നഷ്ടപ്പെട്ട നീലാംബരി

ദിവ്യാനുരാഗത്തിന്റെ കഥാകാരി വിടപറഞ്ഞു.
ഇനിയും പറഞ്ഞു തീരാത്ത നൂറായിരം കഥകളുടെ ചിമിഴുകള്‍ എന്നെന്നേക്കുമായി അടച്ചുവെച്ച് ,തന്റെ സ്വപ്നങ്ങളിലെ സ്ഥിരസാന്നിധ്യമായ ദൈവ സന്നിധിയിലേക്ക്,'സ്വര്‍ഗ്ഗത്തിലേക്ക്' , നിത്യ പ്രണയിനി പറന്നകന്നിരിക്കുന്നു.
ജീവിതം,പ്രണയത്തിന്റെ ഉത്സവമാണെന്ന് ഉദ്ഘോഷിക്കാന്‍,സ്ത്രൈണതയുടെ ഋതു ഭേദങ്ങളെ സദാചാരമാകുന്ന കശാപ്പുശാലയില്‍ നിന്നും മോചിപ്പിച്ച്‌, നറും നിലാവില്‍ വിരിഞ്ഞ നീര്‍മാതളപ്പൂക്കളുടെ സുഗന്ധം ആവാഹിച്ചു ,അണിയിച്ചൊരുക്കി സാഫല്യത്തിന്റെ പൂര്‍ണ്ണതയിലെത്തിച്ച നമ്മുടെ പ്രിയപ്പെട്ട ആമിക്ക് കണ്ണീര്‍പ്പൂവുകള്‍ അര്‍പ്പിച്ചു ഞാനും വിട ചൊല്ലുന്നു.
പ്രണയിനിയുടെ വികാരതീഷ്ണത ,പിഞ്ചു പൈതലിന്റെ നിഷ്കളങ്കത, മാതൃത്വത്തിന്റെ മഹനീയത,എന്നിങ്ങനെ സ്ത്രീയുടെ വിവിധ ഭാവങ്ങളും,ആര്‍ദ്രതയും,ഹൃദയത്തിലേക്കും,തന്റെ എഴുത്തിലേക്കും ആവാഹിച്ചു സ്നേഹം സദാചാര വിരുദ്ധമെങ്കില്‍ താന്‍ സദാചാരവിരുദ്ധയാനെന്നു ഉറക്കെ വിളിച്ചു പറഞ്ഞ് ,പിന്നിട്ട വഴികളിലെല്ലാം താന്‍ സത്യമുള്ള മുഖങ്ങളെ അന്വേഷിച്ചലയുകയായിരുന്നെന്നു വേപഥു പൂണ്ട് ,പ്രേമിക്കാതെ കടന്നു പോകുന്നവരുടെ ജിവിതം വ്യര്‍ത്ഥമാണെന്ന് ഓര്‍മ്മപ്പെടുത്തി മലയാളത്തിന്റെ പ്രിയ കഥാകാരി വിടപറയുമ്പോള്‍ ,ഭൂമിയില്‍ ആര്ക്കും ഒന്നിലും ഉടമസ്ഥാവകാശം ഇല്ലെന്നു വിശ്വസിച്ച മാധവിക്കുട്ടിക്ക്,സ്വര്‍ഗത്തില്‍ ,ദൈവത്തിന്നരികില്‍ ഒരു ഇരിപ്പിടം സ്വന്തമായിട്ടുണ്ടാകും,അവര്‍ എപ്പോഴും,ആഗ്രഹിച്ചിരുന്നതു പോലെ,വിശ്വസിച്ചിരുന്നതു പോലെ...
എങ്കിലും,നമുക്കു നഷ്ട്ടപ്പെട്ടു, ''നീലാംബരി'',എന്നെന്നേക്കുമായി...

മാവേലിക്ക് വാല്‍ !!!..(പൂതനാമോക്ഷം -രണ്ടാം ഭാഗം )

പ്രതിഭ ക്ലബ്ബിന്റെ ഉദ്ഘാടനത്തിന് അവതരിപ്പിച്ച ആദ്യ സംരംഭം ആയ പൂതനാമോക്ഷം ,നാടകം ,'ഡോള്‍ബി' യായി [കടപ്പാട് :ജഗദീഷ് ] പ്പോയതിന്റെ ക്ഷീണം മൂലം,ഭാരവാഹികള്‍ ഒന്നുരണ്ടാഴ്ച്ച തലയില്‍ മുണ്ടിട്ടു നടന്നെങ്കിലും,തോറ്റു കൊടുക്കാന്‍ തയ്യാറായിരുന്നില്ല.അമ്പലപ്പറമ്പിലെ ആല്‍ത്തറയിലും ,താല്‍ക്കാലികമായി ക്ലബ്ബിന്റെ ഓഫീസായി ഉപയോഗിക്കുന്ന വായനശാലയുടെ പുറകുവശത്തെ കുടുസ്സുമുറിയിലും ,ബസ്‌ സ്റ്റോപ്പിലെ കലുങ്കിലും മറ്റുമായി ഭാവിപരിപാടികളെപ്പറ്റിയുള്ള ചര്‍ച്ചകള്‍ തകൃതിയില്‍ നടന്നുകൊണ്ടിരുന്നു.പൊട്ടിപ്പാളീസായ പൂതനാമോക്ഷത്തിന്റെ നാണക്കേട്‌ മാറാന്‍,സ്ട്രോങ്ങായി വല്ലതും സംഘടിപ്പിച്ചേ പറ്റൂ.ചൂടേറിയ ചര്‍ച്ചക്കൊടുവില്‍,ഓണാഘോഷത്തോടനുബന്ധിച്ചു മറ്റു കലാപരിപാടികള്‍ക്കൊപ്പം നാട്ടുകാര്‍ക്ക് അന്നേവരെ അപരിചിതമായിരുന്ന ''സ്കിറ്റ്''അവതരിപ്പിക്കാമെന്ന ധാരണയിലെത്തുകയും ചെയ്തു.
ചിക്കന്‍പോക്സ് പിടിച്ചു പൂതനയുടെ റോള്‍ മിസ്സ്‌ ആയ ശാലീനസുന്ദരന്‍ ,ഗോപിക്കുട്ടന്റെ തൊലിചെത്തിയ പൈനാപ്പിള്‍ പോലെയായിത്തീര്‍ന്ന സ്റ്റീല്‍ ബോഡിയും മുഖവും അന്നത്തേക്ക്‌ ഹാള്‍മാര്‍ക്ക്‌ ഒക്കെ മാഞ്ഞ് ,പൂര്‍വ്വ സ്ഥിതിയിലെത്തുമെന്നും എല്ലാവരും പ്രത്യാശിച്ചു.

ഒന്നാം ഓണത്തിന്റെയന്ന് ,അതായത് ഉത്രാടത്തിന്റെയന്ന് പകല്‍ മറ്റു പരിപാടികളും ,രാത്രി സ്കിറ്റും അവതരിപ്പിക്കാനുമായിരുന്നു തീരുമാനം.രാത്രിയില്‍ സ്കിറ്റിനു മുന്പായി ലളിതഗാനം,സിനിമാഗാനം,മിമിക്രി ,
തുടങ്ങിയ കലാമാല്സരങ്ങള്‍ക്ക് ഒരാഴ്ച മുന്പേ പേരു രജിസ്ടര്‍ ചെയ്യാന്‍ ലോക്കല്‍ സുന്ദരീസുന്ദരന്മാര്‍ ,ക്യൂ നിന്നു.
വടംവലി,ഉറിയടി,ചാക്കില്‍കയറിച്ചാട്ടം ,മിട്ടായിപെറുക്കല്‍ ,സുന്ദരിക്ക് പൊട്ടു തൊടല്‍,തുടങ്ങിയ കായികവും,ബൌദ്ധികവുമായ മത്സരങ്ങളായിരുന്നു പകല്‍ പരിപാടികളായി ഷെഡ്യൂള്‍ ചെയ്തിരുന്നത്.മത്സരങ്ങളുടെ ഗൌരവമനുസരിച്ച് നേരിയ മുണ്ട്,വാഴക്കുല,പ്ലാസ്റ്റിക് മഗ്,ടൂത്ത് പേസ്റ്റ്‌ ,(നാട്ടുകാര്‍ക്ക് ഉമിക്കരിയെ അപ്ഗ്രേഡ് ചെയ്യാന്‍ ),നാരങ്ങാമുട്ടായി ,തുടങ്ങിയ ആകര്‍ഷകമായ സമ്മാനങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടു.
പഴയ പൂതനാമോക്ഷത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തങ്ങളുടെ സസ്പെന്‍സ് ത്രില്ലര്‍ ആയ സ്കിറ്റിനുള്ള ഒരുക്കങ്ങളും ഒരാഴ്ച മുന്പേ തുടങ്ങി.
ചരിത്രം ആവര്‍ത്തിക്കപ്പെടരുതല്ലോ. സ്കിറ്റിനു ഇതിവൃത്തമായി മഹാബലിയുടെ സന്ദര്‍ശനം തെരഞ്ഞെടുത്തു.
അതായത്,നാട്ടിലെ പാവപ്പെട്ടവനും,നല്ലവനുമായ (നമ്മുടെ മാവേലിയുടെ ideology അതേപടി അനുസരിച്ച് ജീവിക്കുന്ന)ശ്രീമാന്‍ കോരന്റെ കുടിലില്‍ മഹാബലി സന്ദര്‍ശനത്തിന് എത്തുന്നതും,കോരനും,ഭാര്യ ചിരുതയും കൂടി അദ്ദേഹത്തെ സ്വീകരിച്ചു സല്ക്കരിക്കുന്നതും,പുകഴ്ത്തിപ്പാടുന്നതും ആണ് കഥാസാരം.രംഗത്ത് മാവേലി,കോരന്‍,ചിരുത എന്നിവര്‍ പ്രത്യക്ഷപ്പെടുന്നു.
പൂതനാമോക്ഷത്തില്‍ ഇന്‍സ്റ്റന്റ് നന്ദഗോപരായി തിളങ്ങിയ കുട്ടപ്പന്‍ ചേട്ടനെത്തന്നെ മാവേലിയായി കാസ്റ്റു ചെയ്തു.
കുട്ടപ്പന്ചെട്ടന്റെ കുടവയറും,റേഷന്‍ ഗോതമ്പിന്റെ (അത്ര ഗ്ലാമര്‍ ഇല്ലാത്ത ഗോതമ്പ് എന്ന്)നിറവും,ഗോദ്റെജ് കറുപ്പിച്ചു കൊടുത്ത തഴച്ചു വളര്‍ന്ന മീശയും,അദ്ദേഹത്തിന് കേന്ദ്ര കഥാപാത്രം ചെയ്യാനുള്ള യോഗ്യതയായി പരിഗണിക്കപ്പെട്ടു.ആദ്യനാടകത്തില്‍ കഴിവ് തെളിയിച്ചു നാട്ടുകാരുടെ സ്നേഹസമ്മാനങ്ങള്‍ ഏറ്റുവാങ്ങാന്‍ ഭാഗ്യമില്ലാതെപോയ ഗോപിക്കുട്ടനെ കോരപത്നി,ശ്രീമതി,ചിരുതയായി സെലക്ട്‌ ചെയ്തു.കോരന്റെ റോള്‍ പൂതനയെ അവതരിപ്പിച്ചു ലോകപ്രശസ്തനായ എന്റെ ഏട്ടന്‍ തന്നെ ഏറ്റെടുക്കുകയും ചെയ്തു.
മുരളി,തിരക്കഥ ,സംവിധാനം ,രംഗസജ്ജീകരണം തുടങ്ങിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത് ബുജി ചമഞ്ഞതിനാല്‍
രംഗത്തുനിന്നും തല്‍ക്കാലം ഒഴിവായി (പഴയ അനുഭവം ഓര്ത്തു മുന്‍കരുതല്‍ എടുത്തതാവണം )

ഉത്രാടത്തിന് ഒരാഴ്ച്ചയുള്ളപ്പോഴാണ് ഏട്ടന്റെ അച്ഛന്‍,(എന്റെ സംപൂജ്യ ഫാദര്‍ ഇന്‍ ലോ )ദുബായില്‍ നിന്നും
അവധിക്കു നാട്ടിലെത്തിയത്.കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കാന്‍ രണ്ടു മാസത്തെ അവധിക്കു നാട്ടിലെത്തിയതായിരുന്നു അച്ഛന്‍ . സ്കിറ്റിന്റെ റിഹേഴ്സലുകള്‍ നടക്കുന്നുണ്ടെങ്കിലും കോരന് (ഏട്ടന്‍)
പലകാരണങ്ങള്‍ കൊണ്ടും അതില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല.
അച്ഛനോടൊപ്പം പല സുഹൃത്തുക്കളുടെയും ,ബന്ധുക്കളുടെയും വീടുകളില്‍ പോകേണ്ടതുണ്ടായിരുന്നു.പിന്നെ,ആള്‍ അല്‍പ്പം കണിശക്കാരന്‍ ആയതിനാല്‍ ഏട്ടന് പഴയതുപോലെ ചുറ്റിക്കളിക്കാനും പറ്റുന്നുണ്ടായിരുന്നില്ല.
''സാരമില്ല.മറ്റു രണ്ടു പേരും അവരവരുടെ ഡയലോഗുകള്‍ പഠിച്ചു,റിഹേഴ്സല്‍ ചെയ്തോളൂ, എന്റെ ഭാഗം ഞാന്‍ ഹൃദിസ്ഥമാക്കിക്കൊള്ളാം .''
ഏട്ടന്‍ , ദൂതന്‍ ( അനിയന്‍ ഹരി )മുഖേന അവരെ അറിയിച്ചു.
അതുപ്രകാരം,കുട്ടപ്പന്‍ ചേട്ടനും,ഗോപിക്കുട്ടനും അവരവര്‍ക്ക് വേണ്ട തയ്യാറെടുപ്പുകള്‍ നടത്തി.
മുരളി , തിരക്കഥയും,സംഭാഷണവും കടലാസില്‍ പകര്‍ത്തി ഒരു എയര്‍മെയില്‍ കവറിലാക്കി ഏട്ടന്റെ അഡ്രസ്‌ എഴുതി മനുവിന്റെ കൈവശം ഏട്ടന് കൊടുത്തയച്ചു.പരിപാടിയുടെ തലേന്ന്,അഭിനേതാക്കള്‍ മൂവരും ചേര്ന്നു അവസാനവട്ട റിഹേഴ്സല്‍ നടത്താമെന്നും പറഞ്ഞു വിട്ടു.
അന്ന് രാത്രി ഏട്ടന്‍ പഠനമുറിയില്‍ പുസ്തകത്തിലൊളിപ്പിച്ചുവച്ച് ഡയലോഗ് പഠിച്ചുകൊണ്ടിരുന്നപ്പോഴാണ്
കഷ്ടകാലത്തിനു അച്ചന് മകന്റെ പഠനത്തിലുള്ള ഉല്സാഹം നേരില്‍ ക്കണ്ട് തൃപ്തിയടയണമെന്നു
തോന്നിയത് .അച്ഛനെക്കണ്ട്‌ ഏട്ടന്‍ പെട്ടെന്ന് കടലാസ് കവറില്‍ കുത്തിത്തിരുകി മേശപ്പുറത്തിരുന്ന അച്ഛന്‍ കൊണ്ടുവന്ന പോസ്റ്റ് ചെയ്യാനുള്ള കത്തുകളുടെ ഇടയിലേക്ക് വെക്കുകയും ചെയ്തു.

