അബോര്‍ഷന്‍

കൃത്യം അഞ്ചരയ്ക്കു അലാറം ഒച്ചയിട്ടു .
ഞാന്‍ സ്വപ്നത്തില്‍ നിന്നെന്നപോലെ ഞെട്ടിയുണര്‍ന്നു .
ഏട്ടന്‍ കമിഴ്ന്നു കിടന്നു സുഖമായി ഉറങ്ങുന്നു.
ബ്ലാങ്കറ്റിനുള്ളിലെ സുഖോഷ്ണത്തില്‍ നിന്നു ഞാന്‍ പതിയെ അടുക്കളയിലെ തണുപ്പിലേക്ക് ഊളിയിട്ടു...
അടുക്കളയിലെ ലൈറ്റിടും മുന്‍പേ പുളിച്ചു പൊന്തിയ മാവിന്‍റെ മണം മൂക്കിനെ തുളച്ചു .
ഇന്നലെ അപ്പത്തിനു മാവ് അരച്ച് വെച്ചതില്‍ യീസ്റ്റ് കൂടിപ്പോയോ ആവോ...

തലയ്ക്കു വല്ലാത്ത പെരുപ്പ് പോലെ.
ഉറക്കം തീരെ ശരിയായില്ല.ഉണ്ണിയുടെ ഗൃഹപാഠങ്ങളും,പ്രൊജക്റ്റ്‌ വര്‍ക്കുകളും ,യൂനിറ്റ് ടെസ്റ്റ്-നുള്ള
തയ്യാറാക്കലും കഴിഞ്ഞു ഞാനും അവനും പാതിരാവിലെപ്പോഴോ ആണ് കിടന്നത് .ബ്ലാങ്കറ്റിനുള്ളില്‍ പട്ടുനൂല്‍ പ്യൂപ്പയെ പ്പോലെ അവന്‍ ഇപ്പോഴും ചുരുണ്ട് കൂടി കിടക്കുന്നു...പാവം കുട്ടി ! കുഞ്ഞിന്‍റെ പഠനഭാരത്തെ ക്കുറിച്ചോര്‍ത്തു ഏതൊരു അമ്മയെയും പോലെ എന്‍റെ ധാര്‍മ്മിക രോഷവും ആളിക്കത്തി.

കുടിക്കാനുള്ള വെള്ളം തിളപ്പിക്കാന്‍ സ്റൌവില്‍ വെച്ചിട്ട് ബാത്രൂമിലേക്ക് നടന്നു .വെള്ളത്തിന്‌ ഐസിനെക്കാള്‍ തണുപ്പ് . വര്‍ഷം പൊതുവേ തണുപ്പ് കൂടുതലാണ്.ആഗോള താപനത്തിന്‍റെ പരിണിത ഫലമത്രെ !ആവോ !!
ഉത്തരേന്ത്യയില്‍ അതിശൈത്യം കാരണം കുറേപ്പേര്‍ മരിച്ചെന്നോ,ഡെല്‍ഹി വിമാനത്താവളം മൂടല്‍ മഞ്ഞു കാരണം അടച്ചിട്ടെന്നോ ....ഒക്കെ ന്യൂസില്‍ കേട്ടു.

ഡെല്‍ഹി, മനുവേട്ടനെ ഓര്‍മ്മിപ്പിച്ചു.
ഇന്ന് ,പതിവില്ലാതെ പുലരുവോളം മനുവേട്ടനെ സ്വപ്നം കണ്ടു.
എന്‍റെ അപ്പച്ചിയുടെ മകനാണ് കേട്ടോ,മനുവേട്ടന്‍ .എന്‍റെ മുറചെറുക്കന്‍ .!!
വിധി സംവിധാനം ചെയ്ത ദുരന്തനാടകത്തിലെ കഥാപാത്രമായിരുന്നില്ലെങ്കില്‍ ...ഒരു പക്ഷെ,എന്റെതാകുമായിരുന്ന മനുവേട്ടന്‍ ....

അടുപ്പത്ത് വെള്ളം തിളയ്ക്കുന്ന ശബ്ദം എന്നെ ചിന്തകളില്‍ നിന്നുണര്‍ത്തി .
വെള്ളം പകര്‍ന്നു വെച്ചു,ചായക്ക്‌ വെള്ളം വെച്ചപ്പോഴേക്കും ഉണ്ണി എഴുന്നേറ്റു .
കണ്ണും തിരുമ്മി മടി പിടിച്ചു വന്നു എന്‍റെ വയറ്റില്‍ മുഖമമര്‍ത്തി നിന്നു കുറച്ചു നേരം...എന്‍റെ ചലനങ്ങള്‍ക്കനുസരിച്ച് അവന്റെ കുഞ്ഞു ശരീരം എന്നോടൊപ്പം ഉലഞ്ഞു...
''മോന്‍ പോയി പല്ല് തേക്കൂ....അപ്പോഴേക്കും അമ്മ കുളിപ്പിക്കാന്‍ വരാം...'''
മോനെ ഉന്തി തള്ളി വിട്ട ശേഷം ഞാന്‍ അപ്പച്ച ട്ടിയിലേക്ക് മാവ് കോരിയൊഴിച്ച് മൂടി വെച്ചു. കറിയെന്തുണ്ടാക്കും??
പൊട്ടറ്റോ സ്ട്യൂ ആയാലോ...
പല്ലുതേച്ചു വന്ന ഉണ്ണി ചിണുങ്ങി,''
അമ്മേ,ഇന്നലെ ഇംഗ്ലീഷ് ഹോം വര്‍ക്ക്‌-ല്‍ ഒരെണ്ണം രാവിലെ എഴുതാമെന്ന് പറഞ്ഞു വിട്ടില്ലേ,അതു പറഞ്ഞുതാ...'
''ഏതു ?''
'' 'Tajmahal ' -ന്‍റെ മുന്നില്‍ ' the' ആണോ,'a' ആണോ 'an' ആണോ ചേര്‍ക്കുന്നെ ?''

''മോന് ഏതാണ് ശരിയെന്ന തോന്നുന്നേ, ഒക്കെ ഇന്നലെ അമ്മ പറഞ്ഞു തന്നതല്ലേ ?''

''അതു 'താജ്മഹല്‍ ' ലോകത്ത് ഒരെയോരെണ്ണമല്ലേ ഉള്ളൂ.. അപ്പോള്‍ the അല്ലേ ചേര്‍ക്കണ്ടത് ''
''ഉം..''
ഞാന്‍ അലസമായി മൂളി...
മനുവേട്ടന്‍ വീണ്ടും ഓര്‍മ്മയിലേക്ക് തെളിഞ്ഞു വന്നു...അനുവാദം വാങ്ങാതെ...

ഡല്‍ഹിയില്‍എയര്‍ ഫോഴ്സില്‍ ആയിരുന്നു മനുവേട്ടന്‍ .
'എന്‍റെ മനുവിന്‍റെ പെണ്ണാണ് നീ 'എന്ന് അപ്പച്ചി ഇടയ്ക്കിടെ പരസ്യമായി ഓര്‍മ്മപ്പെടുത്തുന്നത്‌ കൊണ്ടു ഒരു അംഗീകൃത പ്രണയത്തിന്‍റെ സുഖം നുകര്‍ന്ന് മനുവേട്ടന്‍റെ ഓരോ അവധികാലത്തെയും ഞങ്ങള്‍ അവിസ്മരണീയമാക്കി .
ഒരിക്കല്‍ തെക്കേ തൊടിയിലെ പച്ചപ്പായല്‍ പിടിച്ച കല്‍പ്പടവില്‍ വെച്ചു ,എന്‍റെ പ്രണയ കവിത വായിച്ചിട്ട് നെറ്റിയില്‍ ഉമ്മവേച്ച ശേഷം മനുവേട്ടന്‍ പറഞ്ഞത് ഇന്നലെയെന്നപോലെ ഓര്‍മ്മവരുന്നു .
''കല്യാണം കഴിഞ്ഞാല്‍ എന്‍റെ പെണ്ണിനെ ഞാന്‍ ആദ്യം കൊണ്ടു പോകുക ,താജ്മഹല്‍ കാണാന്‍ ആണ് ,അനശ്വര പ്രണയത്തിന്‍റെ സ്മാരകം കാണാന്‍ ...''
നാണത്തോടെ പുഞ്ചിരിച്ച എന്‍റെ കവിളില്‍ കിള്ളി '' കാത്തിരിക്കാന്‍ വയ്യ പെണ്ണെ... അടുത്ത ലീവിന് പറ്റുമെങ്കില്‍ നിന്നെയും കൂടെ കൂട്ടണം ''എന്ന് പറഞ്ഞു പോയ മനുവേട്ടന്‍ ലീവാകാന്‍ കാത്തുനില്‍ക്കാതെ എത്തി,ത്രിവര്‍ണ്ണ പതാകയില്‍ പൊതിഞ്ഞ പെട്ടിയില്‍ ,ഭദ്രമായി ...
ഹെലികോപ്ടര്‍ ആക്സിഡന്‍റ് ആയിരുന്നത്രെ .
ഓര്‍മ്മകള്‍ കണ്ണ് നനയിച്ചു...

'' ഞാന്‍ മരണത്തെപ്പുല്കാം ,എന്ന -
നുരാഗ യമുനാ തീരത്തു നീയൊരു ,
താജ് മഹല്‍ എന്നോര്‍മ്മക്കായ് പണിയുമെങ്കില്‍ ...
എന്‍ തകര്‍ന്ന സ്വപ്നത്തിന്‍ വെള്ളാരംകല്ലിനാല്‍ .'
നിന്‍റെ ജ്വലിക്കും സ്നേഹത്തിന്‍ നിറക്കൂട്ടാല്‍ ......''

മനസ്സില്‍ വരികള്‍ തുളുമ്പി....
എന്‍റെ പെന്‍സില്‍ എവിടെ ?
അടുക്കളയില്‍തീര്‍ന്നു പോകുന്ന സാധനങ്ങളുടെ ലിസ്റ്റ് കുറിക്കാന്‍ സ്പൂണ്‍ റാക്കില്‍ കരുതിയിരുന്ന പെന്‍സിലും,പേപ്പറും എടുത്തപ്പോഴേക്കും ബാത്രൂമില്‍ നിന്നും ഉണ്ണിയുടെ വിളി..

സ്ഥലകാല ബോധം വന്നു.
ഭാഗ്യം! ഓര്‍മ്മകളുടെ കുത്തൊഴുക്കിലും,അപ്പം ചുട്ടു തീര്‍ന്നിരിക്കുന്നു .
പക്ഷെ,മറക്കാതെ വരികള്‍ പകര്‍ത്തണ്ടേ ?ഇല്ല,ഒന്നും നടക്കില്ല...

