ഒരു പെണ്‍വാണിഭം

''ഒന്നു പെറ്റതല്ലേ , വേണോ രൂപാ രണ്ടായിരത്തഞ്ഞൂറും?? ''

' കാശ് തന്നേ , ഉരുപ്പടി കണ്ടാല്‍ പറയുമോ,കൊള്ളാം !!'

നീണ്ട മുടിയും,ഉടലും,ഒതുങ്ങിയഴകുള്ളോരരക്കെട്ടും
ഗോതമ്പുതോല്‍ക്കും നിറം ,അല്‍പ്പം പതുങ്ങിക്കുണുങ്ങി നടത്തം.

'പുറത്തു നിര്‍ത്തണ്ടധികം,അകത്തേക്കാനയിക്കൂ
ഇണങ്ങുവാന്‍ ലേശം മടിയും,നാണവും കാണും '

''ഭയപ്പെടുത്തണോ,പീഡന മുറകളെന്തെങ്കിലും വേണോ
അടുക്കുവാന്‍ ‍, അനുനയത്തിനടവുകളെന്തെങ്കിലും ? ''

'മൂന്നു നേരം മട്ടന്‍ കുഴച്ചുരുട്ടിയ ചോറും ,
നാലുമണിക്കെന്നും ബ്രാന്‍ഡഡ് പട്ടി ബിസ്ക്കറ്റും മതി '

''കൂടൊന്നു തീര്‍ക്കും വരെ കൂടെക്കിടത്തേണ്ടി വര്വോ ?''

'ഹേയ്,കുഞ്ഞൊരു തുടലിന്‍റെ കാര്യമേയുള്ളൂ , ഞാനേറ്റു '.


*<<<<<<<.>>>>>>>>*<<<<<<<<.>>>>>>>>>*

അബോര്‍ഷന്‍

കൃത്യം അഞ്ചരയ്ക്കു അലാറം ഒച്ചയിട്ടു .
ഞാന്‍ സ്വപ്നത്തില്‍ നിന്നെന്നപോലെ ഞെട്ടിയുണര്‍ന്നു .
ഏട്ടന്‍ കമിഴ്ന്നു കിടന്നു സുഖമായി ഉറങ്ങുന്നു.
ബ്ലാങ്കറ്റിനുള്ളിലെ സുഖോഷ്ണത്തില്‍ നിന്നു ഞാന്‍ പതിയെ അടുക്കളയിലെ തണുപ്പിലേക്ക് ഊളിയിട്ടു...
അടുക്കളയിലെ ലൈറ്റിടും മുന്‍പേ പുളിച്ചു പൊന്തിയ മാവിന്‍റെ മണം മൂക്കിനെ തുളച്ചു .
ഇന്നലെ അപ്പത്തിനു മാവ് അരച്ച് വെച്ചതില്‍ യീസ്റ്റ് കൂടിപ്പോയോ ആവോ...

തലയ്ക്കു വല്ലാത്ത പെരുപ്പ് പോലെ.
ഉറക്കം തീരെ ശരിയായില്ല.ഉണ്ണിയുടെ ഗൃഹപാഠങ്ങളും,പ്രൊജക്റ്റ്‌ വര്‍ക്കുകളും ,യൂനിറ്റ് ടെസ്റ്റ്-നുള്ള
തയ്യാറാക്കലും കഴിഞ്ഞു ഞാനും അവനും പാതിരാവിലെപ്പോഴോ ആണ് കിടന്നത് .ബ്ലാങ്കറ്റിനുള്ളില്‍ പട്ടുനൂല്‍ പ്യൂപ്പയെ പ്പോലെ അവന്‍ ഇപ്പോഴും ചുരുണ്ട് കൂടി കിടക്കുന്നു...പാവം കുട്ടി ! കുഞ്ഞിന്‍റെ പഠനഭാരത്തെ ക്കുറിച്ചോര്‍ത്തു ഏതൊരു അമ്മയെയും പോലെ എന്‍റെ ധാര്‍മ്മിക രോഷവും ആളിക്കത്തി.

കുടിക്കാനുള്ള വെള്ളം തിളപ്പിക്കാന്‍ സ്റൌവില്‍ വെച്ചിട്ട് ബാത്രൂമിലേക്ക് നടന്നു .വെള്ളത്തിന്‌ ഐസിനെക്കാള്‍ തണുപ്പ് .ഈ വര്‍ഷം പൊതുവേ തണുപ്പ് കൂടുതലാണ്.ആഗോള താപനത്തിന്‍റെ പരിണിത ഫലമത്രെ !ആവോ !!
ഉത്തരേന്ത്യയില്‍ അതിശൈത്യം കാരണം കുറേപ്പേര്‍ മരിച്ചെന്നോ,ഡെല്‍ഹി വിമാനത്താവളം മൂടല്‍ മഞ്ഞു കാരണം അടച്ചിട്ടെന്നോ ....ഒക്കെ ന്യൂസില്‍ കേട്ടു.

ഡെല്‍ഹി, മനുവേട്ടനെ ഓര്‍മ്മിപ്പിച്ചു.
ഇന്ന് ,പതിവില്ലാതെ പുലരുവോളം മനുവേട്ടനെ സ്വപ്നം കണ്ടു.
എന്‍റെ അപ്പച്ചിയുടെ മകനാണ് കേട്ടോ,മനുവേട്ടന്‍ .എന്‍റെ മുറചെറുക്കന്‍ .!!
വിധി സംവിധാനം ചെയ്ത ദുരന്തനാടകത്തിലെ കഥാപാത്രമായിരുന്നില്ലെങ്കില്‍ ...ഒരു പക്ഷെ,എന്റെതാകുമായിരുന്ന മനുവേട്ടന്‍ ....

അടുപ്പത്ത് വെള്ളം തിളയ്ക്കുന്ന ശബ്ദം എന്നെ ചിന്തകളില്‍ നിന്നുണര്‍ത്തി .
വെള്ളം പകര്‍ന്നു വെച്ചു,ചായക്ക്‌ വെള്ളം വെച്ചപ്പോഴേക്കും ഉണ്ണി എഴുന്നേറ്റു .
കണ്ണും തിരുമ്മി മടി പിടിച്ചു വന്നു എന്‍റെ വയറ്റില്‍ മുഖമമര്‍ത്തി നിന്നു കുറച്ചു നേരം...എന്‍റെ ചലനങ്ങള്‍ക്കനുസരിച്ച് അവന്റെ കുഞ്ഞു ശരീരം എന്നോടൊപ്പം ഉലഞ്ഞു...
''മോന്‍ പോയി പല്ല് തേക്കൂ....അപ്പോഴേക്കും അമ്മ കുളിപ്പിക്കാന്‍ വരാം...'''
മോനെ ഉന്തി തള്ളി വിട്ട ശേഷം ഞാന്‍ അപ്പച്ച ട്ടിയിലേക്ക് മാവ് കോരിയൊഴിച്ച് മൂടി വെച്ചു. കറിയെന്തുണ്ടാക്കും??
പൊട്ടറ്റോ സ്ട്യൂ ആയാലോ...
പല്ലുതേച്ചു വന്ന ഉണ്ണി ചിണുങ്ങി,''
അമ്മേ,ഇന്നലെ ഇംഗ്ലീഷ് ഹോം വര്‍ക്ക്‌-ല്‍ ഒരെണ്ണം രാവിലെ എഴുതാമെന്ന് പറഞ്ഞു വിട്ടില്ലേ,അതു പറഞ്ഞുതാ...'
''ഏതു ?''
'' 'Tajmahal ' -ന്‍റെ മുന്നില്‍ ' the' ആണോ,'a' ആണോ 'an' ആണോ ചേര്‍ക്കുന്നെ ?''

''മോന് ഏതാണ് ശരിയെന്ന തോന്നുന്നേ, ഒക്കെ ഇന്നലെ അമ്മ പറഞ്ഞു തന്നതല്ലേ ?''

