'' പാവ ''....എന്റെ സ്മൃതികളില്‍
വീണ്ടും എന്നിലേക്ക്......
പ്രവാസത്തിന്‍റെ യാന്ത്രികതയിലും,ഔപചാരികതകളിലുംപെട്ട് പൊള്ളിപ്പിടഞ്ഞ്....
ഗൃഹാതുരത്വത്തിന്‍റെ ചങ്ങലക്കെട്ടുകളില്‍ നിന്നും ഒരിക്കലും മുക്തയായിരുന്നില്ല ഞാന്‍...മഹാനഗരത്തിന്‍റെ മായക്കാഴ്ച്ചകളിലും, അത്തറുമണക്കുന്ന ഈ സുഭഗസായാഹ്നങ്ങളിലും എന്‍റെ ഗ്രാമത്തിന്‍റെ പച്ചപ്പും,ത്രിസന്ധ്യകളിലെ ചന്ദനത്തിരിഗന്ധവും തേടിയലഞ്ഞു ഞാന്‍...പലപ്പോഴും....
മനസ്സ് പലപ്പോഴും മരീചിക പോലെയാണെന്ന് എനിക്ക് തോന്നാറുണ്ട്...സന്തോഷത്തിന്‍റെയും ,സന്താപത്തിന്‍റെയും കണിയൊരുങ്ങുമ്പോള്‍ എന്റെ മനസ്സ് എന്നെ കണ്ണു പൊത്തി, കൈ പിടിച്ചു നടത്തുന്നത് വീര്‍പ്പു മുട്ടിക്കുന്ന നൊമ്പരങ്ങളിലേക്ക്.....എന്തിനെന്നറിയാതെ അതേറ്റു വാങ്ങുമ്പോഴാണ് യഥാര്‍ഥത്തില്‍ സന്തോഷിക്കുന്നതെന്നു ഞാന്‍ തിരിച്ചറിയുന്നു...എന്റെ സ്ഥായിയായ ഭാവം ഇത് തന്നെയാവാം...
മനസ്സ് മടുപ്പിക്കുന്ന ഈ ഫ്ലാറ്റിലെ ഏകാന്തതയില്‍ നിന്നും രക്ഷപ്പെടാന്‍ ഞാന്‍ മനപ്പൂര്‍വ്വം നെയ്തുകൂട്ടിയ ദിവാസ്വപ്നങ്ങളില്‍ , കായാമ്പൂവും, കലമ്പോട്ടിയും,കാളപ്പൂവും വര്‍ണ്ണം വാരി വിതറി നിന്നിട്ടും സന്തോഷിക്കാനായില്ല...ഒരിക്കലും....
സ്വപ്നങ്ങളിലേക്ക് നയിച്ച ഓര്‍മ്മകളുടെ കണ്ണികള്‍ പലതും വിളക്കിചേര്‍ക്കാനാവാത്ത വിധം പൊട്ടിയകന്നിരിക്കുന്നു...കുട്ടിക്കാലം വെള്ളി പാദസരമിട്ടു ഓടി നടന്ന തറവാടിലെ ഇളന്തിണ്ണകള്‍ ,വീടിന്‍റെതെക്ക് ഭാഗത്തെ അശോകമരത്തില്‍ തൂങ്ങിയാടിയിരുന്ന കുഞ്ഞാറ്റക്കിളിക്കൂട്,പറമ്പുകള്‍ക്ക് അതിരിട്ട് പൂത്തു നിന്നിരുന്ന വയലറ്റ് കുഞ്ഞുപൂക്കളുള്ള കായാവുകള്‍,വൃശ്ചികപ്പുലരികളില്‍ മഞ്ഞില്‍ക്കുളിച്ചു കൂട്ടുകാരോടൊത്ത് മത്സരിച്ചു ഓടി നടന്നു കാളപ്പൂവുകള്‍ ശേഖരിച്ചിരുന്ന തോട്ടിന്‍ വരമ്പുകള്‍....
ഒരിക്കലും തിരിച്ചു വരില്ലെന്നറിഞ്ഞിട്ടും ആ ദിനങ്ങളെ,ഓര്‍മ്മകളെ ,ഞാന്‍ വല്ലാതെ പ്രണയിക്കുന്നു.ഒക്കെയും,ഒരു വേള പുനര്‍ജ്ജനിച്ചെങ്കിലെന്നു ഞാന്‍ അതിയായി ആഗ്രഹിക്കുന്നു...