എത്ര ദിവസമായി വിചാരിക്കുന്നു മനസിലുള്ളതൊക്കെ പേപ്പറിലേക്ക്‌ കുറിച്ച് വെക്കണമെന്ന്...
പച്ചക്കറി നുറുക്കുമ്പോഴും,ദോശക്കു മാവരക്കുമ്പോഴുമോക്കെയാണ് മനസ്സിനെ യഥേഷ്ടം മേയാന്‍ വിടുന്നത്...കഥയെന്നും,കവിതയെന്നു ഞാന്‍ രഹസ്യപ്പേര് വിളിച്ചു, ഞാന്‍ പേപ്പറില്‍ കുനുകുനെ കിളിര്‍ക്കാനിടുന്ന അക്ഷരമണികള്‍ക്ക് വെള്ളവും,വളവും നല്‍ക്കുന്നത് , ,എന്തിനു,നിലമൊരുക്കുന്നത് പോലും, ജോലികള്‍ക്കിടയിലുള്ള എന്‍റെ മാനസിക വ്യാപാരങ്ങളാണ് .
എന്തെങ്കിലും കുറിക്കാന്‍ കുത്തൊഴുക്കായി മനസ്സിലേക്ക് കൊണ്ടു വരുന്നതും അവയാണ് .പക്ഷെ,
മിന്നല്‍പ്പിണര്‍ പോലെ മനസ്സില്‍ തികട്ടുന്നത് പകര്‍ത്താന്‍ നിന്നാല്‍ ഉച്ചക്ക് ഊണിനു പകരം കവിത വിളമ്പേണ്ടി വരും...
ഒരു വീട്ടമ്മയിലെ കുഞ്ഞുകവയിത്രിയുടെ ദുര്‍വിധി.
ഞാന്‍ ബാത്ത് റൂമിലേക്ക്‌ നടനന്നു.
ഉണ്ണിയെ കുളിപ്പിക്കുമ്പോഴേക്കും ഏട്ടന്‍ എഴുന്നേറ്റു വന്നു.
ചട്ടുകത്തിന്‍റെ അടിയില്‍ വിശ്രമിക്കുന്ന കടലാസിലെ അപൂര്‍ണ്ണമായ വരികള്‍ വായിച്ചു ഏട്ടന്‍ പുഞ്ചിരിച്ചു.
''എന്‍റെ പെണ്ണിന് വീണ്ടും ഗര്‍ഭം ''??
കേട്ട വാക്കുകളോടുള്ള അനിഷ്ടം ഞാന്‍ ഉണ്ണിയുടെ ഷര്‍ട്ട് ഒട്ടൊരു ഒച്ചയോടെ കുടഞ്ഞു തീര്‍ത്തു .
ധൃതിയില്‍ മോനെ ഡ്രസ്സ്‌ ചെയ്യിച്ചു കോണ്‍ഫ്ലേക്സും പാലും കൊടുത്തു ,ടിഫ്ഫിനും വെള്ളവും,ബുക്സും ബാഗിലാക്കി കുഞ്ഞിന്‍റെ കയ്യില്‍പ്പിടിച്ചു പുറത്തേക്കു ഓടുമ്പോള്‍ സ്കൂള്‍ ബസിന്‍റെ ഹോണ്‍ കേട്ടു.

തിരികെയെത്തി,ഏട്ടന്‍റെ ഡ്രസ്സ്‌ തേച്ചു മിനുപ്പാക്കി ,പ്രാതലും കൊടുത്തു
യാത്രയാക്കി .
സോഫയില്‍ വന്നു കുറച്ചുനേരം കണ്ണടച്ച് കിടന്നു, വരികള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു...
ഇല്ല.... ഒരു മൂടല്‍ മാത്രം.
'കവിത വരാന്‍ തലയില്‍ നെല്ലിക്കാത്തളം വെച്ചു വെയിലത്തിരിക്ക് പെണ്ണെ 'എന്ന് എന്ന ശുണ്ടിപിടിപ്പിക്കുമായിരുന്ന മനുവേട്ടനെ വീണ്ടും ഓര്‍ത്തു .
7 വര്‍ഷങ്ങള്‍ക്കിപ്പുറം മനുവേട്ടനെ ഓര്‍ക്കാനും,സ്വപ്നം കാണാനും എന്താണെന്ന് ഞാന്‍ വീണ്ടും അതിശയിച്ചു...
അല്ലെങ്കിലും എന്തെങ്കിലും എഴുതിവരുമ്പോള്‍ അതിലെല്ലാം മനുവേട്ടന്‍റെ പ്രണയാര്‍ദ്രമായ നോട്ടത്തിന്‍റെ,സ്പര്‍ശനത്തിന്‍റെ അഭൌമമായ ചൈതന്യം നിറയും...പ്രണയവും,വിരഹവും ഇല്ലെങ്കില്‍ എനിക്ക് കവിതയെഴുതാന്‍ പറ്റില്ലെന്നാണോ....
മനസ്സിനെ മഥിക്കാന്‍ ഇതിലും തീവ്രമായ വികാരങ്ങള്‍ ഇല്ലെന്നാണോ....
എന്നിട്ടും ഞാന്‍ മറന്നില്ലേ,മനുവേട്ടനെ,പലപ്പോഴും....
പൂര്‍വ്വകാല കഥകളെല്ലാം അറിഞ്ഞു,പൂര്‍ണ്ണ മനസ്സോടെയാണ് ഏട്ടന്‍ തന്‍റെ ജീവിതത്തിലേക്ക് എന്നെ കൈ പിടിച്ചു കൊണ്ട് വന്നത്...
സൌഭാഗ്യങ്ങളുടെ നടുവിലേക്ക്....
സ്നേഹസമുദ്രത്തില്‍ നീന്തുന്ന ഞാന്‍ നഷ്ടപ്രണയത്തിന്‍റെ കാവല്‍ മാലാഖയാകാന്‍ പാടില്ലെന്ന് ഞാന്‍ മനസിനെ പറഞ്ഞു പഠിപ്പിച്ചു...ഒട്ടൊരു കാര്‍ക്കശ്യത്തോടെ.....
ക്ലോക്ക് 9 അടിച്ചു .
കിടന്നാല്‍ പറ്റില്ല.....
ഏട്ടന്‍ കൃത്യം 12 മണിക്ക് എത്തും.
ഊണൊരുക്കല്‍ ,മുറി തുടക്കല്‍ ,തുണിയലക്കല്‍ ..
കുറെ പണികള്‍ കിടക്കുന്നു...

* * *
അടുക്കളയിലെ സിങ്കില്‍ നീന്തുന്ന അയലകള്‍ !
ഫ്രീസറിലെ മരവിച്ച തണുപ്പില്‍ നിന്നു താരതമ്യേന ചൂടുള്ള വെള്ളത്തിലേക്ക്‌ ചാടിയ മീനുകള്‍ ഉത്സാഹത്തിമര്‍പ്പില്‍ ഒന്നു പുളഞ്ഞു അടിയിലേക്ക് ഊളിയിട്ടു .സാന്‍റ് പേപ്പറില്‍ തേച്ചു മൂര്‍ച്ച വരുത്തിയ കത്തിയും,ചിറകുകളും ,വാലും അരിഞ്ഞു തള്ളാന്‍ ഞാന്‍ സജ്ജമാക്കിയ കത്രികയും ഇവറ്റകള്‍ കണ്ടില്ലെന്നുണ്ടോ?

മീനുകള്‍ ഐസൊക്കെ പോയി ഒന്നുഷാറാകുമ്പോഴേക്കും കറിക്കുള്ള മാങ്ങയും,മസാലകളും തയാറാക്കി വെക്കാം.
ഫ്രിഡ്ജിന്‍റെ വെജിറ്റബിള്‍ റാക്കില്‍ നിന്നെടുത്ത പുളിച്ചി മാങ്ങയുടെ തൊലി ചാതുര്യത്തോടെ ഞാന്‍ ചെത്തി തുടങ്ങി .അറബിനാട്ടിലെ മരുപ്പച്ചയില്‍ വിളഞ്ഞ മാങ്ങയാണെങ്കിലും നല്ല നാട്ടുമാങ്ങയുടെ മണം !
ഞാന്‍ കണ്ണുകളടച്ചു വാസനിച്ചു .ഉള്ളിലേക്കെടുത്ത മണത്തോടൊപ്പം മനസ്സ് കടല്‍ കടന്നു തറവാട്ടിലെ തൊടിയിലേക്ക്‌ പറന്നു...

ധനുമാസക്കാറ്റേറ്റു പുളകിതയായി തെരുതെരെ മാമ്പഴം ചോരിഞ്ഞിടുന്ന മുത്തശ്ശി നാട്ടുമാവ് ,കഴിഞ്ഞതിന്‍റെ അങ്ങേക്കൊല്ലമാണ് മുറിച്ചത്.മുത്തശ്ശീടെ ചിതയൊരുക്കാന്‍ .
കാറ്റത്ത് അടര്‍ന്നു വീഴുന്ന നാട്ടുമാമ്പഴങ്ങള്‍ പെറുക്കിക്കൂട്ടുന്ന ഞങ്ങള്‍ കുട്ടികളുടെ കലപില,മാറിനിന്നു കണ്ടു രസിച്ചു വല്യേട്ടന്‍ ചമയുമായിരുന്നു മനുവേട്ടന്‍ .
വള്ളിനിക്കറിന്റെ പോക്കറ്റിലും,കൈക്കുമ്പിളിലും മാമ്പഴങ്ങളുമായി കൂട്ടുകാര്‍ ഓടി മറയുമ്പോള്‍ ,തെറുത്തുവേച്ച പാവാടയില്‍ നിറച്ച മാമ്പഴങ്ങളുമായി,ഓടാനാവാതെ പരുങ്ങി നിന്ന എന്‍റെ കയ്യില്‍ എത്തിപ്പിടിച്ച്‌ ''മാമ്പഴം തിന്നു തിന്നു എന്‍റെ ലക്ഷ്മിക്കുട്ടിക്കും മാമ്പഴത്തിന്‍റെ മണമായോന്നു നോക്കട്ടെ '' എന്ന് പറഞ്ഞു,കവിളില്‍ ചുണ്ടമര്‍ത്തിയപ്പോള്‍ ,നനുത്ത പൊടി മീശ കൊണ്ടു കവിള്‍ നൊന്തു.
'പോ കുന്തക്കാലാ 'ന്നു വിളിച്ചു ഓടിപ്പോയതോര്‍ത്ത്‌ അറിയാതെ ചിരിവന്നു .ഞാന്‍ മാങ്ങ ചെറിയ കഷണങ്ങളായി അരിയാന്‍ തുടങ്ങി.
പെട്ടെന്ന് കോളിംഗ് ബെല്‍ ശബ്ദിച്ചു.
ഈശ്വരാ..! മണി അതിനിടേല്‍ 12 ആയോ?
വാതില്‍ തുറന്നു.
എട്ടന്‍ .
''ഉം,എന്താ ഒരു പുഞ്ചിരി,ഭാവനയുടെ ലോകത്ത് വിഹരിക്കുകയാണോ ?''
'കളിയാക്കണ്ട,എഴുതും ഞാന്‍ '
'' ദിവസം മൂന്നാല് പ്രാവശ്യം നാട്ടിലേക്ക് വിളിച്ചു അവിടുള്ളോരുടെ സ്വസ്ഥത കെടുത്തുന്നത് പോരാഞ്ഞിട്ടാണോ ഇനി കത്തെഴുത്ത്..''
''അയ്യെടാ,എന്തൊരു വില കുറഞ്ഞ തമാശ.''
'ഹിഹി'..എട്ടന്‍ ചമ്മിയ ചിരി ചിരിച്ചു
''എഴുതിക്കോളൂ ,അക്ഷരങ്ങള്‍ കുറച്ചു കൂടി നന്നാവട്ടെ ...കുറെ നാളായി ഉപയോഗിക്കാതെ ഒക്കെ തുരുമ്പെടുത്തു ഇരിക്കുവല്ലേ ...''
പ്രണ്‍ കെട്ടി ആയുധങ്ങളുമായി മീനിനെ പോസ്റ്റ്‌ മോര്‍ട്ടം ചെയ്യാന്‍ തുടങ്ങുമ്പോള്‍ പിന്നില്‍ ഏട്ടന്റെ ശബ്ദം വീണ്ടും .
''എന്‍റെ മാധവിക്കുട്ടീ,ബാലാമണിയമ്മേ,...സാഹിത്യ രചന തുടങ്ങിയാല്‍ ഈയുള്ളവന് ഇനി നേരത്തും കാലത്തും വല്ലതും തിന്നാന്‍ കിട്ടുമോ ആവോ...?''.ഇരച്ചു വന്ന ദേഷ്യം കത്തിയെടുത്തു കട്ടിംഗ് ബോര്‍ഡില്‍ വിശ്രമിക്കുകയായിരുന്ന മീനിന്‍റെ തലയും ,ഉടലും രണ്ടാക്കിപ്പകുത്ത് മീനിനോടു തീര്‍ത്തു.
നിന്നോടൊക്കെ മല്ലിട്ട് എന്‍റെ സര്‍ഗ്ഗശേഷി വറ്റിപ്പോകുകയെ ഉള്ളൂ....''
''എന്നോടാണോ ആവോ?''
''ഈ മീനിനോടാണേ ...''കത്രികയെടുത്ത് ഞാന്‍ മീനിന്‍റെ ചിറകുകള്‍ കുനുകുനെ അരിഞ്ഞു .
''അല്ലെങ്കിലും ആണുങ്ങള്‍ക്ക് മിടുക്കികളായ ഭാര്യമാരോട് അസൂയയാ...''
എങ്ങാനും ഫേമസ് ആയിപ്പോയാലോ......
മറുപടി ബാലിശവും,കുറിക്കു കൊള്ളാന്‍ കെല്‍പ്പില്ലാത്തതുമാണെന്ന് എനിക്ക് അറിയാം. ശേഷം,നിശബ്ദമായി നിന്നു .
തര്‍ക്കിച്ചു തോല്‍പ്പിക്കാന്‍ ഞാന്‍ പണ്ടേ മഠയിയാണ്.
ഉറക്കെ വിളിച്ചു പറയാന്‍ ആഗ്രഹിക്കുന്നതൊക്കെ തൊണ്ടക്കുഴിയില്‍ വന്നു കണ്ണീരായി പരിണമിച്ചു എന്നെ തളര്‍ത്തും.
മീനിനെ അരപ്പ് ചേര്‍ത്ത് അടുപ്പിലാക്കി.
മെഴുക്കുപുരട്ടിക്കു പാവക്ക നുറുക്കുമ്പോഴും ,പരിഭവം കൊണ്ടു കണ്ണ് നനഞ്ഞു .
പ്രോത്സാഹിപ്പിക്കണ്ട,നിരുത്സാഹപ്പെടുതാതിരുന്നൂടെ?
മീന്‍കറി അടുപ്പത്തിരുന്നു തിളച്ചു വറ്റി.
ഉപ്പുനോക്കാന്‍ കയ്യിലെക്കിറ്റിച്ച ചാറു വായില്‍ നിറഞ്ഞു നിന്ന അരിശക്കയര്‍പ്പിനോടൊപ്പം അരുചിയുണ്ടാക്കി ഉള്ളിലേക്കിറങ്ങി.