''അതു 'താജ്മഹല്‍ ' ലോകത്ത് ഒരെയോരെണ്ണമല്ലേ ഉള്ളൂ.. അപ്പോള്‍ the അല്ലേ ചേര്‍ക്കണ്ടത് ''
''ഉം..''
ഞാന്‍ അലസമായി മൂളി...
മനുവേട്ടന്‍ വീണ്ടും ഓര്‍മ്മയിലേക്ക് തെളിഞ്ഞു വന്നു...അനുവാദം വാങ്ങാതെ...

ഡല്‍ഹിയില്‍എയര്‍ ഫോഴ്സില്‍ ആയിരുന്നു മനുവേട്ടന്‍ .
'എന്‍റെ മനുവിന്‍റെ പെണ്ണാണ് നീ 'എന്ന് അപ്പച്ചി ഇടയ്ക്കിടെ പരസ്യമായി ഓര്‍മ്മപ്പെടുത്തുന്നത്‌ കൊണ്ടു ഒരു അംഗീകൃത പ്രണയത്തിന്‍റെ സുഖം നുകര്‍ന്ന് മനുവേട്ടന്‍റെ ഓരോ അവധികാലത്തെയും ഞങ്ങള്‍ അവിസ്മരണീയമാക്കി .
ഒരിക്കല്‍ തെക്കേ തൊടിയിലെ പച്ചപ്പായല്‍ പിടിച്ച കല്‍പ്പടവില്‍ വെച്ചു ,എന്‍റെ പ്രണയ കവിത വായിച്ചിട്ട് നെറ്റിയില്‍ ഉമ്മവേച്ച ശേഷം മനുവേട്ടന്‍ പറഞ്ഞത് ഇന്നലെയെന്നപോലെ ഓര്‍മ്മവരുന്നു .
''കല്യാണം കഴിഞ്ഞാല്‍ എന്‍റെ പെണ്ണിനെ ഞാന്‍ ആദ്യം കൊണ്ടു പോകുക ,താജ്മഹല്‍ കാണാന്‍ ആണ് ,അനശ്വര പ്രണയത്തിന്‍റെ സ്മാരകം കാണാന്‍ ...''
നാണത്തോടെ പുഞ്ചിരിച്ച എന്‍റെ കവിളില്‍ കിള്ളി '' കാത്തിരിക്കാന്‍ വയ്യ പെണ്ണെ... അടുത്ത ലീവിന് പറ്റുമെങ്കില്‍ നിന്നെയും കൂടെ കൂട്ടണം ''എന്ന് പറഞ്ഞു പോയ മനുവേട്ടന്‍ ലീവാകാന്‍ കാത്തുനില്‍ക്കാതെ എത്തി,ത്രിവര്‍ണ്ണ പതാകയില്‍ പൊതിഞ്ഞ പെട്ടിയില്‍ ,ഭദ്രമായി ...
ഹെലികോപ്ടര്‍ ആക്സിഡന്‍റ് ആയിരുന്നത്രെ .
ഓര്‍മ്മകള്‍ കണ്ണ് നനയിച്ചു...

'' ഞാന്‍ മരണത്തെപ്പുല്കാം ,എന്ന -
നുരാഗ യമുനാ തീരത്തു നീയൊരു ,
താജ് മഹല്‍ എന്നോര്‍മ്മക്കായ് പണിയുമെങ്കില്‍ ...
എന്‍ തകര്‍ന്ന സ്വപ്നത്തിന്‍ വെള്ളാരംകല്ലിനാല്‍ .'
നിന്‍റെ ജ്വലിക്കും സ്നേഹത്തിന്‍ നിറക്കൂട്ടാല്‍ ......''

മനസ്സില്‍ വരികള്‍ തുളുമ്പി....
എന്‍റെ പെന്‍സില്‍ എവിടെ ?
അടുക്കളയില്‍തീര്‍ന്നു പോകുന്ന സാധനങ്ങളുടെ ലിസ്റ്റ് കുറിക്കാന്‍ സ്പൂണ്‍ റാക്കില്‍ കരുതിയിരുന്ന പെന്‍സിലും,പേപ്പറും എടുത്തപ്പോഴേക്കും ബാത്രൂമില്‍ നിന്നും ഉണ്ണിയുടെ വിളി..

സ്ഥലകാല ബോധം വന്നു.
ഭാഗ്യം! ഓര്‍മ്മകളുടെ കുത്തൊഴുക്കിലും,അപ്പം ചുട്ടു തീര്‍ന്നിരിക്കുന്നു .
പക്ഷെ,മറക്കാതെ ഈ വരികള്‍ പകര്‍ത്തണ്ടേ ?ഇല്ല,ഒന്നും നടക്കില്ല...

എത്ര ദിവസമായി വിചാരിക്കുന്നു മനസിലുള്ളതൊക്കെ പേപ്പറിലേക്ക്‌ കുറിച്ച് വെക്കണമെന്ന്...
പച്ചക്കറി നുറുക്കുമ്പോഴും,ദോശക്കു മാവരക്കുമ്പോഴുമോക്കെയാണ് മനസ്സിനെ യഥേഷ്ടം മേയാന്‍ വിടുന്നത്...കഥയെന്നും,കവിതയെന്നു ഞാന്‍ രഹസ്യപ്പേര് വിളിച്ചു, ഞാന്‍ പേപ്പറില്‍ കുനുകുനെ കിളിര്‍ക്കാനിടുന്ന അക്ഷരമണികള്‍ക്ക് വെള്ളവും,വളവും നല്‍ക്കുന്നത് , ,എന്തിനു,നിലമൊരുക്കുന്നത് പോലും,ഈ ജോലികള്‍ക്കിടയിലുള്ള എന്‍റെ മാനസിക വ്യാപാരങ്ങളാണ് .
എന്തെങ്കിലും കുറിക്കാന്‍ കുത്തൊഴുക്കായി മനസ്സിലേക്ക് കൊണ്ടു വരുന്നതും അവയാണ് .പക്ഷെ,
മിന്നല്‍പ്പിണര്‍ പോലെ മനസ്സില്‍ തികട്ടുന്നത് പകര്‍ത്താന്‍ നിന്നാല്‍ ഉച്ചക്ക് ഊണിനു പകരം കവിത വിളമ്പേണ്ടി വരും...
ഒരു വീട്ടമ്മയിലെ കുഞ്ഞുകവയിത്രിയുടെ ദുര്‍വിധി.
ഞാന്‍ ബാത്ത് റൂമിലേക്ക്‌ നടനന്നു.
ഉണ്ണിയെ കുളിപ്പിക്കുമ്പോഴേക്കും ഏട്ടന്‍ എഴുന്നേറ്റു വന്നു.
ചട്ടുകത്തിന്‍റെ അടിയില്‍ വിശ്രമിക്കുന്ന കടലാസിലെ അപൂര്‍ണ്ണമായ വരികള്‍ വായിച്ചു ഏട്ടന്‍ പുഞ്ചിരിച്ചു.
''എന്‍റെ പെണ്ണിന് വീണ്ടും ഗര്‍ഭം ''??
കേട്ട വാക്കുകളോടുള്ള അനിഷ്ടം ഞാന്‍ ഉണ്ണിയുടെ ഷര്‍ട്ട് ഒട്ടൊരു ഒച്ചയോടെ കുടഞ്ഞു തീര്‍ത്തു .
ധൃതിയില്‍ മോനെ ഡ്രസ്സ്‌ ചെയ്യിച്ചു കോണ്‍ഫ്ലേക്സും പാലും കൊടുത്തു ,ടിഫ്ഫിനും വെള്ളവും,ബുക്സും ബാഗിലാക്കി കുഞ്ഞിന്‍റെ കയ്യില്‍പ്പിടിച്ചു പുറത്തേക്കു ഓടുമ്പോള്‍ സ്കൂള്‍ ബസിന്‍റെ ഹോണ്‍ കേട്ടു.

