നിഴലായ് .....

ഏകാന്തതേ ....ഞാനും നീയുമെന്തേ
യിങ്ങനെ തമ്മില്‍ തല്ലിയും,തലോടിയും....
മെല്ലെപ്പുണര്‍ന്നു പടര്‍ന്നു നിന്‍ കൈകളെന്‍
പ്രണയവും,പ്രജ്ഞ്ഞയുമിറുത്തെടുത്തു .
വിരഹ-വിഷാദങ്ങള്‍ പകരമായെന്‍-
പാനപാത്രത്തില്‍ നീ നിറച്ചു വച്ചു .
വയ്യ, താമസ്സിലേക്കുഴറിയോടാനെനിക്കിനി
വിട കൊള്‍ക നീ ,പുലര്‍ന്നോട്ടെയീ ഞാന്‍.
ഇന്നലെപ്പെയ്ത കിനാമഴയിലിന്നെന്റെ
വരണ്ട ചുണ്ടില്‍ പ്പതിഞ്ഞോരീ മധുകണ -
മൊന്നു നുണഞ്ഞോട്ടെ , യിളവേല്‍ക്ക നീയും....
പിരിയാം,നമുക്കിരു കൈവഴികളായിന്നീ -
സ്മൃതികളില്‍ നിന്നും പിടഞ്ഞകലാം..
അമ്മ തന്നുദരം പിളര്‍ന്നു പറന്നുയര്‍ന്നോ-
രപ്പൂപ്പന്‍താടി പോലെയെന്‍ മനോരഥത്തിന്‍
കടിഞ്ഞാണ്‍ പോലുമിന്നെന്‍ കയ്യിലില്ല .
ഇതാ ഇന്നെന്റെ 'വാക്കു' നിനക്കായി -
യലിവോടെ കേള്‍ക്ക നീ, ഒരു നാള്‍
അനിവാര്യമാമെന്നവസാനയാത്രയി-
ലൊരിടത്തു വീണ്ടും നാം കണ്ടുമുട്ടും .
അന്നു ഞാനുമെനിക്കു നീയുമിണ -
പിരിയാത്തുറ്റതോഴരാകും .

2 അഭിപ്രായം. >>ഇവിടെഎഴുതാന്‍ മറക്കണ്ടാ ട്ടോ..:

കെ.കെ.എസ് said...

nice poetry.

പാവപ്പെട്ടവന്‍ said...

വളരെ മനോഹരമായിരിക്കുന്നു

Post a Comment

അഭിപ്രായം ഇവിടെ...