സ്വപ്നാടനം




അകലെ,ആഴക്കടലില്‍ മുങ്ങി ആത്മാഹൂതി ചെയ്യുന്ന സൂര്യന്‍...

നനഞ്ഞ മണലില്‍ പരസ്പരം കൈകള്‍ ഗ്രഹിച്ച്, നമ്മള്‍....
ചുവന്ന സൂര്യകിരണങ്ങള്‍ നിന്റെ കവിളുകളില്‍ തട്ടി തിളങ്ങി ...നിന്റെ കണ്ണുകളിലെ ദീപ്തഭാവം ,നീ
ഒരു മാലാഖയാണോ എന്ന് എന്നെ ഒരു നിമിഷം സംശയിപ്പിച്ചു..
നെറ്റിയില്‍ ഒരു ഉമ്മ വെക്കാന്‍ തോന്നിയ കുസൃതി മനസ്സില്‍ ഒളിപ്പിച്ചു,ഞാന്‍ പുഞ്ചിരിച്ചു...

''എന്താണ് നീ ഒന്നും മിണ്ടാത്തത്?''''വാക്കുകള്‍ക്കു പരതുകയാണോ?...അതോ....''ഞാന്‍ പതിയെ ചോദിച്ചു...
തിരകളിലേക്ക് മിഴിപായിച്ചു നീ മിണ്ടാതെ...

നിശ്ശബ്ദത എനിക്ക് സഹിക്കാന്‍ പറ്റുന്നുണ്ടായിരുന്നില്ല.
ഞാന്‍ മണല്‍പ്പരപ്പില്‍ വിരലുകള്‍ കൊണ്ടു അവ്യക്തമായ ചിത്രങ്ങള്‍ വരയ്ക്കാന്‍ തുടങ്ങി....
മനസ്സു എവിടെയോ ആയിരുന്നു.
കൈയ്യില്‍ തടഞ്ഞ ശംഖില്‍ കണ്ണുടക്കി.
ഞാനും ഒരിക്കല്‍ ഇതുപോലെ ആയിരുന്നില്ലേ.... ഈ ശംഖ് പോലെ...
കാലവും,ഋതുക്കളും എന്തെല്ലാം പോറലുകള്‍ ഏല്പിച്ചു കടന്നു പോയി.
നരച്ചു,അരികുകളുടഞ്ഞു...ആര്ക്കും വേണ്ടാതെ കിടന്ന എന്നെ നീയാണ് കണ്ടെത്തിയത്...
ഉപ്പും,മണല്‍തരികളും,പായലും,കഴുകിനീക്കി നീയെന്നെ മനോഹരിയാക്കി..നിന്റെ സ്നേഹവും,ലാളനയും വീണ്ടും എന്നില്‍ നിറങ്ങള്‍ പകര്ന്നു.പക്ഷെ ഇപ്പോള്‍.....


എന്റെ വിരല്‍ത്തുമ്പില്‍ നിന്നും നിന്റെ വിരലുകള്‍ അകന്നു മാറിയത് ഞാന്‍ അറിഞ്ഞു.
സ്വപ്നത്തില്‍ നിന്നും ഞാന്‍ ഞെട്ടിയുണര്‍ന്നു.
ഇരുള്‍ പരന്നു തുടങ്ങിയിരിക്കുന്നു...

നിന്റെ മുഖത്ത് ഗൌരവമാര്‍ന്ന ഭാവം നിറഞ്ഞുനിന്നിരുന്നു.
''നീ എന്തേ ഇങ്ങനെ?''മുഖവുരയില്ലാതെ നീ ചോദിച്ചപ്പോള്‍ ഞാന്‍ വല്ലാതെ അമ്പരന്നു...
''ഇനി ഇങ്ങനെയായാല്‍ എന്നെ നീ കാണില്ല ''നിന്റെ വാക്കുകള്‍ക്കു
വല്ലാത്ത കനം. ..... എനിക്ക് അറിയാം..
കഴിഞ്ഞ ദിവസം കണ്ടപ്പോഴത്തെ എന്റെ പരിഭവവും, സൌന്ദര്യപ്പിണക്കവും നിന്നെ വേദനിപ്പിച്ചിരിക്കുന്നു .
''നമുക്കു പോകാം'' നീ പതിയെ എഴുന്നേറ്റു.

