദശകര്‍ക്കുള്ള
മുറിയില്‍ മൌനം കുടിച്ചിരിക്കുന്നു നാം.
ജനലിനപ്പുറം ജീവിതം പോലെയീ
പകല്‍ വെളിച്ചം പൊലിഞ്ഞു പോകുന്നതും ,
ചിറകു പൂട്ടുവാന്‍ കൂട്ടിലേക്കോര്‍മ്മതന്‍
കിളികളൊക്കെ പറന്നു പോകുന്നതും,
ഒരു നിമിഷം മറന്നൂ പരസ്പരം
മിഴികളില്‍ നമ്മള്‍ നഷ്ടപ്പെടുന്നുവോ.
മുറുകിയോ നെഞ്ചിടിപ്പിന്റെ താളവും,
നിറയെ സംഗീതമുള്ള നിശ്വാസവും.
പറയുവാനുണ്ട് പൊന്‍ ചെമ്പകം പൂത്ത
കരളു പണ്ടേ കരിഞ്ഞു പോയെങ്കിലും,
കറ പിടിച്ചോരെന്‍ ചുണ്ടില്‍ തുളുമ്പുവാന്‍
കവിത പോലും വരണ്ടു പോയെങ്കിലും,
ചിറകു നീര്‍ത്തുവാനാവാതെ തൊണ്ടയില്‍
പിടയുകയാണൊരേകാന്ത രോദനം,
സ്മരണതന്‍ ദൂര സാഗരം തേടിയെന്‍
ഹൃദയരേഖകള്‍ നീളുന്നു പിന്നെയും.
കനകമൈലാഞ്ചിനീരില്‍ തുടുത്ത നിന്‍
വിരല്‍ തൊടുമ്പോള്‍ കിനാവു ചുരന്നതും
നെടിയ കണ്ണിലെ കൃഷ്ണകാന്തങ്ങള്‍ തന്‍
കിരണമേറ്റെന്റെ ചില്ലകള്‍ പൂത്തതും
മറവിയില്‍ മാഞ്ഞു പോയ നിന്‍ കുങ്കുമ-
ത്തരി പുരണ്ട ചിദംബര സന്ധ്യകള്‍.
മരണ വേഗത്തിലോടുന്നു വണ്ടികള്‍
നഗരവീഥികള്‍ നിത്യ പ്രയാണങ്ങള്‍
മദിരയില്‍ മനം മുങ്ങി മരിക്കുന്ന
നരക രാത്രികള്‍ സത്രച്ചുമരുകള്‍
ചില നിമിഷത്തിലേകാകിയാം പ്രാണ -
നലയുമാര്‍ത്തനായ് ഭൂതായനങ്ങളില്‍
ഇരുളിലപ്പോള്‍ ഉദിക്കുന്നു നിന്‍ മുഖം
കരുണമാം ജനനാന്തര സാന്ത്വനം.
നിറമിഴിനീരില്‍ മുങ്ങും തുളസി തന്‍
കതിരുപോലുടന്‍ ശുദ്ധനാകുന്നു ഞാന്‍
അരുത് ചൊല്ലുവാന്‍ നന്ദി,കരച്ചിലിന്‍,
അഴിമുഖം നമ്മള്‍ കാണാതിരിക്കുക
സമയമാകുന്നു പോകുവാന്‍,രാത്രിതന്‍
നിഴലുകള്‍ നമ്മള്‍,പണ്ടേ പിരിഞ്ഞവര്‍.
[courtesy: കാവ്യഗീതങ്ങള്‍ ,composed by ജെയ്സണ്‍.j.നായര്‍,sung by g. വേണുഗോപാല്‍ ]

സ്വര്‍ണ്ണ ചെമ്പഴുക്ക

എന്റെ കുറുമ്പന്‍ മുത്തശ്ശന്‍ ,
ഇന്നലെ വൈകിട്ട് പടിഞ്ഞാറെ മാനത്തെ പഴുത്ത സ്വര്‍ണ്ണ ചെമ്പഴുക്ക,
പൊട്ടിച്ചെടുത്തു വെറ്റിലചെല്ലത്തില്‍ വെച്ചടച്ചു.
ഞാനും,മുത്തശ്ശീം, കറുമ്പീം , കിടാവും ഇരുട്ടിലായി....
ഇരുട്ടിന്റെ കമ്പളം ചൂടി ,മാനത്ത് പാറുന്ന നൂറായിരം ചിത്രശലഭങ്ങളെ
സ്വപ്നം കണ്ടു ഞാന്‍ ഉറങ്ങി...
ന്റെ കുസൃതി മുത്തശ്ശി, മുത്തശ്ശന്‍ കാണാതെ വെറ്റിലേം, ചുണ്ണാമ്പും കൂട്ടി ചെമ്പഴുക്ക ചവച്ച് കിഴക്കേ മാനത്ത് നീട്ടി തുപ്പി...കിഴക്ക് ചുവന്നു....ഞാന്‍ ചിരിച്ചു...കറുമ്പിയും....
കറവക്കാരന്‍ അതാ വരുന്നു....
കിടാവ് മാത്രം കരഞ്ഞു...

സൗഹൃദം (വിനയചന്ദ്രന്‍ )






[courtesy: കാവ്യഗീതങ്ങള്‍ ,composed by ജെയ്സണ്‍.j.നായര്‍,sung by g. വേണുഗോപാല്‍ ]

ഒരു ഗീതമെന്റെ മനസ്സില്‍ വരുന്നുണ്ട്
നീ വരാതെങ്ങനെ മുഴുവനാകും
ഒരു നിറം ചുവരില്‍ വരഞ്ഞു നീ നിറയാതെ
പകരുന്നതെങ്ങനെ ചിത്രമായി
ഇരുളില്‍ നിന്‍ സ്നേഹസുഗന്ധം കലരാതെ
പുതുമകളെങ്ങനെ പുലരിയാകും
വെറുതേ വെറുതെ നീ കിനാവില്‍ കുളിരാതെ
കതിരുകളെങ്ങനെ പവിഴമാകും
പ്രണയമേ നിന്‍ ചിലമ്പണിയാതെയെങ്ങനെ
കടലേഴു തിരകളാല്‍ കഥകളാടും
പ്രിയതമേ നിന്‍ സ്പര്‍ശമില്ലാതെ യെങ്ങനെന്‍
വ്യഥിതമാം ജീവന്‍ ഇന്നമൃതമാകും
ഹരിതമാണെന്റെ മനസ്സില്‍ നീ വാസന്ത
സുരഭിയാം തെന്നലായ് വീശിടുമ്പോള്‍
സരളമാമൊരുഗാനമാകുമീ ഭൂമിയാ -
മരണവുമതു കേട്ട് നില്‍ക്കുമല്ലോ
ഹൃദയമേ നീ പുണര്‍ന്നീ നിഴല്‍ക്കുത്തിനെ
നിറ ജീവദീപമാണദീപ്തമാക്കൂ.
ഒരു ഗീതമെന്റെ മനസ്സില്‍ വരുന്നുണ്ട്
നീ വരാതെങ്ങനെ മുഴുവനാകും
ഒരു നിറം ചുവരില്‍ വരഞ്ഞു നീ നിറയാതെ
പകരുന്നതെങ്ങനെ ചിത്രമായി.

അപ്പുവിന്റെ പല്ല്



റാസ്‌-അല്‍ -ഖൈമ ,ഇന്ത്യന്‍ സ്കൂളില്‍ മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന ,എന്റെ മകന്‍ അപ്പുവാണ് ഈ സംഭവകഥയിലെ നായകന്‍ . കഥയിലേക്ക് പോകും മുന്പ് ഇന്നലെ ഉണ്ടായ ഒരു സംഭവം ആദ്യം പറയാം.

