പൂതനാമോക്ഷം

'എന്റെ കുനുഷ്ടുകള്‍ '' എന്ന ലേബലില്‍ പോസ്റ്റ്‌ ഉള്‍പ്പെടുത്താമോ എന്ന് പല തവണ ആലോചിച്ചു.
പിന്നെ ,ഇത് പോസ്റ്റുന്നത് തന്നെ ഒരു 'കുനുഷ്ടു ബുദ്ധി ' ആയതുകൊണ്ട് ലേബല്‍ തന്നെ ഉചിതം എന്ന് ഉറപ്പിക്കുകയാണ് .
പ്രസ്തുത വിഷയം ,മൂന്നു പോസ്റ്റുകളായി ഇടാമെന്ന് വിചാരിക്കുന്നു

സംഭവ കഥകളിലെ നായകന്‍, എന്റെ സ്വന്തം പ്രാണനാഥന്‍ തന്നെ.
മിക്ക ഗള്‍ഫുകാരുടെയും കല്യാണം പോലെ,ഞങ്ങളുടെതും,ഒരു അപ്രതീക്ഷിത-ആകസ്മിക സംഭവം ആയിരുന്നത് കൊണ്ടും ,
പെണ്ണുകാണാന്‍ വന്നതിന്റെ പത്തിന്റെയന്നു കല്യാണവും,കല്യാണം കഴിഞ്ഞു പത്തിന്റെയന്നു ദൂഫായിലേക്ക് പറക്കേണ്ടതുകൊണ്ടും,
സ്വസ്ഥമായി പഞ്ചാരയടിക്കാന്‍ പരിമിതമായ സമയമേ ഉള്ളൂ എന്നതിനാല്‍,ഉള്ള സമയം മാക്സിമം പ്രയോജനപ്പെടുത്തി ,പുതുപ്പെണ്ണിനെ ഇംപ്രെസ് ചെയ്യിക്കാന്‍ എന്റെ ഏട്ടന്‍ അന്ന് പല വഴികളും ആലോചിക്കുകയും,(ശ്രീനിവാസന്റെ 'ഫലിതബിന്ദുക്ക'ളൊക്കെ പ്രയോജനപ്പെട്ടാലോ എന്ന് കരുതി വടക്കുനോക്കിയന്ത്രം ' സിനിമ,രഹസ്യമായി നാലഞ്ചു തവണ കണ്ടെന്നൊക്കെ പിന്നീട് കക്ഷി എന്നോട് പറഞ്ഞു.:) ),അവസാനം,പണ്ടു കൊല്ലം T.K.M. കോളേജില്‍ പ്രീഡിഗ്രീ പരീക്ഷയൊക്കെ കഴിഞ്ഞു റിസള്‍ട്ടും പ്രതീക്ഷിച്ചിരിക്കവേ ,സ്ഥലത്തെ ചില പ്രധാന പയ്യന്സുമായി ചേര്ന്നു നടത്തിയ സാഹസികതകള്‍ പറഞ്ഞു എന്നെ ബോറടിപ്പിക്കാം എന്നൊരു ചിന്ത കക്ഷിയുടെ മനസ്സില്‍ ഉദിക്കുകയും ചെയ്തു.
അങ്ങനെ പറഞ്ഞ 3 വീരകഥകളില്‍ ഒന്നാണ് ഞാന്‍ പോസ്ടാന്‍ പോകുന്നത്.ദേ പിടിച്ചോ...