ഊണ് വിളമ്പുമ്പോള്‍ എത്ര ശ്രമിച്ചിട്ടും എന്‍റെ കവിള്‍ കടന്നല്‍ കുത്തിയപോലെ വീര്‍ത്തിരുന്നു.
ഏട്ടന്‍ പുഞ്ചിരിയോടെ വെച്ചു നീട്ടിയ ഉരുളക്കു വാ തുറക്കാന്‍ ,പക്ഷെ എനിക്ക് ഒന്നുകൂടി ആലോചിക്കേണ്ടി വന്നില്ല..
ലഞ്ച് കഴിഞ്ഞു പുറത്തേക്കിറങ്ങുമ്പോള്‍ ഏട്ടന്‍ ഓര്‍മ്മിപ്പിച്ചു .''വൈകിട്ട് ഒരുങ്ങി നില്‍ക്ക് ,നമുക്കൊന്ന് പുറത്തു പോകാം,തനിക്കും ,മോനും ഒരു റിഫ്രെഷ്മെന്‍റ് ആയിക്കോട്ടെ ''
എച്ചില്‍ പാത്രങ്ങള്‍ സോപ്പുകുമിളകള്‍ കൊണ്ടു മൂടി ,സ്ക്രബ്ബര്‍ കൊണ്ടു ഞാന്‍ ആക്രമണം തുടങ്ങുമ്പോഴേക്കും വാതിലില്‍ 'പ്ടേ 'ന്നു ഉച്ചത്തില്‍ ശബ്ദം കേട്ടു.
ഉണ്ണിയാണ്.ആദ്യത്തെ മുട്ടിനു വാതില്‍ തുറക്കാത്തതിന്‍റെ പ്രതിഷേധം അവന്‍ വാട്ടര്‍ ബോട്ടില്‍ കതകില്‍ ശക്തിയായി ഇടിച്ചു എന്നെ അറിയിച്ചതാണ്.
സ്കൂള്‍ ബസ്‌ നേരത്തെ വന്നിരിക്കുന്നു .
''അമ്മക്ക് കതകു കുറ്റി ഇടാതിരുന്നൂടെ ''
''ഓഹ്‌,ഞാഞ്ഞൂലിനും പത്തി ''
അവന്‍റെ ബാഗ്‌ തുറന്നു ,ടിഫ്ഫിന്‍ ബോക്സും,ബോട്ടിലും.ബുക്കുകളും എടുത്തു വെച്ചു.
സോഫയില്‍ പടേന്ന് വീണ അവനെ പൊക്കിയെടുത്തു കുളിമുറിയില്‍ കൊണ്ടു പോയി...കുളിപ്പിച്ച് ,ഭക്ഷണവും കൊടുത്തു കഴിഞ്ഞപ്പോഴേക്കും മണി 3 . ഇതിനിടെല്‍ മോന്‍റെ കൂടെ ഞാനും നാലഞ്ചു ഉരുളകള്‍ കഴിച്ചിരുന്നു. പതിവ് വിശപ്പ്‌ തോന്നിയില്ല...
ഹോംവര്‍ക്ക് ഇന്നും ഉണ്ടാകും,പാതിരാത്രി വരെ ചെയ്യാന്‍ ....
കുറച്ചു നേരം ഉറക്കിയില്ലെകില്‍ ഒന്നും നടക്കില്ല.
നേരത്തെ ഒക്കെ ചെയ്യിച്ചാല്‍ ,രാത്രി സ്വസ്ഥമായി ഇരുന്നു എഴുതാം...
ഇന്ന് തന്നെ എഴുതണം...
ഭാവന വിടരണ്ട....എന്നാലും ...
ഏട്ടനോട് വാശി കൂടി...
ഉറങ്ങാന്‍ കിടന്ന ഉണ്ണി,പുറം തിരിഞ്ഞു എന്‍റെ വയറ്റില്‍ മുതുകു ചേര്‍ത്തുവെച്ചു ,ചേര്‍ന്ന് കിടന്നു.
എന്‍റെ വലതു കൈ അവന്‍റെ ഉടലിനെ ചുറ്റി വച്ച് ,ലോകത്തിലെ ഏറ്റവും നല്ല സുരക്ഷിതത്വം അനുഭവിച്ചു അവന്‍ ഉറങ്ങുന്നു...
താളത്തിലുള്ള ശ്വാസോച്ച്വാസം കേട്ടു അവന്‍ ഉറങ്ങിയെന്നു ഉറപ്പു വരുത്തി ഞാന്‍ എഴുന്നേല്‍ക്കാനാഞ്ഞു.
അലക്കാനുള്ള തുണി വാരി മെഷീനില്‍ ഇട്ടില്ലെങ്കില്‍ നാളെ ഒരു കുന്നു തുണിയുണ്ടാവും...
''അമ്മ പോണ്ട .കഥ പറഞ്ഞെ''
''അയ്യെടാ,ഇനിയും ഉറങ്ങീലേ ,കള്ളാ...''
''ഉം,പണ്ട് പണ്ട്,ദൂരെ ദൂരെ ഒരു നാട്ടില്‍,എല്ലാവരുടെയും കണ്ണിലുണ്ണിയായി ,കുസൃതി ക്കുടുക്കയായി വളര്‍ന്ന ഒരു കുഞ്ഞു പെണ്ണിന്‍റെ കഥ പറയട്ടെ ?''
ആത്മകഥ ആകുമ്പോള്‍ എന്തെളുപ്പം...എല്ലാം ഒന്നു അടുക്കിയെടുത്താല്‍ മതി.
''വേണ്ട,നിക്ക് സൂപ്പര്‍മാന്‍റെ '' കഥ മതി ''
അച്ഛന് ചേര്‍ന്ന മകന്‍ .
സൂപ്പര്‍മാനെ ക്കുറിച്ച് ഞാന്‍ എന്തെങ്കിലും പറയാന്‍ തുടങ്ങും മുന്‍പേ അവന്‍ ഉറക്കത്തിലേക്ക് വഴുതി വീണു...
തളര്‍ന്നുങ്ങുകയാണ് .

എടുത്താല്‍ പൊങ്ങാത്ത ബാഗും ചുമന്നു കുഞ്ഞു എത്രനാള്‍ ഇനിയും നടക്കണം...
അവന്‍റെ മുടിയിഴകളില്‍ ഞാന്‍ അരുമയായി തലോടി.. കുഞ്ഞു നെറ്റിയില്‍ പതിയെ ഉമ്മ വെച്ചു.
* * *

പുറത്തുപോയിട്ടു തിരികെയെത്തുമ്പോള്‍ നേരം 9 മണി .
പുറത്തുനിന്നു തന്നെ ഭക്ഷണം കഴിച്ചത് കൊണ്ടു വൈകിട്ടത്തെ ചപ്പാത്തി മാവുമായുള്ള യുദ്ധം ഒഴിവായി.
എന്നാലും പിന്നെയും ഉണ്ട് പണികള്‍ .
മോന്‍റെ യൂണിഫോം അയണ്‍ ചെയ്യണം .ടൈം ടേബിള്‍ നോക്കി ബുക്സ് അടുക്കിവെക്കണം.അവന്‍ നോക്കി വെച്ചതാണ്.എന്നാലും എന്‍റെ സമാധാനത്തിനു.
ഏട്ടന്‍ കമ്പ്യൂട്ടറിന്‍റെ മുന്നില്‍ .....
പണി തീര്‍ത്തു പേപ്പറും പേനയുമായി കട്ടിലില്‍ ചടഞ്ഞിരുന്നു.ഉച്ചക്ക് മനസ്സില്‍ മിന്നി മറഞ്ഞ കവിതയെ ഓര്‍ത്തെടുക്കാന്‍ നിന്നാല്‍ ,ഒരുക്കിയെടുത്ത സമയം നഷ്ടമാകും...
അല്ലാതെ തന്നെ എത്രയോ കഥകള്‍ക്ക്,കവിതകള്‍ക്കുമുള്ള സാധ്യതകള്‍ തരുന്ന ബാല്യകാല സ്മരണകള്‍ ,മനസ്സില്‍ നിറഞ്ഞു തുളുമ്പുന്നു...കഥാപാത്രങ്ങള്‍ തൊട്ടടുത്ത്‌ നിന്നു പുഞ്ചിരിക്കുന്നു...മുത്തശ്ശന്‍,മുത്തശ്ശി,അപ്പച്ചി ,,മീരച്ചിറ്റ ...കണ്ണടച്ചു തലയിണയിലേക്കു ചാഞ്ഞു...സ്മൃതികള്‍ ഒരു ഫ്ലാഷ് ബാക്കായി കണ്മുന്നിലേക്ക് വന്നു.

''ആഹാ,മണിയെത്രയായെന്നു നോക്കൂ,എടോ,എനിക്ക് രാവിലെ പോകണം''
ഞെട്ടിത്തരിച്ചു കണ്ണ് തുറന്നു .