ജീവിതയാത്രക്കിടയില്‍ എത്രയോ മുഖങ്ങള്‍ എന്നെ കടന്നു പോയിരിക്കുന്നു.പലതും കാലപ്രവാഹത്തിന്റെ കുത്തൊഴുക്കില്‍പ്പെട്ടു അവ്യക്തമായിരിക്കുന്നു.ചിലരെങ്കിലും പായല്‍ പടര്‍ന്ന ഓര്‍മ്മകളുടെ ഭിത്തികളില്‍ അരികടര്‍ന്നു പോയ ചിത്രങ്ങളായി....അതിലൊന്നാണ് ''പാവ'' .ഞങ്ങളുടെ ഗ്രാമത്തിനു അതിരിട്ട് നില്‍ക്കുന്ന വലിയ മലക്കുന്നില്‍ താമസിച്ചിരുന്ന വേടര്സമുടായത്തില്‍ പ്പെട്ട ഒരു അനാഥയായ വൃദ്ധ.''പാവ''എന്ന പേരിന്‍റെ ഉല്‍പ്പത്തിയെപ്പറ്റിയൊന്നും എനിക്ക് അറിയില്ല.പക്ഷെ,അവരെ ഞങ്ങള്‍ കുട്ടികള്‍ പോലും അങ്ങനെയാണ് വിളിച്ചിരുന്നത്.
'പാവ'യെപ്പറ്റി ഓര്‍ക്കുമ്പോള്‍ എനിക്ക് ആദ്യം ഓര്‍മ വരുന്നത് വടക്കേപ്പുറത്തെ വിശാലമായ പറമ്പിലെ മരച്ചീനി പിഴുതു മാറ്റിയ തടങ്ങളിലില്‍ ചടഞ്ഞിരുന്നു മുനയൊടിഞ്ഞ അരിവാള്‍ കൊണ്ട് ക്ഷമയോടെ,മണ്ണ് മാന്തി മാറ്റി ഒടിഞ്ഞിരിക്കുന്ന മരച്ചീനിക്കഷണങ്ങള്‍ ശേഖരിക്കുന്ന അവരുടെ ചിത്രമാണ്.ആ പ്രവൃത്തിയില്‍ വല്ലാത്ത വൈദഗ്ധ്യം ഉണ്ടായിരുന്നു അവര്‍ക്ക് .ആ കാഴ്ച എനിക്ക് വളരെ കൌതുകം പകര്‍ന്നു തന്നിരുന്നു...അശ്രാന്തപരിശ്രമത്തിന്നൊടുവില്‍ ചെറിയ വള്ളിക്കുട്ടയില്‍ പെറുക്കി കൂട്ടിയ കുഞ്ഞു മരച്ചീനി കഷണങ്ങള്‍ പകരുന്ന സന്തോഷം ആ മുഖത്ത് നിന്നും വായിച്ചെടുക്കാന്‍ ഒരു പ്രയാസവുമില്ലായിരുന്നു... അവരുടെ ആ സന്തോഷം,അന്ന് , എന്റെ കുഞ്ഞുമനസ്സിനെയും നിഗൂഡമായി ഏറെ ആനന്ദിപ്പിച്ചിരുന്നു....
മഴക്കാലത്ത് ,വയലിലെ ഒഴുക്കു വെള്ളത്തില്‍ സമൃദ്ധമായിരുന്ന പൂഞ്ഞാന്‍ മീനുകളെ പിടിക്കുന്നതായിരുന്നു 'പാവയുടെ മറ്റൊരു തൊഴില്‍.പച്ച ഈര്‍ക്കില്‍ കൊരുത്തുണ്ടാക്കിയ ചെറിയ കൂടയില്‍ ശേഖരിച്ച പൂഞ്ഞാനുകളെ വീടുവീടാന്തരം കൊണ്ട് നടന്നു വിറ്റു അരിയോ ,കാശോ,ചിലപ്പോള്‍ ഒരു നേരത്തെ ഭക്ഷണമോ വാങ്ങും .പാവയോട് അലിവു തോന്നി,എത്രയോ ദിവസങ്ങളില്‍ അമ്മയെ കൊണ്ട് ഞാന്‍ പൂഞ്ഞാന്‍ മേടിപ്പിച്ചിരിക്കുന്നു...''ഈ പെണ്ണിനെക്കൊണ്ട് തോറ്റു..ഇത് വെട്ടിക്കഴുകി വൃത്തിയാക്കി എടുക്കുന്ന ബുദ്ധിമുട്ട് ഓര്‍ത്താല്‍,പാവയ്ക്ക് വെറുതെ കാശ് കൊടുക്കുന്നതാണ് നല്ലത്''എന്ന് അമ്മ ആത്മഗതം പറയുന്നത് ഞാന്‍ കേട്ടില്ലെന്നു നടിച്ചു ...
ഫില്‍റ്റര്‍ സിഗരറ്റിന്റെ പാക്കറ്റിനുള്ളിലെ മിനുക്ക് കടലാസ് ചുരുട്ടി ,വലിയ തോടയാക്കി വലിയ ദ്വാരമുള്ള കാതില്‍ അണിഞ്ഞു ,തലവഴിയെ കൈതോലപ്പായ കൊണ്ടുള്ള മഴക്കോട്ടും ചൂടി ഞങ്ങളുടെ പറമ്പുകളിലും,വയലിലുമൊക്കെ 'പാവ' സജീവ സാന്നിധ്യമായി.....എന്റെ അമ്മാമ്മക്ക് (മുത്തശി)വലിയ ഇഷ്ടായിരുന്നു പാവയെ...പറയത്തക്ക ബന്ധുക്കളാരുമില്ലാത്ത പാവയുടെ സങ്കടങ്ങളൊക്കെ അമ്മമ്മയോടു പതംപറഞ്ഞു കരയുന്നത് അലിവോടെ ഞാനുംകെട്ടിരിക്കുമായിരുന്നു...