പരിഷ്കാരങ്ങളൊന്നും തൊട്ടു തീണ്ടാത്ത ഒരു ഉള്‍നാടന്‍ ഗ്രാമം ആണ് കേട്ടോ ,കഥയുടെ പശ്ചാത്തലം.
ശരിക്കും ഒരു കുഗ്രാമം. നാട്ടുകാര്‍ വളരെ സഹൃദയരും,കലാസ്നേഹികളും .
അല്‍പ്പമെങ്കിലും കലാവാസനയുള്ളവര്‍ക്ക് perform ചെയ്തു ഒരു ലോക്കല്‍ സ്റാര്‍ സിങ്ങറോ ,സ്റാര്‍ ഡാന്സറോ ഒക്കെ ആകാനുള്ള സാഹചര്യങ്ങള്‍ അന്ന് നാട്ടില്‍ സുലഭമായിരുന്നു.
അങ്ങനെ ഫലഭൂയിഷ്ടമായ മണ്ണില്‍ ,കലയുടെ പുതുവസന്തം വിരിയിക്കാന്‍ ,ഞാന്‍ തുടക്കത്തില്‍ സൂചിപ്പിച്ച ''സ്ഥലത്തെ പ്രധാന പയ്യന്‍സ് '' കൂലംകഷമായി ആലോചിക്കുകയും,അതിന്റെ ഫലമായി ''പ്രതിഭ ''എന്ന ഒരു ആര്‍ട്സ്‌ ക്ലബ്‌ രൂപംകൊള്ളുകയും ചെയ്തു.
ക്ലബ്ബിന്റെ പ്രസിഡന്റ്‌ ആയി ,ഏട്ടന്റെ ഉറ്റ സുഹൃത്ത്‌ ആയ മുരളിയും,സെക്രട്ടറി ആയി ഏട്ടനും,ഖജാന്‍ജി ആയി ഗോപിക്കുട്ടനും,ബാക്കി തസ്തികകളില്‍ ശുപാര്‍ശയും , കൈക്കൂലിയും ഇല്ലാതെ യോഗ്യരായ ചില പയ്യന്‍സിനെ കൂടി നിയമിക്കുകയും ചെയ്തു.
ക്ലബ്ബിന്റെ ഉദ്ഘാടന ദിവസം ഗംഭീരമാക്കാന്‍ ഭാരവാഹികള്‍ തീരുമാനിച്ചു.പരിപാടി എങ്ങനെ കൊഴുപ്പിക്കണം എന്ന് തല പുകച്ച ഇതര ഭാരവാഹികളോട്,ഒരു നാടകം അവതരിപ്പിച്ചാലോ എന്ന് ഏട്ടന്‍ തന്നെ നിര്‍ദ്ദേശം വെക്കുകയും,അത് ഭൂരിപക്ഷ ശബ്ദ വോട്ടോടെ പാസ്സാകുകയും ചെയ്തു.