''എന്താടാ അത്? ''
''അല്ല.അച്ഛാ..ഇതു.. അത്...ഞാന്‍ കത്തൊക്കെ പോസ്റ്റ് ചെയ്യാന്‍.....''
''എഹ് !! നീ ഇതുവരെ ഇതൊന്നും പോസ്റ്റ് ചെയ്തില്ലേ?''
'' അത് പിന്നെ.....''
'''ഇനി നീ പോസ്റ്റ് ചെയ്യണ്ട,ഇങ്ങെടുക്ക്‌.''
അച്ഛന്‍ കത്തുകള്‍ വാങ്ങിയ ശേഷം മറ്റു inspection നടത്തി തിരിച്ചു പോകുകയും ചെയ്തു.
സംഭവിച്ചതിന്റെ ഞെട്ടല്‍ മാറാതെ ഏട്ടന്‍ കട്ടിലിലേക്ക് മറിഞ്ഞു.
''ദൈവമേ... '' എന്റെ കോരന്‍..ഇപ്പോള്‍ അച്ഛന്റെ കസ്റ്റഡിയില്‍....''
'' പരട്ട മുരളിക്ക് ഏത് സമയത്താണോ ആവോ, എയര്‍മെയിലില്‍ സാധനം
കൊടുത്തു വിടാന്‍ തോന്നിയത്.''ഏട്ടന്‍ പല്ലുകടിച്ചു കൊണ്ടു പിറുപിറുത്തു.
നാളെ താന്‍ തന്നെ ആയിരിക്കുമല്ലോ കത്തുകള്‍ പോസ്റ്റ് ചെയ്യേണ്ടിവരിക,അപ്പോള്‍ മറ്റവനെ പൊക്കാമെന്നു മനസ്സിലുറപ്പിച്ചു , കോര-മാവേലി സംഗമം സ്വപ്നം കണ്ടു കിടന്നുറങ്ങുകയും ചെയ്തു.
രാവിലെ കണ്ണ് തുറക്കുമ്പോള്‍ സമയം പത്തര.ദൈവമേ,സ്വപ്നം മെഗാ സീരിയല്‍ പോലെ നീണ്ടുപോയത് കൊണ്ടാണ് ഉറക്കമുണരാന്‍ വൈകിയത്.
തേറ്റയും,കൊമ്പുമായി നേരെ അടുക്കളയിലേക്കു ഓടി.
''അമ്മേ,അച്ഛനെവിടെ''
''ആഹ,നീ ഉണരുന്നതും കാത്തു ഇത്രേം നേരം ഇരുന്നിട്ട് അച്ഛന്‍ പുറത്തേക്കിറങ്ങി.
എന്തോ പോസ്റ്റ് ചെയ്യാന്‍ ഹരിയുടെ കയ്യില്‍ കൊടുത്തുവിടുന്നതും കണ്ടു. എന്താടാ?''
ഏട്ടന് കണ്ണില്‍ ഇരുട്ട് കയറുന്നപോലെ തോന്നി.നാളെയാണ് പ്രോഗ്രാം .
ഇനിയിപ്പോള്‍ എന്ത് ചെയ്യും?? വായിനോക്കി അതും പോസ്റ്റ് ചെയ്തുകാണും.
ഷോക്കടിച്ചപോലെ നിന്നപ്പോള്‍,അമ്മയുടെ ശബ്ദം പുറകില്‍,''എടാ,നീ ഇന്നു എങ്ങും പോകണ്ട,ഇവിടെ കാണണം എന്ന് പറഞ്ഞു,അച്ഛന്‍.സുമയെ കാണാന്‍ (ഏട്ടന്റെ സഹോദരി) ഒരു പാര്ട്ടി വരുന്നുണ്ട്.''
ദൈവമേ,അപ്പോള്‍ ഇന്നത്തെ റിഹേഴ്സലും കുളമാകും.ഏതായാലും,മുരളിയെ വിവരം ധരിപ്പിച്ച് എന്തെങ്കിലും അടിയന്തിര പരിഹാരം കണ്ടെത്തിയേ മതിയാകൂ...

ഓടിപ്പോയി പ്രഭാതകൃത്യങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍വ്വഹിച്ചു ,ദോശയും ചമ്മന്തിയും വെട്ടിവിഴുങ്ങി (അക്ഷരാര്‍ത്ഥത്തില്‍), പുറത്തേക്ക് ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ അച്ഛന്‍ കയറിവരുന്നു.
''എടാ,നീ അക്കരെ ചെന്നു കൊച്ചച്ചനെ കൂടി വിളിച്ചോണ്ട് വാ, അവര് വരുമ്പോള്‍ കാരണവന്മാര്‍ ആരേലും വേണമല്ലോ ''
'രോഗി ഇച്ഛിച്ചതും പാല് വൈദ്യന്‍....'ഏട്ടന്‍ ഹാപ്പി ആയി.അതിന്റെ തൊട്ടിപ്പുറത്താണ് മുരളീടെ വീട്.

കാരണവരെ വീട്ടിലേക്ക് പറഞ്ഞു വിട്ടിട്ടു ഏട്ടന്‍ മുരളിയുടെ വീട്ടിലേക്ക് ഓടി.
ഭാഗ്യം ആള് സ്ഥലത്തുണ്ട്.
വിവരം കേട്ടതും,മുരളി അക്രമാസക്തനായി.
''നീ ഇതും കുളമാക്കുമെന്നാ തോന്നുന്നേ..'' മുരളി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
വീണ്ടും ഏട്ടന്റെ ബുദ്ധി പ്രവര്ത്തിച്ചു.
അല്ലെങ്കിലും പണ്ടേ പ്രതിസന്ധികളില്‍ പുള്ളിക്കാരന് ദൈവം പല നല്ല വഴികളും കാണിച്ചു കൊടുത്തിട്ടുണ്ടല്ലോ.
[ഫോര്‍ റെഫറന്‍സ് :പൂതനാമോക്ഷം-ഒന്നാം ഭാഗം]
''എടാ.ഇനിയിപ്പോ ഡയലോഗ് പഠിക്കാന്‍ ഒന്നും സമയമില്ല.
ഒരു കാര്യം ചെയ്യാം,ഡയലോഗ് മുഴുവാന്‍ റെക്കോര്‍ഡ്‌ ചെയ്യാം.എന്നിട്ട് പ്ലേ ചെയ്യാം.
അഭിനേതാക്കള്‍ അതനുസരിച്ച് ചുണ്ട് അനക്കിയാല്‍ മതി.ഡയലോഗ് മറന്നുപോയാലും കുഴപ്പമില്ല,അഡ്ജസ്റ്റ് ചെയ്യുകയും ചെയ്യാം.''
''ഓഹ്‌.... നീ ഒരു ബുദ്ധിരാക്ഷസന്‍ തന്നെ '' മുരളി ഏട്ടനെ കെട്ടിപിടിച്ചു.
''പക്ഷെ,ഒരു പ്രശ്നം.ടേപ്പ് റെക്കോര്‍ഡര്‍ ന് എവിടെ പോകും??''
എടാ,നീ വിഷമിക്കണ്ട,അച്ഛന്‍ കൊണ്ടു വന്ന national panasonic-നെ നമുക്കു പൊക്കാം.പെണ്ണുകാണല്‍ തെരക്കിനിടെ അച്ഛന്‍ അത് ശ്രദ്ധിക്കില്ല.
ഞാന്‍ എടുത്തു തരാം.
നീ റെക്കോര്‍ഡ്‌ ചെയ്തിട്ട് 1 മണിക്കൂറിനുള്ളില്‍ തിരിച്ചു കൊണ്ടു വന്നാല്‍ മതി.''ഏട്ടന് ഐഡിയകളുടെ ഗംഗാ പ്രവാഹമായിരുന്നു.
മുരളി സമ്മതിച്ചു.
ഏട്ടനോടൊപ്പം വന്നിട്ട് തൊടിയില്‍ മറഞ്ഞു നിന്ന മുരളിയുടെ കൈവശം ഏട്ടന്‍ ആരും കാണാതെ ഒരു കാസെറ്റും,ടേപ്പ് റെക്കോര്‍ഡര്‍ -ഉം ഏല്‍പ്പിക്കുകയും ചെയ്തു.
പിന്നീട് നല്ല കുട്ടിയായി വീട്ടിലേക്ക് കയറിച്ചെന്നു അച്ഛനും,അപ്പുപ്പനും ഇടയില്‍ ഭവ്യതയോടെ വിരാജിച്ചു.
രണ്ടുപേര്‍ക്കുമിടയില്‍ ഡിസ്കഷന്‍ കൊഴുക്കുന്നു.
വിഷയം ഓട്ടന്‍ തുള്ളല്‍ .
[അച്ഛന്‍ ഓട്ടന്‍ തുള്ളല്‍ കലാകാരന്‍ കൂടി ആണ് .അദ്ദേഹം,ഗള്‍ഫില്‍,കേരള സമാജത്തിലും,ഇന്ത്യന്‍ അസോസിയേഷന്‍- ലും ധാരാളം തുള്ളല്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്‌.)]

പെണ്ണുകാണാന്‍ പയ്യനും കൂട്ടരും വരുന്നുമില്ല, ,മുരളിയുടെ വീട്ടില്‍ recording എന്തായി എന്ന ആകാക്ഷയും.
കുറച്ചു കഴിഞ്ഞപ്പോള്‍ തൊടിയില്‍ മുരളിയുടെ ചൂളമടി കേട്ടു.പതിയെ പിന്നാമ്പുറത്തൂടെ മുറ്റത്തിറങ്ങി പതുങ്ങിചെന്നു
,ടേപ്പ് റെക്കോര്‍ഡര്‍ മേടിച്ച് മുറിയില്‍ കൊണ്ടു വച്ചു.recording ഭംഗിയായി നടന്നെന്നാണ് മുരളി പറഞ്ഞത്.
കാസെറ്റ് മുരളി ഭദ്രമായി സൂക്ഷിച്ചു വെച്ചിട്ടുണ്ടത്രെ.ഇനി, നാളെ വൈകിട്ട് പരിപാടിയുടെ സമയത്തു ടേപ്പ് റെക്കോര്‍ഡര്‍
കൊണ്ടുചെല്ലാന്‍ മറക്കരുതെന്നും മുരളി ഓര്‍മ്മപ്പെടുത്തി.ഏതായാലും സമാധാനമായി.
ഇന്നലെ അച്ഛന്റെ കയ്യില്‍ തിരക്കഥയും,സംഭാഷണവും എത്തിപ്പെടും മുന്‍പ് ഒന്നു രണ്ടാവര്‍ത്തി വായിച്ചത് ഓര്‍മ്മയിലുണ്ട്.
കുട്ടപ്പന്‍ ചേട്ടനും,ഗോപിക്കുട്ടനും എല്ലാം ഇതിനകം മനപാഠമാക്കിക്കാണും .
നാളെ രാവിലെ മുതല്‍ ഓരോരോ പരിപാടികളുമായി തെരക്കിലാവുമെന്നതിനാല്‍ ഇടയ്ക്കു റിഹേഴ്സലിനും സമയമില്ല.
സാരമില്ല.റെക്കോര്‍ഡ്‌ ചെയ്ത ശബ്ദത്തിനു അനുസരിച്ച് ചുണ്ടനക്കുകയും,അഭിനയിച്ചു ഫലിപ്പിക്കുകയും ചെയ്‌താല്‍ മതിയല്ലോ.
വൈകുന്നേരമായപ്പോഴാണ് പയ്യനും,സുഹൃത്തും കൂടി എത്തിയത്.
അവര്‍ പോയപ്പോഴേക്കും സന്ധ്യയായതിനാലും,അച്ഛന്റെ അപ്രഖ്യാപിത നിരോധനാജ്ഞ
നിലവിലുള്ളതിനാലും അന്ന് രാത്രി വീടിനു പുറത്തിറങ്ങാല്‍ പറ്റിയില്ല.
അത്താഴം കഴിഞ്ഞു ഉറങ്ങാന്‍ കിടന്നിട്ടു ഉറക്കം വന്നതുമില്ല.
പിറ്റേന്നത്തെ ഓണാഘോഷ പരിപാടികളും, തങ്ങളുടെ ഡ്രീം പ്രൊജക്റ്റ്‌ -ഉമായിരുന്നു മനസ്സില്‍.
നേരം വെളുത്തപ്പോള്‍, ഉണര്‍ന്നത് മൈക്കിലൂടെ ഒഴുകിവരുന്ന പാട്ടുകെട്ടാണ്.
''മാനസനിയില്‍ പൊന്നോളങ്ങള്‍
മഞ്ജീര ധ്വനിയുണര്‍ത്തീ ...........''.
ചാടിയെഴുന്നേറ്റു കുളിച്ചൊരുങ്ങി,കയ്യില്‍ കിട്ടിയതെന്തോ കഴിച്ചെന്നു വരുത്തി ,
അമ്മയെ സോപ്പിട്ടു അച്ഛന്റെ മുന്‍‌കൂര്‍ അനുവാദം വാങ്ങിയതിനാല്‍ അല്‍പ്പം ധൈര്യത്തോടെ തന്നെ വീട്ടില്‍ നിന്നിറങ്ങി.
ഓണാഘോഷം സംഘടിപ്പിച്ചിരിക്കുന്നത് സ്കൂള്‍ മൈതാനത്താണ് .
അവിടെ താല്‍ക്കാലികമായി ഒരു സ്റ്റെജോക്കെ കെട്ടി അലങ്കരിച്ചിട്ടുണ്ട്.രാവിലെ തന്നെ സ്ഥലത്ത് ഒരു ഉത്സവ പ്രതീതി.
നാട്ടിലെ ആബാലവൃദ്ധം ജനങ്ങളും സ്ഥലത്തുണ്ട്.
മുരളിയും,ഗോപിക്കുട്ടനും സീനിയര്‍ ഭാരവാഹികള്‍ ആയതിനാല്‍ എല്ലായിടവും തിരക്കില്‍ ഓടിപ്പാഞ്ഞു നടക്കുന്നു.
കള്ളിമുണ്ടിന്റെ പുറകില്‍ ഒരു കൊടുവാളും തൂക്കി കുട്ടപ്പന്‍ചേട്ടനും കാര്യവാഹിയായി ഓടി നടക്കുന്നു.
ആള്‍ക്കാരെ നിയന്ത്രിക്കുന്നു.തൊഴില്‍ തെങ്ങാവെട്ട് ആയതിനാല്‍ കൊടുവാള്‍ ഇല്ലാതെ പുള്ളിക്കാരനെ കാണാന്‍ പറ്റില്ല.
കക്ഷീടെ ഒരു അവയവം പോലെയാണ് അത്.
ഇനി മാവേലിയുടെ എളീലും കൊടുവാള്‍ കാണുമോ എന്നോര്‍ത്ത് ഏട്ടന്‍ അറിയാതെ ചിരിച്ചു.നിവര്‍ന്നു നോക്കിയത് മുരളീടെ മുഖത്ത്.
ഏട്ടന്‍ നേരത്തെ ഹാജര്‍ അകാത്തതില്‍ മുരളി ഇടയ്ക്കിടയ്ക്ക് നേരത്തെ തന്നെ രൂക്ഷമായ നോട്ടം പാസ്സാക്കുന്നുണ്ടായിരുന്നു.
''ഡാ,എവിടെയായിരുന്നു നീ,നല്ല പുള്ളിതന്നെ''
''എവിടെ ടേപ്പ് റെക്കോര്‍ഡര്‍ .??'
അത് വൈകിട്ട് സമയത്ത് ഇവിടെ എത്തിയിരിക്കും.ഞാന്‍ അല്ലേ വാക്ക് പറയുന്നത് ''
''എന്നാലും അത് ഇപ്പൊ കിട്ടിയിരുന്നെങ്കില്‍ നമുക്ക് ഇടയ്ക്കു സമയം കിട്ടിയാല്‍ ഒന്നു റിഹേഴ്സല്‍ ചെയ്തു നോക്കാരുന്നു.''
''നീ പേടിക്കണ്ട',നാടകം പോലെ നീണ്ട പ്രോഗ്രാം ഒന്നുമല്ലല്ലോ,അരമണിക്കൂര്‍ നേരത്തെ സംഭവമല്ലേ ഉള്ളൂ..നമുക്ക് കലക്കാം.''

അപ്പോള്‍ മുരളിയുടെ വലത്തേ കണ്ണ് അകാരണമായി തുടിച്ചു.
മത്സരങ്ങളും,സമ്മാനദാനവും ഒക്കെയായി സമയം പെട്ടെന്ന് കടന്നുപോയി.
എല്ലാവരും ഉത്സവ ലഹരിയിലായിരുന്നു.
''ഇനി രാത്രിയിലെ സ്കിറ്റ് കൂടി പൊടിപൊടിച്ചാല്‍ നമ്മുടെ ക്ലബ്‌ ലോകപ്രശസ്തമാകും.''
ഇത്തവണയും 7 മണിക്കാണ് പ്രസ്തുത പ്രോഗ്രാം .
സംഗീത പരിപാടികള്‍ നടക്കുന്നതിനിടയില്‍,ഏട്ടന്‍ വീട്ടില്‍ പോയി,കോരന് വേണ്ടി ഒരു കള്ളിമുണ്ടും,ബനിയനും,പിന്നെ അച്ഛന്റെ അനുവാദത്തോടെ ടേപ്പ് റെക്കോര്‍ഡര്‍ -ഉം എടുത്തു,അത്താഴവുംകഴിച്ച്
വീട്ടിലുള്ള മഹാജനങ്ങളെ ഔപചാരികമായി പ്രോഗ്രാമിന് ക്ഷണിച്ചിട്ട് സംഭവസ്ഥലത്തേക്ക് വന്നു.
മേക്കപ്പിട്ടതിനു ശേഷം,കാസെറ്റ് ,ടേപ്പ് റെക്കോര്‍ഡറില്‍ ഇട്ടു ജസ്റ്റ്‌ ഒന്നു റണ്‍ ചെയ്തു.
തുടക്കം,ഗോപിക്കുട്ടന്‍ ഭാര്യയോടു പറയുന്ന ഡയലോഗുകള്‍ തന്നെ ഗംഭീരം.അപ്പോള്‍ പിന്നെ കോരനായ തനിക്കുവേണ്ടി മുരളിയുടെ ബാസുള്ള ശബ്ദത്തില്‍ ഡബ്ബ് ചെയ്തത് എത്ര മനോഹരമായിരിക്കും...ഏട്ടന് ഓര്‍ത്തപ്പോള്‍ തന്നെ രോമാഞ്ചം വന്നു.
''സമയം പോകുന്നു.മതി ,ദേ,കോരനും ചിരുതയും സ്റ്റേജില്‍ കയറാന്‍ പോകുകയാണ്''
ഡയറക്ടര്‍ മുരളി ഓര്‍ഡര്‍ കൊടുത്തു.
കര്‍ട്ടന്‍ പൊങ്ങി.
ചിരുത പാചകം ചെയ്യുന്നു.
കോരന്‍ സഹായിക്കുന്നു.
ചിരുത: മാവേലി തമ്പ്രാനെ ഒന്നു കാണാന്‍ പറ്റീരുന്നെല്... എനക്ക് പെരുത്ത്‌ മോഹം''
കോരന്‍: നീ തഞ്ചപ്പെടു പെണ്ണെ,തമ്പ്രാന്‍ മ്മടെ കുടീല് വരും.നീ നോക്കിക്കോ ''
[സ്റ്റേജിനു പിറകില്‍ മുരളി സന്തോഷം കൊണ്ട് തുള്ളിച്ചാടി.,അഭിനേതാക്കളുടെ lip movement -ഉം ,മൈക്കിലൂടെ ഒഴുകി വരുന്ന സംഭാഷണവും തമ്മില്‍ എന്തൊരു എകകാലികത്വം( synchronization .)
അകത്തു ഡയലോഗുകള്‍ ഒഴുകുമ്പോള്‍ മാവേലി റെഡി ആയി.
അതാ മാവേലി സ്റ്റെജിലേക്ക്.
മേക്കപ്പിട്ട കുട്ടപ്പന്‍ ചേട്ടനെ കണ്ടാല്‍ ഒറിജിനല്‍ മാവേലി പോലും
ഒന്നു beauty parlour വരെ പോകും .അത്ര ഗ്ലാമര്‍ .
കടന്നു വരുന്ന മാവേലിയെ കണ്ട കോരനും,ചിരുതയും, അത്ഭുത പരതന്ത്രരാകുകയും,പാദങ്ങളില്‍ വീണു നമസ്കരിക്കുകയും ചെയ്യുന്നു.
കോരന്‍ അഭിനയിച്ചു കസറുകയാണ്.
ഇത് കണ്ടു സന്തോഷം അടക്കാനാകാതെ മുരളി ആരും കാണാതെ ഫ്ലയിംഗ് കിസ്സുകള്‍ എറിഞ്ഞു കൊടുത്തു.
ഇനി,മാവേലിയെ പുകഴ്ത്തി ,പാട്ട് പാടുക എന്ന കര്‍മ്മം.
അത് കഴിഞ്ഞാണ് തിരുമേനിക്ക് സദ്യ വിളമ്പേണ്ടത്.