സ്കൂളില്‍ നിന്നും വന്നു ബ്രെഡും,പഴവും കഴിച്ചുകൊണ്ടിരുന്ന അപ്പുവിന്റെ പരിഭ്രാന്തമായ വിളി കേട്ടാണ്‌ ഞാന്‍ ഓടിചെന്നത് .
''അമ്മേ,ദേ,എന്റെ വായില്‍ ഇവിടെ ഇരുന്ന പല്ലു കാണുന്നില്ല.ഈ പഴം തിന്നുന്നതിന് മുന്പ് അതിവിടെഉണ്ടായിരുന്നതാ.. പക്ഷെ ഇപ്പോള്‍ കാണുന്നില്ല ''
ഞാന്‍ നോക്കിയപ്പോള്‍ സംഭവം സത്യമാണ്.പല്ലു അവിടെയില്ല.ആടിയാടിയിരുന്ന പല്ല് ,പഴത്തിന്റെ കൂടെ അവന്റെ വയറ്റില്‍ പോയിരിക്കുന്നു.സന്തോഷിക്കണോ,വിഷമിക്കണോ എന്നറിയാതെ ഞാന്‍ താഴെയിരുന്നു പോയി,

ഇനി ഫ്ലാഷ്ബാക്കിലേക്ക്...

രണ്ടാം ക്ലാസ്സില്‍ ആദ്യ ടേം തുടങ്ങിയപ്പോഴാണ് അപ്പുവിന്റെ ആദ്യത്തെ പല്ല് (താഴെവരിയിലെ നടുക്കുള്ള ഒരു കുഞ്ഞുപല്ല് ) ഇളകിപോ
കുന്നതിന്റെ പ്രാരംഭ ലക്ഷണമായി ആടാന്‍ തുടങ്ങിയത്.
ചറപറാ -ചോക്കലേറ്റും, കറാറയും കടിച്ചു പൊട്ടിച്ചുകൊണ്ടിരുന്ന തന്റെ കുഞ്ഞരിപ്പല്ല് ആടി
ത്തുടങ്ങിയത് അവന് സങ്കടമായെങ്കിലും ,അതിലും സ്ട്രോങ്ങ്‌ ആയ വേറെ പല്ലുകള്‍ മുളച്ചു വരുമെന്ന അവന്റെ ചേച്ചിയുടെ (എന്റെ മകള്‍ ശാലു ) ആശ്വാസവാക്കുകള്‍ അവന് പ്രതീക്ഷയും,ആശ്വാസവും പകര്ന്നു .തന്റെ പാല്‍പ്പല്ലുകള്‍ പറിച്ചു കളയുന്നതില്‍ അസാമാന്യ വിദഗ്ദ്ധയായിരുന്ന ,ആ പ്രക്രിയ ഒരു ഹോബി ആയിത്തന്നെ കൈകാര്യം ചെയ്തിരുന്ന അവന്റെ ചേച്ചി,അവന് പൂര്ണ്ണ പിന്തുണയും വാഗ്ദാനം ചെയ്തു. ങ്ങനെ രണ്ടുപേരും വീട്ടിലുള്ള സമയം മുഴുവന്‍ പല്ലു പറിക്കാനുള്ള ശ്രമങ്ങളുമായി ബാത്ത് റൂമിലെ വാഷ് ബേസിന്റെയടുത്തു ചെലവഴിച്ചു.പക്ഷെ,കാര്യമായ പുരോഗതിയൊന്നും ഉണ്ടായില്ല.

എനിക്ക് ടെന്‍ഷന്‍ ആയി.''പല്ല്'' , എന്റെ ജീവിതത്തില്‍ അതുവരെ ഒരു വില്ലന്‍ ആയി വന്നിട്ടില്ല. കുട്ടിക്കാലത്ത് ഞാനും ,അനുജത്തിയും വളരെ ഈസിയായി ഈ ''വൈതരണി'' തരണം ചെയ്തിരുന്നു.
''ആനപ്പല്ലേ പോ പോ ...
കീരിപ്പല്ലേ വാ വാ...''
എന്ന പാട്ടും പാടി പല്ല് ''പുല്ലു'' പോലെ അടര്‍ത്തി ''പുരപ്പുറത്ത് ''എറിഞ്ഞു കളഞ്ഞിട്ടു, മലയാളി വീട്ടമ്മമാര്‍ കണ്ണീര്‍സീരിയലിന്റെ അടുത്ത എപ്പിസോ
ഡിനു കാത്തിരിക്കുന്നപോലെ ,പുതിയ പല്ലിനായി ആകാംക്ഷയോടെ കാത്തിരുന്നിട്ടുണ്ട്. [ അന്ന്,പാല്‍പ്പല്ല് കൊഴിഞ്ഞാല്‍, അത് പുരപ്പുറത്ത് എറിഞ്ഞു കളയണമെന്ന് എന്റെഅമ്മാമ്മ(മുത്തശ്ശി )ശഠിച്ചിരുന്നു .അതിന്റെ പിന്നിലെ ഐതിഹ്യവും,ശാസ്ത്രവും ഒന്നും എനിക്ക് ഇപ്പോഴുംഅറിഞ്ഞുകൂടാ കേട്ടോ]

അങ്ങനെ,ദിവസങ്ങള്‍ മൂന്നാല് കഴിഞ്ഞിട്ടും അപ്പുവിന്റെ പല്ലിന്റെ ആട്ടം കൂടിയെന്ന
തൊഴിച്ചാല്‍,പറിഞ്ഞുപോകുന്നതിന്റെ യാതൊരു ലക്ഷണങ്ങളും ഇല്ല. അവന്‍ ,
ഞാന്‍ പല്ലില്‍ തൊടാന്‍പോലും സമ്മതിക്കുന്നുമില്ല.
''ഞാന്‍ തനിയെ ഇളക്കിക്ക
ഞ്ഞോളാം.അമ്മ ടെന്‍ഷന്‍ അടിക്കണ്ട '' എന്ന് എന്റെ മകന്‍.
എന്നാലും ഞാന്‍ എന്റെ വേവലാതി ഞാന്‍ എന്റെ പ്രാ
നാനോട് പങ്കുവെച്ചു .
പുള്ളിക്കാരന്‍.''ഓ ,അതൊക്കെ താനേ അടര്‍ന്നു പൊക്കോളും,താന്‍ വെറുതെ ടെന്‍ഷന്‍ എടുക്കേണ്ട'' എന്ന് പറഞ്ഞു കയ്യൊഴിഞ്ഞു.
പാവം ഈ മാതൃഹൃദയത്തിന്റെ അങ്കലാപ്പ് ആര്‍ക്കെങ്കിലും അറിയണോ?
പല്ല് കൊഴിഞ്ഞു പോകാതെ ഇങ്ങനെ തുടര്‍ന്നാല്‍ ,അവിടെ വരേണ്ട പല്ല് സ്ഥാനം മാറി കിളിര്‍ത്തു വന്നാല്‍....??
മകന്റെ ആടുന്ന പല്ല് എന്റെ ഉറക്കം കെടുത്തി .
മോനേ
ഡെന്ടിസ്ടിനെ കാണിച്ചു പല്ലെടുപ്പിച്ചു കളയാന്‍ നിര്‍ബന്ധിച്ചു ഞാന്‍ ഏട്ടന്റെ ഉറക്കവും കെടുത്തി.