ഇനി,നാടകത്തിനു കഥ വേണം ,നടീനടന്മാര്‍ വേണം.
ലോക്കല്‍സ് കൂടുതലും,ഭക്തമീരകളും,മീരന്മാരും ആയതിനാല്‍,പുരാണനാടകം മതി എന്ന് ഡിസ്ക്കഷനോടുവില്‍ തീരുമാനമായി.കഥ,'പൂതനാമോക്ഷം ' ഇനി,കഥാപാത്രങ്ങല്‍ക്കനുസരിച്ചു നടീനടന്മാര്‍ വേണം.
കൂട്ടത്തില്‍ മീശയില്ലാത്ത,,സ്ത്രൈണമായ മുഖമുള്ള ഗോപിക്കുട്ടനെ പൂതനയായും,ഗോപിക്കുട്ടന്റെ തന്നെ പെങ്ങള്ടെ മകന്‍ മനുവിനെ ശ്രീകൃഷ്ണനായും, ഫിക്സ് ചെയ്തു.കംസനായും ,നന്ദഗോപരായും മുരളി,ഏട്ടന്‍ എന്നീ മഹാത്മാക്കള്‍ യഥാക്രമം നിയമിതരാവുകയും ചെയ്തു.
മറ്റു കഥാപാത്രങ്ങളുടെ റോളുകള്‍ കൈകാര്യം ചെയ്ത നടന്മാര്‍ക്ക് , നമ്മുടെ ഈ കഥയില്‍
പ്രസക്തിയില്ലതതിനാല്‍ അവരെക്കൂടി പരിചയപ്പെടുത്തി ഞാന്‍ നിങ്ങളെ ബോറടിപ്പിക്കുന്നില്ല.
മുരളിയുടെ കെട്ടുറപ്പുള്ള തിരക്കഥയില്‍,നാടകത്തിന്റെ റിഹേഴ്സല്‍ ,ഗംഭീരമായി മുന്നേറിക്കൊണ്ടിരുന്നു .
പൂതനയായി ഗോപിക്കുട്ടനും,ഉണ്ണികൃഷ്ണനായി മനുവും(മനു ശ്രീകൃഷ്ണനെയും വെല്ലുന്ന കുസൃതി ) അഭിനയിച്ചു തകര്‍ക്കുന്നത് കണ്ടു കണ്ടിരുന്ന എല്ലാവര്ക്കും രോമാഞ്ചം വന്നു.
രോമമില്ലാത്തവര്‍,അസൂയയോടെ അത് നോക്കി നിന്നു.
.നാടകം ആദ്യകളിയില്‍ തന്നെ ഹിറ്റാകുമെന്ന് മനപ്പായസമുണ്ട് ,പരിപാടിയുടെ മുഴുവന്‍ ചുക്കാന്‍ പിടിക്കുന്ന ഏട്ടനും,മുരളിയും ആഹ്ലാദപുളകിതരായി .നാടകത്തിന്റെ തലേന്നാള്‍ വൈകിട്ട് റിഹേഴ്സല്‍ കഴിഞ്ഞു അവരവരുടെ പക്കലുള്ള costumes -ഉമായിപിറ്റേന്നു വൈകിട്ട് 5 മണിക്ക് തന്നെ അഭിനേതാക്കളും, 6 മണിക്ക് മറ്റു അണിയറ പ്രവര്‍ത്തകരും,ഹാജരാകണമെന്ന മെമോയും കൊടുത്തു .