ടൈമിംഗ് തെറ്റാതിരിക്കാന്‍,റിഹേഴ്സല്‍ ഇല്ലാതെ തന്നെ മൂന്നുപേരും സശ്രദ്ധരയതു കണ്ടു,മുരളി അഭിമാനിച്ചു.
മാവേലി ,കുടയും ചൂടി ഞെളിഞ്ഞു നില്‍ക്കവേ,കോരന്‍ പാട്ട് പാടാനായി മഹാബലിക്കു നേരെ തിരിയവേ,
ജനക്കൂട്ടത്തിനിടയില്‍ നില്‍ക്കുന്ന അച്ഛനെയും,അമ്മയെയും കണ്ടു.ആദ്യം ഒന്നു ഞെട്ടിയെങ്കിലും,പിന്നെ ധൈര്യം സംഭരിച്ച് പാടാന്‍ തുടങ്ങി.
പാട്ടിനൊപ്പം action song പോലെ അഭിനയിച്ചു ഫലിപ്പിക്കുകയും വേണം.
''മാവേലി നാട് വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ....
കള്ളവുമില്ല ചതിയുമില്ല... എള്ളോളമില്ലാ,പൊളിവചനം...''
പെട്ടെന്ന് ഒഴുകിവരുന്ന റെക്കോര്‍ഡില്‍ ഒരു വലിച്ചുപറിക്കുന്ന ശബ്ദം.
മാവേലിയും,കോരനും,ചിരുതയും ഞെട്ടി.
മുരളി നാലുകാലും പറിച്ചു ടേപ്പ് റെക്കോര്‍ഡറിനടുത്തേക്ക് ഓടി
ഒന്ന്....രണ്ട്..... മൂന്ന്..... അടുത്തനിമിഷം പാട്ട് ഓക്കേ ആയി.
ഇങ്ങനെ തുടരുന്നു.
''..........കൈകളും കാലും കുഴഞ്ഞു,വാലുമക്കാലും മെലിഞ്ഞു.....''
കോരന്‍ ഞെട്ടി, മാവേലി ഞെട്ടി....
ഇതേത് ?? ഇനി ഞാന്‍ ഇല്ലാഞ്ഞപ്പോള്‍ മുരളി ഡയലോഗിലും ,പാട്ടിലും ആധുനികത കേറ്റിയോ!!.(കോരന്റെ ആത്മഗതം)
ദേ,വീണ്ടും വരികള്‍ റിപീറ്റ് ചെയ്യുന്നു...
''..........കൈകളും കാലും കുഴഞ്ഞു,വാലുമാക്കാലും മെലിഞ്ഞു.....''
ഏട്ടന്‍ പിന്നെ ശങ്കിച്ചില്ല,[മുരളീടെ തിരക്കഥയില്‍ മാറ്റം വരുത്തി ഓണമായിട്ട് അവന്റെ തെറി മേടിച്ച് കെട്ടണ്ട}
വാല്‍ എന്ന് കേട്ടപ്പോള് മാവേലിയുടെ പിന്നിലേക്കു കൈ ചൂണ്ടി,,,
മാവേലീടെ കാലു മെലിഞ്ഞതും അഭിനയിച്ചു കാണിച്ചു.
പാട്ട് തുടരുന്നു.
''കൈകളെക്കൊണ്ടു ചൊറിഞ്ഞു,രോമമപ്പേരും കൊഴിഞ്ഞു,
മേനിയും ചുക്കി ചുളിഞ്ഞു ,കണ്ണിനു കാഴ്ച കുറഞ്ഞു'
പീളയും വന്നു നിറഞ്ഞു....താന്‍ വഴിയില്‍ ചെന്നുറച്ചു.''
പാട്ടിനനുസരിച്ച് കോരന്‍ മാവേലിയെ ആംഗ്യത്താല്‍ മനോഹരമായി വര്‍ണ്ണിക്കുന്നു .
കാണികളുടെയിടയില്‍ നില്‍ക്കുന്ന അച്ഛന് ബള്‍ബ് കത്തി .
''കല്യാണസൌഗന്ധികം ''തുള്ളല്‍പ്പാട്ടാണ് മോന്‍ അഭിനയിച്ചു തകര്‍ക്കുന്നത്.
വഴിയില്‍ക്കിടക്കുന്ന ഹനുമാനെ വര്‍ണിക്കുന്ന ഭാഗം...
കാസെറ്റില്‍ തിരിമറി നടന്നിരിക്കുന്നു.
താന്‍ ഗള്‍ഫില്‍ നിന്നും കൊണ്ട് വന്ന തുള്ളല്‍പ്പാട്ടിന്റെ കാസെറ്റില്‍ ആണ് ഇവന്മാര്‍ ഇത് പിടിച്ചിരിക്കുന്നത്.
''വാടീ,പോകാം''
ഇനിയിവിടെ നിന്നാല്‍ എന്റെ ഷേപ്പും മാറും''
മോനെ അഭിമാനപുളകിതയായി നോക്കി നിന്ന അമ്മയെ വിളിച്ചു അച്ഛന്‍ നടന്നു.
അവിടെ,സ്റ്റേജില്‍,താന്‍ ചിരുതയാണെന്ന് ഓര്‍ക്കാതെ ,ഗോപിക്കുട്ടന്‍ മുണ്ട് മടക്കിക്കുത്തി ഓടാന്‍ തയ്യാറെടുത്തു.
മാവേലി അപകടം മനസ്സിലാക്കി സുവര്‍ണ്ണ പാദുകം ഇടതു കൈ കൊണ്ട് അഴിചെടുത്തു.(റാം ജി റാവു സ്പീക്കിംഗ്‌ സിനിമയില്‍ ഇന്നസെന്റ് മുണ്ട് തപ്പിയെടുത്തു ഉടുക്കുന്നപോലെ..)ഉപയോഗിച്ച് പരിചയമില്ലാത്ത സാധനം ധരിച്ച്,ഓടി,കാലും ഒടിഞ്ഞു കിടക്കരുതല്ലോ.കയ്യില്‍ ക്കിട്ടിയാല്‍ നാട്ടുകാര്‍ ഓണത്തല്ലും നടത്തി ആഘോഷിചേക്കും.
പാവം കോരന്‍,ഒന്നും ശ്രദ്ധിക്കാതെ പാട്ട് തകര്‍ക്കുന്നു.അഭിനയവും .
''നേത്രവും ചിമ്മി ശയിച്ചു,മൂന്ന് ലോകങ്ങള്‍ ജയിച്ചുള്ള മഹാവീരന്‍...''
വര്‍ണ്ണിക്കാനായി മാവേലിയെ നോക്കിയപ്പോള്‍ കാണുന്നില്ല.തന്റെ പ്രാണേശ്വരി,ചിരുതയെയും.
,കഴിഞ്ഞ അനുഭവം വെച്ച്,സായുധരായി,തയ്യാറെടുപ്പോടെ വന്ന ലോക്കല്‍ സഹൃദയര്‍ ചെരുപ്പൂരി എറിഞ്ഞു തുടങ്ങിയപ്പോഴേക്കും കോരന് ബോധം വീണു തുടങ്ങിയിരുന്നു.
''ദേ,നമ്മുടെ കുഞ്ഞു,അവനെക്കൂടി....''അമ്മ തിരിഞ്ഞു നിന്നു .
''അവനു രണ്ട് കിട്ടട്ടെ,കലാരംഗത്ത് അവന്‌ നല്ല ഭാവി കാണുന്നുണ്ട് ഞാന്‍ ''അമ്മയുടെ വാക്കുകളെ മുറിച്ചു കൊണ്ട് അച്ഛന്റെ ശബ്ദം ഉയര്‍ന്നു.
പിന്നെ കയ്യില്‍ക്കരുതിയിരുന്ന തോര്‍ത്തും (മഞ്ഞുകൊള്ളാതിരിക്കാന്‍)തലയില്‍ ചൂടി രണ്ടുപേരും ടോര്‍ച്ചും തെളിച്ചു വീട് ലക്ഷ്യമാക്കി നടന്നു.

പൂതനാമോക്ഷം

'എന്റെ കുനുഷ്ടുകള്‍ '' എന്ന ലേബലില്‍ പോസ്റ്റ്‌ ഉള്‍പ്പെടുത്താമോ എന്ന് പല തവണ ആലോചിച്ചു.
പിന്നെ ,ഇത് പോസ്റ്റുന്നത് തന്നെ ഒരു 'കുനുഷ്ടു ബുദ്ധി ' ആയതുകൊണ്ട് ലേബല്‍ തന്നെ ഉചിതം എന്ന് ഉറപ്പിക്കുകയാണ് .
പ്രസ്തുത വിഷയം ,മൂന്നു പോസ്റ്റുകളായി ഇടാമെന്ന് വിചാരിക്കുന്നു

സംഭവ കഥകളിലെ നായകന്‍, എന്റെ സ്വന്തം പ്രാണനാഥന്‍ തന്നെ.
മിക്ക ഗള്‍ഫുകാരുടെയും കല്യാണം പോലെ,ഞങ്ങളുടെതും,ഒരു അപ്രതീക്ഷിത-ആകസ്മിക സംഭവം ആയിരുന്നത് കൊണ്ടും ,
പെണ്ണുകാണാന്‍ വന്നതിന്റെ പത്തിന്റെയന്നു കല്യാണവും,കല്യാണം കഴിഞ്ഞു പത്തിന്റെയന്നു ദൂഫായിലേക്ക് പറക്കേണ്ടതുകൊണ്ടും,
സ്വസ്ഥമായി പഞ്ചാരയടിക്കാന്‍ പരിമിതമായ സമയമേ ഉള്ളൂ എന്നതിനാല്‍,ഉള്ള സമയം മാക്സിമം പ്രയോജനപ്പെടുത്തി ,പുതുപ്പെണ്ണിനെ ഇംപ്രെസ് ചെയ്യിക്കാന്‍ എന്റെ ഏട്ടന്‍ അന്ന് പല വഴികളും ആലോചിക്കുകയും,(ശ്രീനിവാസന്റെ 'ഫലിതബിന്ദുക്ക'ളൊക്കെ പ്രയോജനപ്പെട്ടാലോ എന്ന് കരുതി വടക്കുനോക്കിയന്ത്രം ' സിനിമ,രഹസ്യമായി നാലഞ്ചു തവണ കണ്ടെന്നൊക്കെ പിന്നീട് കക്ഷി എന്നോട് പറഞ്ഞു.:) ),അവസാനം,പണ്ടു കൊല്ലം T.K.M. കോളേജില്‍ പ്രീഡിഗ്രീ പരീക്ഷയൊക്കെ കഴിഞ്ഞു റിസള്‍ട്ടും പ്രതീക്ഷിച്ചിരിക്കവേ ,സ്ഥലത്തെ ചില പ്രധാന പയ്യന്സുമായി ചേര്ന്നു നടത്തിയ സാഹസികതകള്‍ പറഞ്ഞു എന്നെ ബോറടിപ്പിക്കാം എന്നൊരു ചിന്ത കക്ഷിയുടെ മനസ്സില്‍ ഉദിക്കുകയും ചെയ്തു.
അങ്ങനെ പറഞ്ഞ 3 വീരകഥകളില്‍ ഒന്നാണ് ഞാന്‍ പോസ്ടാന്‍ പോകുന്നത്.ദേ പിടിച്ചോ...


പരിഷ്കാരങ്ങളൊന്നും തൊട്ടു തീണ്ടാത്ത ഒരു ഉള്‍നാടന്‍ ഗ്രാമം ആണ് കേട്ടോ ,കഥയുടെ പശ്ചാത്തലം.
ശരിക്കും ഒരു കുഗ്രാമം. നാട്ടുകാര്‍ വളരെ സഹൃദയരും,കലാസ്നേഹികളും .
അല്‍പ്പമെങ്കിലും കലാവാസനയുള്ളവര്‍ക്ക് perform ചെയ്തു ഒരു ലോക്കല്‍ സ്റാര്‍ സിങ്ങറോ ,സ്റാര്‍ ഡാന്സറോ ഒക്കെ ആകാനുള്ള സാഹചര്യങ്ങള്‍ അന്ന് നാട്ടില്‍ സുലഭമായിരുന്നു.
അങ്ങനെ ഫലഭൂയിഷ്ടമായ മണ്ണില്‍ ,കലയുടെ പുതുവസന്തം വിരിയിക്കാന്‍ ,ഞാന്‍ തുടക്കത്തില്‍ സൂചിപ്പിച്ച ''സ്ഥലത്തെ പ്രധാന പയ്യന്‍സ് '' കൂലംകഷമായി ആലോചിക്കുകയും,അതിന്റെ ഫലമായി ''പ്രതിഭ ''എന്ന ഒരു ആര്‍ട്സ്‌ ക്ലബ്‌ രൂപംകൊള്ളുകയും ചെയ്തു.
ക്ലബ്ബിന്റെ പ്രസിഡന്റ്‌ ആയി ,ഏട്ടന്റെ ഉറ്റ സുഹൃത്ത്‌ ആയ മുരളിയും,സെക്രട്ടറി ആയി ഏട്ടനും,ഖജാന്‍ജി ആയി ഗോപിക്കുട്ടനും,ബാക്കി തസ്തികകളില്‍ ശുപാര്‍ശയും , കൈക്കൂലിയും ഇല്ലാതെ യോഗ്യരായ ചില പയ്യന്‍സിനെ കൂടി നിയമിക്കുകയും ചെയ്തു.
ക്ലബ്ബിന്റെ ഉദ്ഘാടന ദിവസം ഗംഭീരമാക്കാന്‍ ഭാരവാഹികള്‍ തീരുമാനിച്ചു.പരിപാടി എങ്ങനെ കൊഴുപ്പിക്കണം എന്ന് തല പുകച്ച ഇതര ഭാരവാഹികളോട്,ഒരു നാടകം അവതരിപ്പിച്ചാലോ എന്ന് ഏട്ടന്‍ തന്നെ നിര്‍ദ്ദേശം വെക്കുകയും,അത് ഭൂരിപക്ഷ ശബ്ദ വോട്ടോടെ പാസ്സാകുകയും ചെയ്തു.