പിറ്റേന്ന്,വെള്ളിയാഴ്ച്ച, അവധി ദിവസം.
എന്റെ ആശങ്കയ്ക്ക് ഒരു പരിഹാരം കാണാനുള്ള ഉദ്യമ
ത്തിലായി ഏട്ടന്‍.
മോളെ വിളിച്ചു കുറച്ചു ബലമുള്ള നൂല്‍ എടുപ്പിച്ചു.
പുറത്തു നിന്നും ഒരു കല്ലും.
നൂല്‍,നല്ല നീളത്തില്‍ 5 മടക്കിട്ട് സ്ട്രോങ്ങ്‌ ആക്കി , ഒരറ്റത്ത് കുടുക്കിട്ട് അപ്പുവിന്റെ പ്രശ്നക്കാരനായ പല്ലില്‍ കെട്ടിഉറപ്പിച്ചു.[ഈ ലോകത്ത് ഏറ്റവും സാഹസികനും,ധീരനും തന്റെ പപ്പയാ
ണെന്ന ദൃഡമായ വിശ്വാസം അവന് ഉണ്ടായിരുന്നതിനാല്‍,അപ്പു ഒരു സംശയവും ചോദിക്കാതെ ഇരുന്നു കൊടുത്തു എന്ന് വേണം പറയാന്‍]
അവനെ ഒരു സോഫയില്‍ ഇരുത്തിയ ശേഷം,നൂലിന്റെ മറ്റേ അറ്റത്ത്‌ കല്ലും കെട്ടി അത് കയ്യില്‍ പിടിച്ചു
ഏട്ടന്‍ എതിര്‍വശത്തെ സോഫയില്‍ ഇരിപ്പായി.[മോന്‍ അറിയാതെ കല്ല്‌ ശക്തിയായി അവന്റെ എതിര്‍ദിശയിലേക്ക്എറിഞ്ഞു ''പല്ല് തെറിപ്പിക്കാനാണ്'' ഏട്ടന്റെ ഗൂലക്ഷ്യം എന്ന് എനിക്ക് മനസ്സിലായി.മോള്‍ക്കും.]

കാര്യത്തിന്റെ ഗൌരവം മനസ്സിലാക്കാതെ സ്പേസ് ടൂണ്‍ ചാനല്‍-ലെ ''റ്റോം & ജെറി '' കണ്ടു രസിച്ചി
രിക്കുകയാണ്അപ്പു.പല്ലില്‍ നൂല്‍ കെട്ടിയിരിക്കുന്നതിന്റെ അസ്കിതയുണ്ടെങ്കിലും,ജെറി- യുടെ കുസൃതികളില്‍ അവന്‍പൊട്ടിച്ചിരിക്കുന്നുമുണ്ട്. ഞങ്ങളുടെ കുഞ്ഞു കുടുംബത്തിലെ ഏക സാഡിസ്റ്റായ എന്റെ മകള്‍ ശാലു , ഒരു ആക്ഷന്‍ ത്രില്ലര്‍ -ന്റെ ക്ലൈമാക്സ് കാണുന്ന ആകാംക്ഷയോടെ മറ്റൊരു സോഫയില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്.
നടക്കാന്‍ പോകുന്ന ക്രൂരകൃത്യത്തിന്റെ ദൃക്സാക്ഷിയാകാന്‍ കരുത്തില്ലാതെ ഞാന്‍ ബെഡ് റൂമിലേക്ക്‌ മുങ്ങി.

ബെഡ് റൂമില്‍ പോയ ഞാന്‍,ഇരിക്ക
പ്പൊറുതിയില്ലാതെ , നില്‍ക്കപ്പൊറുതിയില്ലാതെ
ഭാര്യയെ ലേബര്‍ -റൂമില്‍ പ്രവേശിപ്പിച്ചിട്ടു പുറത്തു കാത്തുനില്‍ക്കുന്ന ഭര്‍ത്താവിന്റെ മാനസിക വ്യഥയോടെഅങ്ങോട്ടും,ഇങ്ങോട്ടും നടക്കാന്‍ തുടങ്ങി.
നിമിഷങ്ങള്‍ കൊഴിഞ്ഞു കൊണ്ടിരുന്നു.
പ്രത്യേകിച്ചു വേറെ ശബ്ദങ്ങള്‍ ഒന്നും കേള്‍ക്കുന്നില്ല.ഞാന്‍ അക്ഷമയോടെ കാത്തു കൂര്‍പ്പിച്ചു.
പെട്ടെന്ന് ഒരു വലിയ ശബ്ദം കേട്ടു.''ദേ,പോയി...'' എന്ന് ശാലുവിന്റെ ശബ്ദവും.
ഞാന്‍ നെഞ്ചിടിപ്പോടെ ഓടിച്ചെന്നു.
കേട്ട ശബ്ദം,തറയില്‍ തെറിച്ചു വീണ കല്ലിന്റെതായിരുന്നു.അപ്പു ,ഇഞ്ചി തിന്ന കുരങ്ങനെ പോലെ നില്ക്കുന്നു. എന്താണ് സംഭവിച്ചത് എന്നറിയാതെ ....
കക്ഷിയുടെ മോണയില്‍ നിന്നും രക്തം പൊടിയുന്നുണ്ട്.എന്നാലും മുഖത്ത് ഒരു ആശ്വാസം.
ഏട്ടന്‍,വിജയശ്രീലാളിതനായി സോഫയില്‍,നെഞ്ചും വിരിച്ചു ഇരിക്കുന്നു.
ഞാന്‍ ഓടിച്ചെന്നു കല്ലുകെട്ടിയ നൂലിന്റെ മറ്റേ അറ്റം എടുത്തു നോക്കി.
ഭാഗ്യം !!!! പല്ല് അതിലുണ്ട്.
പക്ഷെ................
എനിക്ക് പെട്ടെന്ന് തല കറങ്ങുന്നതു പോലെ തോന്നി.
പല്ലിന്റെ പകുതി കാണുന്നില്ല.
വെളുക്കാന്‍ തേച്ചത് പാണ്ടായോ ഈശ്വരാ!!!!
ഞാന്‍ നിലവിളിച്ചു.
അത് വരെ സംഭവത്തിനു പൂര്ണ്ണ പിന്തുണ കൊടുത്ത ശാലുവും കാലുമാറി.
പല്ലിന്റെ പകുതി ഓടിഞ്ഞിരിക്കുകയാവുമെന്ന ചിന്ത എന്റെ തലച്ചോറില്‍ കൊള്ളിമീന്‍ പോലെ മിന്നി.
ഞാന്‍ കരയാന്‍ തുടങ്ങി.
ഏട്ടനും സംഭവത്തിന്റെ ഗൌരവം ക്രമേണ മനസ്സിലായി.
സത്യമാണ് പല്ലിന്റെ ആകൃതിക്ക്‌ ഒരു വ്യത്യാസം.
ശരിക്കും ഇങ്ങനെയല്ലേ പല്ല് കൊഴിയുമ്പോള്‍ ഇരിക്കുക?? ഓര്മ്മ കിട്ടുന്നില്ല .മോള്‍ടെ പല്ല് വര്‍ഷങ്ങള്‍ക്കു മുന്നേ കൊഴിഞ്ഞതാ
ല്ലോ.അതിനെയൊക്കെ അവള്‍ ,ഞങ്ങള്‍ കാണുന്നതിനും മുന്പേ, ക്ലോസെറ്റില്‍ ഇട്ടു കാലപുരിക്ക്അയക്കുകയും ചെയ്തു.
മോണയില്‍ നിന്നും ബ്ലീഡിംഗ് നില്‍ക്കാന്‍ ഐസ്-വാട്ടര്‍-ഉം ,ഐസ് കൂബ്സും -ഉം വായിലാക്കി രസിക്കുന്ന അപ്പുവിനു സന്തോഷം സഹിക്കാന്‍ വയ്യ.
തണുത്ത വെള്ളവും,ഐസുമെല്ലാം നിഷി
ദ്ധമായിരുന്നത് കൊണ്ടു അവന്‍ കിട്ടിയ അവസരം മുതലാക്കുകയാണ്.