തിരികെയെത്തി,ഏട്ടന്‍റെ ഡ്രസ്സ്‌ തേച്ചു മിനുപ്പാക്കി ,പ്രാതലും കൊടുത്തു
യാത്രയാക്കി .
സോഫയില്‍ വന്നു കുറച്ചുനേരം കണ്ണടച്ച് കിടന്നു,ആ വരികള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു...
ഇല്ല.... ഒരു മൂടല്‍ മാത്രം.
'കവിത വരാന്‍ തലയില്‍ നെല്ലിക്കാത്തളം വെച്ചു വെയിലത്തിരിക്ക് പെണ്ണെ 'എന്ന് എന്ന ശുണ്ടിപിടിപ്പിക്കുമായിരുന്ന മനുവേട്ടനെ വീണ്ടും ഓര്‍ത്തു .
7 വര്‍ഷങ്ങള്‍ക്കിപ്പുറം മനുവേട്ടനെ ഓര്‍ക്കാനും,സ്വപ്നം കാണാനും എന്താണെന്ന് ഞാന്‍ വീണ്ടും അതിശയിച്ചു...
അല്ലെങ്കിലും എന്തെങ്കിലും എഴുതിവരുമ്പോള്‍ അതിലെല്ലാം മനുവേട്ടന്‍റെ പ്രണയാര്‍ദ്രമായ നോട്ടത്തിന്‍റെ,സ്പര്‍ശനത്തിന്‍റെ അഭൌമമായ ചൈതന്യം നിറയും...പ്രണയവും,വിരഹവും ഇല്ലെങ്കില്‍ എനിക്ക് കവിതയെഴുതാന്‍ പറ്റില്ലെന്നാണോ....
മനസ്സിനെ മഥിക്കാന്‍ ഇതിലും തീവ്രമായ വികാരങ്ങള്‍ ഇല്ലെന്നാണോ....
എന്നിട്ടും ഞാന്‍ മറന്നില്ലേ,മനുവേട്ടനെ,പലപ്പോഴും....
പൂര്‍വ്വകാല കഥകളെല്ലാം അറിഞ്ഞു,പൂര്‍ണ്ണ മനസ്സോടെയാണ് ഏട്ടന്‍ തന്‍റെ ജീവിതത്തിലേക്ക് എന്നെ കൈ പിടിച്ചു കൊണ്ട് വന്നത്...
സൌഭാഗ്യങ്ങളുടെ നടുവിലേക്ക്....
ആ സ്നേഹസമുദ്രത്തില്‍ നീന്തുന്ന ഞാന്‍ നഷ്ടപ്രണയത്തിന്‍റെ കാവല്‍ മാലാഖയാകാന്‍ പാടില്ലെന്ന് ഞാന്‍ മനസിനെ പറഞ്ഞു പഠിപ്പിച്ചു...ഒട്ടൊരു കാര്‍ക്കശ്യത്തോടെ.....
ക്ലോക്ക് 9 അടിച്ചു .
കിടന്നാല്‍ പറ്റില്ല.....
ഏട്ടന്‍ കൃത്യം 12 മണിക്ക് എത്തും.
ഊണൊരുക്കല്‍ ,മുറി തുടക്കല്‍ ,തുണിയലക്കല്‍ ..
കുറെ പണികള്‍ കിടക്കുന്നു...

* * *
അടുക്കളയിലെ സിങ്കില്‍ നീന്തുന്ന അയലകള്‍ !
ഫ്രീസറിലെ മരവിച്ച തണുപ്പില്‍ നിന്നു താരതമ്യേന ചൂടുള്ള വെള്ളത്തിലേക്ക്‌ ചാടിയ മീനുകള്‍ ഉത്സാഹത്തിമര്‍പ്പില്‍ ഒന്നു പുളഞ്ഞു അടിയിലേക്ക് ഊളിയിട്ടു .സാന്‍റ് പേപ്പറില്‍ തേച്ചു മൂര്‍ച്ച വരുത്തിയ കത്തിയും,ചിറകുകളും ,വാലും അരിഞ്ഞു തള്ളാന്‍ ഞാന്‍ സജ്ജമാക്കിയ കത്രികയും ഇവറ്റകള്‍ കണ്ടില്ലെന്നുണ്ടോ?

മീനുകള്‍ ഐസൊക്കെ പോയി ഒന്നുഷാറാകുമ്പോഴേക്കും കറിക്കുള്ള മാങ്ങയും,മസാലകളും തയാറാക്കി വെക്കാം.
ഫ്രിഡ്ജിന്‍റെ വെജിറ്റബിള്‍ റാക്കില്‍ നിന്നെടുത്ത പുളിച്ചി മാങ്ങയുടെ തൊലി ചാതുര്യത്തോടെ ഞാന്‍ ചെത്തി തുടങ്ങി .അറബിനാട്ടിലെ മരുപ്പച്ചയില്‍ വിളഞ്ഞ മാങ്ങയാണെങ്കിലും നല്ല നാട്ടുമാങ്ങയുടെ മണം !
ഞാന്‍ കണ്ണുകളടച്ചു വാസനിച്ചു .ഉള്ളിലേക്കെടുത്ത മണത്തോടൊപ്പം മനസ്സ് കടല്‍ കടന്നു തറവാട്ടിലെ തൊടിയിലേക്ക്‌ പറന്നു...