ഇനി,നാടകത്തിനു കഥ വേണം ,നടീനടന്മാര്‍ വേണം.
ലോക്കല്‍സ് കൂടുതലും,ഭക്തമീരകളും,മീരന്മാരും ആയതിനാല്‍,പുരാണനാടകം മതി എന്ന് ഡിസ്ക്കഷനോടുവില്‍ തീരുമാനമായി.കഥ,'പൂതനാമോക്ഷം ' ഇനി,കഥാപാത്രങ്ങല്‍ക്കനുസരിച്ചു നടീനടന്മാര്‍ വേണം.
കൂട്ടത്തില്‍ മീശയില്ലാത്ത,,സ്ത്രൈണമായ മുഖമുള്ള ഗോപിക്കുട്ടനെ പൂതനയായും,ഗോപിക്കുട്ടന്റെ തന്നെ പെങ്ങള്ടെ മകന്‍ മനുവിനെ ശ്രീകൃഷ്ണനായും, ഫിക്സ് ചെയ്തു.കംസനായും ,നന്ദഗോപരായും മുരളി,ഏട്ടന്‍ എന്നീ മഹാത്മാക്കള്‍ യഥാക്രമം നിയമിതരാവുകയും ചെയ്തു.
മറ്റു കഥാപാത്രങ്ങളുടെ റോളുകള്‍ കൈകാര്യം ചെയ്ത നടന്മാര്‍ക്ക് , നമ്മുടെ ഈ കഥയില്‍
പ്രസക്തിയില്ലതതിനാല്‍ അവരെക്കൂടി പരിചയപ്പെടുത്തി ഞാന്‍ നിങ്ങളെ ബോറടിപ്പിക്കുന്നില്ല.
മുരളിയുടെ കെട്ടുറപ്പുള്ള തിരക്കഥയില്‍,നാടകത്തിന്റെ റിഹേഴ്സല്‍ ,ഗംഭീരമായി മുന്നേറിക്കൊണ്ടിരുന്നു .
പൂതനയായി ഗോപിക്കുട്ടനും,ഉണ്ണികൃഷ്ണനായി മനുവും(മനു ശ്രീകൃഷ്ണനെയും വെല്ലുന്ന കുസൃതി ) അഭിനയിച്ചു തകര്‍ക്കുന്നത് കണ്ടു കണ്ടിരുന്ന എല്ലാവര്ക്കും രോമാഞ്ചം വന്നു.
രോമമില്ലാത്തവര്‍,അസൂയയോടെ അത് നോക്കി നിന്നു.
.നാടകം ആദ്യകളിയില്‍ തന്നെ ഹിറ്റാകുമെന്ന് മനപ്പായസമുണ്ട് ,പരിപാടിയുടെ മുഴുവന്‍ ചുക്കാന്‍ പിടിക്കുന്ന ഏട്ടനും,മുരളിയും ആഹ്ലാദപുളകിതരായി .നാടകത്തിന്റെ തലേന്നാള്‍ വൈകിട്ട് റിഹേഴ്സല്‍ കഴിഞ്ഞു അവരവരുടെ പക്കലുള്ള costumes -ഉമായിപിറ്റേന്നു വൈകിട്ട് 5 മണിക്ക് തന്നെ അഭിനേതാക്കളും, 6 മണിക്ക് മറ്റു അണിയറ പ്രവര്‍ത്തകരും,ഹാജരാകണമെന്ന മെമോയും കൊടുത്തു .

അങ്ങനെ സുദിനം സമാഗതമായി.
വൈകുന്നേരം 6 മണിക്ക് ബഹു: പഞ്ചായത്ത് മെമ്പര്‍ ക്ലബ്ബിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും.
7മണിക്കാണ് നാടകം
5 മണിക്ക് ഗോപിക്കുട്ടനോഴികെ എല്ലാവരും ഗ്രീന്‍ റൂമില്‍ ഒത്തു ചേര്‍ന്നു.ഗോപിക്കുട്ടന്റെ വീട് താരതമ്യേന ദൂരെയാണ്.
അതിനാല്‍ കക്ഷി എത്തിക്കോളുമെന്നു വിചാരിച്ചു മനു ഉള്‍പ്പെടെയുള്ള അഭിനേതാക്കള്‍ മേക്കപ്പണിയുകയും ചെയ്തു.സമയം അഞ്ചരയായിട്ടും ഗോപിക്കുട്ടനെ കാണാഞ്ഞതിനാല്‍,നിയുക്ത പൂതനയെ തെരക്കി ഒരാളെ സൈക്കിളില്‍ വിടുകയും,ഗോപിക്കുട്ടന് ചിക്കന്‍പോക്സ് പിടിപെട്ടെന്നു ഞെട്ടിപ്പിക്കുന്ന വാര്‍ത്തയുമായി ദൂതന്‍ പോയതിനേക്കാള്‍ വേഗത്തില്‍ തിരികെയെത്തുകയും ചെയ്തു .
വാര്‍ത്ത കേട്ടതും,കംസനും,നന്ദഗോപരും (ഇപ്പോള്‍ രണ്ടാളും വേഷത്തിലാണ് കേട്ടോ )വാലില്‍ തീപിടിച്ചപോലെ അങ്ങോട്ടും ഇങ്ങോട്ടും പാഞ്ഞു.
ഇനി മുഹൂര്‍ത്തത്തില്‍ കേന്ദ്ര കഥാപാത്രമായ പൂതനയെ എവിടുന്നു സംഘടിപ്പിക്കും.
ആരെങ്കിലും സന്നദ്ധരായാല്‍ തന്നെ റിഹേഴ്സല്‍ ഒന്നുമില്ലാതെ എങ്ങനെ.....
കംസന്‍ (മുരളി )തലയില്‍ കയ്യും കൊടുത്തു താഴെയിരുന്നു.ഒടുവില്‍ നന്ദഗോപര്‍ കംസനെ തോളില്‍ തട്ടി വിളിച്ചു
'' എടാ,ഡോണ്ട് വറി, റിസ്ക്‌ ഞാന്‍ ഏറ്റെടുക്കാം .നന്ദഗോപരായി വേറെ ആരെയെങ്കിലും ഇറക്കാം.അങ്ങേര്‍ക്കു കൂടുതല്‍ ഡയലോഗ് ഒന്നുമില്ലല്ലോ പിന്നെ പൂതന, ഞാന്‍ ആകുമ്പോള്‍ റിഹേഴ്സല്‍ ഒന്നും വേണ്ട.സംഭവം എനിക്ക് ഇപ്പോള്‍ കാണാപാഠം ആണല്ലോ . ഞാന്‍ ഓടി വീട്ടില്‍ പോയി മീശയും എടുത്തു,അമ്മയുടെ ഒരു ബ്ലൌസും ,പട്ടുസാരീം സംഘടിപ്പിച്ചു ഓടി വരാം.''(പൂതനക്കുള്ള വേഷങ്ങള്‍ ഗോപിക്കുട്ടന്റെ കൈവശം ആയിരുന്നല്ലോ )കംസന്റെ ഉത്തരവ് കാത്തു നില്‍ക്കാതെ നന്ദഗോപര്‍ ചേലയോക്കെ ഊരിയെറിഞ്ഞു സിവില്‍ ഡ്രസ്സില്‍ സൈക്കിളില്‍ വീട്ടിലേക്കു പാഞ്ഞു .

ഉമ്മറത്ത്‌ നില്‍ക്കുന്ന അമ്മയോട് സാരിയും,ബ്ലൌസും തരാന്‍ സൈക്കിളില്‍ ഇരുന്നു കൊണ്ടുതന്നെ അലറിയിട്ടു ഓടി പോയി മീശ വടിച്ചു.പിന്നെ അമ്മ കാണാതെ കൊപ്ര ഇടുന്ന തട്ടിന്പുറത്തു നിന്നു 2 വലിയ ചിരട്ടയും (പൂതനയെക്കാള്‍ importance equipment- ന് ഉണ്ടെന്നു പാവം ഏട്ടന്‍ ഓര്‍ത്തത്‌ കുറ്റമാണോ.ഇല്ലെങ്കില്‍ പൂതനാമോക്ഷം എങ്ങനെ സംഭവ്യമാകും?? ദുഷ്ടന്‍ ഗോപിക്കുട്ടന്‍ അതുപോലും കൊടുത്തയച്ചില്ല കശ്മലന്‍ !!!) അമ്മ കാണാതെ ഒരു കവറില്‍ ആക്കി ,അമ്മ കൊടുത്ത സാരിയും,ബ്ലൌസും മേടിച്ച് വീണ്ടും തിരിച്ചു പറന്നു.
തിരകെ ഗ്രീന്‍ റൂമില്‍ എത്തിയപ്പോള്‍ സമയം 7.
നാടകം തുടങ്ങിയിരിക്കുന്നു .
.തെങ്ങാവെട്ടുകാരന്‍ കുട്ടപ്പന്‍ ചേട്ടനെ നന്ദഗോപരായി അവരോധിച്ചിരിക്കുന്നു.അങ്ങേരും,ഉണ്ണിക്കണ്ണനും ചേര്‍ന്നുള്ള ഏതോ രംഗം ആണ് നടക്കുന്നത്
പാവം എന്റെ ഏട്ടന്‍,പൂതനയിലെക്കുള്ള transformation ആരംഭിക്കുന്നതിന്റെ ഭാഗമായി ,ബ്ലൌസ് അണിഞ്ഞു
ഭഗവാനെ.!!!
വീണ്ടും പരീക്ഷണം .അമ്മക്ക് അല്‍പ്പം തടിയുള്ളത് കൊണ്ട് കയ്യൊക്കെ പാകം.പക്ഷെ,ഉടല്‍ ..അങ്ങോട്ട്‌ ശരിയാകുന്നില്ല.2 ഹൂക്കുകള്‍ ഇടാന്‍ വയ്യെന്ന് സാരം. വെക്കേഷന് വയററിയാതെ ഓരോന്ന് വലിച്ചു വാരി തിന്നതിന്റെ ഗുണം ,അല്ല ദോഷം..
false equipment (ചിരട്ട )കൂടി വെച്ചപ്പോള്‍ ശ്വാസം പോലും നേരെ കഴിക്കാന്‍ വയ്യ....
ദൈവമേ...ഇങ്ങനെ എങ്ങനെ നാടകം കളിച്ചു തീര്‍ക്കും.
സ്പെഷ്യല്‍ ഇഫക്ട്-ന് വലിയ കണ്ണന്‍ ചിരട്ട എടുക്കാന്‍ തോന്നിയ നിമിഷത്തെ ഏട്ടന്‍ മനസ്സാ ശപിച്ചു.
ഗോപിക്കുട്ടന്റെ ചിക്കന്പോക്സിനെയും.
താഴത്തെ രണ്ടു ഹൂക്കുകള്‍ ഇടാതിരുന്നാല്‍ സുഖം.
പക്ഷെ,ചിരട്ട അവിടെ ഇരിക്കുന്നില്ല.
ഇനി ഏതാനും നിമിഷങ്ങള്‍ക്കകം കംസനോടൊപ്പം
പൂതനയും കൃഷ്ണനെ കൊല്ലാന്‍ quotationഏറ്റെടുക്കാനായി സ്റ്റേജില്‍ കയറണം.

മുഹൂര്‍ത്തമെത്തി.
അതാ കംസന്‍ '' ആരവിടെ,പൂതനയെ വിളിക്കൂ'' എന്ന് ഉത്തരവിടുന്നു.
പൂതന മെല്ലെ സ്റ്റേജിലേക്ക് നീങ്ങി.
രക്ഷയില്ല.
സംഗതി വശപ്പിശകാണ്.
ചിരട്ട , ഭൂഗുരുത്വബലം മാക്സിമം പ്രയോജനപ്പെടുത്തുകയാണ്.
താഴേക്കു സ്ലിപ്‌ ആകുന്നു.
പൂതന കംസന്റെ മുന്നില്‍ ചെന്ന് കൈകൂപ്പി നിന്നു
(കൈകൂപ്പിയാല്‍ ഒരു വിധം പൊസിഷന്‍ അഡ്ജസ്റ്റ് ചെയ്യാമല്ലോ)
ഡയലോഗ് മുറയ്ക്ക് തട്ടിവിടുന്നുണ്ട്‌
പക്ഷെ ഈ കൈകൂപ്പല്‍!!!
പൂതന ഇടയ്ക്കിടെ കാറിന്റെ വൈപ്പര്‍ പോലെ കൈകള്‍ രണ്ടും രണ്ടും കൂട്ടിപ്പിടിച്ച്‌ മുകളിലേക്ക് നീക്കുന്നുമുണ്ട്
കംസന്റെ നെറ്റിയും വിയര്‍ക്കാന്‍ തുടങ്ങി.
രംഗങ്ങള്‍ കൈകൂപ്പി നിന്നു തന്നെ അവസാനിച്ചു.
കാണികള്‍,''കണ്ടില്ലേ,പൂതനക്ക് കംസനോടുള്ള ഭയഭക്തി'' എന്നൊക്കെ പറഞ്ഞു അര്‍മ്മാദിക്കുന്നു ( സോറി മൊത്തം ചില്ലറേ ... വീണ്ടും ഇത് ഇങ്ങട് കടം എടുക്കുവാ )

അങ്ങനെ ക്ലൈമാക്സ്‌ രംഗം വന്നെത്തി
മനു , കൃഷ്ണന്റെ വേഷത്തില്‍ അല്‍പ്പം 'ജാഡ''യൊക്കെയായി അമ്പാടിയില്‍ കറങ്ങി നടക്കുന്നു.
പാവം പൂതന,കൃഷ്ണന്റെയടുത്തും, കൈകൂപ്പിയാണ് എത്തിയത്.(ഇതെങ്ങാനും കംസന്‍ മൊതലാളി കണ്ടാല്‍ പണി പോയി കിട്ടും എന്ന പേടിയോടെ ചുറ്റും നോക്കുന്നുണ്ടായിരുന്നു )
കുറച്ചു നേരം രണ്ടു പേരും കൊച്ച് വര്‍ത്തമാനമൊക്കെ പറഞ്ഞിരുന്നു.ഗ്രീന്‍ റൂമില്‍ നിന്നുമുള്ള പഴുതിലൂടെ രംഗം കണ്ടു നിന്ന കംസന്‍ ,ദീര്‍ഘ ശ്വാസം വിട്ടു,''ഏതായാലും സീന്‍ കൂടെ കഴിഞ്ഞാല്‍ ടെന്‍ഷന്‍ തീര്‍ന്നുകിട്ടുമല്ലോ .''
അങ്ങനെ,ഒടുവില്‍ പൂതന,കൃഷ്ണനെ,അമുല്‍ മില്‍ക്ക് കഴിക്കാന്‍ ക്ഷണിച്ചു.
''വാ മോനെ... ആന്റിയുടെ മടിയില്‍ കിടക്കൂ ''
ക്ഷണം കിട്ടിയതും മനു ആക്രാന്തത്തോടെ പൂതനയുടെ കയ്യിലേക്ക് ചാടിക്കയറി.
ഏട്ടന്‍പൂതന ഷോക്ക്‌ അടിച്ചപോലെയായി.
ചെക്കന്റെ കൈതട്ടി ,ഒരു ചിരട്ട വയറിനു മുകള്‍ ഭാഗത്ത് എത്തി വിശ്രമിക്കുന്നു ഇപ്പോള്‍.
ദൈവമേ.. ചെക്കന്‍ അവസാനം കൊണ്ടിട്ടു നശിപ്പിച്ചല്ലോ.ഇനിയെന്തുചെയ്യും...''(ആത്മഗതം)
സമയം പോകുന്നു.
''പാല് കൊടുക്കൂ..'' മുരളി കംസന്‍ കര്‍ട്ടന്റെ ഇടയിലൂടെ ആംഗ്യം കാണിക്കുന്നു.
പക്ഷെ,എങ്ങനെ..??
കൃഷ്ണന്റെ ക്ഷമയും കെട്ടു. .(greedy boy )
കൃഷ്ണന്‍ പൂതനയുടെ സാരി മെല്ലെ മാറ്റി ബ്ലൌസ് പൊക്കിയതും.........( സീന്‍ സത്യമായിട്ടും സ്ക്രീന്‍ പ്ലേ-യില്‍ ഇല്ലായിരുന്നു )
''ടാപ്‌ ''.....ചിരട്ട ചാടി താഴെവീണ്‌ .,പിന്നെ മന്ദം മന്ദം ഉരുണ്ടു ഭക്തജനങ്ങളുടെ ഇടയിലേക്ക് പോയി.
പാവം പൂതന ........അംഗങ്ങള്‍ ചേദിക്കപ്പെട്ടതിന്റെ വേദന പണ്ടു ശൂര്‍പ്പഖയോടു ചോദിച്ചാലല്ലേ അറിയൂ... ഇപ്പോള്‍ നമ്മുടെ പൂതനയും..
നിമിഷം തന്റെ 2 ഹാര്‍ട്ട്‌ ബീറ്റ്‌ മിസ്സ്‌ ആയെന്നു ഏട്ടന്‍ എന്നോട് പറഞ്ഞപ്പോ എന്റെ ചങ്കും ഇടിച്ചു പോയി.പിന്നീട് സംഭവിച്ചതൊക്കെ.... ഓര്‍മ്മയില്ലെന്നും പറഞ്ഞു.പാവം .
പക്ഷെ,ഇപ്പൊ ബുള്‍സ് ഉണ്ടാകുമ്പോള്‍ പറയും,വേകാത്ത ബുള്‍സ് -ടെ ടേസ്റ്റ് അന്ന് സ്റ്റേജില്‍ വെച്ചാ രുചിച്ചതെന്ന്.

(തുടരും )

എന്റെ ഫോട്ടോ ,അപ്പൂന്റേം....