എനിക്ക് ടെന്‍ഷന്‍ കാരണം വട്ടു പിടിക്കുമെന്ന് തോന്നി.ഒടിഞ്ഞ പല്ല് അവിടെയിരുന്നാല്‍ പുതിയ പല്ല് മോണയുടെ മറ്റു വല്ല ഭാഗത്ത് കൂടി കിളിര്‍ത്തു വരും.
എന്തൊരു ചേല് കേടാകും അപ്പോള്‍...
വിദൂര ഭാവിയില്‍ വിവാഹ മാര്ക്കറ്റ്-ല്‍ ,എന്റെ മകന്റെ വിലയിടിയാന്‍ ,
ഏട്ടന്റെ ഇന്നത്തെ ''കല്ലെറിയല്‍ കര്മ്മം '' കാരണമാകുമെന്നോര്‍
ത്തപ്പോള്‍ എന്റെ ചങ്കിടിച്ചു.
ഏട്ടന്‍ ആകെ വിഷണ്ണനായി ഇരുന്നു.
പിന്നെ മോനെയും കൊണ്ടു അകത്തേക്ക് പോയി.
ഞാന്‍ സോഫയില്‍ അനക്കമ
റ്റു ഇരുന്നു പോയി.
അല്പം കഴിഞ്ഞപ്പോള്‍ പപ്പയും മോനും,ഡ്രസ്സ് ചേഞ്ച്‌ ചെയ്തു മുന്നില്‍ വന്നു നിന്നു.
''മോളെ,ആ പല്ല് ഇങ്ങെടുത്തു പൊതിഞ്ഞു തരൂ''
ഏട്ടന്‍ ശാലുവിനോട് പറഞ്ഞു.
കേള്‍ക്കാഞ്ഞ താമസം,അവള്‍ ഓടി ഒരു ടിഷ്യൂ പേപ്പര്‍-ല്‍ പല്ലിനെ വേദനിപ്പിക്കാതെ എടുത്തു പൊതിഞ്ഞു ഏട്ടന്റെ പോക്കെറ്റില്‍ നിക്ഷേപിച്ചു.
പൊതു ശത്രുവിന്റെ കാര്യം വരുമ്പോള്‍ ടോമും,ജെറി -യും എന്നപോലെ പപ്പയും,മോനും കൈപിടിച്ചു പുറത്തേക്ക്നടന്നു.ഹോസ്പി
റ്റലിലെക്കാണെന്നു ,പറയാതെ തന്നെ എനിക്ക് പിടികിട്ടി.
പിന്നെയും ടെന്‍ഷന്‍-ന്റെ നിമിഷങ്ങള്‍..... മണിക്കൂറുകള്‍...
ഞാന്‍ വിളിച്ചപോഴെല്ലാം ഫോണ്‍ ബിസി ആണ് .അല്ലെങ്കില്‍ പരിധിക്ക് പുറത്ത്.
എനിക്ക് അന്നാദ്യമായി etisalat- നോട് വെടിവെച്ചു കൊല്ലാനുള്ള ദേഷ്യം തോന്നി.
ഈശ്വരാ......... എന്റെ കുഞ്ഞിന്റെ പല്ല് ഒടിഞ്ഞെങ്കില്‍ ഡോക്ടര്‍ വല്ല മണ്‍വെട്ടിയോ, കുന്താലിയോ വെച്ചുമാന്തിയെ
ടുക്കുകയായിരിക്കുമോ എന്ന ചിന്ത ഞാന്‍ മോളോടും പങ്കു വെച്ചു. അവള്‍ അത് മൈന്‍ഡ് ചെയ്യാതെ
സ്പൈക്ക് , ടോമിനെ ഓടിക്കുന്നത് കണ്ടു പൊട്ടിച്ചിരിക്കുന്നു.ഇങ്ങനെയും ഒരു കഠിനഹൃ
യ..!!!
സമയം ഇഴഞ്ഞു നീങ്ങി.
അവിടുന്ന് കാള്‍ വരുന്നില്ല.എന്റെ പരിഭ്രമം ഉച്ചസ്ഥായിയില്‍ എത്തി നില്‍ക്കുമ്പോള്‍ വാതില്‍ മുട്ടുന്ന ശബ്ദം.
ഓടി ചെന്നു ഡോര്‍ തുറന്നപ്പോള്‍ എന്റെ പുന്നാര മോന്‍,വായ്ക്ക് ചുറ്റും ഐസ്ക്രീം-മുമായി ബാക്കി ഉള്ള പല്ലും ഇളിച്ചുനില്ക്കുന്നു. അടുത്ത് കോളിനോസ് പുഞ്ചിരിയോടെ അവന്റെ പപ്പയും.
''എടോ,പല്ലിനു ഒരു കുഴപ്പവും ഇല്ല,അവന്റെ ന്യൂ പല്ല് പൂര്ണ്ണ ആരോഗ്യത്തോടെ യഥാസ്ഥാനത്ത് കിളിര്‍ത്തുവരുന്നെന്നു ഡോക്ടര്‍ പറഞ്ഞു''.
ഞാന്‍ ഒരു ദീര്‍ഘ ശ്വാസം എടുത്തു.
സകല ദൈവങ്ങള്‍ക്കും നന്ദി പറഞ്ഞു.
''ഭഗവാനെ...!! ഇനിയുള്ള പല്ലുക
ളെങ്കിലും ഈസിയായി പിഴുതുകയാന്‍ എന്റെ മകന് ശക്തിയും,മനക്കരുത്ത്കൊടുക്കണേ'' എന്ന് പ്രാര്‍ത്ഥിച്ചു ആശ്വാസത്തോടെ നില്‍ക്കുമ്പോള്‍ എന്റെ പ്രിയതമന്‍ പറഞ്ഞു,
ഇതാ താന്‍ കുറെ ടെന്‍ഷന്‍ അടിച്ചതല്ലേ,ഒരു സമ്മാനം.
ഞാന്‍ കൈനീട്ടി.
എന്റെ കൈവെള്ളയില്‍ ടിഷ്യൂ പേപ്പര്‍-ല്‍ പൊതിഞ്ഞ അപ്പുവിന്റെ ''വില്ലന്‍ പല്ല്''.ഞങ്ങള്‍ പൊട്ടിച്ചിരിച്ചു.
പല്ലുപോയത് കൊണ്ടു ഐസ്ക്രീം കിട്ടിയ സന്തോഷത്തില്‍ 'ഒരു' പല്ലില്ലാത്ത അപ്പുവും.