''ഏട്ടന്‍ കിടന്നോളൂ.ഞാന്‍ ഇതൊന്നെഴുതിക്കോട്ടേ ...''
ഏട്ടന്‍ സിസ്റ്റം ഓഫ്‌ ചെയ്തു എഴുന്നേറ്റു ന്‍റെയടുത്തേക്ക് വന്നു.
പതിയെ മടിയില്‍ നിന്നും പേപ്പര്‍ എടുത്തു മാറ്റി.
''അതെ,എന്‍റെ കൂടെ ഉണ്ണാനും,ഉറങ്ങാനുമാ,എന്‍റെ പെണ്ണിനെ ഞാന്‍ ഇങ്ങോട്ട് കൊണ്ടുവന്നെ....''
''നാളെ എഴുതിയാല്‍ മതി.ഞാനും ,മോനും പോയിക്കഴിഞ്ഞു തനിക്കു ലെഷര്‍ ടൈം ഇഷ്ടം പോലെ കിട്ടില്ലേ...''
''നാളെ എഴുതാന്‍ പറ്റില്ല,ഇപ്പോള്‍ മനസ്സില്‍ വന്നതൊക്കെ നാളെവരെ ഓര്‍മ്മയില്‍ നില്‍ക്കില്ല''
ഞാന്‍ കെഞ്ചി.
''പേറ്റുനോവ് ഇന്നേക്ക് കൂടി നിന്നോട്ടെ '' ഏട്ടന്റെ മുഖത്ത് കുസൃതിച്ചിരി
കഥയുടെ അവതരണ ഗാനം പാടാന്‍ തയ്യാറായി നിന്ന ചിരുതപ്പുലയിയും,സംഘവും വയലിറമ്പത്ത് കുത്തിയിരുന്നു.മുത്തശിയല്ലേ പൂമുഖത്ത് നിന്നു അക്ഷമയോടെ കൈ മാടി വിളിക്കുന്നത്‌...നാട്ടുമാവിനു ചുറ്റും എല്ലാവരുമുണ്ട്‌.... അമ്പിളിയും,അരവിന്ദനും,ബാലുവും,അജയനും...
ഏട്ടന് ഇതൊന്നും കാണാനും,കേള്‍ക്കാനും പറ്റുന്നില്ലേ...
''വേണ്ട,നാളെയും കുഞ്ഞു പിറക്കണ്ട,എല്ലാവരുടെയും തെരക്കെല്ലാം ഒഴിഞ്ഞിട്ട് ഞാന്‍ പ്രസവിച്ചോളാം .

സമയത്ത് പിറക്കാതെ പോയാല്‍ എന്‍റെ കുഞ്ഞു ചാപിള്ളയായാല്‍ ...ആര്‍ക്കെന്തു നഷ്ടം...
വാക്കുകള്‍ വീണ്ടും എന്‍റെ തൊണ്ടക്കുഴിയില്‍ കുടുങ്ങി .
അതോ ,എന്‍റെ കുഞ്ഞു ഇനി ഒരിക്കലും ജനിക്കുകയില്ലെന്നോ ........
വായില്‍ വീണ്ടും കണ്ണീര്‍ ചുവച്ചു .
കട്ടിലിന്‍റെ ഞരക്കത്തിലും നിലത്തുവീണ പേന ഉടഞ്ഞ ശബ്ദം ഞാന്‍ വ്യക്തമായും കേട്ടു..

*..........................*..........................*.......................*


62 അഭിപ്രായം. >>ഇവിടെഎഴുതാന്‍ മറക്കണ്ടാ ട്ടോ..:

മാനസ said...

'' ഞാന്‍ മരണത്തെപ്പുല്കാം ,എന്ന -
നുരാഗ യമുനാ തീരത്തു നീയൊരു ,
താജ് മഹല്‍ എന്നോര്‍മ്മക്കായ് പണിയുമെങ്കില്‍ ...
എന്‍ തകര്‍ന്ന സ്വപ്നത്തിന്‍ വെള്ളാരംകല്ലിനാല്‍ .'
നിന്‍റെ ജ്വലിക്കും സ്നേഹത്തിന്‍ നിറക്കൂട്ടാല്‍ ......''

ആഗ്നേയ said...

ഇതു ഞാനെഴുതേണ്ടതല്ലേ?:(
ഒരെഴുത്തുകാരി ഉള്ളിലുള്ള ഓരോ വീട്ടമ്മയും അനവധി തവണ ഇങ്ങനെ ഗർഭഛിദ്രത്തിനു വിധേയരാകുന്നുണ്ടാവും.ചാപിള്ളകളെ പെറ്റുകൂട്ടുന്നുണ്ടാ‍വും. ;(
മനോഹരമായ ഭാഷ മാനസീ..ആശംസകൾ

SAJAN S said...

കഥയില്‍ എന്തോ ഒരു വിരസത തോനുന്നു. കുറച്ചുകൂടി നല്ല നരേഷന്‍ ആകാമായിരുന്നു. ചിലപ്പോള്‍ എന്റെ തോന്നല്‍ ആകാം,ക്ഷമിക്കുക. ഒരുപാട് കേട്ട് മടുത്ത കഥ പോലെ......മനസ്സില്‍ തോന്നിയ അഭിപ്രായം പറയാതെ പോകുന്നത് ശരിയല്ലെന്ന് തോന്നി.....പോസിറ്റീവ് ആയി മാത്രം കാണുക......ഇങ്ങനെ ഒരു അഭിപ്രായം പറയേണ്ടിവന്നതില്‍ ഖേദിക്കുന്നു....സോറി

മാനസ said...

പ്രിയ സാജന്‍ ,
അഭിപ്രായം തുറന്നു പറഞ്ഞതിന് ആദ്യമേ നന്ദി ...
അനുഭവങ്ങള്‍ ഒന്നാണെങ്കില്‍പ്പോലും അത്, അനുഭവിക്കുന്ന വ്യക്തികളെ
ആശ്രയിച്ചു ഒന്നിനൊന്നു വ്യത്യസ്തമാകാം എന്നാണു എനിക്ക് തോന്നുന്നത്.
ഓരോരുത്തരുടെയും പ്രതിഭയ്ക്ക് അനുസരിച്ച് narration - ലും
വ്യത്യാസം വരുന്നത് സ്വാഭാവികം മാത്രം.
എന്‍റെ അനുഭവവും,പ്രതിഭയും,ഇതാണ് എന്ന് സമ്മതിക്കാന്‍ ഞാന്‍ ശങ്കിക്കെണ്ടതുണ്ടോ ? :)
ഒരിക്കല്‍ക്കൂടി നന്ദി.

Anonymous said...

hai manasa than ethra nalla oru kadhakariyanennu arinjilla...thanum manuvum mayulla pranayam...mansine..aazhathil sparsichu...ningalude muthasium nattinpurvum ellam valare eshtapettu..sarikkum than ,,,madhavikutty ye ormippikunnu,...u are excellant writer,,,keep it....

പട്ടേപ്പാടം റാംജി said...

ഉറക്കെ വിളിച്ചു പറയാന്‍ ആഗ്രഹിക്കുന്നതൊക്കെ തൊണ്ടക്കുഴിയില്‍ വന്നു കണ്ണീരായി പരിണമിച്ചു എന്നെ തളര്‍ത്തും.

ഇത്തരം പല വാചകങ്ങളും സത്യങ്ങള്‍ വിളിച്ചു പറയുന്നു. ഒരു കുടുമ്പിനിയുടെ ദിനചര്യകള്‍ ഭംഗിയായി വരച്ചിരിക്കുന്നു. ഓര്‍മ്മകളും ജോലി ചെയ്യുമ്പോഴുള്ള ചിന്തകളും എല്ലാം അടുക്കോടെ നിരത്തി. കഥ എന്നതിലുപരി എന്നിക്ക് തോന്നിയത്‌ അനുഭവക്കുറിപ്പുകള്‍ അല്പം നഷ്ടബോധത്തോടെ പകര്‍ത്തി എന്നാണ്.
ആശംസകള്‍.

ബിന്ദു കെ പി said...

"ഉറക്കെ വിളിച്ചു പറയാന്‍ ആഗ്രഹിക്കുന്നതൊക്കെ തൊണ്ടക്കുഴിയില്‍ വന്നു കണ്ണീരായി പരിണമിച്ചു എന്നെ തളര്‍ത്തും” : സത്യം!

Unknown said...

ആശയവും,സംഭവവും, കഥക്കു പറ്റിയത് പക്ഷെ ഒരു പാട് വലിച്ചിഴച്ചോ എന്ന് സംശയം

റോഷ്|RosH said...

പാല കുഴിയുടെ അഭിപ്രായതോട് യോജിക്കുന്നു. നല്ല പ്രമേയമാണ്. പക്ഷെ കുറച്ചൊക്കെ വലിച്ചു നീട്ടിയത് ആവര്‍ത്തന വിരസമായി :)

Unknown said...

നല്ല കഥ ചേച്ചീ.
എനിക്ക് സങ്കടം വന്നു.
:(

Unknown said...
This comment has been removed by the author.
ചന്ദ്രമൗലി said...

നല്ല അവതരണം....പോസ്റ്റിനു നീളം കുറച്ച് കൂടിയോ? :))

parvathikrishna said...

ഒരു സ്ത്രീയുടെ മനസ്സ് ......അവളുടെ വികാരവിചാരങ്ങള്‍ ....നല്ല ഭംഗിയായി തുറന്നു വെച്ചിരിക്കുന്നു...
നന്നായിരിക്കുണു ട്ടൊ..

Anil cheleri kumaran said...

നല്ല അവതരണം. വിവരണം.. നല്ല കഥ.

മാനസ said...

വായിച്ചു സത്യസന്ധമായി അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി.

അഗ്നൂ,നിനക്ക് ലക്ഷ്മിയെ മനസ്സിലായല്ലോ... എനിക്ക് തൃപ്തിയായി.

അനോണിമസ് കമന്റ്‌ ഇട്ട ഗോപനും നന്ദി
(ഓര്‍ക്കുട്ടില്‍ സ്ക്രാപ്പ് കണ്ടപ്പോഴാണ് ഈ അനോണി, ഗോപന്‍ ആണെന്ന് മനസ്സിലായത്‌.,ഇല്ലെങ്കില്‍ ഞാന്‍ എന്‍റെ ഏട്ടനെ തെറ്റിദ്ധരിച്ചേനെ.എന്നെ മാധവിക്കുട്ടിയോടു ഉപമിചതുപോലെ ഭീകരമായ ഒരു കടുംകൈ ചെയ്യാന്‍ വേറെ ആരാണ് ധൈര്യം കാണിക്കുക. :) പ്രിയ കഥാകാരീ ...ഞാന്‍ മാപ്പ് ചോദിക്കുന്നു .)
pattepadamramji ,കഥ എന്ന ലേബല്‍ അനുയോജ്യമല്ലെന്ന് എനിക്കും ആറിയാം...
ഏറെക്കുറെ അനുഭവക്കുറിപ്പ് ആണ് താനും...എന്നാലും....... നഷ്ടബോധം....... ഇത്രത്തോളം ഇല്ല...അതാണ്‌ സത്യം.

ബിന്ദു,ആ കണ്ണീരിനെയൊക്കെ നമുക്ക് റീസൈക്കിള്‍ ചെയ്തു എടുക്കണം,പ്രതിഷേധമായും,ഉത്കണ്ടയായും,പരിഭവമായും ഒക്കെ . :)


പാലക്കുഴി ,സാംഷ്യ റോഷ്|samshya roge ,ചന്ദ്രമൗലി ,
പോസ്റ്റിനു നീളം കൂടിപ്പോയെന്നു പൊതുവായി വന്ന അഭിപ്രായത്തെ മാനിച്ചു മൂന്നുപേര്‍ക്കും ഒരുമിച്ചു മറുപടി പറയട്ടെ,
വായനക്കാരന് അനുഭവവേദ്യമാകുന്ന ഫീലിംഗ് ആണ് ,എഴുത്തുകാര്‍ തന്‍റെ സൃഷ്ടിയെക്കുറിച്ച് ധരിച്ചുവെച്ചിരിക്കുന്നതിനേക്കാള്‍ യതാര്‍ത്ഥമായത് എന്നാണു ഞാനും വിശ്വസിക്കുന്നത് .
അതുകൊണ്ടുതന്നെ ഈ അഭിപ്രായങ്ങള്‍ ഞാന്‍ പോസിറ്റീവ് ആയി തന്നെ അംഗീകരിക്കുന്നു.
പോസ്റ്റിന്റെ നീളത്തിന്റെ കാര്യത്തില്‍ വ്യക്തിപരമായി ഞാന്‍ ഇപ്പോഴും ആശയക്കുഴപ്പത്തിലാണ്.ഇതിലെ ഒരു വാക്ക് മുറിച്ചു മാറ്റിയാല്‍ പ്പോലും ഈ പോസ്റ്റ്‌ അപൂര്‍ണ്ണമായിപ്പോകും എന്ന് ഞാന്‍ ഭയപ്പെടുന്നു.
എന്‍റെ നായികയുടെ സഹിഷ്ണുതയുടെ നീളം കുറഞ്ഞുപോകില്ലേ....?
എല്ലാത്തിലുമുപരി ഏറെ വൈകിയുള്ള ഉറക്കത്തിന്‍റെ ഇടവേളയിലോഴികെ ,എന്‍റെ നായികയുടെ ചര്യകളും,മാനസിക വ്യാപാരങ്ങളും,ഉത്കണ്ഠകളും ,അമര്ത്തപ്പെടുന്ന വികാരവിക്ഷോഭങ്ങളും ഇതിലും ചുരുക്കി വിവരിക്കാന്‍ എനിക്ക് അറിയില്ലെന്നത് എന്നിലെ എഴുത്തുകാരിയുടെ ഒരു ന്യൂനതയായി ഞാന്‍ അംഗീകരിക്കുന്നു . :(
നന്ദി .