അന്ന്,അപ്പൂ ന് കാല്‍ മാസം പ്രായമുള്ളപ്പോള്‍ ,മഹിളാരത്നത്തിലെ ''സുന്ദരിയായ അമ്മ'' എന്ന പംക്തിയില്‍ കൊടുക്കാന്‍ ഏട്ടന്‍ എടുത്ത പടമാ... ഞാനും,അപ്പുവും കൂടി ഒരു സായാഹ്ന സവാരി...

''ഓണത്തിനിടയില്‍ പുട്ടുകച്ചോടം ''

''ഓണത്തിനിടയില്‍ പുട്ടു കച്ചോടമോ ??

ഈ പോസ്റ്റ് , കണ്ട ചിലരുടെയെങ്കിലും മനസ്സില്‍ ഈ ചോദ്യം മിന്നിക്കാണും....
കഥകള്‍,കവിതകള്‍,ഓര്‍മ്മചിന്തുകള്‍,എന്നൊക്കെ പലപല മഹാ സംഭവങ്ങളുമായി
ബൂലോകത്ത് മന്ദം മന്ദം പിച്ച വെച്ച് നടന്നിട്ട് (മറ്റേ 'പിച്ചക്കാരി''-ടെ പിച്ചയല്ല...തെറ്റിദ്ധരിക്കരുത് ),... ഒടുവില്‍,വിഷയ ദാരിദ്ര്യം മൂലം ''ശങ്കരന്‍ പിന്നേം തെങ്ങില്‍'' (ഈ ബനാന ടോക്‌ ഇവിടെ യോജിക്കുമല്ലോ ,അല്ലെ??)എന്ന പോലെ ഞാന്‍ എന്റെ ''kitchen lab ''-ലേക്ക് മടങ്ങിയെന്നു ഏതെങ്കിലും അസൂയാലുക്കള്‍ ('ബൂലോകരെ' കുറിച്ചല്ല. ഗൂഗിളമ്മയാണെ സത്യം !!) പറഞ്ഞുപരത്തി 'അര്മ്മാദിച്ചാലും 'എനിക്ക് സങ്കടമൊന്നുമില്ല ( :( ) കേട്ടോ... (അര്മ്മാദിച്ചാലും എന്ന പ്രയോഗത്തിന് courtesy :മൊത്തം ചില്ലറ. ഈ വാക്ക് ഈയിടെ ഞാന്‍ വീട്ടില്‍ സ്ഥാനത്തും,അസ്ഥാനത്തും പ്രയോഗിക്കുന്നുണ്ടെന്നു hus 'n ' kidz നു പരാതിയുണ്ട്.എന്തൂട്ടാ ഇപ്പൊ ചെയ്യുക??)

ഇനി കാര്യത്തിലേക്ക് കടക്കാം .
എന്റെ പുതിയ കണ്ടുപിടുത്തത്തെക്കുറിച്ചാണ് ഈ പോസ്റ്റ്‌ .
കണ്ണീര്‍ സീരിയല്‍ കണ്ടു കരഞ്ഞു,ബോറടിച്ചു,ഇനി ബ്ലോഗെഴുതണോ ,കിടന്നുറങ്ങണോ എന്ന് തലപുകഞ്ഞാലോചിച്ചു ,അവസാനം kitchen lab -ല് experiment നടത്തി ഭര്‍ത്താവിനെയും,മക്കളെയും 'ഗിനിപ്പന്നികളാക്കി' രസിക്കാം എന്ന് കരുതി , mrs : k .m.മാത്യു- നെയോ,തങ്കം ഫിലിപ്പ് -നെയോ മനസ്സില്‍ ധ്യാനിച്ചു എതെങ്കിലും വീട്ടമ്മ (ഇപ്പൊ' ഹൌസ് മാനേജര്‍ 'എന്നെ പറയാവൂ അത്രേ!!!അല്ലേല്‍ വനിതാ കമ്മിഷന്‍ കേസെടുക്കുംന്നാ കേട്ടെ !! കാലം പോയ പോക്കേ!!) കണ്ടുപിടുത്തം ഇതിനാലകം നടത്തി പരാജയമടഞ്ഞോ എന്ന് എനിക്ക് അറിയില്ല കേട്ടോ.

അപ്പുവിനെയും ,ശാലുവിനെയും പറ്റിക്കാന്‍ ചില ദിവസങ്ങളില്‍ ഞാന്‍ ടിഫിന്‍ ആയി ഉണ്ടാക്കുന്ന
'റബ്ബര്‍ അപ്പം ' (ശാലു ഇട്ട പേരാണ് ,ഇതിനെപ്പറ്റി പിന്നീടൊരിക്കല്‍ പോസ്റ്റാം ..ജാഗ്രതൈ !) കഴിച്ചു സമനില തെറ്റി ,കുട്ടികള്‍ രഹസ്യമായി 'fasting ' ഇന്ന് 'break ' -ക്കണ്ട എന്ന് പ്രതിജ്ഞ്ഞയെടുക്കുമെന്ന
അടിയന്തരാവസ്ഥയിലാണ് ഞാന്‍ രണ്ടും കല്‍പ്പിച്ചു ഇതങ്ങു കണ്ടു പിടിച്ചത്.
അല്ഭുതമെന്നു പറയട്ടെ.( ഈ പ്രയോഗത്തിന് courtesy : "teleshopping '') ഇതിന്റെ റെസിപ്പി ഇന്ത്യന്‍ സ്കൂളില്‍ ചൂടപ്പം പോലെ വിതരണം ചെയ്തു പോകുന്നു.ഇത് പരീക്ഷിച്ച ശേഷം കുട്ടികളും,ടീച്ചര്‍മാരും നീണ്ട അവധിയിലോ മറ്റോ ആണോ എന്നൊന്നും സത്യമായും ഈയുള്ളവള്‍ക്കു അറിയില്ല ' കേട്ടോ .


''shredded kuboos omlet '' '' scrambled kuboos omlet ''' എന്നൊക്കെ പല നാക്കുളുക്കി പേരുകളും ഞാന്‍ ഇതിനു നല്‍കിയെങ്കിലും, ഒരു തൃപ്തി അങ്ങോട്ട്‌ വരുന്നില്ല.
അതിനാല്‍ ,ആരെങ്കിലും ഒരു നല്ല പേര് എന്റെ ഈ സൃഷ്ടിക്കു നിര്‍ദ്ദേശിക്കുമെന്ന് ഞാന്‍ പ്രത്യാശിക്കുന്നു.ഏറ്റവും നല്ല പേരിനു സമ്മാനമായി പ്രസ്തുത 'സംഭവം' പാര്‍സല്‍ ആയി അയക്കുന്നതാണ്.( ഏഹ്, വേണ്ടേ?? :()

അപ്പോള്‍ ഇനി നമുക്കു പരീക്ഷണത്തിലേക്ക് കടക്കാം.

ഇതിലേക്ക് ആവശ്യമായ സാധനങ്ങള്‍ :-

കുബൂസ് (വലുതാണെങ്കില്‍ - 3 , '' (ചെറുതാണെങ്കില്‍) - 5 , സവാള (ഇടത്തരം) - 4 , തക്കാളി (ഇടത്തരം) - 2 , പച്ചമുളക് - 3 , മുട്ട - 5 , കുരുമുളകുപൊടി - 1 ടേബിള്‍ സ്പൂണ്‍, മയണൈസ്‌ - 3 ടേബിള്‍ സ്പൂണ്‍ , ഉപ്പ്‌ - ആവശ്യത്തിന്, എണ്ണ - 1 ടേബിള്‍ സ്പൂണ്‍ , മല്ലിയില - യഥേഷ്ടം .


ഇനി,പരീക്ഷണത്തിന് മുന്‍പുള്ള ചില ഒരുക്കങ്ങള്‍ ;-

a) കുബൂസ് ,ചെറിയ കഷണങ്ങളായി നുറുക്കി വെക്കുക.
(എത്രയും ചെറിയ കഷണങ്ങളാക്കാമോ,അത്രയും നല്ലത്. പ്രിയപ്പെട്ട ഹോം മാനേജര്‍ മാരെ,PC -യുടെ മുന്നില്‍ ഗയിമുമായി മല്ലിടുന്ന ചേട്ടന്മാര്‍ക്ക് ഒരു 'പണി ' കൊടുക്കണമെന്നുണ്ടെങ്കില്‍ ഈ ജോലി അവരെ ഏല്‍പ്പിക്കാം .)

b) 5 മുട്ടയും ഒരു ബൌള്‍-ല്‍ പൊട്ടിച്ചു ഒഴിക്കുക
(ഞാന്‍ ആഷാഡത്തിലെ മുട്ടപ്പൂക്കളം ഉണ്ടാക്കാന്‍ ശ്രമിച്ചു .അന്പേ പരാജയമടഞ്ഞു.
''സ്കൂള്‍ ബസ്‌ വരാറായി വേഗമാകട്ടെ അമ്മേ '' എന്ന് പറഞ്ഞു ആദ്യം അപ്പു എന്നെ തോല്‍പ്പിച്ചു .
ഒറ്റവെട്ടിന് മുട്ടകളെ രണ്ടായി നിഷ്കരുണം പൊട്ടിച്ചു,മഞ്ഞക്കരു ചിന്നഭിന്നമാക്കി എന്റെ കറിക്കത്തിയും എന്നെ തോല്‍പ്പിച്ചു.തോല്‍വികള്‍ ഏറ്റുവാങ്ങാന്‍ ഈ പാവം ഹോം മാനേജരുടെ ജീവിതം പിന്നെയും ബാക്കി.എന്തു??ഈ ഡയലോഗ് എവിടെയോ കേട്ടപോലെയെന്നോ ??വെറുതെ,തോന്നലാ...)

c) പൊടിയായി അരിഞ്ഞ സവാള,പച്ചമുളക്,തക്കാളി , പാകത്തിന് ഉപ്പ്‌ (ഉപ്പു പൊടിയായി അരിഞ്ഞില്ലേലും സാരമില്ല, note the point :) ) എന്നിവ നന്നായി ബീറ്റ്‌ ചെയ്ത മുട്ടയില്‍ യോജിപ്പിച്ച് ഓം ലെറ്റിന്റെ മിശ്രിതം തയ്യാറാക്കി വെക്കുക .


തയാറാക്കുന്ന വിധം :-
വിസ്താരമുള്ള ഒരു ഫ്രൈയിംഗ് പാനില്‍ ,ഒരു ടേബിള്‍സ്പൂണ്‍ എണ്ണ ഒഴിച്ച് ചൂടാകുമ്പോള്‍,

മുട്ടക്കൂട്ടു നിരത്തുക .ഇടത്തരം തീയില്‍ ഇത് വെന്തു തുടങ്ങുമ്പോള്‍ സ്പൂണ്‍ കൊണ്ട് ഒന്നുരണ്ടു തവണ ചെറുതായി ഇളക്കുക
പിന്നീട് നുറുക്കി വെച്ചിരിക്കുന്ന കുബൂസ് മുട്ടക്കൂട്ടിന്റെ മുകളിലായി നിരത്തുക .
പിന്നെ,2 സ്പൂണുകള്‍ ഉപയോഗിച്ച് ഇവ നന്നായി യോജിപ്പിക്കുക . കുബൂസിന്റെ കഷണങ്ങളിലെല്ലാം മുട്ട നന്നായി പൊതിഞ്ഞിരിക്കത്തക്ക വിധം ഇളക്കി യോജിപ്പിക്കണം .
ഇതിലേക്ക് എടുത്തു വെച്ചിരിക്കുന്ന 3 ടേബിള്‍സ്പൂണ്‍ മയണൈസ്‌ ചേര്‍ത്ത് വീണ്ടും മിക്സ്‌ ചെയ്യുക .ഒരു ടേബിള്‍ സ്പൂണ്‍ കുരുമുളകുപൊടിയും ചേര്‍ക്കുക

മയണൈസ്‌ ,ഒട്ടുന്ന പാകം മാറി,ഒരു 'oily effect 'വരും വരെ ഇളക്കണം .പിന്നീട് അരിഞ്ഞുവെച്ചിരിക്കുന്ന മല്ലിയിലയും തൂവി യോജിപ്പിക്കുക .ഫൈനല്‍ പ്രോഡക്റ്റ് തീരെ ഡ്രൈ ആയി പോകരുത് .
[ഹും .. നല്ല മണം വരുന്നുണ്ടല്ലേ? :)]
ഒരു 3 മിനിട്ട് കൂടി അടുപ്പില്‍ വച്ചു ചിക്കി എടുത്തശേഷം,..........
ചൂടോടെ ഉപയോഗിക്കുക...


so...........yummy!!!!!


വാല്‍ക്കഷ്ണം :-
അവരവരുടെ മനോധര്‍മ്മമനുസരിച്ച് ., വേവിച്ച ചിക്കന്‍ കഷണങ്ങള്‍ ചെറുതായി നുറു ക്കിയതോ ,ചെമ്മീന്‍ വേവിച്ച് നുറുക്കിയതോ ഒക്കെ ചേര്‍ക്കാം.
കുബൂസിനു പകരം,ചപ്പാത്തിയും,മല്ലിയില available അല്ലെങ്കില്‍ പാര്സ് ലിയോ ,സ്പ്രിംഗ്‌ ഒണിയനോ, ഒക്കെ ഉപയോഗിക്കാം.പക്ഷെ ഇത്രേം ടേസ്റ്റ് കിട്ടില്ലാ ട്ടോ.
[ഇതൊക്കെ പരീക്ഷിക്കുമ്പോള്‍ പാവം ഈ ഹോം മാനേജര്‍ ഗുരുവിനെക്കൂടി( ഗുരുവിന്റെ സ്ത്രീലിംഗം എന്താണോ ആവോ?? 'ഗുരിണി 'എന്നോ മറ്റോ അല്ലെ..?ആവോ? ) മനസ്സില്‍ ധ്യാനിച്ചോ ... കേട്ടോ.
ഇല്ലേല്‍,ഒക്കെ ശാപ്പിട്ടിട്ടു toilet- ന്റെ മുന്നില്‍ bed ഇട്ടു കിടക്കേണ്ടി വരും...:)
ജാഗ്രതൈ..again !!!]

വടക്കത്തിപ്പെണ്ണാളെ...[കാവാലം]
വടക്കത്തിപ്പെണ്ണാളെ...
പെണ്ണാളെ,പെണ്ണാളെ..പെണ്ണാളെ..
വടക്കത്തിപ്പെണ്ണാളെ...
പെണ്ണാളെ,പെണ്ണാളെ..പെണ്ണാളെ..
വൈക്കം കായലോളം തല്ലുന്ന വഴിയെ
കൊയ്ത്തിനു വന്നവളെ....
കൊയ്ത്തിനു വന്നവളെ....കൊയ്ത്തിനു വന്നവളെ
കണ്ണുകൊണ്ട് ,മിണ്ടാണ്ട്‌ മിണ്ടുമിളമങ്കേ...
കണിമങ്കേ....കന്നിമടന്തേ ....
വടക്കത്തിപ്പെണ്ണാളെ...
പെണ്ണാളെ,പെണ്ണാളെ..പെണ്ണാളെ..

ആളൊഴിഞ്ഞ മയിലപ്പാട നടുവരമ്പത്ത് .
അതിരുവരമ്പത്ത്,
ആയിരം താറാകാറനിലവിളിയില്‍
ആളൊഴിഞ്ഞ മയിലപ്പാട നടുവരമ്പത്ത് .
അതിരുവരമ്പത്ത്,
ആയിരം താറാകാറനിലവിളിയില്‍
എന്റെ മനസിന്റെ കന്നറ്റലു നീ കേട്ടോ,കേട്ടില്ലേ....
നീ കേട്ടോ,കേട്ടില്ലേ... നീ കേട്ടോ കേട്ടില്ലേ...
എന്റെ താറാപ്പറ്റം പോലെ ചെതറുന്നേ ഞാന്‍...
ചെതറുന്നേ ഞാന്‍...ചെതറുന്നെ ഞാന്‍.ചെതറുന്നേ ഞാന്‍..
വടക്കത്തിപ്പെണ്ണാളെ...
പെണ്ണാളെ,പെണ്ണാളെ..പെണ്ണാളെ..