വാല്‍ക്കഷ്ണം :- ആദ്യത്തെ പല്ലു വളരെ സംഭവബ
ഹുലമായി ആണ് കൊഴിഞ്ഞതെങ്കിലും ,പിന്നീടുള്ളവ ഈസിയായി കൊഴിഞ്ഞു പോയി,ഇപ്പോഴും പൊയ്ക്കൊണ്ടിരിക്കുന്നു.അതിന് ഉദാഹരണമാണ് ആദ്യം പറഞ്ഞതു.
പക്ഷെ,''കീരിപ്പല്ല് ''പോയി തല്സ്ഥാന
ത്തു ''ആനപ്പല്ല് '' ആണ് വരുന്നതെന്ന് മാത്രം''


പവിഴമല്ലി (സുഗതകുമാരി )







[courtesy: കാവ്യഗീതങ്ങള്‍ ,composed by ജെയ്സണ്‍.j.നായര്‍,sung by g. വേണുഗോപാല്‍ ]
അഴിവാതിലൂടെ പരുങ്ങി വന്നെത്തുന്നു
പവിഴമല്ലിപ്പൂവിന്‍ പ്രേമം
ഇരുളില്‍ ഉറങ്ങാതിരിക്കും കവിയുടെ
മിഴിയില്‍ നിലാവ് പൂശുന്നു.
നെറുകയില്‍ തഴുകുന്നു.
കാതില്‍ മന്ത്രിക്കുന്നു.
കവിളില്‍ ഒരുമ്മ വെക്കുന്നു.
അറിയാതെ എങ്ങോ കളഞ്ഞുപോയുള്ളതന്‍
അനുരാഗം പോലെയധീരം
ഒഴുകും നിലാവ് പോല്‍ പേലവം സൌമ്യമീ
പവിഴമല്ലിപ്പൂമണത്താല്‍
ഇരു കുളിരേലുന്നു , കാറ്റു പൂ ചൂടുന്നു
നിഴലുകള്‍ പാട്ടു മൂളുന്നു
നറുമണം കൈനീട്ടി വാങ്ങി നുകരവേ
മിഴികള്‍ അടഞ്ഞു പോകുന്നു .
മിഴികള്‍ അടഞ്ഞു പോകുന്നു .
മിഴികള്‍ അടഞ്ഞു പോകുന്നു .
കൊഴിയുന്നപൂക്കള്‍ കൊരുക്കുവാന്‍ പിറ്റേന്ന്
പുലരി വന്നെത്തി നോക്കുമ്പോള്‍
പലതുള്ളി കണ്ണീരു വീണു നനഞ്ഞോരാ
കടലാസിന്‍ ശൂന്യമാം മാറില്‍
ഒരു പിടി വാക്കായ് തിളങ്ങിക്കിടക്കുന്നു
മണമുള്ള പവിഴവും,മുത്തും .
മണമുള്ള പവിഴവും,മുത്തും .
മണമുള്ള പവിഴവും,മുത്തും ....

ഇണക്കിളികള്‍






എന്നെ വല്ലാതെ നൊമ്പരപ്പെടുത്തിയ ചില ദൃശ്യങ്ങളെ കുറിച്ച്...( ചിത്രങ്ങളെടുത്ത അപരിചിതനായ ഫോട്ടോഗ്രാഫറോട് കടപ്പാട്.)

മൂകസാക്ഷിയായ്,ഞാനും, രാജപാതയിലൊ -

രിണപ്പെണ്‍കിളിയുടെ ജീവന്‍ പൊലിഞ്ഞ ദൃശ്യത്തിനും .

തിരക്കേറിയാവീഥിയിലൊരു വാഹനമിരമ്പിപ്പാഞ്ഞ-

തിണക്കിളികളൊന്നിന്‍ അര്‍ദ്ധപ്രാണനുമെടുത്തു .

പറന്നുയര്‍ന്നൊന്നു തിരിഞ്ഞപ്പോഴില്ല,യിണ,യണിയത്ത്

വിഭ്രാന്തനായ് ആണ്‍കിളിയുഴറി നോക്കി .

പിന്നെപ്പിടഞ്ഞൊരാര്‍ത്തനാദത്തോടെ

യിണയതാ , ചിറകൊടിഞ്ഞവശയായ് .

ആണ്‍കിളിയടുത്തെത്തിയാകെ വിവശനായ്‌ ,

ഭവിച്ചതെന്തെന്നറിഞ്ഞില്ലയെങ്കിലു -

മെന്തോ അരുതായ്മ കണ്ടു തപിച്ചവന്‍ ,

പറന്നകന്നിട്ടവള്‍ക്കു നല്‍കാനായ്

നിറഞ്ഞ കൊക്കിലിരയുമായണഞ്ഞു ചാരെ .

തളര്‍ന്ന മെയ്യില്‍ പുല്കിയണച്ചു പിന്നെ -

പ്പകര്‍ന്നു ചുണ്ടിലെക്കവനതെങ്കിലും ,

വിവശയാം പെണ്‍പക്ഷി തളര്‍ന്നു വീണു .

നിലച്ചു പോയവള്‍തന്‍ അവസാനശ്വാസവു -

മുടലില്‍ നിന്നുയിര്‍ത്തുടിപ്പുമവനറിയാതെ .

ഇനിയൊരു നാളും മടക്കമില്ലാത്തേതോ -

രുലകത്തിലേക്കവള്‍ തനിയെ പറന്നു പോയ് .

ഉലച്ചു മെല്ലെ ,ചുണ്ടാല്‍ വലിച്ചുനീക്കി വൃഥാ -

വിലുയിരിന്നുയിരാം തന്നിണക്കിളിതന്‍ ജഡം ,

ചലിച്ചതില്ലവള്‍ ,കണ്ണ് തുറന്നതില്ല

തകര്‍ന്നു പോയാണ്‍കിളി തകന്നു പോയാണ്‍കിളി കരഞ്ഞുറക്കെ ,

അണമുറിയാതനസ്യൂതമൊഴുകും യന്ത്ര -

ശകടങ്ങള്‍ ആര്‍ത്തലറും മുരള്‍ച്ചയില്‍ ,

ഹൃദയം തകര്‍ന്നു വിരഹിക്കുമാണ്‍കിളിതന്‍

ദീനവിലാപം അലിഞ്ഞ
ലിഞ്ഞില്ലാതെയായ് .

നിഴലായ് .....

ഏകാന്തതേ ....ഞാനും നീയുമെന്തേ
യിങ്ങനെ തമ്മില്‍ തല്ലിയും,തലോടിയും....
മെല്ലെപ്പുണര്‍ന്നു പടര്‍ന്നു നിന്‍ കൈകളെന്‍
പ്രണയവും,പ്രജ്ഞ്ഞയുമിറുത്തെടുത്തു .
വിരഹ-വിഷാദങ്ങള്‍ പകരമായെന്‍-
പാനപാത്രത്തില്‍ നീ നിറച്ചു വച്ചു .
വയ്യ, താമസ്സിലേക്കുഴറിയോടാനെനിക്കിനി
വിട കൊള്‍ക നീ ,പുലര്‍ന്നോട്ടെയീ ഞാന്‍.
ഇന്നലെപ്പെയ്ത കിനാമഴയിലിന്നെന്റെ
വരണ്ട ചുണ്ടില്‍ പ്പതിഞ്ഞോരീ മധുകണ -
മൊന്നു നുണഞ്ഞോട്ടെ , യിളവേല്‍ക്ക നീയും....
പിരിയാം,നമുക്കിരു കൈവഴികളായിന്നീ -
സ്മൃതികളില്‍ നിന്നും പിടഞ്ഞകലാം..
അമ്മ തന്നുദരം പിളര്‍ന്നു പറന്നുയര്‍ന്നോ-
രപ്പൂപ്പന്‍താടി പോലെയെന്‍ മനോരഥത്തിന്‍
കടിഞ്ഞാണ്‍ പോലുമിന്നെന്‍ കയ്യിലില്ല .
ഇതാ ഇന്നെന്റെ 'വാക്കു' നിനക്കായി -
യലിവോടെ കേള്‍ക്ക നീ, ഒരു നാള്‍
അനിവാര്യമാമെന്നവസാനയാത്രയി-
ലൊരിടത്തു വീണ്ടും നാം കണ്ടുമുട്ടും .
അന്നു ഞാനുമെനിക്കു നീയുമിണ -
പിരിയാത്തുറ്റതോഴരാകും .