''നോക്കൂ,നീ വിഷമിക്കണ്ട..എന്നിലെ കാമുകിയാണ് നിന്നെ അലോസരപ്പെടുത്തുന്നത്..അവള്‍ക്കാണ് നിന്നെ പിരിയാന്‍ വയ്യാതെയായിരിക്കുന്നത്....ഇനി ഞാന്‍ അങ്ങനെയൊന്നും..'' ഞാന്‍ മന്ത്രിച്ചു.

നിറഞ്ഞുവരുന്ന എന്റെ കണ്ണുകള്‍ കണ്ടു നീ പുഞ്ചിരിച്ചു.
''നീ ഒരു മണ്ടി തന്നെ.... നിന്റെ ഓരോ സ്വപ്നാടാനങ്ങള്‍..'നീ പരിഹസിച്ചു.
'' ഞാന്‍ അതൊന്നും ചിന്തിച്ചിട്ടില്ല..അതുമല്ല ഒരു പ്രിയപ്പെട്ട സുഹൃത്ത് എന്നതിനപ്പുറം വേറൊന്നും നിന്നോട്..''നീ അര്ധോക്തിയില്‍ നിര്ത്തി എന്നെ നോക്കി.
ആ ഇരുളില്‍ നിന്റെ മുഖത്തെ ഭാവം എനിക്ക് അന്യമായിരുന്നു.


''വരൂ....ഞാന്‍ കൊണ്ടു വിടാം''
''ഉം ''ഞാന്‍ മൂളി..ശബ്ദം പുറത്തു വന്നില്ല.
നടന്നു തുടങ്ങിയ നിന്റെ പിന്നാലെ പതറിയ ചുവടുകളോടെ ഞാനും...

ഹൃദയതാളം പെരുമ്പറ പോലെ മുഴങ്ങി. ദേഹം പതിയെ വിറയ്ക്കാനും .
അപ്പോള്‍,..................
നീ തന്ന സ്നേഹം ,എന്റെ കണ്ണീരൊപ്പിയ കുഞ്ഞുമ്മകള്‍, മഴ പെയ്ത ആ രാത്രി ,എന്റെ അടിവയറ്റിലെ കുഞ്ഞു തുടിപ്പ്...
അതെല്ലാം സ്വപ്നാടനമോ...
ഹൃദയം ഈ നിമിഷം നിലക്കുമോ.... ഞാന്‍ ഭയന്നു.
നിഷേധഭാവത്തില്‍ തലയാട്ടി എന്തിനെന്നറിയാതെ ഞാന്‍ നിലത്തു മുട്ട് കുത്തി .
ഇതോ,നിരാലംബയുടെ നിസ്സഹായത ?
നിന്റെ നിഴല്‍ പോലും ദൂരെ മാഞ്ഞിരിക്കുന്നു....
കടലിന്റെ ഇരമ്പല്‍ മാത്രം കാതില്‍...
എന്നോട് തിരിഞ്ഞു നടക്കാന്‍ ആജ്ഞാപിക്കുന്നത് പോലെ...നിനക്കു ഞാന്‍ ഉണ്ടെന്നു പറയുന്നതു പോലെ...
വീണ്ടും ഒരു ജലശംഖ് ആകാന് മോഹിച്ചു കടലിലേക്ക്‌ നടന്നു...ഒരു ഉന്മാദിനിയെ പ്പോലെ....
കാലുകളെപ്പുണര്‍ന്ന തിരകളുടെ നുരകളിലേക്ക് ഒരു തുള്ളി കണ്ണുനീര്‍ തുളുമ്പി വീണു...
മനസ്സു കേണു..''നിന്നെ ഞാന്‍ ഒരുപാടു സ്നേഹിച്ചിരുന്നു...ഒരു കടലോളം...''

1 അഭിപ്രായം. >>ഇവിടെഎഴുതാന്‍ മറക്കണ്ടാ ട്ടോ..:

സബിതാബാല said...

nallathu.....

Post a Comment

അഭിപ്രായം ഇവിടെ...