അങ്ങനെ സുദിനം സമാഗതമായി.
വൈകുന്നേരം 6 മണിക്ക് ബഹു: പഞ്ചായത്ത് മെമ്പര്‍ ക്ലബ്ബിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും.
7മണിക്കാണ് നാടകം
5 മണിക്ക് ഗോപിക്കുട്ടനോഴികെ എല്ലാവരും ഗ്രീന്‍ റൂമില്‍ ഒത്തു ചേര്‍ന്നു.ഗോപിക്കുട്ടന്റെ വീട് താരതമ്യേന ദൂരെയാണ്.
അതിനാല്‍ കക്ഷി എത്തിക്കോളുമെന്നു വിചാരിച്ചു മനു ഉള്‍പ്പെടെയുള്ള അഭിനേതാക്കള്‍ മേക്കപ്പണിയുകയും ചെയ്തു.സമയം അഞ്ചരയായിട്ടും ഗോപിക്കുട്ടനെ കാണാഞ്ഞതിനാല്‍,നിയുക്ത പൂതനയെ തെരക്കി ഒരാളെ സൈക്കിളില്‍ വിടുകയും,ഗോപിക്കുട്ടന് ചിക്കന്‍പോക്സ് പിടിപെട്ടെന്നു ഞെട്ടിപ്പിക്കുന്ന വാര്‍ത്തയുമായി ദൂതന്‍ പോയതിനേക്കാള്‍ വേഗത്തില്‍ തിരികെയെത്തുകയും ചെയ്തു .
വാര്‍ത്ത കേട്ടതും,കംസനും,നന്ദഗോപരും (ഇപ്പോള്‍ രണ്ടാളും വേഷത്തിലാണ് കേട്ടോ )വാലില്‍ തീപിടിച്ചപോലെ അങ്ങോട്ടും ഇങ്ങോട്ടും പാഞ്ഞു.
ഇനി മുഹൂര്‍ത്തത്തില്‍ കേന്ദ്ര കഥാപാത്രമായ പൂതനയെ എവിടുന്നു സംഘടിപ്പിക്കും.
ആരെങ്കിലും സന്നദ്ധരായാല്‍ തന്നെ റിഹേഴ്സല്‍ ഒന്നുമില്ലാതെ എങ്ങനെ.....
കംസന്‍ (മുരളി )തലയില്‍ കയ്യും കൊടുത്തു താഴെയിരുന്നു.ഒടുവില്‍ നന്ദഗോപര്‍ കംസനെ തോളില്‍ തട്ടി വിളിച്ചു
'' എടാ,ഡോണ്ട് വറി, റിസ്ക്‌ ഞാന്‍ ഏറ്റെടുക്കാം .നന്ദഗോപരായി വേറെ ആരെയെങ്കിലും ഇറക്കാം.അങ്ങേര്‍ക്കു കൂടുതല്‍ ഡയലോഗ് ഒന്നുമില്ലല്ലോ പിന്നെ പൂതന, ഞാന്‍ ആകുമ്പോള്‍ റിഹേഴ്സല്‍ ഒന്നും വേണ്ട.സംഭവം എനിക്ക് ഇപ്പോള്‍ കാണാപാഠം ആണല്ലോ . ഞാന്‍ ഓടി വീട്ടില്‍ പോയി മീശയും എടുത്തു,അമ്മയുടെ ഒരു ബ്ലൌസും ,പട്ടുസാരീം സംഘടിപ്പിച്ചു ഓടി വരാം.''(പൂതനക്കുള്ള വേഷങ്ങള്‍ ഗോപിക്കുട്ടന്റെ കൈവശം ആയിരുന്നല്ലോ )കംസന്റെ ഉത്തരവ് കാത്തു നില്‍ക്കാതെ നന്ദഗോപര്‍ ചേലയോക്കെ ഊരിയെറിഞ്ഞു സിവില്‍ ഡ്രസ്സില്‍ സൈക്കിളില്‍ വീട്ടിലേക്കു പാഞ്ഞു .