എന്റെ അജ്ഞാത കാമുകന്‍


ആത്മാവില്‍ ഇരുള്‍ പടര്‍ത്തുന്ന ഭയാനകമായ ഏകാന്തതകളില്‍,
സുഖദുഃഖങ്ങള്‍ വിവേചിക്കാനാവാത്ത നിസ്സഹായതകളില്‍ ,
നിന്നെ ഞാന്‍ അറിയാതെ പ്രണയിച്ചു പോകുന്നു
നീ എന്റെ അജ്ഞാതകാമുക
നായി മാറുന്നു

അലറുന്ന ആഴിയുടെ ആഴക്കയങ്ങളിലേക്ക്
നീരാട്ടിനായ് എന്നെ
നീ അനുനയിപ്പിക്കുമ്പോള്‍,
കൈത്തണ്ട മുറിച്ചാല്‍ ഒഴുകിപടരുന്ന ചെമ്പട്ടുപുടവയുടെ
മിനുപ്പു കാട്ടി എന്നെ
നീ ഭ്രമിപ്പിക്കുമ്പോള്‍ ,
നിശ്ചലപങ്കയില്‍ കുരുങ്ങിയാടുന്ന നീണ്ട വരണമാല്യം കാട്ടി
നീ എന്നെ പ്രലോഭിപ്പിപ്പിക്കുമ്പോള്‍ ,
നിന്നിലെ നിന്നില്‍ ഞാന്‍ അനുരക്തയാകുന്നു.

പൈമ്പാലില്‍ വിഷച്ചവര്‍പ്പ് കലര്‍ത്തി
യെന്റെ
ചുണ്ടോടു ചേര്ത്തു പകരാന്‍
നീ തുനിയുമ്പോള്‍
അടുപ്പിലെ ആളുന്ന അഗ്നിനാളങ്ങളായി
എന്നെ പുണര്‍ന്നു പടര്ന്നു കത്താന്‍ നീ വെമ്പുമ്പോള്‍ ,
ഇരുണ്ടകുപ്പിയിലെ വെളുത്ത ഉറക്കമരുന്നു നുണഞ്ഞു ഞാന്‍
നിന്റെ നെഞ്ചില്‍
നിദാന്ത നിദ്രയിലാഴണമെന്നു നീ കൊതിക്കുമ്പോള്‍ ,
നിന്നെ ഞാന്‍ എന്നേക്കാള്‍ സ്നേഹിച്ചു പോകുന്നു.
തണുത്തുറഞ്ഞ നി
ന്‍ മൃദുസ്പര്‍ശനം കൊതിച്ചു പോകുന്നു .

മാതൃസ്നേഹത്തി
ന്നമ്മിഞ്ഞപ്പാല്‍ മധുരവും,
സാഹോ
ര്യത്തിന്‍ ഊഞ്ഞാല്‍ സ്മൃതികളും,
താലിച്ചരടിന്നഭൌമമാം സത്യവും
പുത്രവാത്സല്യ
ത്തിന്നാത്മര്‍ഷപുളകങ്ങളും
നി
ന്‍ പരിഗ്രഹണത്തിനു തുയാകില്ലെന്നിരിക്കെ,
ഒരു തണ
ലിനായൊരു മഴത്തുള്ളിക്കായി,
ഒരു പരിചിത നിശ്വാസത്തിനായി,പ്രിയഹൃദ്‌ സ്പന്ദന
ത്തിനായി,
ഇരവി
ന്‍ അന്ത്യയാമങ്ങളില്‍ ഞാന്‍ അലഞ്ഞഞ്ഞെത്തും വരെ,
പ്രിയനേ, പി
ന്‍വിളിക്കായി നീയും കാതോര്‍ത്തിരിക്കുക.


ചായപ്പെന്‍സിലുകള്‍


പ്രിയപ്പെട്ട സന്ദീപ്,......നീ എവിടെയാണ്??

എത്രയോ ഋതുഭേദങ്ങള്‍ കൊഴിഞ്ഞു പോയിരിക്കുന്നു....
ഒളിമങ്ങാത്ത ബാല്യകുതൂഹലങ്ങളുടെ ,ഓര്‍മ്മചെപ്പുകളിലെവിടെയോ നീയും, എന്റെ ചായപ്പെന്സിലുകളും കിടന്നിരുന്നു.....



പക്ഷെ,ഇന്നു ഞാന്‍ നിന്നെ ഓര്‍മ്മിക്കാന്‍ ഒരു നിമിത്തമുണ്ടായി.......
ഏതോ ടെലിവിഷന്‍ ചാനലില്‍ ശിശുദിന സ്പെഷ്യല്‍ ഹ്രസ്വചിത്രത്തില്‍ ,നീതന്നെയെന്ന്‌ തോന്നിപ്പിക്കുന്ന ഒരു മുഖം ഞാന്‍ കണ്ടു....നമ്മള്‍ അവസാനമായി പിരിയുമ്പോഴുണ്ടായിരുന്ന അതെ ദൈന്യഭാവം ഈ മുഖത്തും.....
ഒരു പക്ഷെ, ഇതും എന്റെ ജീവിതയാത്രക്കിടയില്‍ എന്നെ പലപ്പോഴുംഅമ്പരപ്പിച്ചിട്ടുള്ള ആകസ്മികതകളില്‍ ഒന്നാവാം...


എന്നാലും ...,ഒരു നിമിഷം കൊണ്ടു ഞാന്‍ ആ പഴയമൂന്നാംക്ലാസ്സുകാരിയായി.......
ഇടമുറിയാത്ത ഇടവപ്പാതിപോലെ മനസ്സിലേക്ക് ഓര്‍മ്മകള്‍ ഒന്നൊന്നായി...
നമ്മുടെ കൊച്ചു പള്ളിക്കൂടവും,താഴെ മുറ്റത്തെ നെല്ലിമരവും,പന്തലിച്ചു കിടക്കുന്ന വയസ്സന്‍ നാട്ടു മാവും....പിന്നെ നീയും,....


സന്ദീപ്......നിനക്കു ഓര്‍മ്മയുണ്ടോ,എപ്പോഴും മുളവടിയുമായി നടക്കുന്ന
നമ്മുടെ രാഘവന്‍ മാഷിനെ...

ആജാനുബാഹുവായ മാഷി
ന്റെ ഒരു അവയവമായി ആ മുളവടികൂടെയുണ്ടായിരുന്നു...എപ്പോഴും......
കുട്ടികളുടെ തലയില്‍ വാത്സല്യത്തോടെ തട്ടാന്‍ മാഷിനു ഒരു മുളവടി എന്തിനാണെന്ന് പലപ്പോഴും ആലോചിച്ചിട്ടുണ്ട്....
വാത്സല്യത്തി
ന്റെ നിറകുടമായിരുന്ന മാഷായിരുന്നു, വീടും,പരിസരവും,മുറ്റത്തെകിളിക്കൂടും,അമ്മയുടെ സ്നേഹത്തിന്റെ മണമുള്ള സാരിതുമ്പും വിട്ടു സ്കൂളിലേക്ക് വരാന്‍ എന്നെ പ്രേരിപ്പിച്ചത്....
ഞാന്‍ ശരിക്കും ഒരു ''പള്ളിക്കൂടം കള്ളി'' ആയിരുന്നല്ലോ,മാഷി
ന്റെ ഭാഷയില്‍...എന്നിട്ടും ക്ലാസ്സില്‍ ,എന്നും ഒന്നാംസ്ഥാനക്കാരിയായി ഞാന്‍ എല്ലാവരെയും ഞെട്ടിച്ചു.