നീന,ബിന്ദു,
ഈ പാവം' പെണ്‍ 'മനസ്സുകള്‍ക്കും ഒത്തിരി നന്ദി :)

വല്യമ്മായി said...

പോസ്റ്റ് വായിച്ചു,കഥയെന്നതിനെക്കാള്‍ അനുഭവമാണെന്ന് തോന്നിയത് കൊണ്ട് പറയട്ടെ,മനസ്സിലുള്ളത് അതെ പോലെ പ്രകടിപ്പിക്കാന്‍ കഴിയാത്തവരാണ് പല പുരുഷന്മാരും,അത് കൊണ്ട് തന്നെയാണ് പ്രോത്സാഹനം കിട്ടാത്തതും.

"അവന്‍ നോക്കി വെച്ചതാണ്.എന്നാലും എന്‍റെ സമാധാനത്തിനു." ഈ സമാധാനക്കേടാണ് പല വീട്ടമ്മമാരെ കൊണ്ടും അധിക ഭാരം ചുമപ്പികുന്നത്.കുട്ടികളെ പ്രായത്തിനനുസരിച്ച് ചുമതലകള്‍ തനിയെ ചെയ്യാന്‍ വിട്ടാല്‍‍ എല്ലാ കാര്യത്തിനും കുട്ടികളുടെ പിന്നാലെ നടക്കെണ്ടി വരില്ല :)


മനസ്സില്‍ വരുന്നത് അപ്പോള്‍ തന്നെ എഴുതാന്‍ പറ്റിയില്ലെങ്കില്‍ ആ ചിന്തകളും പുറത്തെക്കൊന്നും പോകുന്നില്ലല്ലോ.എന്റെ ഒരു അനുഭവത്തില്‍ ഒരു കൊള്ളിയാന്‍ പോലെ മനസ്സില്‍ മിന്നിമറഞ്ഞ പലതും മാസങ്ങള്‍ക്ക് ശേഷമാണ് ശരിയായി എഴുതാന്‍ കഴിഞ്ഞിട്ടുള്ളത്,അതും ആദ്യം കരുതിയതിനേക്കാള്‍ ഭംഗിയായി. അങ്ങനെ പരുവപ്പെട്ട് വരുന്നത് അത്ര പെട്ടെന്നൊന്നും മറക്കുകയുമില്ല.

അനുഭവങ്ങളില്‍ നിന്ന് കഥകളിലെക്ക് ഓടി കയറാന്‍ എളുപ്പമല്ല,അത് കൊണ്ട് വായനയും എഴുത്തും തിരുത്തലുകളും നിരന്തരം നടക്കട്ടെ.


എഴുതിയതിഷ്ടമായില്ലെങ്കില്‍ കമന്റ് ഡിലീറ്റിക്കോളൂ.:)

മാനസ said...

പ്രിയ വല്യമ്മായീ...
അഭിപ്രായം വായിച്ചു.
പറഞ്ഞതിനോട് വ്യക്തിപരമായി യോജിക്കാന്‍ എനിക്ക് കഴിയുന്നില്ല...:(
''മനസ്സിലുള്ളത് അതെ പോലെ പ്രകടിപ്പിക്കാന്‍ കഴിയാത്തവരാണ് പല പുരുഷന്മാരും,
അത് കൊണ്ട് തന്നെയാണ് പ്രോത്സാഹനം കിട്ടാത്തതും.''എന്ന് സമാധാനിക്കാന്‍ എത്ര ഭാര്യമാര്‍ക്ക് കഴിയും?
ഭര്‍ത്താവിന്‍റെ പ്രോത്സാഹനവും,അംഗീകാരവും ആഗ്രഹിക്കുന്ന ഭൂരിപക്ഷത്തിന്‍റെ പ്രതിനിധിയാണ്
ഇതിലെ നായിക ലക്ഷ്മി.
അനുഭവങ്ങളില്‍ നിന്നും കഥകളിലേക്ക് ഓടിക്കേറി,ഒറ്റ ദിവസം കൊണ്ടു സാഹിത്യ അക്കാദമി അവാര്‍ഡ് അടിച്ചെടുക്കാനോന്നും ആ പാവത്തിന് ഉദ്ദേശമില്ല..
ദൈനംദിനചര്യകളുടെ ഇടയില്‍ ഒളിഞ്ഞും,തെളിഞ്ഞും എത്തുന്ന കുറെ മധുര സ്മരണകളെ,നഷ്ടസ്വപ്നങ്ങളെ അവ മറവിയുടെ തിരശീലക്കു പിന്നില്‍ ഒളിക്കും മുന്‍പേ പകര്‍ത്തി വെക്കണം എന്നേ അവള്‍ക്കുള്ളൂ... അത് കഥയായിട്ടോ,കവിതയായിട്ടോ,ആത്മ വിമര്‍ശനമായിട്ടോ ഒക്കെ ആവാം പുറത്തു വരിക.

''മനസ്സില്‍ വരുന്നത് അപ്പോള്‍ തന്നെ എഴുതാന്‍ പറ്റിയില്ലെങ്കില്‍ ആ ചിന്തകളും പുറത്തെക്കൊന്നും പോകുന്നില്ലല്ലോ.എന്റെ ഒരു അനുഭവത്തില്‍ ഒരു കൊള്ളിയാന്‍ പോലെ മനസ്സില്‍ മിന്നിമറഞ്ഞ പലതും മാസങ്ങള്‍ക്ക് ശേഷമാണ് ശരിയായി എഴുതാന്‍ കഴിഞ്ഞിട്ടുള്ളത്,അതും ആദ്യം കരുതിയതിനേക്കാള്‍ ഭംഗിയായി. അങ്ങനെ പരുവപ്പെട്ട് വരുന്നത് അത്ര പെട്ടെന്നൊന്നും മറക്കുകയുമില്ല.'' എന്ന് പറഞ്ഞല്ലോ.

വല്യമ്മായി ഒരു വീട്ടമ്മ കൂടിയല്ലേ,ഒന്നാലോചിച്ചു നോക്കൂ,
നമ്മള്‍ കഴിക്കുന്ന ഭക്ഷണത്തില്‍ രാവിലെ ഉണ്ടാക്കിയ ചോറ്,തലേന്ന് വെച്ച കുടംപുളിയിട്ട മീന്‍ കറി ,മാസങ്ങള്‍ക്ക് മുന്‍പ് വലിയ കല്ലു ഭരണിയില്‍ ഉപ്പിലിട്ടു വെച്ച ഉപ്പുമാങ്ങ ചേര്‍ത്ത പുളിശ്ശേരി,ഇന്‍സ്റ്റന്റ് ആയി പോള്ളിചെടുത്ത പപ്പടം....എല്ലാം രുചിയുള്ള വിഭവങ്ങള്‍ തന്നെ..
ഇതില്‍ ചോറ് മാസങ്ങള്‍ക്ക് മുന്‍പും,ഉപ്പുമാങ്ങ അന്ന് രാവിലെയും,പപ്പടം തലേന്നും ഒക്കെ ഉണ്ടാക്കി ക്കഴിച്ചാല്‍... രുചി, വയറിന്റെ സ്ഥിതി ഒക്കെ ഒന്നാലോചിച്ചു നോക്കിയേ...:p

അതുപോലെയാണ് എഴുത്തും....മനസ്സില്‍ അപ്പപ്പോള്‍ പിറന്നു പകര്‍ത്തുന്നതും,ഒരു ത്രെഡ് മാസങ്ങള്‍ മനസ്സിലിട്ടു ഊതി ക്കാച്ചി എടുത്തെഴുതുന്നതും,ഒക്കെ എഴുത്ത് തന്നെ...ഓരോന്നിനുംഅതാതിന്റേതായ സ്വാദ് ഉണ്ടായിരിക്കും...

പിന്നെ ഒരു പരിധി വരെ എഴുതുന്ന വ്യക്തികളെ ആശ്രയിച്ചും ഇത് വ്യത്യസ്ഥമാകും...
തന്‍റെ ഉദാത്തമായ രചനകളെല്ലാം ,2 പെഗ് അടിച്ചിട്ട് എഴുതിയതാണെന്ന് സഹൃദയ സമൂഹത്തോട് വിളിച്ചു പറഞ്ഞ ഒരു കവിയുടെ ആത്മ കഥ ഞാന്‍ വായിച്ചിട്ടുണ്ട്.
എനിക്കോ,വല്യമ്മായിക്കോ അത് പറ്റുവോ ? ;)


''കുട്ടികളെ പ്രായത്തിനനുസരിച്ച് ചുമതലകള്‍ തനിയെ ചെയ്യാന്‍ വിട്ടാല്‍‍ എല്ലാ കാര്യത്തിനും കുട്ടികളുടെ പിന്നാലെ നടക്കെണ്ടി വരില്ല :)''എന്ന്

ലക്ഷ്മിയുടെ കുഞ്ഞു തനിയെ ചെയ്ത 'ചുമതലയെ' യാണ് അവന്‍റെ അമ്മ അവനറിയാതെ നിരീക്ഷിക്കുന്നതും,അതിന്‍റെ perfection ഉറപ്പു വരുത്തിയതും. .നല്ല ഒരു അമ്മയുടെ കടമ തന്നെയാണ് അത് .എനിക്ക് അതില്‍ സംശയം ഒട്ടുമില്ല.

കുട്ടികള്‍ തനിയെ ചെയ്തോളും എന്ന് കരുതി 'സമാധാനമായി' വേറെ പണിക്കു പോകാന്‍ ഏതേലും അമ്മമാര്‍ക്ക് കഴിയുമോ?
ഇന്നലെ കണ്ട ഒരു കാഴ്ച,എന്‍റെ അയലത്തെ ചേച്ചി 2 ദിവസം മുന്‍പ് ആസ്ട്രേലിയയില്‍ ഉപരി പഠനത്തിനു പോയ മകനെക്കുറിച്ചു ഓര്‍ത്തു ഭക്ഷണം പോലും ഉപേക്ഷിച്ചു ഫോണിന്റെ മുന്നില്‍ തപസ്സിരിക്കുന്നു .
''അവന്‍ നേരത്തും കാലത്തും വല്ലോം കഴിക്കുന്നുണ്ടോ ആവോ '' :(

നന്ദി,എന്‍റെ പോസ്റ്റ്‌ വായിച്ചതിന്........
കമന്റ് ഡിലീറ്റാന്‍ മനസ്സില്ല കേട്ടോ...:p

Manoraj said...

ആദ്യമായാണു ഇവിടെ എത്തിയത്‌. വൈകിയോ എന്നൊരു സംശയം. കഥയെഴുത്തിന്റെ മർമ്മം തൊട്ട്‌ എഴുതിയിരിക്കുന്നു. പക്ഷെ, സാജൻ പറഞ്ഞപോലെ ഒത്തിരി കേട്ട ഒരു പ്രമേയം. വിമർശനമായി എടുക്കരുതെന്നപേക്ഷ. ഒരു പക്ഷെ, ഇതാവില്ല താങ്കളുടെ ഏറ്റവും മികച്ച രചന മറ്റു പോസ്റ്റുകൾ കൂടി വായിക്കണമെന്നുണ്ടായിരുന്നു.. ഇപ്പോൾ ചെറിയ സമയപരിമിധി. തീർച്ചയായും ഇനിയും വരും. ഒപ്പം ഒരു അപേക്ഷ പുതിയ പോസ്റ്റുകളുടെ ലിങ്ക്‌ തരികയാണെങ്കിൽ ഉപകാരമായിരിക്കും. വിരോധമില്ലെങ്കിൽ മാത്രം. ക്ഷമിക്കുക! നന്ദേട്ടന്റെ ഒർക്കൂട്ട്‌ സ്ക്രാപ്‌ ബോക്സിലെ താങ്കളുടെ കമന്റിലൂടെയാണു ഇവിടെ എത്തിയത്‌.