ധനുമാസക്കാറ്റേറ്റു പുളകിതയായി തെരുതെരെ മാമ്പഴം ചോരിഞ്ഞിടുന്ന മുത്തശ്ശി നാട്ടുമാവ് ,കഴിഞ്ഞതിന്‍റെ അങ്ങേക്കൊല്ലമാണ് മുറിച്ചത്.മുത്തശ്ശീടെ ചിതയൊരുക്കാന്‍ .
കാറ്റത്ത് അടര്‍ന്നു വീഴുന്ന നാട്ടുമാമ്പഴങ്ങള്‍ പെറുക്കിക്കൂട്ടുന്ന ഞങ്ങള്‍ കുട്ടികളുടെ കലപില,മാറിനിന്നു കണ്ടു രസിച്ചു വല്യേട്ടന്‍ ചമയുമായിരുന്നു മനുവേട്ടന്‍ .
വള്ളിനിക്കറിന്റെ പോക്കറ്റിലും,കൈക്കുമ്പിളിലും മാമ്പഴങ്ങളുമായി കൂട്ടുകാര്‍ ഓടി മറയുമ്പോള്‍ ,തെറുത്തുവേച്ച പാവാടയില്‍ നിറച്ച മാമ്പഴങ്ങളുമായി,ഓടാനാവാതെ പരുങ്ങി നിന്ന എന്‍റെ കയ്യില്‍ എത്തിപ്പിടിച്ച്‌ ''മാമ്പഴം തിന്നു തിന്നു എന്‍റെ ലക്ഷ്മിക്കുട്ടിക്കും മാമ്പഴത്തിന്‍റെ മണമായോന്നു നോക്കട്ടെ '' എന്ന് പറഞ്ഞു,കവിളില്‍ ചുണ്ടമര്‍ത്തിയപ്പോള്‍ ,നനുത്ത പൊടി മീശ കൊണ്ടു കവിള്‍ നൊന്തു.
'പോ കുന്തക്കാലാ 'ന്നു വിളിച്ചു ഓടിപ്പോയതോര്‍ത്ത്‌ അറിയാതെ ചിരിവന്നു .ഞാന്‍ മാങ്ങ ചെറിയ കഷണങ്ങളായി അരിയാന്‍ തുടങ്ങി.
പെട്ടെന്ന് കോളിംഗ് ബെല്‍ ശബ്ദിച്ചു.
ഈശ്വരാ..! മണി അതിനിടേല്‍ 12 ആയോ?
വാതില്‍ തുറന്നു.
എട്ടന്‍ .
''ഉം,എന്താ ഒരു പുഞ്ചിരി,ഭാവനയുടെ ലോകത്ത് വിഹരിക്കുകയാണോ ?''
'കളിയാക്കണ്ട,എഴുതും ഞാന്‍ '
'' ദിവസം മൂന്നാല് പ്രാവശ്യം നാട്ടിലേക്ക് വിളിച്ചു അവിടുള്ളോരുടെ സ്വസ്ഥത കെടുത്തുന്നത് പോരാഞ്ഞിട്ടാണോ ഇനി കത്തെഴുത്ത്..''
''അയ്യെടാ,എന്തൊരു വില കുറഞ്ഞ തമാശ.''
'ഹിഹി'..എട്ടന്‍ ചമ്മിയ ചിരി ചിരിച്ചു
''എഴുതിക്കോളൂ ,അക്ഷരങ്ങള്‍ കുറച്ചു കൂടി നന്നാവട്ടെ ...കുറെ നാളായി ഉപയോഗിക്കാതെ ഒക്കെ തുരുമ്പെടുത്തു ഇരിക്കുവല്ലേ ...''
ഏപ്രണ്‍ കെട്ടി ആയുധങ്ങളുമായി മീനിനെ പോസ്റ്റ്‌ മോര്‍ട്ടം ചെയ്യാന്‍ തുടങ്ങുമ്പോള്‍ പിന്നില്‍ ഏട്ടന്റെ ശബ്ദം വീണ്ടും .
''എന്‍റെ മാധവിക്കുട്ടീ,ബാലാമണിയമ്മേ,...സാഹിത്യ രചന തുടങ്ങിയാല്‍ ഈയുള്ളവന് ഇനി നേരത്തും കാലത്തും വല്ലതും തിന്നാന്‍ കിട്ടുമോ ആവോ...?''.ഇരച്ചു വന്ന ദേഷ്യം കത്തിയെടുത്തു കട്ടിംഗ് ബോര്‍ഡില്‍ വിശ്രമിക്കുകയായിരുന്ന മീനിന്‍റെ തലയും ,ഉടലും രണ്ടാക്കിപ്പകുത്ത് മീനിനോടു തീര്‍ത്തു.
നിന്നോടൊക്കെ മല്ലിട്ട് എന്‍റെ സര്‍ഗ്ഗശേഷി വറ്റിപ്പോകുകയെ ഉള്ളൂ....''
''എന്നോടാണോ ആവോ?''
''ഈ മീനിനോടാണേ ...''കത്രികയെടുത്ത് ഞാന്‍ മീനിന്‍റെ ചിറകുകള്‍ കുനുകുനെ അരിഞ്ഞു .
''അല്ലെങ്കിലും ഈ ആണുങ്ങള്‍ക്ക് മിടുക്കികളായ ഭാര്യമാരോട് അസൂയയാ...''
എങ്ങാനും ഫേമസ് ആയിപ്പോയാലോ......
മറുപടി ബാലിശവും,കുറിക്കു കൊള്ളാന്‍ കെല്‍പ്പില്ലാത്തതുമാണെന്ന് എനിക്ക് അറിയാം. ശേഷം,നിശബ്ദമായി നിന്നു .
തര്‍ക്കിച്ചു തോല്‍പ്പിക്കാന്‍ ഞാന്‍ പണ്ടേ മഠയിയാണ്.
ഉറക്കെ വിളിച്ചു പറയാന്‍ ആഗ്രഹിക്കുന്നതൊക്കെ തൊണ്ടക്കുഴിയില്‍ വന്നു കണ്ണീരായി പരിണമിച്ചു എന്നെ തളര്‍ത്തും.
മീനിനെ അരപ്പ് ചേര്‍ത്ത് അടുപ്പിലാക്കി.
മെഴുക്കുപുരട്ടിക്കു പാവക്ക നുറുക്കുമ്പോഴും ,പരിഭവം കൊണ്ടു കണ്ണ് നനഞ്ഞു .
പ്രോത്സാഹിപ്പിക്കണ്ട,നിരുത്സാഹപ്പെടുതാതിരുന്നൂടെ?
മീന്‍കറി അടുപ്പത്തിരുന്നു തിളച്ചു വറ്റി.
ഉപ്പുനോക്കാന്‍ കയ്യിലെക്കിറ്റിച്ച ചാറു വായില്‍ നിറഞ്ഞു നിന്ന അരിശക്കയര്‍പ്പിനോടൊപ്പം അരുചിയുണ്ടാക്കി ഉള്ളിലേക്കിറങ്ങി.

ഊണ് വിളമ്പുമ്പോള്‍ എത്ര ശ്രമിച്ചിട്ടും എന്‍റെ കവിള്‍ കടന്നല്‍ കുത്തിയപോലെ വീര്‍ത്തിരുന്നു.
ഏട്ടന്‍ പുഞ്ചിരിയോടെ വെച്ചു നീട്ടിയ ഉരുളക്കു വാ തുറക്കാന്‍ ,പക്ഷെ എനിക്ക് ഒന്നുകൂടി ആലോചിക്കേണ്ടി വന്നില്ല..
ലഞ്ച് കഴിഞ്ഞു പുറത്തേക്കിറങ്ങുമ്പോള്‍ ഏട്ടന്‍ ഓര്‍മ്മിപ്പിച്ചു .''വൈകിട്ട് ഒരുങ്ങി നില്‍ക്ക് ,നമുക്കൊന്ന് പുറത്തു പോകാം,തനിക്കും ,മോനും ഒരു റിഫ്രെഷ്മെന്‍റ് ആയിക്കോട്ടെ ''
എച്ചില്‍ പാത്രങ്ങള്‍ സോപ്പുകുമിളകള്‍ കൊണ്ടു മൂടി ,സ്ക്രബ്ബര്‍ കൊണ്ടു ഞാന്‍ ആക്രമണം തുടങ്ങുമ്പോഴേക്കും വാതിലില്‍ 'പ്ടേ 'ന്നു ഉച്ചത്തില്‍ ശബ്ദം കേട്ടു.
ഉണ്ണിയാണ്.ആദ്യത്തെ മുട്ടിനു വാതില്‍ തുറക്കാത്തതിന്‍റെ പ്രതിഷേധം അവന്‍ വാട്ടര്‍ ബോട്ടില്‍ കതകില്‍ ശക്തിയായി ഇടിച്ചു എന്നെ അറിയിച്ചതാണ്.
സ്കൂള്‍ ബസ്‌ നേരത്തെ വന്നിരിക്കുന്നു .
''അമ്മക്ക് കതകു കുറ്റി ഇടാതിരുന്നൂടെ ''
''ഓഹ്‌,ഞാഞ്ഞൂലിനും പത്തി ''
അവന്‍റെ ബാഗ്‌ തുറന്നു ,ടിഫ്ഫിന്‍ ബോക്സും,ബോട്ടിലും.ബുക്കുകളും എടുത്തു വെച്ചു.
സോഫയില്‍ പടേന്ന് വീണ അവനെ പൊക്കിയെടുത്തു കുളിമുറിയില്‍ കൊണ്ടു പോയി...കുളിപ്പിച്ച് ,ഭക്ഷണവും കൊടുത്തു കഴിഞ്ഞപ്പോഴേക്കും മണി 3 . ഇതിനിടെല്‍ മോന്‍റെ കൂടെ ഞാനും നാലഞ്ചു ഉരുളകള്‍ കഴിച്ചിരുന്നു. പതിവ് വിശപ്പ്‌ തോന്നിയില്ല...
ഹോംവര്‍ക്ക് ഇന്നും ഉണ്ടാകും,പാതിരാത്രി വരെ ചെയ്യാന്‍ ....
കുറച്ചു നേരം ഉറക്കിയില്ലെകില്‍ ഒന്നും നടക്കില്ല.
നേരത്തെ ഒക്കെ ചെയ്യിച്ചാല്‍ ,രാത്രി സ്വസ്ഥമായി ഇരുന്നു എഴുതാം...
ഇന്ന് തന്നെ എഴുതണം...
ഭാവന വിടരണ്ട....എന്നാലും ...
ഏട്ടനോട് വാശി കൂടി...
ഉറങ്ങാന്‍ കിടന്ന ഉണ്ണി,പുറം തിരിഞ്ഞു എന്‍റെ വയറ്റില്‍ മുതുകു ചേര്‍ത്തുവെച്ചു ,ചേര്‍ന്ന് കിടന്നു.
എന്‍റെ വലതു കൈ അവന്‍റെ ഉടലിനെ ചുറ്റി വച്ച് ,ലോകത്തിലെ ഏറ്റവും നല്ല സുരക്ഷിതത്വം അനുഭവിച്ചു അവന്‍ ഉറങ്ങുന്നു...
താളത്തിലുള്ള ശ്വാസോച്ച്വാസം കേട്ടു അവന്‍ ഉറങ്ങിയെന്നു ഉറപ്പു വരുത്തി ഞാന്‍ എഴുന്നേല്‍ക്കാനാഞ്ഞു.
അലക്കാനുള്ള തുണി വാരി മെഷീനില്‍ ഇട്ടില്ലെങ്കില്‍ നാളെ ഒരു കുന്നു തുണിയുണ്ടാവും...
''അമ്മ പോണ്ട .കഥ പറഞ്ഞെ''
''അയ്യെടാ,ഇനിയും ഉറങ്ങീലേ ,കള്ളാ...''
''ഉം,പണ്ട് പണ്ട്,ദൂരെ ദൂരെ ഒരു നാട്ടില്‍,എല്ലാവരുടെയും കണ്ണിലുണ്ണിയായി ,കുസൃതി ക്കുടുക്കയായി വളര്‍ന്ന ഒരു കുഞ്ഞു പെണ്ണിന്‍റെ കഥ പറയട്ടെ ?''
ആത്മകഥ ആകുമ്പോള്‍ എന്തെളുപ്പം...എല്ലാം ഒന്നു അടുക്കിയെടുത്താല്‍ മതി.
''വേണ്ട,നിക്ക് സൂപ്പര്‍മാന്‍റെ '' കഥ മതി ''
അച്ഛന് ചേര്‍ന്ന മകന്‍ .
സൂപ്പര്‍മാനെ ക്കുറിച്ച് ഞാന്‍ എന്തെങ്കിലും പറയാന്‍ തുടങ്ങും മുന്‍പേ അവന്‍ ഉറക്കത്തിലേക്ക് വഴുതി വീണു...
തളര്‍ന്നുറങ്ങുകയാണ് .