ആ അധ്യയനവര്‍ഷം തുടങ്ങി, ഒരാഴ്ച കഴിഞ്ഞാണ് നീ സ്കൂളില്‍ എത്തിയത്...
മൂക്കിനു താഴെയുള്ള വലിയ മറുകില്‍ നിറയെ മീശ രോമങ്ങളുള്ള തടിച്ച ഒരുസ്ത്രീയോടൊപ്പം......
പിന്നീടൊരിക്കല്‍ ലത പറഞ്ഞറിഞ്ഞു അത് നി
ന്റെ രണ്ടാനമ്മ ആയിരുന്നെന്ന്.
ക്ലാസ്സിലെ പുതിയ കുട്ടി ആയിരുന്നിട്ടും, ,ഒരു പട്ടികുട്ടിയുടെ തല കടക്കും വിധം ദ്വാരമുള്ള നി
ന്റെ സ്ലേറ്റും,രണ്ടുവശങ്ങളില്‍ നിന്നും ഒട്ടുമുക്കാല്‍ താളുകളും കീറിപ്പോയ പാഠപുസ്തകവും ,എല്ലാവരെയും ചിരിപ്പിച്ചു.
, ...എനിക്ക് പക്ഷെ,വല്ലാത്ത സങ്കടം തോന്നി....എന്റെ സഹതാപാര്‍ദ്രമായനോട്ടംഅന്നു നിന്നെ കൂടുതല്‍ വേദനിപ്പിച്ചോ ആശ്വസിപ്പിച്ചോ എനിക്കറിയില്ലഇന്നും...


ഓണപ്പരീക്ഷക്ക് എല്ലാവരും തിരക്കിട്ട് ,മത്സരബുദ്ധിയോടെ സ്ലേട്ടുകളില്‍ ഉത്തരങ്ങള്‍ കുത്തി നിറച്ചപ്പോള്‍ .നീ എന്തിനാണ് സ്ലേറ്റില്‍,ഒരു പെണ്‍കുട്ടിയുടെചിത്രം കോറിയിട്ടത്‌?.....
അതല്ലേ സില്‍വി ടീച്ചര്‍ നിന്നെ ചെവിയില്‍ തൂക്കി പുറത്താക്കിയത്??ശബ്ദംകേട്ട് ഓടിവന്ന മേരിടീച്ചറിനോട് ''അവന്‍ പടം വരച്ചെങ്കിലും ജീവിച്ചോളും'' എന്ന് ടീച്ചര്‍ പിറു പിറുത്തു.
പരീക്ഷ കഴിഞ്ഞു എല്ലാവരും പുറത്തിറങ്ങിയപ്പോള്‍ ടീച്ചറുടെ മേശപ്പുറത്തു വിശ്രമിച്ചിരുന്ന നി
ന്റെ സ്ലേറ്റില്‍ ആ ചിത്രം ഞാന്‍ കണ്ടു......
ആ പെണ്‍കുട്ടിക്ക് എ
ന്റെ മുഖമായിരുന്നു....അവളുടെ നെറ്റിയില്‍ എന്റെ വലിയ വട്ടപ്പൊട്ടും....


രാജീവ് മാമന്‍ ബോംബെയില്‍ നിന്നും കൊണ്ടുവന്ന എന്റെ ചായപെന്സിലുകളായിരുന്നു ആ ദിവസം ക്ലാസ്സില്‍ സംസാരവിഷയം . പെന്‍സില്‍ ബോക്സ് നെഞ്ചതടക്കിപ്പിടിച്ചു നടന്ന ഞാന്‍ സ്കൂളിലെ തന്നെ താരമായി .


നീ മാത്രം എന്തേ ....എന്റെ ചായപ്പെന്‍സില്‍ കാണാനും പരീക്ഷിച്ചുനോക്കാനും വന്നില്ല??
നീ എപ്പോഴും ഉപ്പുമാവുപുരയില്‍ ഭാസ്കരന്‍ കൊച്ചേട്ട
ന്റെ സഹായിയായിരുന്നല്ലോ...ഉപ്പുമാവ് വിളമ്പുമ്പോള്‍ ഏറ്റവും വലിയ ഇലയിട്ടിരിക്കുന്ന നിന്നെ കണ്ടുപിടിക്കാന്‍ ആര്‍ക്കും ഒരു പ്രയാസവുമുണ്ടായിരുന്നില്ല.....
താഴെ,നെല്ലിയുടെ ചുവട്ടില്‍ നിന്നും കടുകുമണിയോളം പോന്ന പൊട്ടുനെല്ലിക്കകള്‍ പെറുക്കി ചവച്ചു മുഖം ചുളിപ്പിച്ച എന്നോട് ലത പറഞ്ഞു,''നീ സന്ദീപിന് കൊടുക്കൂ.അവന്‍ സ്വാദോടെ തിന്നും,എന്താണെന്നറിയുമോ.ഈ കടുകുനെല്ലിക്കകളും,ഉപ്പുമാവുമാണ് അവന്റെ ആകെയുള്ള ഭക്ഷണം....''
നി
ന്റെ രണ്ടാനമ്മയുടെ ക്രൂരതകള്‍, ലതയുടെ വാക്കുകളില്‍ കൂടുതല്‍ രൌദ്രഭാവംപൂണ്ടു എന്നെ കീറിമുറിച്ചു....

നീ മറന്നിരിക്കില്ല നിനച്ചിരിക്കാതെ ആ പേമാരി പെയ്ത ദിവസം......

അന്ന് സ്കൂള്‍ നേരത്തെ വിട്ടു....
എത്രയും പെട്ടെന്ന് വീട്ടിലെത്താമെന്ന സന്തോഷത്തില്‍ ഞാന്‍ എന്റെ ചായപ്പെന്‍സില്‍ ബോക്സ് ക്ലാസ്സില്‍ വെച്ചു മറന്നുപോയി.....
വീട്ടിലെത്തിയപ്പോഴാണ് അത് എവിടെയോ നഷ്ടമായതായി ഞാന്‍അറിയുന്നത്....അമ്മയുടെ തല്ലു പേടിച്ചു വിങ്ങല്‍ ഉള്ളിലൊതുക്കി .......ഉറങ്ങാതെനേരം വെളുപ്പിച്ച ഞാന്‍ പിറ്റേന്നു അതിരാവിലെ സ്കൂളില്‍ എത്തി...നിരാശയായിരുന്നുഫലം....ഏറെ സങ്കടം തോന്നിയെങ്കിലും ക്രമേണ ഞാന്‍ അത് മറന്നു.....
പക്ഷെ പിറ്റേ ആഴ്ച മനോജിന്റെ കൈവശം, നീ വരച്ച ആ പെണ്‍കുട്ടിയുടെചിത്രം ഞാന്‍ വീണ്ടും കണ്ടു....പലനിറങ്ങള്‍ ചാലിച്ച്..മുഷിഞ്ഞ ഒരുകടലാസില്‍....
ആ നിറങ്ങള്‍, എന്റെ ചായപ്പെന്‍സിലുകള്‍ പകര്‍ന്നതാണെന്നു അസൂയാലുവായ മനോജ് എന്റെ ചെവിയില്‍ മന്ത്രിച്ചു.....