ഉമ്മറത്ത്‌ നില്‍ക്കുന്ന അമ്മയോട് സാരിയും,ബ്ലൌസും തരാന്‍ സൈക്കിളില്‍ ഇരുന്നു കൊണ്ടുതന്നെ അലറിയിട്ടു ഓടി പോയി മീശ വടിച്ചു.പിന്നെ അമ്മ കാണാതെ കൊപ്ര ഇടുന്ന തട്ടിന്പുറത്തു നിന്നു 2 വലിയ ചിരട്ടയും (പൂതനയെക്കാള്‍ importance equipment- ന് ഉണ്ടെന്നു പാവം ഏട്ടന്‍ ഓര്‍ത്തത്‌ കുറ്റമാണോ.ഇല്ലെങ്കില്‍ പൂതനാമോക്ഷം എങ്ങനെ സംഭവ്യമാകും?? ദുഷ്ടന്‍ ഗോപിക്കുട്ടന്‍ അതുപോലും കൊടുത്തയച്ചില്ല കശ്മലന്‍ !!!) അമ്മ കാണാതെ ഒരു കവറില്‍ ആക്കി ,അമ്മ കൊടുത്ത സാരിയും,ബ്ലൌസും മേടിച്ച് വീണ്ടും തിരിച്ചു പറന്നു.
തിരകെ ഗ്രീന്‍ റൂമില്‍ എത്തിയപ്പോള്‍ സമയം 7.
നാടകം തുടങ്ങിയിരിക്കുന്നു .
.തെങ്ങാവെട്ടുകാരന്‍ കുട്ടപ്പന്‍ ചേട്ടനെ നന്ദഗോപരായി അവരോധിച്ചിരിക്കുന്നു.അങ്ങേരും,ഉണ്ണിക്കണ്ണനും ചേര്‍ന്നുള്ള ഏതോ രംഗം ആണ് നടക്കുന്നത്
പാവം എന്റെ ഏട്ടന്‍,പൂതനയിലെക്കുള്ള transformation ആരംഭിക്കുന്നതിന്റെ ഭാഗമായി ,ബ്ലൌസ് അണിഞ്ഞു
ഭഗവാനെ.!!!
വീണ്ടും പരീക്ഷണം .അമ്മക്ക് അല്‍പ്പം തടിയുള്ളത് കൊണ്ട് കയ്യൊക്കെ പാകം.പക്ഷെ,ഉടല്‍ ..അങ്ങോട്ട്‌ ശരിയാകുന്നില്ല.2 ഹൂക്കുകള്‍ ഇടാന്‍ വയ്യെന്ന് സാരം. വെക്കേഷന് വയററിയാതെ ഓരോന്ന് വലിച്ചു വാരി തിന്നതിന്റെ ഗുണം ,അല്ല ദോഷം..
false equipment (ചിരട്ട )കൂടി വെച്ചപ്പോള്‍ ശ്വാസം പോലും നേരെ കഴിക്കാന്‍ വയ്യ....
ദൈവമേ...ഇങ്ങനെ എങ്ങനെ നാടകം കളിച്ചു തീര്‍ക്കും.
സ്പെഷ്യല്‍ ഇഫക്ട്-ന് വലിയ കണ്ണന്‍ ചിരട്ട എടുക്കാന്‍ തോന്നിയ നിമിഷത്തെ ഏട്ടന്‍ മനസ്സാ ശപിച്ചു.
ഗോപിക്കുട്ടന്റെ ചിക്കന്പോക്സിനെയും.
താഴത്തെ രണ്ടു ഹൂക്കുകള്‍ ഇടാതിരുന്നാല്‍ സുഖം.
പക്ഷെ,ചിരട്ട അവിടെ ഇരിക്കുന്നില്ല.
ഇനി ഏതാനും നിമിഷങ്ങള്‍ക്കകം കംസനോടൊപ്പം
പൂതനയും കൃഷ്ണനെ കൊല്ലാന്‍ quotationഏറ്റെടുക്കാനായി സ്റ്റേജില്‍ കയറണം.

മുഹൂര്‍ത്തമെത്തി.
അതാ കംസന്‍ '' ആരവിടെ,പൂതനയെ വിളിക്കൂ'' എന്ന് ഉത്തരവിടുന്നു.
പൂതന മെല്ലെ സ്റ്റേജിലേക്ക് നീങ്ങി.
രക്ഷയില്ല.
സംഗതി വശപ്പിശകാണ്.
ചിരട്ട , ഭൂഗുരുത്വബലം മാക്സിമം പ്രയോജനപ്പെടുത്തുകയാണ്.
താഴേക്കു സ്ലിപ്‌ ആകുന്നു.
പൂതന കംസന്റെ മുന്നില്‍ ചെന്ന് കൈകൂപ്പി നിന്നു
(കൈകൂപ്പിയാല്‍ ഒരു വിധം പൊസിഷന്‍ അഡ്ജസ്റ്റ് ചെയ്യാമല്ലോ)
ഡയലോഗ് മുറയ്ക്ക് തട്ടിവിടുന്നുണ്ട്‌
പക്ഷെ ഈ കൈകൂപ്പല്‍!!!
പൂതന ഇടയ്ക്കിടെ കാറിന്റെ വൈപ്പര്‍ പോലെ കൈകള്‍ രണ്ടും രണ്ടും കൂട്ടിപ്പിടിച്ച്‌ മുകളിലേക്ക് നീക്കുന്നുമുണ്ട്
കംസന്റെ നെറ്റിയും വിയര്‍ക്കാന്‍ തുടങ്ങി.
രംഗങ്ങള്‍ കൈകൂപ്പി നിന്നു തന്നെ അവസാനിച്ചു.
കാണികള്‍,''കണ്ടില്ലേ,പൂതനക്ക് കംസനോടുള്ള ഭയഭക്തി'' എന്നൊക്കെ പറഞ്ഞു അര്‍മ്മാദിക്കുന്നു ( സോറി മൊത്തം ചില്ലറേ ... വീണ്ടും ഇത് ഇങ്ങട് കടം എടുക്കുവാ )