ഉറുമ്പ്‌ /ANT said...

കഥ വായിച്ചു. ഒരിക്കല്‍‌കൂടെ വായിക്കണമെന്നുതോന്നി. അതിനുശേഷം അഭിപ്രായം പറയാം. :)

simy nazareth said...

പോസ്റ്റിന്റെ നീളം കൂടുതലായൊന്നും തോന്നിയില്ല. ബ്ലോഗ് പോസ്റ്റ് ഇത്രയേ നീളം ആകാവൂ എന്നൊന്നുമില്ലല്ലൊ. വാരികകളില്‍ വരുന്ന എല്ലാ കഥകള്‍ക്കും ഇതിലും നീളമുണ്ട്... തോന്നുന്നത് എഴുതു മാനസി. ആള്‍ക്കാര്‍ക്ക് ഇഷ്ടപ്പെട്ടോ ഇല്ലയോ എന്നൊന്നും നോക്കാതെ.

siva // ശിവ said...

ഒരു നല്ല കുടുംബത്തിനുള്ളിലൂടെ നടന്നു പോയ അനുഭവം!

ബഹുവ്രീഹി said...

ഞാന്‍ മരണത്തെപ്പുല്കാം ,എന്ന -
നുരാഗ യമുനാ തീരത്തു നീയൊരു ,
താജ് മഹല്‍ എന്നോര്‍മ്മക്കായ് പണിയുമെങ്കില്‍ ...
എന്‍ തകര്‍ന്ന സ്വപ്നത്തിന്‍ വെള്ളാരംകല്ലിനാല്‍ .'
നിന്‍റെ ജ്വലിക്കും സ്നേഹത്തിന്‍ നിറക്കൂട്ടാല്‍

Ith muzhumippikkane, Please.

ശ്രീ said...

നല്ല കഥ! മനോഹരമായി അവതരിപ്പിച്ചിരിയ്ക്കുന്നു.

മാനസ said...

കുമാരന്‍ | kumaran മാഷേ, നന്ദി :)

മനോരാജ് ,അഭിപ്രായത്തിനു നന്ദി,
ഒരേ വിഷയമാണെങ്കിലും,ഓരോരുത്തരുടെയും കാഴ്ചപ്പാടുകളും,സമീപനവും വ്യത്യസ്തമായിക്കൂടെന്നു ണ്ടോ?
ലേഖയുടെ 'മഴക്കാഴ്ച്ചകളില്‍ '' ചപ്പാത്തി മാവ് കുഴക്കുന്നതിനിടയില്‍ മനസ്സില്‍ കഥ രൂപപ്പെടുന്നതിനെക്കുറിച്ചു പറഞ്ഞത് വായിച്ചതോര്‍ക്കുന്നു..
എന്‍റെ അനുഭവം ലേഖ എഴുതി വായിച്ചപ്പോള്‍ രോമാഞ്ചം വന്നു.
ഓര്‍ക്കുട്ടില്‍ ഞാനും,ആഗ്നേയയും പരസ്പരം പായാരം പറഞ്ഞതും ഇത് തന്നെയാണ്.
എന്തൊക്കെയോ എഴുതണമെന്നു തോന്നുന്നു... ഇതിനെ എഴുത്തെന്നു വിശേഷിപ്പിക്കാമോ എന്ന് തന്നെ അറിയില്ല,പക്ഷെ,മനസ്സില്‍ വന്നു വീര്‍പ്പു മുട്ടുന്നത് പുറത്തേക്കുചൊരിയാന്‍ പറ്റാത്തതിന്‍റെ ഒരു വിമ്മിഷ്ടം...
ഒരു പോസ്റ്റില്‍ക്കൂടി എനിക്ക് ചിലത് പറയണമെന്ന് തോന്നി. അത് എത്രത്തോളം വിജയിച്ചുവെന്നു അറിയില്ല..
ക്ഷമിക്കുക...

ഉറുമ്പേ,ഒന്നോ ,രണ്ടോ തവണ വായിച്ചോളൂ..... ;)

സിമീ ,എന്‍റെ ബ്ലോഗ്‌-ല്‍ വന്നു കഥയെന്നു ഞാന്‍ വിശേഷിപ്പിച്ച ഈ ഭീകര സംഭവം'' എന്‍റെ പ്രിയപ്പെട്ട കഥാകൃത്തുകളില്‍ ഒരാളായ താങ്കള്‍ വായിച്ചതിലും,എന്‍റെ മണ്ടത്തരങ്ങളെ പ്രോത്സാഹിപ്പിച്ചതിനും നന്ദി .
ഇപ്പൊ ഒരു എനെര്‍ജി കിട്ടി....am going ahead .:)

ശിവ,ഈ കുടുംബത്തിലേക്ക് വീണ്ടും സ്വാഗതം .:)

ബഹുവ്രീഹി,ലക്ഷ്മിയോട് (ഈ കഥ യിലെ നായിക ) ഞാന്‍ പറയാട്ടോ അത് പൂര്‍ത്തിയാക്കാന്‍ ... നന്ദി:)

ശ്രീ,ശ്രീയുടെ കമന്റ് എത്തിയില്ലെങ്കില്‍ എന്തോ ഒരു കുറവ് പോലെയാണ്...നന്ദി കേട്ടോ :)

മാനസ said...

ശ്രീയുടെ കമന്റിനു ഞാന്‍ ഇട്ട മറുപടിയില്‍ ആരും പിണങ്ങല്ലേ...
ബൂലോകത്തില്‍ എല്ലാ ബ്ലോഗുപോസ്റ്റുകള്‍ക്കും പൊതുവായി ഉള്ള ഒരു ഘടകം എന്താണെന്നു ചോദിച്ചാല്‍,ഞാന്‍ പറയും,''ശ്രീയുടെ കമന്റ്'' ആണെന്ന്.എല്ലാ ബ്ലോഗുകളിലെയും എല്ലാ പോസ്റ്റുകളും വായിച്ചു അഭ്പ്രായങ്ങള്‍ അറിയിക്കുന്ന മറ്റാരും എന്‍റെ ശ്രദ്ധയില്‍ പെട്ടിട്ടില്ല,കേട്ടോ....:)

ബിനോയ്//HariNav said...

കഥ കൊള്ളാട്ടാ. ശൈലിയും നല്ലത്.
പക്ഷെ കഥക്കപ്പുറമുള്ള ആശയത്തോട് യോജിപ്പില്ല. മൂന്ന് അം‌ഗങ്ങള്‍ മാത്രമുള്ള ഒരു കുടും‌ബത്തിലെ ഉദ്യോഗസഥയല്ലാത്ത വീട്ടമ്മക്ക് നാഴികക്ക് നാല്പ്പത് വട്ടം സര്‍ഗ്ഗവേദന ഉണ്ടാകുന്നുണ്ടെങ്കിലും അതൊന്ന് പേപ്പറിലേക്ക് പ്രസവിക്കാനുള്ള സാവകാശം കിട്ടാതെവരുന്നത് അവര്‍ക്ക് പെര്‍‌ഫക്ഷനിസം എന്ന മാനസിക വൈകല്യം ഉള്ളതുകൊണ്ടായിരിക്കണം. അല്ലെങ്കില്‍ അക്ഷരങ്ങളോടുള്ള അധൈര്യമോ ആത്മവിശ്വാസക്കുറവോ ആകാം. പാചകം മുതല്‍ കക്കൂസ് ക്ലീനിങ്ങ് വരെയുള്ള വീട്ട്‌ജോലികള്‍ ചെയ്ത് ശീലിച്ച അനുഭവത്തിന്‍റെ വെളിച്ചത്തിലാണ് ഈ കണ്ടെത്തല്‍ കേട്ടോ. ഒരുപക്ഷെ ഇവിടെ നായിക എഴുതാതെ പോയ നൂറൂകണക്കിന് കഥകളും കവിതകളുമായിരിക്കും അവര്‍ സാഹിത്യലോകത്തിന് ചെയ്ത ഏറ്റവും വലിയ സം‌ഭാവന. എഴുത്തിന്‍റെ ആക്രാന്തം പിടിപെട്ടവന്‍ ഏത് തീയില്‍‌നിന്നും എഴുതും. അതിന് ജനം ചുറ്റും നിന്ന് കൈയ്യടിക്കണമെന്നില്ല. ഭാര്യമാര്‍ കട്ടന്‍ തിളപ്പിച്ച് കൂട്ടിരുന്നിട്ടല്ല മലയാളത്തിലെ പുരുഷ എഴുത്തുകാര്‍ സര്‍‌ഗ്ഗസൃഷ്ടി നടത്തുന്നത്. ബൂലോകത്തെ ഏറ്റവും മികച്ച എഴുത്തുകാര്‍ ആരും‌തന്നെ മറ്റ് പണിയൊന്നുമില്ലാത്ത തൊഴില്‍‌രഹിതരുമല്ല. അതുകൊണ്ട് നായിക കാത്തിരിക്കട്ടെ. അവര്‍ക്ക് എഴുതാതിരിക്കാനാകില്ല. നല്ല സൃഷ്ടികള്‍ ജനിക്കട്ടെ. :)

മാനസ said...

പ്രിയ ബിനോയ്‌,
പെര്‍‌ഫക്ഷനിസം എന്ന മാനസിക വൈകല്യം , അല്ലെങ്കില്‍ അക്ഷരങ്ങളോടുള്ള അധൈര്യം, ആത്മവിശ്വാസക്കുറവ് .....അങ്ങനെയെന്തൊക്കെയോ ഉണ്ട്.തീര്‍ച്ച.....അതിലൊക്കെ ഉപരി,അവള്‍ കൊതിക്കുന്ന ഭര്‍ത്താവിന്‍റെ പിന്തുണയെക്കുറിച്ചും,അര്‍ഹിക്കുന്ന ന്ന പ്രോത്സാഹനത്തേക്കുറിച്ചും ആരും പരാമര്‍ശിച്ചു കണ്ടില്ല.....
ഭാര്യമാര്‍ കട്ടന്‍ തിളപ്പിച്ച് കൂട്ടിരുന്നിട്ടല്ലായിരിക്കാം മലയാളത്തിലെ പുരുഷ എഴുത്തുകാര്‍ സര്‍‌ഗ്ഗസൃഷ്ടി നടത്തുന്നത്.
പക്ഷെ,''ചേട്ടന്‍ ആ തൂലിക അങ്ങോട്ട്‌ വെച്ചിട്ട് ഈ കൊച്ചിന്‍റെ യൂണിഫോം ഒന്നു ഇട്ടു കൊടുത്തേ'' എന്ന് ശ്രീമതി പറഞ്ഞാല്‍ ,ചിലപ്പോള്‍ വിവരമറിയും.(എല്ലാവരെയും അങ്ങനെയാണെന്നല്ല ).
അഭിപ്രായത്തിനു നന്ദി :)

ബിനോയ്//HariNav said...

"..(എല്ലാവരെയും അങ്ങനെയാണെന്നല്ല ).."
ഹും..ഇത് പറഞ്ഞതുകൊണ്ട് ക്ഷമിച്ചിരിക്കുന്നു. ഗ്‌ര്‍‌ര്‍‌ര്‍‌...
പ്രോല്‍‌സാഹനവും അം‌ഗീകാരവുമൊക്കെ കൊതിക്കാത്തവര്‍ ആരുണ്ട്. മാനസയുടെ ലോജിക്ക് പിടികിട്ടുന്നുണ്ട്. ചില കമന്‍റുകള്‍ കണ്ടപ്പോള്‍ എഴുതിയതാണ്. നന്ദി:))

മാനസ said...