എടുത്താല്‍ പൊങ്ങാത്ത ബാഗും ചുമന്നു ഈ കുഞ്ഞു എത്രനാള്‍ ഇനിയും നടക്കണം...
അവന്‍റെ മുടിയിഴകളില്‍ ഞാന്‍ അരുമയായി തലോടി.. കുഞ്ഞു നെറ്റിയില്‍ പതിയെ ഉമ്മ വെച്ചു.
* * *

പുറത്തുപോയിട്ടു തിരികെയെത്തുമ്പോള്‍ നേരം 9 മണി .
പുറത്തുനിന്നു തന്നെ ഭക്ഷണം കഴിച്ചത് കൊണ്ടു വൈകിട്ടത്തെ ചപ്പാത്തി മാവുമായുള്ള യുദ്ധം ഒഴിവായി.
എന്നാലും പിന്നെയും ഉണ്ട് പണികള്‍ .
മോന്‍റെ യൂണിഫോം അയണ്‍ ചെയ്യണം .ടൈം ടേബിള്‍ നോക്കി ബുക്സ് അടുക്കിവെക്കണം.അവന്‍ നോക്കി വെച്ചതാണ്.എന്നാലും എന്‍റെ സമാധാനത്തിനു.
ഏട്ടന്‍ കമ്പ്യൂട്ടറിന്‍റെ മുന്നില്‍ ‍.....
പണി തീര്‍ത്തു പേപ്പറും പേനയുമായി കട്ടിലില്‍ ചടഞ്ഞിരുന്നു.ഉച്ചക്ക് മനസ്സില്‍ മിന്നി മറഞ്ഞ കവിതയെ ഓര്‍ത്തെടുക്കാന്‍ നിന്നാല്‍ ,ഒരുക്കിയെടുത്ത സമയം നഷ്ടമാകും...
അല്ലാതെ തന്നെ എത്രയോ കഥകള്‍ക്ക്,കവിതകള്‍ക്കുമുള്ള സാധ്യതകള്‍ തരുന്ന ബാല്യകാല സ്മരണകള്‍ ,മനസ്സില്‍ നിറഞ്ഞു തുളുമ്പുന്നു...കഥാപാത്രങ്ങള്‍ തൊട്ടടുത്ത്‌ നിന്നു പുഞ്ചിരിക്കുന്നു...മുത്തശ്ശന്‍,മുത്തശ്ശി,അപ്പച്ചി ,,മീരച്ചിറ്റ ...കണ്ണടച്ചു തലയിണയിലേക്കു ചാഞ്ഞു...സ്മൃതികള്‍ ഒരു ഫ്ലാഷ് ബാക്കായി കണ്മുന്നിലേക്ക് വന്നു.

''ആഹാ,മണിയെത്രയായെന്നു നോക്കൂ,എടോ,എനിക്ക് രാവിലെ പോകണം''
ഞെട്ടിത്തരിച്ചു കണ്ണ് തുറന്നു .

''ഏട്ടന്‍ കിടന്നോളൂ.ഞാന്‍ ഇതൊന്നെഴുതിക്കോട്ടേ ...''
ഏട്ടന്‍ സിസ്റ്റം ഓഫ്‌ ചെയ്തു എഴുന്നേറ്റു എന്‍റെയടുത്തേക്ക് വന്നു.
പതിയെ മടിയില്‍ നിന്നും പേപ്പര്‍ എടുത്തു മാറ്റി.
''അതെ,എന്‍റെ കൂടെ ഉണ്ണാനും,ഉറങ്ങാനുമാ,എന്‍റെ പെണ്ണിനെ ഞാന്‍ ഇങ്ങോട്ട് കൊണ്ടുവന്നെ....''
''നാളെ എഴുതിയാല്‍ മതി.ഞാനും ,മോനും പോയിക്കഴിഞ്ഞു തനിക്കു ലെഷര്‍ ടൈം ഇഷ്ടം പോലെ കിട്ടില്ലേ...''
''നാളെ എഴുതാന്‍ പറ്റില്ല,ഇപ്പോള്‍ മനസ്സില്‍ വന്നതൊക്കെ നാളെവരെ ഓര്‍മ്മയില്‍ നില്‍ക്കില്ല''
ഞാന്‍ കെഞ്ചി.
''പേറ്റുനോവ് ഇന്നേക്ക് കൂടി നിന്നോട്ടെ '' ഏട്ടന്റെ മുഖത്ത് കുസൃതിച്ചിരി
കഥയുടെ അവതരണ ഗാനം പാടാന്‍ തയ്യാറായി നിന്ന ചിരുതപ്പുലയിയും,സംഘവും വയലിറമ്പത്ത് കുത്തിയിരുന്നു.മുത്തശിയല്ലേ പൂമുഖത്ത് നിന്നു അക്ഷമയോടെ കൈ മാടി വിളിക്കുന്നത്‌...നാട്ടുമാവിനു ചുറ്റും എല്ലാവരുമുണ്ട്‌.... അമ്പിളിയും,അരവിന്ദനും,ബാലുവും,അജയനും...
ഈ ഏട്ടന് ഇതൊന്നും കാണാനും,കേള്‍ക്കാനും പറ്റുന്നില്ലേ...
''വേണ്ട,നാളെയും ഈ കുഞ്ഞു പിറക്കണ്ട,എല്ലാവരുടെയും തെരക്കെല്ലാം ഒഴിഞ്ഞിട്ട് ഞാന്‍ പ്രസവിച്ചോളാം .

സമയത്ത് പിറക്കാതെ പോയാല്‍ എന്‍റെ കുഞ്ഞു ചാപിള്ളയായാല്‍ ...ആര്‍ക്കെന്തു നഷ്ടം...
വാക്കുകള്‍ വീണ്ടും എന്‍റെ തൊണ്ടക്കുഴിയില്‍ കുടുങ്ങി .
അതോ ,എന്‍റെ കുഞ്ഞു ഇനി ഒരിക്കലും ജനിക്കുകയില്ലെന്നോ ........
വായില്‍ വീണ്ടും കണ്ണീര്‍ ചുവച്ചു .
കട്ടിലിന്‍റെ ഞരക്കത്തിലും നിലത്തുവീണ പേന ഉടഞ്ഞ ശബ്ദം ഞാന്‍ വ്യക്തമായും കേട്ടു..