ന്ലാവ് വീണ പമ്പയാറ്റിന്‍ തുളിയിളക്കത്തില്‍
ഓളമിളക്കത്തില്‍.......
കോളിളകാണ്ട് മാനം തെളിഞ്ഞപ്പോള്‍
ന്ലാവ് വീണ പമ്പയാറ്റിന്‍ തുളിയിളക്കത്തില്‍
ഓളമിളക്കത്തില്‍..........
കോളിളകാണ്ട് മാനം തെളിഞ്ഞപ്പോള്‍
നിന്റെ ചിരിമാത്രം തേടിവരുമെന്നെ കണ്ടോ കണ്ടില്ലേ...
നീ കണ്ടോ...കണ്ടില്ലേ.... നീ കണ്ടോ...കണ്ടില്ലേ...
എന്റെ നയമ്പിലെ വെള്ളംപോലെ ചെതറുന്നേ ഞാന്‍
ചെതറുന്നേ ഞാന്‍...ചെതറുന്നെ ഞാന്‍.ചെതറുന്നേ ഞാന്‍..
വടക്കത്തിപ്പെണ്ണാളെ...
പെണ്ണാളെ,പെണ്ണാളെ..പെണ്ണാളെ..
വൈക്കം കായലോളം തല്ലുന്ന വഴിയെ
കൊയ്ത്തിനു വന്നവളെ....
കൊയ്ത്തിനു വന്നവളെ....കൊയ്ത്തിനു വന്നവളെ
കണ്ണുകൊണ്ട് ,മിണ്ടാണ്ട്‌ മിണ്ടുമിളമങ്കേ...
കണിമങ്കേ....കന്നിമടന്തേ ....
വടക്കത്തിപ്പെണ്ണാളെ...
പെണ്ണാളെ,പെണ്ണാളെ..പെണ്ണാളെ..
വൈക്കം കായലോളം തല്ലുന്ന വഴിയെ
കൊയ്ത്തിനു വന്നവളെ....
കൊയ്ത്തിനു വന്നവളെ....കൊയ്ത്തിനു വന്നവളെ

''രാത്രിമഴ ''-സുഗതകുമാരി

രാത്രിമഴ,ചുമ്മാതെ കേണും ചിരിച്ചും വിതുമ്പിയും
നിര്‍ത്താതെ പിറുപിറുത്തും നീണ്ട മുടിയിട്ടുലച്ചും
കുനിഞ്ഞിരിക്കുന്നൊരു യുവതിയാം ഭ്രാന്തിയെപ്പോലെ
രാത്രിമഴ,പണ്ടെന്റെ സൌഭാഗ്യരാത്രികളിലെന്നെ ചിരിപ്പിച്ച ,
കുളിര്‍ കോരിയണിയിച്ച വെണ്ണിലാവേക്കാള്‍ പ്രിയം
തന്നുറക്കിയോരന്നത്തെയെന്‍പ്രേമസാക്ഷി
രാത്രിമഴ, രാത്രിമഴയോടു ഞാന്‍ പറയട്ടെ,
നിന്റെ ശോകാര്‍ദ്രമാം സംഗീതമറിയുന്നു ഞാന്‍
നിന്റെയലിവും അമര്‍ത്തുന്ന രോഷവും,
ഇരുട്ടത്ത്‌ വരവും,തനിച്ചുള്ള തനിച്ചുള്ള തേങ്ങിക്കരച്ചിലുംപുലരിയെത്തുമ്പോള്‍
മുഖം തുടച്ചുള്ള നിന്‍ തിടുക്കവും കള്ളച്ചിരിയും , നാട്യവും ഞാനറിയും ....
അറിയുന്നതെന്തു കൊണ്ടെന്നോ.....സഖീ....
ഞാനുമിതു പോലെ...രാത്രിമഴപോലെ.....
രാത്രിമഴപോലെ....രാത്രിമഴപോലെ......

മരീചികഞ്ഞുപെയ്ത ആ രാത്രിയില്‍ ,
വെന്തുനീറുന്ന തന്റെ മനസ്സൊളിപ്പിക്കാന്‍ അവളുടെ നെഞ്ചില്‍ മുഖമമര്‍ത്തി വിങ്ങുമ്പോള്‍ ,
നിന്നെ മുലപ്പാല്‍ മണക്കുന്നുവെന്നു അവന്‍ പറഞ്ഞില്ല....
നിന്റെ കണ്ണുകള്‍ക്ക്‌ ചുറ്റും, കാലം കറുത്ത ചായം പൂശിക്കഴിഞ്ഞെന്നും ....
പിന്നീടുള്ള പകലിരവുകളില്‍ അവന്റെ സുഖ - സന്തോഷങ്ങള്‍ അവളുടേത്‌ കൂടിയായപ്പോള്‍....അവന്റെ ഉച്ച്വാസങ്ങളാണ് ഇനി തന്റെ നിശ്വാസങ്ങളെന്നു അവള്‍ തിരിച്ചറിഞ്ഞപ്പോള്‍ ,,ഈ നിമിഷങ്ങള്‍ ഒരിക്കലും കൊഴിയാതിരുന്നെങ്കിലെന്നു തേങ്ങിയ , അവളുടെ ഹൃദയം..
തന്റെ വിയര്‍പ്പു ചാലിട്ടൊഴുകിയ നെറ്റിയിലമര്‍ന്ന അവളുടെ നനഞ്ഞ ചുംബനങ്ങള്‍ക്കപ്പുറം,
അവന്റെ ആഗ്രഹങ്ങള്‍ പരിമിതമായിരുന്നു..
എന്നും...

അന്നൊരിക്കല്‍ , സദാചാരത്തിന്റെ നേര്‍ത്ത സ്തരം ഭേദിച്ച് ,അവന്‍ അവളില്‍ ലയിച്ചു ചേര്‍ന്ന് പടര്‍ന്നപ്പോള്‍.....
നിര്‍വൃതിയുടെ മൂര്ധന്യതയില്‍ കണ്പീലി നനഞ്ഞ്,ചുണ്ടുകള്‍ വിറകൊണ്ട്,.'നീ ഇപ്പോ , ഈ നിമിഷം മുതല്‍ എന്റേത് മാത്രമായി 'എന്ന് പറയാന്‍ ,പാതി മുറിഞ്ഞ സ്വപ്നം ആവളെ അനുവദിച്ചില്ലെന്നോ !!
ദൂരെ കുന്നിറങ്ങി വരുന്ന മഴക്കു , അകമ്പടി നല്‍കുന്ന ഈറന്‍ കാറ്റില്‍ ,അവന്റെ വിയര്‍പ്പു മണമുള്ള നെഞ്ചില്‍ തൂവിയേക്കാവുന്ന ജലകണങ്ങള്‍ ഒപ്പിയെടുക്കേണ്ടത് അവളുടെ അധരങ്ങളല്ലയെന്നോ ...!!
അവന്റെ നെഞ്ചില്‍ തുള്ളിക്കളിക്കുന്ന ചുവന്ന പനിനീര്‍പ്പൂവുപോലെയുള്ള കുഞ്ഞു കാലടികളും,തേന്‍ തുളുമ്പുന്ന ചോരിവായ്ച്ചുണ്ടുകളും,പിറന്നത്‌ അവളുടെ പാഴ് ഗര്ഭപാത്രത്തിലല്ലയെന്നോ...
‍ എല്ലാം വെറും സ്വപ്നമെന്നോ ...
പഴി കേള്‍ക്കാന്‍ മാത്രം നിഘണ്ടുവിലിടം നേടിയ ''വിധി ''യെന്ന രണ്ടക്ഷരവും,മിഴിയിണ തുളുമ്പാതെ മന്ത്രിക്കാന്‍ ''നിനക്ക് നന്മകള്‍ നേരുന്നു'' വെന്ന മൂന്നുവാക്കുകളും,
അവനും അവള്‍ക്കുമിടയില്‍ അദൃശ്യമായ മതില്‍ പണിയുന്ന കാലം,ജ്വലിച്ചു നില്‍ക്കുന്ന സൂര്യനും ,നക്ഷത്രങ്ങളും,കരിക്കട്ടയായി കൊഴിഞ്ഞു താഴേക്ക്‌ പതിക്കും...
ഇരുട്ടാകും.... അവള്‍ക്ക് ചുറ്റും ഇരുട്ടാകും ....
തണുത്തുറഞ്ഞ ഇരുട്ട്.....!!

''മക്കള്മാഹാത്മ്യം ''


വീണ്ടും '' അപ്പുചരിതം ''.
എന്റെ ബ്ലോഗ് ,വായിക്കുന്നവരെ ബോറടിപ്പിച്ചേ ഞാന്‍ അടങ്ങൂ എന്ന നിഗൂഡമായ ഉദ്ദേശ്യമൊന്നും സത്യമായും എനിക്കില്ല.കേട്ടോ.
എന്റെ ഈ കൊച്ചു കൂട്ടിലെ ആണ്കിളിയും,കുഞ്ഞിക്കിളികളും ഒക്കെ നേരം പുലരുമ്പോള്‍,കൂടൊഴിഞ്ഞു പറന്നു പോകുമ്പോള്‍,കൂട്ടില്‍ ഒറ്റക്കാകുന്ന ഞാന്‍ ചിലപ്പോള്‍ ഓര്ത്തു ചിരിക്കുന്ന ചില നുറുങ്ങുകള്‍ ഇവടെ കുറിക്കാമെന്നു കരുതി.

ഒരു ''ഡ്രൈവര്‍'' ആകുകയെന്ന തന്റെ പരമമായ 'ജീവിതലക്ഷ്യം''സാധിക്കുന്നതിനുള്ള യോഗ്യതയൊക്കെ തനിക്ക് ഇപ്പോള്‍ തന്നെ ആയിക്കഴിഞ്ഞു എന്നും,ഇനി കൂടുതലായി ഒന്നും പഠിച്ചു തല പുണ്ണാക്കേണ്ട കാര്യമില്ലെന്നും , എന്റെ മകന്‍ അപ്പു എന്നെ ദിവസവും ഓര്‍മ്മിപ്പിച്ചു കൊണ്ടിരിക്കുകയാണ് ..
അത്യാവശ്യം കൂട്ടാനും,കുറയ്ക്കാനും,ഗുണിക്കാനുംഅറിയാം . (ഗുണനപ്പട്ടിക,അവന്റെ പപ്പാ,കാര്‍ഡ്ബോര്‍ഡ് - ല്‍ തയാറാക്കി,ഈ വീട്ടില്‍,അവന്‍ കടന്നു ചെല്ലാന്‍ സാധ്യതയുള്ള എല്ലാ മുക്കിലും,മൂലയിലും സ്ഥാപിച്ചു ,സാമ-ദാന-ഭേദ-ദണ്ഡങ്ങള്‍ പ്രയോഗിച്ചു ,[മനുഷ്യാവകാശകമ്മീഷന്‍ അറിയണ്ട ] അവനെ പഠിപ്പിച്ചതാണ്.) . പിന്നെ മലയാളം ഹിന്ദി ഭാഷകളിലെ സ്വര-വ്യഞ്ജന അക്ഷരങ്ങളും,അറബി ടീച്ചര്‍ ചെവി തിരുമ്മി പൊന്നാക്കി പഠിപ്പിച്ച അറബി ലിപികളും,കൂടി ആയപ്പോള്‍ അത് അധികയോഗ്യതയുമായി എന്നുമാണ് അവന്‍ പറയുന്നത്.


ഇങ്ങനെയിരിക്കെ,മൂന്നാം ക്ലാസ്സിലെ ആദ്യ ടേം തുടങ്ങിയപ്പോള്‍ പപ്പയുടെ പുതിയ പ്രഖ്യാപനം വന്നു.
''ഈ ടേം-ല്‍ അപ്പു എല്ലാ വിഷയങ്ങള്‍ക്കും 100% മാര്‍ക്ക് വാങ്ങിയാല്‍ മധ്യവേനലവധിക്ക് നേരത്തെ നാട്ടില്‍ വിടാം.''
(ഇല്ലെങ്കില്‍ പപ്പക്ക് കിട്ടുന്ന 30 ദിവസത്തെ അവധിക്കു പോയി മടങ്ങേണ്ടി വരും എന്ന് ചുരുക്കം )
കഴിഞ്ഞ വെക്കേഷനു തന്നെ ഈ വര്ഷത്തെ അവധിക്കാലത്തേക്കുള്ള ചില ''കുനുഷ്ടുകള്‍''
അപ്പു ,അവന്റെ അളിയനുമായി (അച്ഛന്‍ പെങ്ങളുടെ മകന്‍) കണ്ടു പിടിച്ചു വച്ചിരിക്കുന്നതിനാല്‍ പപ്പയുടെ പ്രഖ്യാപനത്തെ അവന്‍ ഹര്‍ഷാരവത്തോടെ സ്വാഗതം ചെയ്തു.

പക്ഷെ,പഠിക്കാനായി മിനക്കെട്ടു കുത്തിയിരിക്കുന്നത് അങ്ങേയറ്റം വിഷമം പിടിച്ച ഏര്‍പ്പാടാണ്.
വീടിനു പുറത്തു കൂട്ടുകാര്‍ കളിക്കുന്നതിന്റെ ആരവങ്ങള്‍ അവനെ പലപ്പോഴും പുറത്തേക്ക് ആകര്‍ഷിച്ചു കൊണ്ടിരുന്നു.
ഇന്ത്യയിലെ മിക്ക സംസ്ഥാനങ്ങളുടെയും പ്രതിനിധികള്‍ക്ക് പുറമെ,ഫിലിപ്പിന്‍സ്‌ ,പാകിസ്ഥാനി,ശ്രീലങ്ക ,ബംഗ്ലാദേശ് തുടങ്ങി പല നാടുകളില്‍ നിന്നും പല ഭാഷകള്‍ സംസാരിക്കുന്നവര്‍ അവന്റെ സുഹൃത്ത് വലയത്തില്‍ ഉള്ളതിനാല്‍, എല്ലാവരോടും ആശയവിനിമയം നടത്തേണ്ടതിന്റെ ഭാഗമായി ,എല്ലാവരെയും,നമ്മുടെ സ്വന്തം 'മലയാളം'പഠിപ്പിച്ചു ,''നാനാത്വത്തില്‍ ഏകത്വം '' അവന്‍ നടപ്പാക്കി കഴിഞ്ഞു .
പുറത്തുള്ള കൂട്ടുകാരുടെ കൂക്കുവിളികളും,ഇറങ്ങി ചെല്ലാനുള്ള സിഗ്നലുകളും കേട്ട് ക്ഷമ കെടുമ്പോള്‍ 'ദൌത്യ'മൊക്കെ മറന്നു ഇടക്കെങ്ങാനും വാതില്‍ തുറന്നു പുറത്തേക്ക് എത്തിനോക്കിയാല്‍,അവന്റെ ചേച്ചി ,ശാലുവിന്റെ' reminder' അവനെ പാഠങ്ങളുടെ വിരസമായ ലോകത്തിലേക്ക്‌ തിരികെ കൊണ്ടു വരികയും ചെയ്തു.

ചേച്ചിയാണ് അവന്റെ വീക്ഷണത്തില്‍,ഈ ലോകത്തിലെ ഒരേയൊരു വില്ലത്തി കഥാപാത്രം.
ചേച്ചി ,നല്ല മാര്‍ക്ക് വാങ്ങുന്നതാണല്ലോ,തന്റെ ഇമേജ് ഇടിയാന്‍ കാരണമാകുന്നത് .ഇതില്‍ അല്‍പ്പം മനപ്രയാസം കക്ഷിക്ക് ഉണ്ട് താനും.
പിന്നെ അതിനെ അതിജീവിക്കാന്‍ ,അവളുടെ ചില' ദൌര്‍ബല്യങ്ങള്‍ 'ഓര്‍മ്മിപ്പിച്ചു നാണം കെടുത്തുകയെ ഉള്ളൂ ഏക പോംവഴി.അതിലൊന്ന്,അവളെക്കുറിച്ച് എന്റെ കയ്യില്‍ നിന്നും പലപ്പോഴായി അവന്‍ ചോര്‍ത്തിയെടുത്തിട്ടുള്ള
ഒരു സംഭവകഥയാണ് .