സമാധാനമായി.......:)അടുത്ത ഒരു കമന്റ്‌ അതേ ചൂടില്‍ വന്നാല്‍ കഥാനായികയെ ഭരമേല്‍പ്പിച്ചു ''ഞാന്‍ ഈ നാട്ടു കാരി അല്ലേ ''എന്ന് പറഞ്ഞു ഓടി 'രെച്ചപ്പെടാന്‍ 'റെഡിയായി ഇരിക്കുകയായിരുന്നു ഞാന്‍ .......:P

ചേച്ചിപ്പെണ്ണ്‍ said...

വിഷമിക്കണ്ടാട്ടോ ...
അടുത്തതിനു എല്ലാം ഭംഗി ആവും .....
അതിനായി എന്റെം ഭാവുകങ്ങള്‍ ....

NITHYAN said...
This comment has been removed by the author.
NITHYAN said...

വിഷയം കൊള്ളാം. നല്ല അവതരണവും. എന്നാലും തോന്നുന്നു - ബ്രെവിറ്റി ഈസ് ദ സോള്‍ ഓഫ് ബോത്ത് വിറ്റ് ആന്റ് ലാന്‍ഷെറീ. വാക്കുകള്‍ കുറച്ച് ഒന്നുകൂടി മനോഹരമാക്കാമായിരുന്നു

Manoraj said...

മാനസ,

ഒരിക്കലും താങ്കൾ അവതരിപ്പിച്ച പ്രമേയം മോശമാണെന്നോ ഒന്നുമ്മല്ല ഞാൻ ഉദ്ദേശിച്ചത്‌. തെറ്റിദ്ധരിച്ചെങ്കിൽ ക്ഷമിക്കുക... താങ്ങൾക്ക്‌ വ്യ്ത്യസ്തമായ ഒരു വിഷയം എടുക്കാമായിരുന്നു എന്നെ പറഞ്ഞുല്ലൂ?

Jayesh/ജയേഷ് said...

അത്ര മോശമൊന്നും തോന്നിയില്ല. ഒരു കൈയ്യൊതുക്കത്തിന്റെ കുറവ് ഉണ്ടായിരുന്നു. തുടര്‍ ന്നും എഴുതുക

Sandhya said...

മാനസീ -

ഇടക്ക് വേറെ ഒന്നുരണ്ട് പോസ്റ്റ് വായിച്ചിരുന്നുവെങ്കിലും ഒന്നും മിണ്ടാതെ പോയതാ :)

ഈ പോസ്റ്റിലെ കവിതശകലം വളരെ ഹൃദ്യമായി. കഥക്കായ് എഴുതിയതാണെങ്കിലും അതൊന്ന് പൂര്‍ത്തിയക്കാന്‍ ശ്രമിച്ചൂടേ?

“ഞാന്‍ മരണത്തെപ്പുല്കാം ....
.................
നിന്‍റെ ജ്വലിക്കും സ്നേഹത്തിന്‍ നിറക്കൂട്ടാല്‍ “

മറ്റഭിപ്രായങ്ങളൊക്കെ ചര്‍ച്ചചെയ്തതുവായിച്ചതിനാല്‍ പ്രത്യേകിച്ചൊന്നും എനിക്ക് പറയാനില്ലാ :)

- സന്ധ്യ

G.MANU said...

മനോഹരമായ ആഖ്യാനം..
പെണ്മാനസം പകര്‍ത്തിയ കഥ...

ലേഖാവിജയ് said...

പണ്ട് എഴുതിവച്ചീരുന്ന കഥകള്‍ ഇപ്പോഴെടുത്ത് വായിക്കുമ്പോള്‍ ചിരി വരും.അയ്യേ എന്ന് ആരും കാണാതെ ചിരിക്കും.ഇപ്പോള്‍ എഴുത്ത് കേമമായി എന്നല്ല.അന്നു പഠിക്കാനുണ്ടെന്നു പറഞ്ഞ് ഒരു ജോലിയും ചെയ്യാതെ നടന്ന കാലത്തും ഇപ്പോള്‍ വീട്ടമ്മ (വീട്ടമ്മയാണെന്ന് പറയുമ്പോള്‍ ഓ അതൊരു ജോലിയാണോ എന്നു ചോദിക്കുന്നവരെ തല്ലിക്കൊല്ലാന്‍ തോന്നും)ആയപ്പോഴും ഞാന്‍ ഇങ്ങനൊക്കെ തന്നെ.പണ്ട്ക്ലാസ് മുറിയിലിരിക്കുമ്പോള്‍ കഥാപാത്രങ്ങള്‍ക്കൊപ്പം പോവുക പതിവായിരുന്നെങ്കില്‍ ഇപ്പോള്‍ അടുക്കളയിലെ തിരക്കില്‍ ആരും കേള്‍ക്കാതെ അവരോട് മിണ്ടുക എന്നതാണ് വിനോദം.മനസ്സിലെഴുതി ശുഭം എന്ന് അടിവരയിട്ട എത്ര കഥകള്‍ പേപ്പറിലേക്ക്(ബ്ലോഗിലേക്ക്) പകര്‍ത്താന്‍ കഴിയാതെ പോയിട്ടുണ്ട്.എന്നെ എപ്പഴാ എഴുതുക എപ്പഴാ എഴുതുക എന്ന് ഇപ്പഴും പിന്നാലെ വരാറുണ്ട് ചിലര്‍.വല്ലതും മനസ്സിലായോ യമുനേ? എന്തെങ്കിലും മനസ്സില്‍ തോന്നിയാല്‍ അപ്പോഴെ എഴുതുക.ഒഴുകി ഒഴുകി മിനുസം വരുന്ന കല്ലുകള്‍ പോലെ എഴുതി എഴുതി ഭംഗി വരട്ടെ.സ്നേഹം.

നന്ദന said...

മാനസ,
ജീവിതത്തിലെ ഒരു ദിവസത്തിലെ ഒരുനിമിഷം പോലും കളഞ്ഞിട്ടില്ല!!
എത്ര നന്നായി എഴുതിരിക്കുന്നു!!!
ആ ഭാഷയുടെ ലാളിത്യമാണ് എനിക്കേറേ ഇഷ്ട്പ്പെട്ടത്.
ഏട്ടൻ ശകാരിക്കുമ്പോൽ “ഈ പെൻണ്ണീന് വീണ്ടും ഗർഭം“ എന്ന് എഴുതാൻ എല്ലവർക്കും കഴിയില്ല!!
മക്കളെ സ്കൂളിൽ വിടുന്ന ഏതൊരു സ്ത്രീയുടേയും പരിഭവങ്ങൾ, ആശകൾ നിരാശകൽ എല്ലാം പാകത്തിനുണ്ട്. (കറിവെക്കൺ അറിഞ്ഞാൾ നല്ല സ്രിഷ്ടികളും പ്രസവിക്കൻ കഴിയുമെന്ന് മാനസ തെളിയിച്ചു)
സൂപ്പർമന്റെ കഥകളാണ് മിക്ക കുട്ടികളും ആവശ്യപ്പെടുക സ്വഭാവികം പക്ഷെ അതിൽ ഒരു കഥക്കുള്ള വരികളുണ്ടെന്ന് ഇപ്പോഴാ മനസ്സിലായത്.
പക്ഷെ അവിടേയും ഏട്ടനോട് ഉപമിച്ച് കുഞ്ഞിനേയും ആ വികാരത്തിൽ വളർത്തുന്നത് ശരിയാണോ???
ഇങ്ങനെ എഴുതിയത് ഞാ‍നൊരു കഥയല്ല വായിച്ചത് ഒരു ജീവിതമായിരുന്നു. നമ്മുടെ ജീവിതത്തോട് പറ്റിക്കിടക്കുന്ന കഥകൾ ന്മുക്ക് ഏറേ ഇഷ്റ്റപ്പെടില്ലേ?
എന്ത് തിരക്കണെങ്കിലും എഴുത്ത് മുടക്കരുത് (ഏട്ടനുള്ളത് ഏട്ടനുകൊടുത്താൾ അടങ്ങിയിരുന്നോളും)
അഭിപ്രായം പറഞ്ഞ് കൂടിപോയോ!!!
നന്മകൾ നേരുന്നു
നന്ദന

മാനസ said...

ചേച്ചിപ്പെണ്ണേ ,സമാധാനമായി ,നന്ദി :)

നിത്യന്‍ ,ഇനി ശ്രദ്ധിക്കാം .:)

മനോ,മനസ്സിലായി :) നന്ദി

Jayesh / ജ യേ ഷ്,
അഭിപ്രായത്തിനു നന്ദി

സന്ധ്യ ,ശ്രമിക്കാം,കേട്ടോ.....

മനുമാഷേ,നന്ദി

ലേഖെ,മനസ്സിലായി,നന്ദി :)

നന്ദന, കുഞ്ഞിന്‍റെ കുറുമ്പിനോട് അമ്മയുടെ ഒരു sudden reaction അത്രേയുള്ളൂ...
അല്ലാതെ അമ്മക്ക് കുഞ്ഞിനെ അതേ വികാരത്തില്‍ വളര്‍ത്താന്‍ പറ്റുമോ ?
നന്ദി :)

മത്താപ്പ് said...

nalla kathha.
enikk nallONam ishTaayi ttwo.....

Muralee Mukundan , ബിലാത്തിപട്ടണം said...

ഏതൊരുഭാര്യയുടേയും,ദിനാനുഭവപീഡനകളാൽ,‘അബോർഷനായി’പിറന്നുവീണ ,ഈ ചാപ്പിള്ള ഒരു കഥയുടെ പുതുജീവൻ വെച്ച് ,പിച്ചവെച്ചോടിനടക്കുന്നത് കാണുവാൻ എന്ത്ചന്തം ! എന്ത് രസം !

സുനിൽ കൃഷ്ണൻ(Sunil Krishnan) said...

മാനസി..

ഒരു വീട്ടമ്മയുടെ ഒരു ദിവസത്തിന്റെ കഥയിലൂടെ ദു:ഖത്തിന്റെ ഒരു നേര്‍ത്ത ധാര അവസാനം വരെ നിറഞ്ഞു നിന്നു.പ്രണയം എന്നും ഒരു പ്രചോദനമാണു.അതു കവിതയായി, കഥയായി മുന്നില്‍ വരുമ്പോള്‍ അതിമനൊഹരമാകുന്നു.ഈ കഥയിലും നായിക ജീവിക്കുന്നത് നഷ്ടമായിപ്പോകുന്ന ഒരു പ്രണയത്തെക്കുറിച്ചുള്ള തീവ്രമായ ഓര്‍മ്മകളിലാണ്.ഒരു പക്ഷേ ഇന്നത്തെ അവളുടെ ജീവിതത്തില്‍ അവളെ ആരും മനസ്സിലാക്കുന്നില്ല എന്നവള്‍ക്ക് പരിഭവവും ഉണ്ട്.”നിനക്കു വീണ്ടും ഗര്‍ഭമുണ്ടായോ” എന്നു ചോദിക്കുന്ന ഭര്‍ത്താവ്, എന്റെ കൂടെ ഉണ്ണാനും ഉറങ്ങാനും ആണെന്റെ ഭാര്യ് എന്ന അവകാശം കൂടി സ്ഥാപിക്കുമ്പോള്‍ അവള്‍ സ്വന്തം ആഗ്രഹങ്ങളെ മനസ്സിലൊതുക്കാന്‍ വിധിക്കപ്പെട്ടവളായി മാറുന്നു.അപ്പോളും അവളുടെ മനസ്സില്‍ തന്നെ എന്നും പ്രോത്സാഹിപ്പിരുന്ന ആ പ്രണയത്തിന്റെ നനു നനുത്ത ഓര്‍മ്മകള്‍ ഓടിയെത്തുന്നു.