*..........................*..........................*.......................*


നഷ്ടപ്പെട്ട നീലാംബരി

ദിവ്യാനുരാഗത്തിന്റെ കഥാകാരി വിടപറഞ്ഞു.
ഇനിയും പറഞ്ഞു തീരാത്ത നൂറായിരം കഥകളുടെ ചിമിഴുകള്‍ എന്നെന്നേക്കുമായി അടച്ചുവെച്ച് ,തന്റെ സ്വപ്നങ്ങളിലെ സ്ഥിരസാന്നിധ്യമായ ദൈവ സന്നിധിയിലേക്ക്,'സ്വര്‍ഗ്ഗത്തിലേക്ക്' ,ആ നിത്യ പ്രണയിനി പറന്നകന്നിരിക്കുന്നു.
ജീവിതം,പ്രണയത്തിന്റെ ഉത്സവമാണെന്ന് ഉദ്ഘോഷിക്കാന്‍,സ്ത്രൈണതയുടെ ഋതു ഭേദങ്ങളെ സദാചാരമാകുന്ന കശാപ്പുശാലയില്‍ നിന്നും മോചിപ്പിച്ച്‌, നറും നിലാവില്‍ വിരിഞ്ഞ നീര്‍മാതളപ്പൂക്കളുടെ സുഗന്ധം ആവാഹിച്ചു ,അണിയിച്ചൊരുക്കി സാഫല്യത്തിന്റെ പൂര്‍ണ്ണതയിലെത്തിച്ച നമ്മുടെ പ്രിയപ്പെട്ട ആമിക്ക് കണ്ണീര്‍പ്പൂവുകള്‍ അര്‍പ്പിച്ചു ഞാനും വിട ചൊല്ലുന്നു.
പ്രണയിനിയുടെ വികാരതീഷ്ണത ,പിഞ്ചു പൈതലിന്റെ നിഷ്കളങ്കത, മാതൃത്വത്തിന്റെ മഹനീയത,എന്നിങ്ങനെ സ്ത്രീയുടെ വിവിധ ഭാവങ്ങളും,ആര്‍ദ്രതയും,ഹൃദയത്തിലേക്കും,തന്റെ എഴുത്തിലേക്കും ആവാഹിച്ചു സ്നേഹം സദാചാര വിരുദ്ധമെങ്കില്‍ താന്‍ സദാചാരവിരുദ്ധയാനെന്നു ഉറക്കെ വിളിച്ചു പറഞ്ഞ് ,പിന്നിട്ട വഴികളിലെല്ലാം താന്‍ സത്യമുള്ള മുഖങ്ങളെ അന്വേഷിച്ചലയുകയായിരുന്നെന്നു വേപഥു പൂണ്ട് ,പ്രേമിക്കാതെ കടന്നു പോകുന്നവരുടെ ജിവിതം വ്യര്‍ത്ഥമാണെന്ന് ഓര്‍മ്മപ്പെടുത്തി മലയാളത്തിന്റെ പ്രിയ കഥാകാരി വിടപറയുമ്പോള്‍ ,ഭൂമിയില്‍ ആര്ക്കും ഒന്നിലും ഉടമസ്ഥാവകാശം ഇല്ലെന്നു വിശ്വസിച്ച മാധവിക്കുട്ടിക്ക്,സ്വര്‍ഗത്തില്‍ ,ദൈവത്തിന്നരികില്‍ ഒരു ഇരിപ്പിടം സ്വന്തമായിട്ടുണ്ടാകും,അവര്‍ എപ്പോഴും,ആഗ്രഹിച്ചിരുന്നതു പോലെ,വിശ്വസിച്ചിരുന്നതു പോലെ...
എങ്കിലും,നമുക്കു നഷ്ട്ടപ്പെട്ടു,ആ ''നീലാംബരി'',എന്നെന്നേക്കുമായി...

മാവേലിക്ക് വാല്‍ !!!..(പൂതനാമോക്ഷം -രണ്ടാം ഭാഗം )

പ്രതിഭ ക്ലബ്ബിന്റെ ഉദ്ഘാടനത്തിന് അവതരിപ്പിച്ച ആദ്യ സംരംഭം ആയ പൂതനാമോക്ഷം ,നാടകം ,'ഡോള്‍ബി' യായി [കടപ്പാട് :ജഗദീഷ് ] പ്പോയതിന്റെ ക്ഷീണം മൂലം,ഭാരവാഹികള്‍ ഒന്നുരണ്ടാഴ്ച്ച തലയില്‍ മുണ്ടിട്ടു നടന്നെങ്കിലും,തോറ്റു കൊടുക്കാന്‍ തയ്യാറായിരുന്നില്ല.അമ്പലപ്പറമ്പിലെ ആല്‍ത്തറയിലും ,താല്‍ക്കാലികമായി ക്ലബ്ബിന്റെ ഓഫീസായി ഉപയോഗിക്കുന്ന വായനശാലയുടെ പുറകുവശത്തെ കുടുസ്സുമുറിയിലും ,ബസ്‌ സ്റ്റോപ്പിലെ കലുങ്കിലും മറ്റുമായി ഭാവിപരിപാടികളെപ്പറ്റിയുള്ള ചര്‍ച്ചകള്‍ തകൃതിയില്‍ നടന്നുകൊണ്ടിരുന്നു.പൊട്ടിപ്പാളീസായ പൂതനാമോക്ഷത്തിന്റെ നാണക്കേട്‌ മാറാന്‍,സ്ട്രോങ്ങായി വല്ലതും സംഘടിപ്പിച്ചേ പറ്റൂ.ചൂടേറിയ ചര്‍ച്ചക്കൊടുവില്‍,ഓണാഘോഷത്തോടനുബന്ധിച്ചു മറ്റു കലാപരിപാടികള്‍ക്കൊപ്പം ആ നാട്ടുകാര്‍ക്ക് അന്നേവരെ അപരിചിതമായിരുന്ന ''സ്കിറ്റ്''അവതരിപ്പിക്കാമെന്ന ധാരണയിലെത്തുകയും ചെയ്തു.
ചിക്കന്‍പോക്സ് പിടിച്ചു പൂതനയുടെ റോള്‍ മിസ്സ്‌ ആയ ശാലീനസുന്ദരന്‍ ,ഗോപിക്കുട്ടന്റെ തൊലിചെത്തിയ പൈനാപ്പിള്‍ പോലെയായിത്തീര്‍ന്ന സ്റ്റീല്‍ ബോഡിയും മുഖവും അന്നത്തേക്ക്‌ ഹാള്‍മാര്‍ക്ക്‌ ഒക്കെ മാഞ്ഞ് ,പൂര്‍വ്വ സ്ഥിതിയിലെത്തുമെന്നും എല്ലാവരും പ്രത്യാശിച്ചു.