എന്തിനാണ് എനിക്കപ്പോള്‍ വാവിട്ടു നിലവിളിക്കാന്‍ തോന്നിയത്?
അതുകൊണ്ടല്ലേ ജോണ്‍ മാഷ്‌ ചൂരല്‍വടി കൊണ്ടു നിന്നെ തല്ലിഅവശനാക്കിയത്...
ഉപ്പുമാവുപുരയുടെ വാരിയില്‍ നിന്നും ചായപ്പെന്‍സിലുകള്‍ എടുത്തു കൊണ്ടു വന്ന നി
ന്റെ കുനിഞ്ഞ മുഖം പശ്ചാത്താപം കൊണ്ടു വിവശമായിരുന്നു...അത്കണ്ടില്ലെന്നു നടിച്ചു പെന്സില്‍ ബോക്സ് നെഞ്ചോടടക്കിപ്പിടിച്ചു ഞാന്‍ തിരിച്ചുനടന്നു.....



പിന്നൊരിക്കല്‍ ഒരു ഉച്ചനേരത്ത്.....നിന്റെ രണ്ടാനമ്മയെ വീണ്ടും കണ്ടു....ഹെഡ്മാസ്ടരുടെ മുറിയില്‍.......നിന്റെ ടി.സി വാങ്ങാന്‍വന്നതാണത്രേ......നാട്ടുമാവിന്റെ ചുവട്ടില്‍ ''പഴുക്ക'' കളിക്കുകയായിരുന്ന ഞങ്ങളുടെ അടുത്തേക്ക് ഓടി വന്ന ലതയാണ് ആ വാര്‍ത്തകൊണ്ടു വന്നത്.......
നാളെ മുതല്‍ നീ ക്ലാസ്സില്‍ വരില്ലെന്ന്...... കളത്തില്‍ സ്തബ്ധയായി നിന്ന എന്നെ മീനു ഉന്തിമാറ്റി......ഞാന്‍ താഴെ വീണു .....പിടഞ്ഞെഴുന്നീട്ടു ഞാന്‍ ക്ലാസിലേക്ക് ഓടി....പിന്നെ നിന്നെ തേടി...ഉപ്പുമാവ് പുരയിലെക്കും....

വലിയ ചെമ്പിന്റെ , ഒരു വശത്ത് കിടന്നിരുന്ന കറുത്ത പാറക്കല്ലില്‍ തൂങ്ങിപ്പിടിച്ച്‌ ഇരിക്കുകയായിരുന്നു നീ ....എന്നെക്കണ്ട് നീ ഞെട്ടി എഴുന്നേറ്റു....
പിന്നെ എന്റെ അരികിലേക്ക് വന്നു .
ഞാന്‍, പിന്നിലൊളിപ്പിച്ച ചായപ്പെന്സില്‍ ബോക്സ് നി
ന്റെ കയ്യിലേക്ക് ബലമായി വെച്ചു തന്നു ......
നീ വല്ലാതെ അമ്പരന്നുപോയോ...?പെന്സില്‍ ബോക്സ് താഴെയിട്ടു നീ എന്നെ കെട്ടിപ്പിടിച്ചു ....ഞാന്‍ കുതറി മാറി.....അന്ന് നി
ന്റെ ആലിംഗനം ശ്വാസം മുട്ടിച്ചു എന്നതില്‍ കവിഞ്ഞു വേറൊന്നും എനിക്ക് മനസ്സിലായില്ല....എപ്പോഴും ദൈന്യത മുറ്റി നിന്നിരുന്ന നിന്റെ കണ്ണിലെ , വിവേചിച്ചറിയാനാവാത്ത അപ്പോഴത്തെ ഭാവവും.....
കൂട്ടുകാരികളുടെയടുത്തെക്ക് ഓടുന്നതിനിടയില്‍ ഞാന്‍ ഒന്നുകൂടി തിരിഞ്ഞുനോക്കിയപ്പോള്‍
നിന്റെ കണ്ണില്‍ നിന്നും ഒരു നീര്‍മണി വീണുടയുന്നത്‌ ഞാന്‍ കണ്ടു......
പിറ്റേന്നു ക്ലാസിലെ നിന്റെ സീറ്റ് ഒഴിഞ്ഞു കിടന്നിരുന്നു....ഉപ്പുമാവുപുരയിലെ ആ കറുത്ത പാറക്കല്ലും....
സ്മൃതിപഥത്തിലെ നനവുള്ള ഒരു ഓര്‍മ്മയായി നീ വന്നു ....വീണ്ടും.....പലപ്പോഴും.....പിന്നെ ....വര്‍ണ്ണങ്ങള്‍ ഏഴും ചാലിച്ച എന്റെ ജീവിത യാത്രയില്‍ നീയെന്ന വേദനയേയും,എന്റെ ചായപ്പെന്സിലുകളെയും...
ഞാന്‍ മനപ്പൂര്‍വ്വം എന്റെ
ഓര്‍മ്മചെപ്പില്‍ ഒളിപ്പിച്ചു ....പിന്നെ ഇപ്പോള്‍.....

ഒരു വലിയ ചിത്രകാരനായി നീ എവിടെയോ ജീവിക്കുന്നുണ്ടാവാം അല്ലെ....... സില്‍വിടീച്ചര്‍ - പോലെ....

നീ എന്നെ ഓര്‍ക്കുന്നുവോ ?....എന്റെ ചായപ്പെന്സിലുകളെയും.....
ഹ്രസ്വമായ ഈ ജീവിതയാത്രയിലുടനീളം എന്നെ പലപ്പോഴുംസന്തോഷിപ്പിച്ച....ചിലപ്പോഴൊക്കെ ...ഞെട്ടിപ്പിച്ച ആ ആകസ്മികതകള്‍ , ഈ ലോകത്തിന്റെ ഏതെങ്കിലുമൊരു തുരുത്തില്‍ നിന്നെ എന്റെ മുന്നില്‍കൊണ്ടെത്തിച്ചേക്കും .........ഞാന്‍ ആഗ്രഹിച്ചോട്ടേ........വെറുതെ......

പെണ്ണ്



ഇതാ പെണ്ണ്.
ഇവള്‍ പത്തരമാറ്റ്
പൂവും,പൊട്ടും ചൂടി
ഇനി മിന്നു കെട്ടിക്കോളൂ.


പെണ്ണോ....??
പത്തര മാറ്റ് വേണ്ട
പൂവും പൊട്ടും വേണ്ട
മേനി നിറയെ പൊന്നു വേണം
മിന്നു ഞാന്‍ കെട്ടിക്കോളാം.

കറുപ്പും വെളുപ്പും

കറുപ്പോ വെളുപ്പോ
നിനക്കേറെയിഷ്ടം??
കറുക്കാത്ത വെളുപ്പും
വെളുക്കാത്ത കറുപ്പു -
മാണെനിക്കേറെയിഷ്ടം

വെളുപ്പില്ലെങ്കില്‍ കറുപ്പും
കറുപ്പില്ലെങ്കില്‍ വെളുപ്പും
മേഘം വെളുത്തു
റുത്തോരാകാത്തി -
ലേഴു നിറങ്ങളുമില്ല പൊന്നേ...