അങ്ങനെ ക്ലൈമാക്സ്‌ രംഗം വന്നെത്തി
മനു , കൃഷ്ണന്റെ വേഷത്തില്‍ അല്‍പ്പം 'ജാഡ''യൊക്കെയായി അമ്പാടിയില്‍ കറങ്ങി നടക്കുന്നു.
പാവം പൂതന,കൃഷ്ണന്റെയടുത്തും, കൈകൂപ്പിയാണ് എത്തിയത്.(ഇതെങ്ങാനും കംസന്‍ മൊതലാളി കണ്ടാല്‍ പണി പോയി കിട്ടും എന്ന പേടിയോടെ ചുറ്റും നോക്കുന്നുണ്ടായിരുന്നു )
കുറച്ചു നേരം രണ്ടു പേരും കൊച്ച് വര്‍ത്തമാനമൊക്കെ പറഞ്ഞിരുന്നു.ഗ്രീന്‍ റൂമില്‍ നിന്നുമുള്ള പഴുതിലൂടെ രംഗം കണ്ടു നിന്ന കംസന്‍ ,ദീര്‍ഘ ശ്വാസം വിട്ടു,''ഏതായാലും സീന്‍ കൂടെ കഴിഞ്ഞാല്‍ ടെന്‍ഷന്‍ തീര്‍ന്നുകിട്ടുമല്ലോ .''
അങ്ങനെ,ഒടുവില്‍ പൂതന,കൃഷ്ണനെ,അമുല്‍ മില്‍ക്ക് കഴിക്കാന്‍ ക്ഷണിച്ചു.
''വാ മോനെ... ആന്റിയുടെ മടിയില്‍ കിടക്കൂ ''
ക്ഷണം കിട്ടിയതും മനു ആക്രാന്തത്തോടെ പൂതനയുടെ കയ്യിലേക്ക് ചാടിക്കയറി.
ഏട്ടന്‍പൂതന ഷോക്ക്‌ അടിച്ചപോലെയായി.
ചെക്കന്റെ കൈതട്ടി ,ഒരു ചിരട്ട വയറിനു മുകള്‍ ഭാഗത്ത് എത്തി വിശ്രമിക്കുന്നു ഇപ്പോള്‍.
ദൈവമേ.. ചെക്കന്‍ അവസാനം കൊണ്ടിട്ടു നശിപ്പിച്ചല്ലോ.ഇനിയെന്തുചെയ്യും...''(ആത്മഗതം)
സമയം പോകുന്നു.
''പാല് കൊടുക്കൂ..'' മുരളി കംസന്‍ കര്‍ട്ടന്റെ ഇടയിലൂടെ ആംഗ്യം കാണിക്കുന്നു.
പക്ഷെ,എങ്ങനെ..??
കൃഷ്ണന്റെ ക്ഷമയും കെട്ടു. .(greedy boy )
കൃഷ്ണന്‍ പൂതനയുടെ സാരി മെല്ലെ മാറ്റി ബ്ലൌസ് പൊക്കിയതും.........( സീന്‍ സത്യമായിട്ടും സ്ക്രീന്‍ പ്ലേ-യില്‍ ഇല്ലായിരുന്നു )
''ടാപ്‌ ''.....ചിരട്ട ചാടി താഴെവീണ്‌ .,പിന്നെ മന്ദം മന്ദം ഉരുണ്ടു ഭക്തജനങ്ങളുടെ ഇടയിലേക്ക് പോയി.
പാവം പൂതന ........അംഗങ്ങള്‍ ചേദിക്കപ്പെട്ടതിന്റെ വേദന പണ്ടു ശൂര്‍പ്പഖയോടു ചോദിച്ചാലല്ലേ അറിയൂ... ഇപ്പോള്‍ നമ്മുടെ പൂതനയും..
നിമിഷം തന്റെ 2 ഹാര്‍ട്ട്‌ ബീറ്റ്‌ മിസ്സ്‌ ആയെന്നു ഏട്ടന്‍ എന്നോട് പറഞ്ഞപ്പോ എന്റെ ചങ്കും ഇടിച്ചു പോയി.പിന്നീട് സംഭവിച്ചതൊക്കെ.... ഓര്‍മ്മയില്ലെന്നും പറഞ്ഞു.പാവം .
പക്ഷെ,ഇപ്പൊ ബുള്‍സ് ഉണ്ടാകുമ്പോള്‍ പറയും,വേകാത്ത ബുള്‍സ് -ടെ ടേസ്റ്റ് അന്ന് സ്റ്റേജില്‍ വെച്ചാ രുചിച്ചതെന്ന്.