ഒന്നാം ഓണത്തിന്റെയന്ന് ,അതായത് ഉത്രാടത്തിന്റെയന്ന് പകല്‍ മറ്റു പരിപാടികളും ,രാത്രി സ്കിറ്റും അവതരിപ്പിക്കാനുമായിരുന്നു തീരുമാനം.രാത്രിയില്‍ സ്കിറ്റിനു മുന്പായി ലളിതഗാനം,സിനിമാഗാനം,മിമിക്രി ,
തുടങ്ങിയ കലാമാല്സരങ്ങള്‍ക്ക് ഒരാഴ്ച മുന്പേ പേരു രജിസ്ടര്‍ ചെയ്യാന്‍ ലോക്കല്‍ സുന്ദരീസുന്ദരന്മാര്‍ ,ക്യൂ നിന്നു.
വടംവലി,ഉറിയടി,ചാക്കില്‍കയറിച്ചാട്ടം ,മിട്ടായിപെറുക്കല്‍ ,സുന്ദരിക്ക് പൊട്ടു തൊടല്‍,തുടങ്ങിയ കായികവും,ബൌദ്ധികവുമായ മത്സരങ്ങളായിരുന്നു പകല്‍ പരിപാടികളായി ഷെഡ്യൂള്‍ ചെയ്തിരുന്നത്.മത്സരങ്ങളുടെ ഗൌരവമനുസരിച്ച് നേരിയ മുണ്ട്,വാഴക്കുല,പ്ലാസ്റ്റിക് മഗ്,ടൂത്ത് പേസ്റ്റ്‌ ,(നാട്ടുകാര്‍ക്ക് ഉമിക്കരിയെ അപ്ഗ്രേഡ് ചെയ്യാന്‍ ),നാരങ്ങാമുട്ടായി ,തുടങ്ങിയ ആകര്‍ഷകമായ സമ്മാനങ്ങള്‍ പ്രഖ്യാപിക്കപ്പെട്ടു.
പഴയ പൂതനാമോക്ഷത്തിന്റെ അണിയറപ്രവര്‍ത്തകര്‍ തങ്ങളുടെ സസ്പെന്‍സ് ത്രില്ലര്‍ ആയ സ്കിറ്റിനുള്ള ഒരുക്കങ്ങളും ഒരാഴ്ച മുന്പേ തുടങ്ങി.
ചരിത്രം ആവര്‍ത്തിക്കപ്പെടരുതല്ലോ. സ്കിറ്റിനു ഇതിവൃത്തമായി മഹാബലിയുടെ സന്ദര്‍ശനം തെരഞ്ഞെടുത്തു.
അതായത്,നാട്ടിലെ പാവപ്പെട്ടവനും,നല്ലവനുമായ (നമ്മുടെ മാവേലിയുടെ ideology അതേപടി അനുസരിച്ച് ജീവിക്കുന്ന)ശ്രീമാന്‍ കോരന്റെ കുടിലില്‍ മഹാബലി സന്ദര്‍ശനത്തിന് എത്തുന്നതും,കോരനും,ഭാര്യ ചിരുതയും കൂടി അദ്ദേഹത്തെ സ്വീകരിച്ചു സല്ക്കരിക്കുന്നതും,പുകഴ്ത്തിപ്പാടുന്നതും ആണ് കഥാസാരം.രംഗത്ത് മാവേലി,കോരന്‍,ചിരുത എന്നിവര്‍ പ്രത്യക്ഷപ്പെടുന്നു.
പൂതനാമോക്ഷത്തില്‍ ഇന്‍സ്റ്റന്റ് നന്ദഗോപരായി തിളങ്ങിയ കുട്ടപ്പന്‍ ചേട്ടനെത്തന്നെ മാവേലിയായി കാസ്റ്റു ചെയ്തു.
കുട്ടപ്പന്ചെട്ടന്റെ കുടവയറും,റേഷന്‍ ഗോതമ്പിന്റെ (അത്ര ഗ്ലാമര്‍ ഇല്ലാത്ത ഗോതമ്പ് എന്ന്)നിറവും,ഗോദ്റെജ് കറുപ്പിച്ചു കൊടുത്ത തഴച്ചു വളര്‍ന്ന മീശയും,അദ്ദേഹത്തിന് കേന്ദ്ര കഥാപാത്രം ചെയ്യാനുള്ള യോഗ്യതയായി പരിഗണിക്കപ്പെട്ടു.ആദ്യനാടകത്തില്‍ കഴിവ് തെളിയിച്ചു നാട്ടുകാരുടെ സ്നേഹസമ്മാനങ്ങള്‍ ഏറ്റുവാങ്ങാന്‍ ഭാഗ്യമില്ലാതെപോയ ഗോപിക്കുട്ടനെ കോരപത്നി,ശ്രീമതി,ചിരുതയായി സെലക്ട്‌ ചെയ്തു.കോരന്റെ റോള്‍ പൂതനയെ അവതരിപ്പിച്ചു ലോകപ്രശസ്തനായ എന്റെ ഏട്ടന്‍ തന്നെ ഏറ്റെടുക്കുകയും ചെയ്തു.
മുരളി,തിരക്കഥ ,സംവിധാനം ,രംഗസജ്ജീകരണം തുടങ്ങിയ ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്ത് ബുജി ചമഞ്ഞതിനാല്‍
രംഗത്തുനിന്നും തല്‍ക്കാലം ഒഴിവായി (പഴയ അനുഭവം ഓര്ത്തു മുന്‍കരുതല്‍ എടുത്തതാവണം )

ഉത്രാടത്തിന് ഒരാഴ്ച്ചയുള്ളപ്പോഴാണ് ഏട്ടന്റെ അച്ഛന്‍,(എന്റെ സംപൂജ്യ ഫാദര്‍ ഇന്‍ ലോ )ദുബായില്‍ നിന്നും
അവധിക്കു നാട്ടിലെത്തിയത്.കുടുംബത്തോടൊപ്പം ഓണം ആഘോഷിക്കാന്‍ രണ്ടു മാസത്തെ അവധിക്കു നാട്ടിലെത്തിയതായിരുന്നു അച്ഛന്‍ . സ്കിറ്റിന്റെ റിഹേഴ്സലുകള്‍ നടക്കുന്നുണ്ടെങ്കിലും കോരന് (ഏട്ടന്‍)
പലകാരണങ്ങള്‍ കൊണ്ടും അതില്‍ പങ്കെടുക്കാന്‍ കഴിഞ്ഞില്ല.
അച്ഛനോടൊപ്പം പല സുഹൃത്തുക്കളുടെയും ,ബന്ധുക്കളുടെയും വീടുകളില്‍ പോകേണ്ടതുണ്ടായിരുന്നു.പിന്നെ,ആള്‍ അല്‍പ്പം കണിശക്കാരന്‍ ആയതിനാല്‍ ഏട്ടന് പഴയതുപോലെ ചുറ്റിക്കളിക്കാനും പറ്റുന്നുണ്ടായിരുന്നില്ല.
''സാരമില്ല.മറ്റു രണ്ടു പേരും അവരവരുടെ ഡയലോഗുകള്‍ പഠിച്ചു,റിഹേഴ്സല്‍ ചെയ്തോളൂ, എന്റെ ഭാഗം ഞാന്‍ ഹൃദിസ്ഥമാക്കിക്കൊള്ളാം .''
ഏട്ടന്‍ , ദൂതന്‍ ( അനിയന്‍ ഹരി )മുഖേന അവരെ അറിയിച്ചു.
അതുപ്രകാരം,കുട്ടപ്പന്‍ ചേട്ടനും,ഗോപിക്കുട്ടനും അവരവര്‍ക്ക് വേണ്ട തയ്യാറെടുപ്പുകള്‍ നടത്തി.
മുരളി , തിരക്കഥയും,സംഭാഷണവും കടലാസില്‍ പകര്‍ത്തി ഒരു എയര്‍മെയില്‍ കവറിലാക്കി ഏട്ടന്റെ അഡ്രസ്‌ എഴുതി മനുവിന്റെ കൈവശം ഏട്ടന് കൊടുത്തയച്ചു.പരിപാടിയുടെ തലേന്ന്,അഭിനേതാക്കള്‍ മൂവരും ചേര്ന്നു അവസാനവട്ട റിഹേഴ്സല്‍ നടത്താമെന്നും പറഞ്ഞു വിട്ടു.
അന്ന് രാത്രി ഏട്ടന്‍ പഠനമുറിയില്‍ പുസ്തകത്തിലൊളിപ്പിച്ചുവച്ച് ഡയലോഗ് പഠിച്ചുകൊണ്ടിരുന്നപ്പോഴാണ്
കഷ്ടകാലത്തിനു അച്ചന് മകന്റെ പഠനത്തിലുള്ള ഉല്സാഹം നേരില്‍ ക്കണ്ട് തൃപ്തിയടയണമെന്നു
തോന്നിയത് .അച്ഛനെക്കണ്ട്‌ ഏട്ടന്‍ പെട്ടെന്ന് കടലാസ് കവറില്‍ കുത്തിത്തിരുകി മേശപ്പുറത്തിരുന്ന അച്ഛന്‍ കൊണ്ടുവന്ന പോസ്റ്റ് ചെയ്യാനുള്ള കത്തുകളുടെ ഇടയിലേക്ക് വെക്കുകയും ചെയ്തു.