ഒരു വേനലവധിക്കാലത്ത്,ഒരു ദിവസം രാവിലെ,പറമ്പില്‍ തേങ്ങയിടാന്‍ വന്ന ചീമന്‍ മൂപ്പന്‍ പറഞ്ഞു തലേന്ന് സന്ധ്യക്ക് കവലയില്‍ വച്ച് പാവ ഏതോ വണ്ടി മുട്ടി മരിച്ചെന്നു....റോഡിലൊക്കെ,അവരുടെ കുടിലിലേക്ക് കൊണ്ടുപോകാന്‍ ശേഖരിച്ച ചുള്ളിക്കൊമ്പുകളും ,വെറ്റിലയും,അടക്കയുമൊക്കെ ചിതറിക്കിടക്കുന്നു വെന്നും....വടക്കേപറമ്പിലും,വയല്‍ വരമ്പിലും,കൂനിക്കൂടിയിരിക്കുന്ന 'പാവ'യെ ഞാന്‍ പല രാത്രികളിലും സ്വപ്നം കണ്ടു.രാത്രിയില്‍ പിച്ചും പേയും പറഞ്ഞ പാവം എട്ടു വയസ്സ്കാരിക്ക് അമ്മമ്മ പൂജാമുറിയില്‍ നിന്നും ഓതിയ പുണ്യജലം കൊണ്ടുവന്നു നെറുകയില്‍ കുടഞ്ഞു .ഇന്നും ഒരു നൊമ്പരമായി എന്‍റെ മനസ്സിലുണ്ട്....പാവയും.
ഇന്ന് ഞാന്‍ പാവയെ ഓര്‍ക്കാന്‍ എന്താണ് കാരണമെന്നു അറിയില്ല.സ്മൃതികളെ, ഭൂതകാലത്തിന്‍റെ ഇരുണ്ട ഇടനാഴികളെന്നു പറഞ്ഞു തള്ളിക്കളയാന്‍ മനസ്സനുവദിക്കുന്നില്ല.കാരണം,അവിടെ കൈത്തിരിവെട്ടവുമായി പാവയെപ്പോലെ എത്ര ഗൃഹാതുരതകള്‍...കാപട്യങ്ങളുടെ തിരിച്ചറിവുകളില്‍ നിന്നും ,നിഷ്കളങ്കതയുടെ ബാല്യങ്ങളിലേക്ക് ഓടിപ്പോകാന്‍ വെമ്പുന്ന എന്റെ ചപലമായ മനസ്സ് .......,.
ഒന്നുമൊന്നും വീണ്ടെടുക്കാനാവില്ല...എനിക്കറിയാം....അകാലത്തില്‍ സ്വയം മരണത്തെ പുണര്‍ന്ന ബാല്യകാലസഖി ,' അമ്പിളി ' , മൂല്യച്യുതികളുടെ കുത്തൊഴുക്കില്‍ കൈവിട്ടു പോയ പൈതൃകങ്ങളുറങ്ങുന്ന എന്റെ തറവാട്,പുനരുദ്ധരിച്ചു മാര്‍ബിള്‍ മന്ദിരമാക്കി നശിപ്പിച്ച ഞങ്ങളുടെ പ്രിയപ്പെട്ട ചാവരപ്പൂപ്പന്‍ കാവ്.... അങ്ങനെ എന്തൊക്കെ.....ഭൂത-വര്‍ത്തമാന കാലങ്ങള്‍ക്കിടയിലെ അദൃശ്യമതില്‍ വാനോളം ഉയര്‍ന്നു പ്രജ്ഞയുടെ മീതെ നിഴല്‍ വീഴ്ത്തുന്നു...മറവി,എന്നെ അനുഗ്രഹിച്ചെങ്കില്‍ ....പൊള്ളുന്ന ഓര്‍മ്മകളുടെ വ്രണങ്ങളുടെ നീറ്റല്‍ അറിയാതെയെനിക്ക് ഒന്നുറങ്ങാന്‍............
"""""""""""""""""""""""""""""""""""""""
ലേബലുകള്‍:
ഓര്‍മ്മചിന്തുകള്‍
1 അഭിപ്രായം. >>ഇവിടെഎഴുതാന്‍ മറക്കണ്ടാ ട്ടോ..:
oormakal mrithasanjeevaniyum aakkaaruntallo?
Post a Comment
അഭിപ്രായം ഇവിടെ...