(തുടരും )

20 അഭിപ്രായം. >>ഇവിടെഎഴുതാന്‍ മറക്കണ്ടാ ട്ടോ..:

smitha adharsh said...

പൂതനാ മോക്ഷം കലക്കി..
ചിരിപ്പിച്ചു ട്ടോ..

Kamsan said...

എന്റെം അപ്പൂന്റെം ഫോട്ടോ എന്നും പറഞ്ഞു ഈ പോസ്റ്റില്‍ കാണുന്ന ഫോട്ടോ കഴിഞ്ഞ പോസ്റ്റില്‍ കൊടുത്തിരുന്നേല്‍ നന്നായേനെ. ഒരവാര്‍ഡ് കിട്ടിയേനെ.

മാനസ said...

കംസാ,കശ്മലാ.......:x

Appu Adyakshari said...

ഹ..ഹ.ഹ...കലക്കി.

nandakumar said...

“ടാപ്‌ .....ചിരട്ട ചാടി താഴെവീണ്‌ .,പിന്നെ മന്ദം മന്ദം ഉരുണ്ടു ഭക്തജനങ്ങളുടെ ഇടയിലേക്ക് പോയി.“

ഹഹഹ ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല :
ഹെന്റെമ്മേ....:)

Areekkodan | അരീക്കോടന്‍ said...

ഹ..ഹ.ഹ...

കൂട്ടുകാരന്‍ | Friend said...

ഗോപിക്കുട്ടന് ചിക്കെന്പോക്സ് പിടിപെട്ടെന്നു ഞെട്ടിപ്പിക്കുന്ന വാര്‍ത്തയുമായി ദൂതന്‍ പോയതിനേക്കാള്‍ വേഗത്തില്‍ തിരികെയെത്തുകയും ചെയ്തു .
വാര്‍ത്ത കേട്ടതും,കംസനും,നന്ദഗോപരും (ഇപ്പോള്‍ രണ്ടാളും ആ വേഷത്തിലാണ് കേട്ടോ )വാലില്‍ തീപിടിച്ചപോലെ അങ്ങോട്ടും ഇങ്ങോട്ടും പാഞ്ഞു.
കംസനും നന്ദഗോപര്‍ക്കും വാലുണ്ടയിരുന്നോ? ഇപ്പോഴും ഉണ്ടോ? :):) :):)
അവതരണം കലക്കി.... ചിരിച്ചു കേട്ടോ... :):)

വികടശിരോമണി said...

ചിരിപ്പിച്ചൂട്ടോ.നല്ല ഒഴുക്കുള്ള എഴുത്ത്.വായിച്ചിരുന്നു പോയി.

പി.സി. പ്രദീപ്‌ said...

അട്ടെ പിടിച്ച് മെത്തേ കിടത്തിയാല്‍ കിടക്കുമോ?
അതുപോലാ ഈ ചിരട്ടയെടുത്ത്...........
എന്തായാലും നന്നായി അവതരിപ്പിച്ചു കേട്ടോ:)

Rare Rose said...