അതിങ്ങനെയാണ്....
ശാലുവിനു, രണ്ടു വയസ്സുള്ളപ്പോള്‍,അവളുടെ അപ്പുപ്പന്‍ അവള്ക്ക് ഒരു സ്ലേറ്റ് വാങ്ങിക്കൊടുത്തു.
ആ അതേന്നെ, നമ്മുടെ പണ്ടത്തെ പൊട്ടിപോകുന്ന സ്ലേറ്റ് തന്നെ.
കുടുംബത്തിലെ ആദ്യത്തെ പേരക്കുട്ടിയായതിനാല്‍ എല്ലാവരും കൂടി കൊഞ്ചിച്ചു വഷളാക്കിയെന്നും , തറ തൊടാതെ ഒരു കയ്യില്‍ നിന്നും മറുകയ്യിലേക്ക് ചാടി ഇങ്ങനെ തുടര്‍ന്നാല്‍ ശരിയാകില്ലെന്നും ഓര്‍ത്താണ് അച്ഛന്‍ ,അങ്ങനെ ഒരു 'കടുംകൈ' ചെയ്തത്.
സ്ലേറ്റും,പെന്‍സിലും കൊടുത്താല്‍ ,കൊച്ച് എവിടേലും കുത്തിയിരുന്ന് വരയും,കുറിയുമായി
'ടൈംപാസ് 'ചെയ്തോളുമല്ലോ.
'ഐഡിയ'എപ്പടി???
അങ്ങനെ സ്ലേറ്റ് വന്നു,ചോക്കുപെന്സില്‍ വന്നു.
കുഞ്ഞ് , ഒരു ദിവസം കൊണ്ടു തന്നെ 'ബോബനും മോളിയും' വരയ്ക്കുന്ന ടോംസ് മാഷിനും വെല്ലുവിളിയായി.
ചിത്രരചനയുടെ ആദ്യ ദിവസം ഭംഗിയായി കടന്നു പോയി.
കുഞ്ഞ്, '''നല്ലകുഞ്ഞ്''' ആയിരിക്കുന്നു.
എല്ലാവരും സന്തുഷ്ടരായി.
രണ്ടാം ദിവസം,അമ്മ,(അവളുടെ അച്ഛമ്മ ),രാവിലെ തന്നെ മോളെ പൊക്കിയെടുത്തു സ്ലേറ്റും ,പെന്‍സിലുമായി സിറ്റൌട്ടില്‍ കൊണ്ടിരുത്തി.
കുഞ്ഞ് , കാക്കയേയും,കിളികളെയും, ശലഭങ്ങളെയും ഒക്കെ ' ലൈവായി 'കണ്ടു ചിത്രം
വരച്ചോട്ടെയെന്നു അമ്മ ആഗ്രഹിച്ചതില്‍ കുറ്റം പറയാനാവില്ലല്ലോ.
ഞാന്‍ കിട്ടിയ അവസരം മുതലാക്കി,അടുക്കളയില്‍ പാചക പരീക്ഷണത്തിലും.
അമ്മയും വന്നു സഹായിക്കാന്‍.
ഇടയ്ക്ക് ഞാന്‍ ഒളിച്ചു ചെന്നു നോക്കിയപ്പോള്‍ കാര്യങ്ങളൊക്കെ ഭംഗിയായി പുരോഗമിക്കുന്നു.എന്തോ തെരക്ക് പിടിച്ച 'സര്‍ഗ്ഗ സൃഷ്ടിയിലാണ് ''അവള്‍ .
ഞാന്‍ തിരികെപോയി.
അല്‍പ്പസമയം കഴിഞ്ഞപ്പോള്‍ സിറ്റൌട്ടില്‍ മോള്‍ അലറിക്കരഞ്ഞു കൊണ്ടു ഓടി വരുന്നു.
എല്ലാവരും ഭയന്ന് പോയി.
കുഞ്ഞ്,''പാമ്പ്...പാമ്പ് '' എന്ന് അവ്യക്തമായി പറഞ്ഞാണ് കരയുന്നത്.
ഞാന്‍ ഓടിച്ചെന്നു അവളെ വാരിയെടുത്തു.കുഞ്ഞുഹൃദയം പേടിച്ചിട്ടു വല്ലാതെ മിടിക്കുന്നുണ്ട്‌.

''എവിടെ മോളെ പാമ്പ്?? അച്ഛമ്മ അതിനെ ഇപ്പൊ കൊല്ലാം''
മോളെ സിറ്റൌട്ടില്‍ ഇരുത്തിയതിന്റെ കുറ്റബോധം അമ്മയെ ''ഭീഷ്മപ്രതിജ്ഞ ''എടുക്കാന്‍ നിര്‍ബന്ധിതയാക്കി
അപ്പോള്‍ അവള്ക്ക് കുറച്ചു ധൈര്യം വന്നെന്നു തോന്നുന്നു.
എന്റെ കയ്യില്‍ നിന്നും ഊര്‍ന്നിറങ്ങി അവള്‍ സിറ്റൌട്ടിലേക്ക് നടന്നു.
ഞങ്ങള്‍ ജാഥയായി ചട്ടുകം,തവി,തുടങ്ങിയ മാരകായുധങ്ങളുമായി പിന്നാലെയും.(വെപ്രാളത്തില്‍ അടുക്കളയില്‍ നിന്നും ഓടി വന്നതല്ലേ,ആയുധങ്ങള്‍ കയ്യിലുള്ള കാര്യം ഞങ്ങള്‍ മറന്നുപോയിരുന്നു.)

ചെന്നപ്പോള്‍ കണ്ട കാഴ്ച..!!!!!

അവളുടെ സ്ലേറ്റില്‍,, രണ്ടു വലിയ ഉണ്ടക്കണ്ണുള്ള ഒരു പാമ്പിനെ നീളത്തില്‍ വരച്ചിട്ടിരിക്കുന്നു.
സ്വന്തം 'കലാസൃഷ്ടി'' കണ്ടിട്ടാണ് അവള്‍ പേടിച്ചു ഓടിയത്.
അന്ന് ഞങ്ങള്‍ ചിരിച്ചതിനു കണക്കില്ല.
[അവളുടെ ഈ സ്വഭാവത്തിന് ഇപ്പോഴും വലിയ മാറ്റമൊന്നുമില്ല കേട്ടോ .
കഴിഞ്ഞ ദിവസം,സ്കൂളിലേക്ക് അന്യഗ്രഹജീവികളെക്കുറിച്ച് തന്റെ ഭാവനയില്‍ നിന്നും ഒരു റിപ്പോര്ട്ട് തയാറാക്കാന്‍ ഇരുന്ന അവള്‍ , ഭാവനയുടെ ''അനന്ത വിഹായസ്സില്‍ ''പാറി നടന്നു, alien-നെ ഓര്ത്തു പേടിച്ചു വിറച്ചു അവസാനം എന്നെ പിടിച്ചു കൂട്ടിനു ഇരുത്തിയാണ്‌ റിപ്പോര്ട്ട് പൂര്‍ത്തിയാക്കിയത്.]


അപ്പോള്‍,നമ്മള്‍ പറഞ്ഞു വരുന്നത്, ഫസ്റ്റ് ടേമില്‍ നൂറുശതമാനം മാര്‍ക്ക് വാങ്ങാനുള്ള അപ്പുവിന്റെ 'ഭഗീരഥ പ്രയത്നത്തെ ''കുറിച്ചാണല്ലോ. അവന് ഏറ്റവും ഇഷ്ടമുള്ള വിഷയം, E.V.S.ആണ്.
നമ്മുടെ ചുറ്റുപാടുകളെയും,പരിസരത്തെയും കുറിച്ച് പഠിക്കുമ്പോള്‍ സ്വാഭാവികമായും ,അവനു ഇഷ്ടപ്പെട്ട പല വിഷയങ്ങളും അതില്‍ പ്രതിപാദിക്കപ്പെടുന്നത്‌ കൊണ്ടാവണം.
'മീന്‍സ്‌ ഓഫ് ട്രാന്‍സ്പോര്‍ട്ട്' എന്ന അധ്യായത്തില്‍ അവന്റെ ആരാധനാമൂര്‍ത്തികളായ കാറും,ബസ്സുമെല്ലാം യഥേഷ്ടം വിഹരിക്കുന്നുമുണ്ട്.
ഏതാനും ദിവസങ്ങള്‍ക്കു മുന്‍പ് ,അവനു E.V.S. -നു പിറ്റേന്ന് ക്ലാസ്സ്‌ ടെസ്റ്റ്‌ ഉള്ളതിനാല്‍
ഞാന്‍,അതിലെ 'ലിവിംഗ് തിങ്ങ്സ്‌ '' (ഭൂമിയിലെ ജീവലോകത്തെ കുറിച്ച്) എന്ന അദ്ധ്യായം പഠിപ്പിച്ചു കൊടുക്കാനായി ഇരുന്നു .ജീവലോകത്തെക്കുറിച്ചാണല്ലോ,സംഭവം രസകരം തന്നെ...
ഞാന്‍ വിശദമായി പാഠം വിവരിച്ചു കൊടുത്തു.അവന്റെ മുഖഭാവം അവനും അത് താല്‍പ്പര്യത്തോടെ മനസ്സിലാക്കുന്നുവെന്നു വെളിവാക്കുന്നതായിരുന്നു.
ഞാന്‍ ഹാപ്പി ആയി .
മകന്റെ അഭ്യുന്നതി കാംക്ഷിക്കുന്ന ഒരു അമ്മയ്ക്ക് ആനന്ദലബ്ധിക്കിനി എന്തു വേണം.
ഇനിയുള്ളത് ടീച്ചര്‍ കൊടുത്ത ചോദ്യോത്തരങ്ങള്‍ വിശദീകരിച്ചു കൊടുക്കുക എന്ന കടമ്പയാണ്.
പാഠഭാഗങ്ങള്‍ അവന്‍ ഈസിയായി മനസിലാക്കിയത് കൊണ്ട് മേല്‍പ്പറഞ്ഞതും ഈസി ആയി കൈകാര്യം ചെയ്യാവുന്നതെ ഉള്ളൂ.
ആദ്യത്തെ ചോദ്യം ,
''Describe any three characteristics of living things ''

ജീവനുള്ള വസ്തുക്കളുടെ ഏതെങ്കിലും മു‌ന്നു സവിശേഷതകള്‍ വിശദീകരിക്കുക എന്നാണ്.

1 )' Living things need food '

മനസ്സിലായോ എന്തെങ്കിലും??
''ആഹ്,ലിവിംഗ് തിങ്ങ്സ്‌-നു ജീവിക്കാന്‍ ഫുഡ്‌ വേണം എന്നല്ലേ അമ്മെ...''

''അതെ,വെരി ഗുഡ്‌.അത് തന്നെ.
ഇനി രണ്ടാമത്തെ പ്രത്യേകത,ശ്രദ്ധിച്ചു കേള്‍ക്കൂ''
2 )'Living things need air '

''ജീവനുള്ള വസ്ത്തുക്കള്‍ക്ക് ശ്വസിക്കാന്‍ വായു വേണം.''

ഞാന്‍ രണ്ടാമത്തെ സവിശേഷത വിശദീകരിച്ചിട്ടു അവന്റെ മുഖത്ത് നോക്കി.
''ഉം...ഉം...''
'കിലുക്കം'സിനിമയില്‍ രേവതി ,കാമധേനു ലോട്ടറി റിസള്‍ട്ട് സ് വായിക്കുമ്പോള്‍ ''ഉം...ഉം....ഇതൊക്കെ കുറെ കേട്ടതാ' എന്നു പറഞ്ഞു തലകുലുക്കുന്ന ഇന്നസെന്റിന്റെ അതെ മുഖഭാവം .
(ഓഹ്‌,ഇത്രേം മിടുക്കനായ എന്റെ മോനെയാണല്ലോ,പപ്പാ വെല്ലുവിളിച്ചത്!!!)
ഇനി നമ്പര്‍ ത്രീ ,ശ്രദ്ധിച്ചു കേള്‍ക്കൂ.

3 ) ''all living things have young ones ''

''എന്നൂച്ചാ??''അവന്റെ സംശയം തലപൊക്കി.

''എന്നുവെച്ചാല്‍....എല്ലാ ജീവജാലങ്ങള്‍ക്കും അവയുടെ കുഞ്ഞുങ്ങള്‍ ഉണ്ടാകും ''എന്ന്.
(ഈശ്വരാ...ഇങ്ങനെയല്ലേ ഇത് പറഞ്ഞു കൊടുക്കേണ്ടത്?? ഞാന്‍ തല പുകച്ചു )

ഞാന്‍ പറഞ്ഞു തീരും മുന്‍പേ അവന്‍ ചിരിച്ചു.
വീണ്ടും ഇന്നസെന്റ്-ന്റെ മുഖഭാവം .''അടിച്ചു മോളെ'' എന്നു പറഞ്ഞിട്ട് താഴെവീണ്‌ ചിരിക്കുന്ന ആ സീനിലെ ആണെന്ന് മാത്രം.
അതുപോലെ ചിരി.
ഞാന്‍ ഒന്നു പകച്ചു.'' എന്താ മോനെ''
''ഹി..ഹി... അമ്മെ.... ഈ ആന്‍സര്‍ പൊട്ട തെറ്റാ...''
''ഏന്തേ?""
ആകാക്ഷയോടെ ഞാന്‍...
''ഹല്ലാ,അമ്മ ആലോചിച്ചു നോക്ക്,ഞാന്‍ ഒരു ലിവിംഗ് തിംഗ് അല്ലെ,എന്നിട്ട് എനിക്ക് '' young one '' ഇല്ലല്ലോ''

ചിരിക്കണോ,കരയണോ എന്നറിയാതെ ഞാന്‍ വായും പൊളിച്ചു ഇരുന്നു പോയി.

ജാലകത്തിലെ പെണ്കുട്ടി

ശനിയാഴ്ച.
ഓഫീസ്-ല്‍ നിന്നും നേരത്തെ ഇറങ്ങി.
ബൈക്ക് സ്റ്റാര്‍ട്ട് ചെയ്യുമ്പോഴേക്കും നേര്‍ത്ത മഴച്ചാറ്റല്‍ തുടങ്ങി.
എന്നാലും കയ്യില്‍ കരുതിയിരുന്ന മഴക്കോട്ട് ധരിക്കാന്‍ തോന്നിയില്ല.
പലപ്പോഴും,നേര്ത്ത മഴയുടെ കുളിരുന്ന സ്പര്‍ശനവും ,തലോടലും എന്റെ യാത്രകളില്‍ ഞാന്‍ ഏറെ ആസ്വദിച്ചിരുന്നു. സ്നേഹത്തിന്റെ അദൃശ്യമായ ചുംബനം പോലെ...

റോഡില്‍ നല്ല തിരക്ക്.
മഴ ശക്തി പ്രാപിക്കും മുന്പേ വീടണയാന്‍ തിരക്ക് കൂട്ടി പായുന്നവര്‍.
വാഹനങ്ങളുടെ അനിയന്ത്രിതമായ ഒഴുക്കില്‍പ്പെട്ടു നീങ്ങവേ,അടുത്തയാഴ്ച്ചയിലെ യാത്രയെക്കുറിച്ചുള്ള ചിന്തകളായിരുന്നു മനസ്സില്‍.
അച്ഛന്റെ ഭീഷണിക്കും ,ശീതസമരങ്ങള്‍ക്കും ഇപ്പുറം,അമ്മയുടെ കണ്ണീരിനു മുന്നില്‍ വഴങ്ങി കൊടുക്കേണ്ടി വന്നു.
അങ്ങനെയാണ് ,അച്ഛനും,അമ്മാവനും കണ്ടു ,പൂര്‍ണ്ണതൃപ്തി രേഖപ്പെടുത്തിയ പെണ്‍കുട്ടിയെ കാണാന്‍ അടുത്തയാഴ്ച അമ്മാവനോടൊപ്പം ചെല്ലാമെന്നു മനസ്സില്ലാമനസ്സോടെ സമ്മതം മൂളിയത്. അതിനെക്കുറിച്ച് ചിന്തിച്ചപ്പോള്‍ തന്നെ മനസ്സിനാകെ വല്ലാത്ത മരവിപ്പ് തോന്നുന്നു.
എല്ലാം അറിയുന്ന അമ്മയും ഇപ്പോള്‍ ...
പാവം അമ്മയെയും കുറ്റപ്പെടുത്താനാവില്ല.മകന്റെ ജീവിതം ചരട് പൊട്ടി ,നിയന്ത്രണം വിട്ട പട്ടം പോലെ എങ്ങോട്ടെന്നില്ലാതെ ഒഴുകുന്നത്‌ എതമ്മക്കാണ് സഹിക്കാന്‍ പറ്റുക?
ഹൃദയം പകുത്തെടുത്ത് , പരസ്പരം ജീവന് തുല്യം സ്നേഹിച്ചു,... ഭൂമിയിലേക്കും ഭാഗ്യം ചെയ്തവരെന്നു ദിവസവും നൂറുവട്ടം ഓര്‍ത്തും ,ഓര്‍മ്മിപ്പിച്ചും....അവളോടൊപ്പം ചെലവഴിച്ച പ്രണയ ദിനങ്ങള്‍...
തമ്മില്‍ ഒരു നിമിഷമെങ്കിലും കാണാതിരുന്നാല്‍,കേള്‍ക്കാതിരുന്നാല്‍,ജീവന്‍ തന്നെ നിലച്ചു പോകുമെന്ന് ഭയന്നിരുന്ന വിരഹചൂടിന്റെ ചില ദിനരാത്രങ്ങളും....
ഒടുവില്‍...ഒരു സായാഹ്നത്തില്‍ മാതാപിതാക്കളെ ധിക്കരിക്കാന്‍ വയ്യെന്ന് പറഞ്ഞു ,എന്റെ സ്നേഹം പുറങ്കാല്‍ കൊണ്ടു തട്ടിത്തെറിപ്പിച്ചു കടന്നു പോയ കൂട്ടുകാരി , ഹൃദയത്തില്‍ ഏല്‍പ്പിച്ച മുറിവുകളില്‍ നിന്നും ഇപ്പോഴും രക്തം കിനിയുന്നു.
എതിരെ വന്ന ബസ്സിന്റെ ഹോണ്‍ കാടുകയറിയ ചിന്തകളില്‍ നിന്നും മനസ്സിനെ മടക്കിക്കൊണ്ടു വന്നു.