“ ഞാന്‍ മരണത്തെപ്പുല്കാം ,എന്ന -
നുരാഗ യമുനാ തീരത്തു നീയൊരു ,
താജ് മഹല്‍ എന്നോര്‍മ്മക്കായ് പണിയുമെങ്കില്‍ ...
എന്‍ തകര്‍ന്ന സ്വപ്നത്തിന്‍ വെള്ളാരംകല്ലിനാല്‍ .'
നിന്‍റെ ജ്വലിക്കും സ്നേഹത്തിന്‍ നിറക്കൂട്ടാല്‍ ......''

അതു തന്നെ...പ്രണയത്തിന്റെ നിത്യ സൌരഭ്യം..

നല്ല കഥ...അല്പ സ്വല്പം മാറ്റങ്ങളും ഭംഗി വരുത്തലും ആകാമായിരുന്നുഎന്നു മാത്രം..നന്ദി ആശംസകള്‍!!!

Padmadevi said...

ഈ അടുത്തെങ്ങും ഇത്രേം നല്ല ബ്ലോഗ്‌ വായിച്ചിട്ടില്ല. എത്ര നന്നായെന്നു ചോദിച്ചാല്‍
ഒരു കുന്നോളമെന്നോ ഒരു കുഞ്ഞു കണ്ണീര്‍ തുള്ളിയോളമെന്നോ പറയാന്‍ തോന്നുന്നു.

ഭ്രാന്തനച്ചൂസ് said...

"പത്തുമാസം ചുമക്കുന്ന ഭ്രൂണത്തെ
പുറന്തള്ളാന്‍ വെംബുന്ന ഗര്‍ഭപാത്രത്തിനോ....
തൂലികത്തുംബില്‍ നിന്നടരാന്‍
കൊതിക്കുന്ന വരികള്‍ക്കോ നോവ്..?
പേറ്റുനോവ്....

എന്റെ ഒരു പഴയ കവിതയുടെ വരികള്‍ ഓര്‍മ്മ വന്നു ഇത് വായിച്ച്പ്പോള്‍.
വേദനയും, അമര്‍ഷവും,സ്നേഹവും, നിസ്സഹായതയും, കരുതലും എല്ലറ്റിലുമുപരി പ്രണയവും നിറഞ്ഞു തുളുമ്പുന്ന വരികള്‍ ....
വളരെ നന്നായി..ഭാവുകങ്ങള്‍ ...!

Rare Rose said...

ചെറുതും വലുതുമായ തിരക്കുകളില്‍ പെടുമ്പോള്‍ പെട്ടെന്നു മാറ്റിവെയ്ക്കപ്പെടുന്നത് അല്ലേ.ഇനിയൊരിക്കലും തിരിച്ചു വരുമോയെന്നറിയാത്ത എന്തിന്റെയൊക്കെയോ നുറുങ്ങു ഓര്‍മ്മകള്‍.എഴുതുന്നതിന്റെ,എഴുതാതിരിക്കേണ്ടി വരുന്നതിന്റെയൊക്കെ നോവുകള്‍ നന്നായി വരച്ചു കാട്ടിയിരിക്കുന്നു..

yousufpa said...

വല്യമ്മായിയുടെ ഫെമിനിസം ഇശ്ശി പിടിച്ചു. നീളം കൂടിയത് കൊണ്ട് വിരസത അനുഭവപ്പെടുന്നുണ്ടെന്നത് സത്യം.

vinus said...

കഥയുടെയും കഥയെഴുത്തിന്റെം സാങ്കേതികവശം അറിയില്ലേലും കുഞ്ഞു കുഞ്ഞു വല്ല്യ കാര്യങ്ങൾ നന്നായി പറഞ്ഞ കഥ എനിക്ക് വളരെ ഇഷ്ടപ്പെട്ടു.

ഏകതാര said...

ശരിക്കും കണ്ണ് നനയിച്ചു.
സത്യം.

സ്വപ്നാടകന്‍ said...

നല്ല കഥ..
വലിച്ചു നീട്ടിയെങ്കിലും ഇഷ്ടപ്പെട്ടു..
[ആഖ്യാനം ഇടയ്ക്ക് പൈങ്കിളി ആയോന്നും ഒരു സംശയം ഇല്ലാതില്ല..:)]

latha said...

മാനസ... നന്നായിട്ടുണ്ട്....
മനസ്സില്‍ ഒരു വിങ്ങല്‍ ബാക്കി വച്ചു....
ഇവിടെ കണ്ട Comments ഇല്‍ തന്നെ 100 ബ്ലൊഗ് നുള്ള വകപ്പ് ഉണ്ട്... ബ്ലൊഗ് എഴുതുന്നതിനു 15 മീറ്റര്‍ പാടുള്ളു എന്നു വല്ല നിയമവും ഉണ്ടൊ?... ഞാന്‍ എഴുത്ത് തുടങ്ങീയില്ല... അങ്ങിനെ വല്ലതും ഉണ്ടേല്‍ ഈ വഴിക്ക് വരേണ്ടാലൊ...
ഒരു പെണ്ണിനെ മറ്റൊരു പെണ്ണിനെ മനസ്സില്‍ ആക്കാന്‍ പറ്റുക ഉള്ളു....
നല്ല എഴുത്ത്...
സ്നെഹത്തൊടെ ഒരു വീട്ടമ്മ....

Unknown said...

ജീവിത തിരക്കിനിടയില്‍ പ്രതിഭ നഷ്ടമാകുന്നു അല്ലെങ്കില്‍ പ്രകടിപ്പിക്കാന്‍ ആവുന്നില്ല എന്നുള്ളത് പലരുടെയും സങ്കടം ആണ്

ഒന്നും ചാപിള്ള ആവില്ല...സമയമെടുത്ത്‌ പ്രസവിച്ചാല്‍ മതി

Beena said...

Valare nannayirikkunnu. oru typical veetamma enthu cheythalu onnum cheyunnilla enna lokathinte kannukal.. avalude vicharangal.. ellam manoharamayirikkunnu.
beena

അജേഷ് ചന്ദ്രന്‍ ബി സി said...

നല്ല ഒഴുക്കുണ്ട് മാനസീ..
വീണ്ടും വരും ഞാന്‍ ...

Chandu said...

Akka, kalakki. Abhinandanangal!

Swantham Lekhakan said...

Saralla... angane oke alle jeevitham sankadapedathe iniyum ezhuthiyal mathi. A seed will be blown.. if not today.. tomorrow for sure.. best wishes..by. bichhuss

sreeja subhash said...

കഥ വായിച്ചു.....ഓരോ വരിയും ഇഴ കീറിമുറിച്ചു അഭിപ്രായം പറയാന്‍ എനിക്കറിയില്ല...അതിനുള്ള കഴിവും ഇല്ല.....ചില വരികളിലെ ജീവിതത്തിനു എന്‍റെ ജീവിതവുമായുള്ള സാമ്യം...അത് ഞാന്‍ ആവോളം ആസ്വദിച്ചു...."എന്‍റെ പെണ്ണ്" എന്ന് എന്നെ വിളിക്കുന്ന എന്‍റെ ഏട്ടനെ ഞാന്‍ ആ വരികള്‍ക്കിടയില്‍ കണ്ടു...ഏട്ടന്‍ പോയി കഴിഞ്ഞു 12 മണിക്ക് മുന്‍പ് വീട്ടുജോലികള്‍ തീര്‍ക്കാന്‍ ശ്രമിക്കുന്ന എന്നെയും കണ്ടു....പ്രവാസ ജീവിതം അവസാനിപ്പിച്ചു നാട്ടിലേക്ക് മടങ്ങിയ എനിക്ക് കുറെ ദിവസങ്ങള്‍ക്ക് ശേഷം എന്‍റെ ഏട്ടന്‍ എന്നും ഉച്ചക്ക് എനിക്ക് നേരെ നീട്ടാറുള്ള ഒരു ഉരുള ചോറിനു വേണ്ടി വീണ്ടും വായ തുറക്കാന്‍ തോന്നിപ്പിച്ച മാനസയ്ക്കു നന്ദി....ഒരു കാര്യം കൂടി...തര്‍ക്കിച്ചു തോല്‍പ്പിക്കാന്‍ കഴിയാത്ത എന്‍റെ ഏട്ടന്‍റെ മുന്നില്‍ അവസാനത്തെ അടവായ എന്‍റെ കണ്ണുനീരിനെയും ഞാന്‍ കണ്ടു.....മാനസയ്ക്കു അത് അടവല്ലെങ്കിലും എനിക്ക് അത് അവസാനത്തെ ആയുധമാണ്...ഒരിക്കല്‍ കൂടി നന്ദി മാനസ....

Rahul said...

typical
but good narration..
especially the poem bit in the middle was quite good.
Pinne the dialog "njaanjoolinum pathi.." hehe athu njan chirichu
onnude short aakkiyirunnel nannaavumaayrunnu..
a bit too long
pusthakathile neelam blogil chilapo adhikam aaavum..

Unknown said...

Good one. :)

http://neelambari.over-blog.com/

khaadu.. said...

വായിക്കാന്‍ ഒത്തിരി വൈകിയെങ്കിലും നല്ലൊരു പോസ്റ്റ്‌ വായിചെന്ന സന്തോഷം ഉണ്ട്... ആദ്യം ഭാഗം ശരിക്ക് മനസ്സില്‍ തട്ടി പറഞ്ഞു...വേദനിപ്പിച്ചു.. രണ്ടാം ഭാഗം കുറച്ചു വലിച്ചു നീട്ടിയെങ്കിലും അതിലും വീട്ടമ്മയുടെ ആവലാതികളും വേവലാതികളും വ്യക്തമായി വരക്കാന്‍ കഴിഞ്ഞിട്ടുണ്ട്.....

എന്നിരുന്നാലും എന്ത് കൊണ്ടും നല്ലൊരു പോസ്റ്റ്‌....

ആശംസകള്‍..

Unknown said...

മാനസിയുടെ പ്രമേയവും കഥ പറയുന്ന രീതിയും ഇഷ്ടായി..... ഭര്‍ത്താവിനും കുട്ടികള്‍കും മറ്റുലവര്കും വേണ്ടി ആത്മത്യാഗം ചെയ്യുന്ന അഗ്നി പുത്രിമാരുടെ മനസിന്‍റെ വിങ്ങലുകള്‍..... അരസികന്മാരുടെ സ്വാര്‍ത്ഥ താല്പര്യങ്ങള്‍ക് വേണ്ടി മനസ്സില്‍ കുഴിച്ചു മൂടപ്പെടുന്ന ചാ പിള്ളകള്‍. ഒടുവില്‍ മനസ് പൊട്ടി പോകുന്നത് " നിന്നെ ഞാന്‍ പോന്നു പോലെ നോക്കുന്നില്ലേ" എന്നാ ആശ്വാസം കേള്‍കുംപോളാണ്. "ബന്ധുര കാഞ്ചന കൂട്ടിലാണെങ്കിലും ബന്ധനം ബന്ധനം തന്നെ പാരില്‍....." .

Anonymous said...

കഥ നീണ്ടുപോയി എന്നാ തോന്നലോന്നും തല്‍ക്കാലം എനിക്കില്ല. മാത്രവുമല്ല അയ്യോ തീര്‍ന്നു പോയോ എന്ന് തോന്നുകയും ചെയ്തു. ആ കഥയില്‍ മുഴുകിയിരിക്കുന്ന ആളുകള്‍ക്ക് അങ്ങനെ തോന്നാനെ വഴിയുള്ളൂ. നല്ല ഒഴുക്കുണ്ട് കഥയ്ക്ക്. വളരെയധികം ഇഷ്ടപ്പെട്ടു എന്ന് പറയേണ്ടതില്ലല്ലോ.

ഈ അബോര്‍റേന്‍ പലപ്പോഴും എനിക്കും സംഭവിച്ചിട്ടുണ്ട്. യാത്രകളില്‍ മനസ്സില്‍ തോന്നുന്ന വരികള്‍ കടലാസിലേക്ക് പകര്‍ത്താന്‍ മിക്കവാറും കഴിയാറില്ല.

പ്രീത സാബു said...

പ്രതിഭാധന....

Post a Comment

അഭിപ്രായം ഇവിടെ...