എന്റമ്മോ..പൂതനാമോക്ഷം രസായി എഴുതീ ട്ടോ..നന്നായി ചിരിച്ചു..:)

ബിന്ദു കെ പി said...

പൂതനാമോക്ഷം അടിപൊളി! നന്നായി ചിരിപ്പിച്ചു..

പിന്നേയ്, തുടരും എന്നെഴുതിയിട്ടുണ്ടല്ലൊ...ഈ സംഭവം അവിടം കൊണ്ടും തീർന്നില്ലെന്നാണൊ..?

മാനസ said...

കൂട്ടുകാരാ,
നന്ദഗോപര്‍ക്ക്(പിന്നെ പൂതനയായല്ലോ) വാല്‍ ഇപ്പോള്‍ ഇല്ല.
കംസന്റെ കാര്യം എനിക്ക് അറിയില്ല കേട്ടോ.
കക്ഷി ഇപ്പൊ ദുഫായിയില്‍ ഉണ്ടെന്നു മാത്രം അറിയാം.

ആഹ്... തുടരും ബിന്ദു ,
ഈ കലാകാരന്മാരുടെ സാഹസികതകളുടെ രണ്ടാം ഭാഗം ഞാന്‍ ഇപ്പോഴേ തയ്യാറാക്കി
freezer - വച്ചേക്കുവാ ..:)
ഇനി അതെടുത്ത് defrost ചെയ്ത് ,oven -ല്‍ കേറ്റി ഒന്നു reheat ചെയ്ത്... അങ്ങ്ട് പോസ്റ്റും....
ഉടനെ പ്രതീക്ഷിച്ചോളൂ..........
അഭിപ്രായങ്ങള്‍ പറഞ്ഞ എല്ലാ കൂട്ടുകാര്‍ക്കും നന്ദി....

Mahesh Cheruthana/മഹി said...

മാനസി,
പൂതനാ മോക്ഷം തകർത്തുവാരി!!!!മനോഹരമായ എഴുത്ത്!!!!!!!!എല്ലാ ആശംസകളും!

the man to walk with said...

ishtaayi

ഹന്‍ല്ലലത്ത് Hanllalath said...

പണ്ട് സുരേഷ് ഗോപീടെ പഠന സമയത്തുള്ള ഒരു അനുഭവം വായിച്ചതോര്‍ക്കുന്നു
ഏകദേശം ഇതേ പോലെ തന്നെ...

ആശംസകള്‍..

Jayasree Lakshmy Kumar said...
This comment has been removed by the author.
Jayasree Lakshmy Kumar said...

ഹ ഹ. അതു കലക്കി മാനസി :)

സബിതാബാല said...

വളരെ രസമുണ്ട് വായിക്കാന്‍..
ഞാനും എന്റെ ഏട്ടനും കൂടി വായിച്ച് കുറച്ചൊന്നുമല്ല ചിരിച്ചതു...

Shooting star - ഷിഹാബ് said...

“മാനസീ മോക്ഷം“ നന്നായിരിക്കുന്നു. ഇതൊരു മോക്ഷം തന്നെയാണ്ട്ടോ... എഴുത്തിന്റെ പഴയഘട്ടത്തിൽ നിന്നും പുതിയ ഘട്ടത്തിലേക്കുള്ള മോക്ഷം... ഗംഭീരായിട്ടുണ്ട്.

പഞ്ചാരക്കുട്ടന്‍.... said...

ഹായി..പ്രീയമാനസ്സി..(ചേച്ചി)
പൂതനാ മോക്ഷവും ..കണ്ണന്‍ ചിരട്ടാമോക്ഷവും എല്ലാം അടിപൊളി......
ആശംസകള്‍..
സ്നേഹപൂര്‍വ്വം...
ദീപ്....

Post a Comment

അഭിപ്രായം ഇവിടെ...