വീടെത്താറായിരിക്കുന്നു .ആകാശത്ത് പാഞ്ഞു നടക്കുന്ന മിന്നല്‍പ്പിണറുകള്‍...മഴ കനത്തേക്കും. ഞാന്‍ ബൈക്കിന്റെ വേഗത കൂട്ടി .
വീടിന്റെ ഗേറ്റ് കടക്കുമ്പോഴേക്കും ഞരങ്ങിയും,മൂളിയും നിന്ന മഴ ശക്തി പ്രാപിച്ചു.
വണ്ടി പോര്‍ച്ചില്‍ വെച്ചു ,കോളിംഗ് ബെല്ലില്‍ വിരലമര്‍ത്തി.കൈകള്‍ കൊണ്ടു മുടിയിലെ വെള്ളത്തുള്ളികള്‍ തെറിപ്പിച്ചു നിവരവെ,കണ്ണുകള്‍ വീടിനു മുന്നിലെ റോഡിനു എതിര്‍വശത്തുള്ള പഴയ ഓടിട്ട ഇരുനില മാളികയിലേക്ക്‌ നീണ്ടു.
വീടിന്റെ മുകള്‍ നിലയിലെ ജാലകം തുറന്നു കിടക്കുന്നു.
മുറിയിലെ ലൈറ്റിന്റെ മഞ്ഞ വെളിച്ചം ജനാലയിലൂടെ പുറത്തെ ഇരുളിലേക്ക് പടര്ന്നു ലയിക്കുന്നു.മഴയുടെ പശ്ചാത്തലത്തില്‍ ദൃശ്യം ഏതോ ഹൊറര്‍ സിനിമയിലെ പ്രേത മാളികയെ അനുസ്മരിപ്പിച്ചു.
എനിക്ക് ആശ്ചര്യം തോന്നി.
കാലങ്ങളായി ആള്താമസമില്ലാതെ അടഞ്ഞു കിടക്കുകയായിരുന്നല്ലോ വീട്.
കോളിംഗ് ബെല്ലിന്റെ ശബ്ദം കേട്ടു വാതില്‍ തുറന്ന അമ്മയുടെ ശബ്ദം ,കേട്ട് ഞാന്‍ ഞെട്ടിത്തിരിഞ്ഞു .

''ആരാണമ്മേ...അവിടെ? പുതിയ താമസക്കാര്‍ വല്ലവരും ആണോ?''
''അതെ,അവിടുത്തെ ഗോവിന്ദമേനന്റെ ഡല്‍ഹിയി‌ലുള്ള ഏതോ സുഹൃത്തും കുടുംബവും..ഒരാഴ്ച അവിടെ കാണും ത്രെ..''
''ഉം'' മൂളികേട്ടു കൊണ്ടു ഞാന്‍ ബെഡ് റൂമിലേക്ക്‌ നടന്നു.
ബാഗും,ഹെല്‍മെറ്റും മേശപ്പുറത്തു വെച്ചു ,ഈറന്‍ മാറി ടൌവലുമെടുത്തു കുളിമുറിയിലേക്ക് പോയി.


പുറത്തു ശക്തിയായ മഴ.
കുളികഴിഞ്ഞു വന്ന് ,അമ്മ തന്ന ചൂട് ചായ മൊത്തി കുടിച്ചു കൊണ്ടു,ഞാന്‍ എന്റെ മുറിയുടെ ജനാല തുറന്നു.
അവിടെ നിന്നാല്‍ മാളിക കാണാം.അതിന്റെ മുകളിലത്തെ നിലയിലെ തുറന്നിട്ട ജാലകവും.വെറുതെ തോന്നിയ കൌതുകമാണ് പുറത്തു നിന്നും വീശിയടിക്കുന്ന മഴത്തുള്ളികള്‍ വകവെക്കാതെ ജന്നല്‍ തുറക്കാന്‍ പ്രേരിപ്പിച്ചത് .മഴ തീര്ത്ത മറയിലൂടെ കാഴ്ച അവ്യക്തമയിരുന്നുവെങ്കിലും ജാലകത്തിനരികെ ഒരു നിഴല്‍ കണ്ടു.ഒരു സ്ത്രീയുടെ രൂപം പോലെ . വീശിയടിച്ചെത്തിയ കാറ്റ് എന്റെ ജന്നല്‍ വലിച്ചടച്ചു.
* * * *
ഉച്ചത്തില്‍ കതകിനു മുട്ടുന്ന ശബ്ദം കേട്ട് കൊണ്ടാണ് ഞെട്ടിയുണര്‍ന്നത്. അമ്മയാണ് . നേരം നന്നേ പുലര്‍ന്നിരിക്കുന്നു.
ഞാന്‍ വാതില്‍ തുറന്നു. പ്രഭാതകര്‍മ്മങ്ങള്‍ക്ക്ശേഷം അമ്മ തന്ന ചായയുമായി,മുറിയിലെത്തി.അടച്ചിട്ടിരുന്ന ജനാല ഞാന്‍ തള്ളിത്തുറന്നു.
കണ്ണുകള്‍ റോഡിനപ്പുറം, ജാലകത്തിലേക്ക്.... അറിയാതെ...
ഇപ്പോഴും അത് തുറന്നു തന്നെ കിടക്കുന്നു.
നിഴലും അവിടെയുണ്ട്.
നിഴല്‍ അല്ല...വ്യക്തമായ ചിത്രം പോലെ ഒരു പെണ്‍കുട്ടി..
ബാലസൂര്യന്റെ കിരണങ്ങള്‍ ജാലകത്തിന്റെ അഴികളും കടന്ന് അവളുടെ മുഖത്ത് തട്ടി പ്രതിഫലിച്ചു.ഒറ്റനോട്ടത്തില്‍ നിഷ്കളങ്കത തുളുമ്പുന്ന മുഖം.
മാറിലേക്ക്‌ വിടര്‍ത്തിയിട്ടിരിക്കുന്ന നീണ്ട മുടിയും,നേരിയ പുഞ്ചിരി ഒളിപ്പിച്ച
അവളുടെ ചൊടികളും,ഒരു പ്രത്യേക വശ്യത പകരുന്നത് പോലെ തോന്നി ...
പക്ഷെ,കണ്ണുകളിലെ വിഷാദഛവി , അന്തരീക്ഷമാകെ പടരുന്നതുപോലെ....
അമ്മയുടെ വിളി കേട്ട് ഞാന്‍ പൂമുഖത്തേക്ക്‌ നടന്നു.


ബ്രേക്ഫാസ്റ്റ് കഴിച്ചു കൊണ്ടിരിക്കുമ്പോള്‍ പലതവണ അമ്മയോട് ചോദിയ്ക്കാന്‍ തുനിഞ്ഞു, വീട്ടിലെ പുതിയ അന്തേവാസികള്‍ ആരാണെന്ന്.
അതിന്റെ അനൌചിത്യം ഓര്‍ത്തു ചോദ്യം ഞാന്‍ വിഴുങ്ങി.
ആഴ്ചയില്‍ ആകെ കിട്ടുന്ന ഒരേയൊരു അവധി ദിനമാണ്.
മുടങ്ങിക്കിടക്കുന്നതും,മാറ്റി വെച്ചിരിക്കുന്നതുമായ പല കാര്യങ്ങളും ഇന്ന് ചെയ്തു തീര്‍ക്കണമെന്ന് മനസ്സില്‍ കരുതിയതുമാണ്.
പക്ഷെ ഒന്നിനും ഒരു മൂഡ് തോന്നുന്നില്ല.
ദിനപത്രവുമെടുത്തു സിറ്റൌട്ടില്‍ കുറച്ചു നേരം ഇരുന്നു.
അറിയാതെ മനസ്സും,കണ്ണുകളും,വീണ്ടും ജാലകത്തിലെ മനോഹര ദൃശ്യം തേടിയോ....
ജാലകം തുറന്നു കിടക്കുന്നു.
പക്ഷെ,അവിടെ അവള്‍ ഉണ്ടായിരുന്നില്ല.
* * * *
വിരസമായ പകല്‍ കടന്നു പോയി.
വൈകുന്നേരം ഒരു സുഹൃത്തിന്റെ വീട്ടില്‍ പോകാനിറങ്ങുമ്പോഴാണു കണ്ടത്,കുലീനയായ ഒരു സ്ത്രീയും,അവരുടെ ഭര്‍ത്താവ് എന്ന് തോന്നിക്കുന്ന ഒരു പുരുഷനും വീടിന്റെ ഗേറ്റ് കടന്നു പുറത്തേക്കു വരുന്നു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ ആയിരിക്കണം.
ഞാന്‍ അനുമാനിച്ചു.
അവരുടെ വേഷവും,കയ്യിലെ പൂക്കൂടയും കണ്ടപ്പോള്‍ അമ്പലത്തിലെക്കാണെന്നു മനസ്സിലായി.

അപ്പോള്‍ പെണ്‍കുട്ടി എവിടെ?
തീര്‍ച്ചയായും അവളും അവരെ അനുഗമിക്കേണ്ടാതാണല്ലോ ....
ഞാന്‍ വീടിന്റെ മുകള്‍ നിലയിലേക്ക് നോക്കി.
ജാലകത്തിനരികെ അവള്‍ വീണ്ടും...
മുഖത്തു അതെ പുഞ്ചിരി.
കാഴ്ച എന്റെ മനസ്സിനെ കുളിര്‍പ്പിച്ചു.
തിരികെ പുഞ്ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല.
* * * *
വണ്ടിയോടിക്കുമ്പോള്‍ പലവിധ ചിന്തകള്‍ മനസ്സിനെ മഥിച്ചു കൊണ്ടിരുന്നു.
എനിക്കെന്താണ് സംഭവിക്കുന്നത്‌??
അലകളൊടുങ്ങി ഒട്ടു ശാന്തമായ മനസ്സില്‍,ഓളങ്ങള്‍ ഉണ്ടാക്കാന്‍ ചുരുങ്ങിയ സമയത്തിനുള്ളില്‍ അവള്‍ക്കു എങ്ങനെയാണ് സാധിച്ചത്??
അവള്‍ ആരാണ്? പേര് പോലും അറിയില്ലല്ലോ..
അവള്‍ ആര് തന്നെയായാലും,ഇനിയെന്നും ഹൃദ്യമായ ''കണി'' കണ്ടുണരാന്‍ ഞാന്‍ മനസ്സില്‍ വല്ലാതെ മോഹിച്ചു തുടങ്ങിയിരുന്നു.


പിന്നെയും പല തവണ കണ്ടു, ഇരുണ്ട ജാലകത്തിന്റെ പശ്ചാത്തലമായി അര്‍ദ്ധസുന്ദര രൂപം.
ഒരിക്കലെങ്കിലും അവളെ അടുത്ത് കാണാന്‍ ഞാന്‍ വല്ലാതെ ആഗ്രഹിച്ചു.
പക്ഷെ ഒരിക്കല്‍ പോലും എനിക്ക് അതിനുള്ള ഭാഗ്യം ഉണ്ടായില്ല.

* * * *
ഓഫീസിലെ യാന്ത്രികമായ ചര്യകളും കഴിഞ്ഞു മടുപ്പോടെ വീട്ടിലെത്തിയിരുന്ന എനിക്ക് ദിനങ്ങള്‍ പ്രത്യാശയുടെയും,ആത്മഹര്‍ഷത്തിന്റെയും ദിനങ്ങളാകുന്നു.
ജന്നലരികില്‍ പ്രതിഷ്ടിച്ച സുന്ദരീശില്‍പ്പം പോലെ ,അവളുടെ സാന്നിധ്യം എന്റെ പ്രഭാതങ്ങള്‍ക്കും,സായാഹ്നങ്ങള്‍ക്കും ഊര്‍ജ്ജം പകര്‍ന്നു.
അവളെ ഞാന്‍ സ്നേഹിച്ചു തുടങ്ങിയോ?
ഒരുത്തരം തരാന്‍ മനസ്സിന് കഴിഞ്ഞില്ല.
* * * *
വീണ്ടും ഇതാ ശനിയാഴ്ച.
ഒരാഴ്ച പെട്ടെന്ന് കടന്നു പോയിരിക്കുന്നു.
നാളെയാണ് അമ്മാവനോടൊപ്പം ചെല്ലാമെന്നു പറഞ്ഞ ദിവസം.
എങ്ങനെയും യാത്ര ഒഴിവാക്കണം.
പുതിയ ഒരു ലക്‌ഷ്യം ഉണ്ടായിരിക്കുന്നതുപോലെ...
അമ്മയോട് തുറന്നു പറയാം ,
തനിക്കു പെണ്‍കുട്ടിയെ ഇഷ്ടമായി എന്ന്.
അമ്മ സന്തോഷിക്കുകയെ ഉള്ളൂ .
ഓഫീസില്‍ വെച്ച് തന്നെ അമ്മയോട് പറയാനുള്ള കാര്യങ്ങള്‍ ചിട്ടയായി അടുക്കി മനസ്സില്‍
സൂക്ഷിച്ചു.


വൈകിട്ട് വീടെത്തി,ഗേറ്റിനു മുന്നില്‍ ബൈക്ക് നിര്‍ത്തി,ഗേറ്റ് തുറക്കാനായി ഇറങ്ങുമ്പോള്‍ കണ്ടു,
വീടിനു മുന്നില്‍ ഒരു കാര്‍ കിടക്കുന്നു.
ഡിക്കി തുറന്നു ബാഗുകളും ,പെട്ടികളും സൂക്ഷ്മതയോടെ അടുക്കി വെക്കുന്ന ഡ്രൈവര്‍.
എന്റെ കാലുകള്‍ നിശ്ചലമായി.
അവര്‍ പോകുകയാണോ?
മനസിനും,ശരീരത്തിനും വല്ലാത്ത തളര്‍ച്ച അനുഭവപ്പെട്ടു.
പെട്ടെന്നാണ്‌ അത് കണ്ടത്.
പൂമുഖവാതിലിലൂടെ പുറത്തേക്കു കൊണ്ട് വരുന്ന വീല്‍ ചെയറില്‍ അവള്‍...
അവളുടെ അച്ഛന്‍ പതിയെ വീല്‍ചെയര്‍ ഉന്തി പുറത്തേക്കു കൊണ്ട് വരുന്നു.
ലോകം കീഴ്മേല്‍ മറിയുന്നത് പോലെ എനിക്ക് തോന്നി.
ദൈവമേ,....
ആ ജനലഴികള്‍ക്കിപ്പുറമുള്ള ലോകം അവള്‍ക്കു അന്യമായിരുന്നതിനുള്ള ആ കാരണം എനിക്ക് പെട്ടെന്ന് ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞില്ല .
കാറിനടുത്തെത്തുമ്പോഴേക്കും അവള്‍ എന്നെ കണ്ടിരുന്നു.
കണ്ണുകള്‍ തമ്മിലിടഞ്ഞു.
അവളുടെ പുഞ്ചിരി മുഖത്ത് നിന്നും മാഞ്ഞിരുന്നു
നിറഞ്ഞ കണ്ണുകള്‍....

കാറിന്റെ ഡോര്‍ തുറന്നു അച്ഛനും,ഡ്രൈവറും കൂടി അവളെ കാറിലേക്ക് എടുത്തു ഇരുത്തുന്നതിനിടയില്‍ അവള്‍ വീണ്ടും തിരിഞ്ഞു നോക്കി.
മൌനമായി യാത്ര പറയുന്ന നിറകണ്ണുകള്‍.
ഹൃദയം ഒരായിരം കഷണങ്ങളായി നുറുങ്ങുന്നത് ഞാന്‍ വീണ്ടും അനുഭവിച്ചറിഞ്ഞു.
പുറകില്‍ അമ്മയുടെ ശബ്ദം.
''അവര്‍ പോകുകയാണ്.''
''പാവം കുട്ടി.രണ്ടു കാലുകളും പോളിയോ വന്നു തളര്‍ന്നു പോയി. പെണ്‍കുട്ടിയുടെ പേരില്‍ ഏതൊക്കെയോ ക്ഷേത്രങ്ങളില്‍ എന്തൊക്കെയോ നേര്‍ച്ചകള്‍ ഉണ്ടായിരുന്നത്രേ.അത് നടത്താന്‍ വന്നതാണ് അവര്‍''
അകലെ നിന്നെന്നപോലെ അമ്മയുടെ ശബ്ദം കാതുകളില്‍ തീമഴയായി പെയ്തിറങ്ങി.
ഡ്രൈവര്‍ , കാറിന്റെ കാരിയറില്‍ അവളുടെ വീല്‍ ചെയര്‍ ഭദ്രമായി കെട്ടിവെക്കുന്നു.

അമ്മ, വീണ്ടും എന്തൊക്കെയോ പറഞ്ഞുകൊണ്ടിരുന്നു.
അമ്മയുടെ വാക്കുകളെ വിഴുങ്ങി ഇരമ്പലോടെ കാര്‍ ഗേറ്റ് കടന്നു പോയി..
ദൂരെ മറയുന്ന കാറിനെയും ,മുകളില്‍ വച്ചിരുന്ന വീല്‍ ചെയറിനെയും ,കണ്ണീര്പാട എന്റെ ദൃഷ്ടിയില്‍ നിന്നും മറച്ചു.
അവള്‍ എന്നെന്നേക്കുമായി മറയുകയാണ്...
ഞാന്‍ സ്വപ്നാടകനെപ്പോലെ എന്റെ മുറിയിലേക്ക് നടന്നു.
ആവേശത്തോടെ ജനാല തള്ളി തുറന്നു.
അവളുടെ മുറിയുടെ ജാലകം അടഞ്ഞു കിടന്നിരുന്നു
എന്റെ മൌനപ്രണയത്തിന്റെയും...
എന്നെന്നേക്കുമായി....