''എന്താടാ അത്? ''
''അല്ല.അച്ഛാ..ഇതു.. അത്...ഞാന്‍ ഈ കത്തൊക്കെ പോസ്റ്റ് ചെയ്യാന്‍.....''
''എഹ് !! നീ ഇതുവരെ ഇതൊന്നും പോസ്റ്റ് ചെയ്തില്ലേ?''
'' അത് പിന്നെ.....''
'''ഇനി നീ പോസ്റ്റ് ചെയ്യണ്ട,ഇങ്ങെടുക്ക്‌.''
അച്ഛന്‍ കത്തുകള്‍ വാങ്ങിയ ശേഷം മറ്റു inspection നടത്തി തിരിച്ചു പോകുകയും ചെയ്തു.
സംഭവിച്ചതിന്റെ ഞെട്ടല്‍ മാറാതെ ഏട്ടന്‍ കട്ടിലിലേക്ക് മറിഞ്ഞു.
''ദൈവമേ... '' എന്റെ കോരന്‍..ഇപ്പോള്‍ അച്ഛന്റെ കസ്റ്റഡിയില്‍....''
''ആ പരട്ട മുരളിക്ക് ഏത് സമയത്താണോ ആവോ, എയര്‍മെയിലില്‍ ഈ സാധനം
കൊടുത്തു വിടാന്‍ തോന്നിയത്.''ഏട്ടന്‍ പല്ലുകടിച്ചു കൊണ്ടു പിറുപിറുത്തു.
നാളെ താന്‍ തന്നെ ആയിരിക്കുമല്ലോ കത്തുകള്‍ പോസ്റ്റ് ചെയ്യേണ്ടിവരിക,അപ്പോള്‍ മറ്റവനെ പൊക്കാമെന്നു മനസ്സിലുറപ്പിച്ചു , കോര-മാവേലി സംഗമം സ്വപ്നം കണ്ടു കിടന്നുറങ്ങുകയും ചെയ്തു.
രാവിലെ കണ്ണ് തുറക്കുമ്പോള്‍ സമയം പത്തര.ദൈവമേ,സ്വപ്നം മെഗാ സീരിയല്‍ പോലെ നീണ്ടുപോയത് കൊണ്ടാണ് ഉറക്കമുണരാന്‍ വൈകിയത്.
തേറ്റയും,കൊമ്പുമായി നേരെ അടുക്കളയിലേക്കു ഓടി.
''അമ്മേ,അച്ഛനെവിടെ''
''ആഹ,നീ ഉണരുന്നതും കാത്തു ഇത്രേം നേരം ഇരുന്നിട്ട് അച്ഛന്‍ പുറത്തേക്കിറങ്ങി.
എന്തോ പോസ്റ്റ് ചെയ്യാന്‍ ഹരിയുടെ കയ്യില്‍ കൊടുത്തുവിടുന്നതും കണ്ടു. എന്താടാ?''
ഏട്ടന് കണ്ണില്‍ ഇരുട്ട് കയറുന്നപോലെ തോന്നി.നാളെയാണ് പ്രോഗ്രാം .
ഇനിയിപ്പോള്‍ എന്ത് ചെയ്യും?? ആ വായിനോക്കി അതും പോസ്റ്റ് ചെയ്തുകാണും.
ഷോക്കടിച്ചപോലെ നിന്നപ്പോള്‍,അമ്മയുടെ ശബ്ദം പുറകില്‍,''എടാ,നീ ഇന്നു എങ്ങും പോകണ്ട,ഇവിടെ കാണണം എന്ന് പറഞ്ഞു,അച്ഛന്‍.സുമയെ കാണാന്‍ (ഏട്ടന്റെ സഹോദരി) ഒരു പാര്ട്ടി വരുന്നുണ്ട്.''
ദൈവമേ,അപ്പോള്‍ ഇന്നത്തെ റിഹേഴ്സലും കുളമാകും.ഏതായാലും,മുരളിയെ വിവരം ധരിപ്പിച്ച് എന്തെങ്കിലും അടിയന്തിര പരിഹാരം കണ്ടെത്തിയേ മതിയാകൂ...

ഓടിപ്പോയി പ്രഭാതകൃത്യങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍വ്വഹിച്ചു ,ദോശയും ചമ്മന്തിയും വെട്ടിവിഴുങ്ങി (അക്ഷരാര്‍ത്ഥത്തില്‍), പുറത്തേക്ക് ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ അച്ഛന്‍ കയറിവരുന്നു.
''എടാ,നീ അക്കരെ ചെന്നു കൊച്ചച്ചനെ കൂടി വിളിച്ചോണ്ട് വാ, അവര് വരുമ്പോള്‍ കാരണവന്മാര്‍ ആരേലും വേണമല്ലോ ''
'രോഗി ഇച്ഛിച്ചതും പാല് വൈദ്യന്‍....'ഏട്ടന്‍ ഹാപ്പി ആയി.അതിന്റെ തൊട്ടിപ്പുറത്താണ് മുരളീടെ വീട്.

കാരണവരെ വീട്ടിലേക്ക് പറഞ്ഞു വിട്ടിട്ടു ഏട്ടന്‍ മുരളിയുടെ വീട്ടിലേക്ക് ഓടി.
ഭാഗ്യം ആള് സ്ഥലത്തുണ്ട്.
വിവരം കേട്ടതും,മുരളി അക്രമാസക്തനായി.
''നീ ഇതും കുളമാക്കുമെന്നാ തോന്നുന്നേ..'' മുരളി ആത്മവിശ്വാസം പ്രകടിപ്പിച്ചു.
വീണ്ടും ഏട്ടന്റെ ബുദ്ധി പ്രവര്ത്തിച്ചു.
അല്ലെങ്കിലും പണ്ടേ പ്രതിസന്ധികളില്‍ പുള്ളിക്കാരന് ദൈവം പല നല്ല വഴികളും കാണിച്ചു കൊടുത്തിട്ടുണ്ടല്ലോ.
[ഫോര്‍ റെഫറന്‍സ് :പൂതനാമോക്ഷം-ഒന്നാം ഭാഗം]
''എടാ.ഇനിയിപ്പോ ഡയലോഗ് പഠിക്കാന്‍ ഒന്നും സമയമില്ല.
ഒരു കാര്യം ചെയ്യാം,ഡയലോഗ് മുഴുവാന്‍ റെക്കോര്‍ഡ്‌ ചെയ്യാം.എന്നിട്ട് പ്ലേ ചെയ്യാം.
അഭിനേതാക്കള്‍ അതനുസരിച്ച് ചുണ്ട് അനക്കിയാല്‍ മതി.ഡയലോഗ് മറന്നുപോയാലും കുഴപ്പമില്ല,അഡ്ജസ്റ്റ് ചെയ്യുകയും ചെയ്യാം.''
''ഓഹ്‌.... നീ ഒരു ബുദ്ധിരാക്ഷസന്‍ തന്നെ '' മുരളി ഏട്ടനെ കെട്ടിപിടിച്ചു.
''പക്ഷെ,ഒരു പ്രശ്നം.ടേപ്പ് റെക്കോര്‍ഡര്‍ ന് എവിടെ പോകും??''
എടാ,നീ വിഷമിക്കണ്ട,അച്ഛന്‍ കൊണ്ടു വന്ന national panasonic-നെ നമുക്കു പൊക്കാം.പെണ്ണുകാണല്‍ തെരക്കിനിടെ അച്ഛന്‍ അത് ശ്രദ്ധിക്കില്ല.
ഞാന്‍ എടുത്തു തരാം.
നീ റെക്കോര്‍ഡ്‌ ചെയ്തിട്ട് 1 മണിക്കൂറിനുള്ളില്‍ തിരിച്ചു കൊണ്ടു വന്നാല്‍ മതി.''ഏട്ടന് ഐഡിയകളുടെ ഗംഗാ പ്രവാഹമായിരുന്നു.
മുരളി സമ്മതിച്ചു.
ഏട്ടനോടൊപ്പം വന്നിട്ട് തൊടിയില്‍ മറഞ്ഞു നിന്ന മുരളിയുടെ കൈവശം ഏട്ടന്‍ ആരും കാണാതെ ഒരു കാസെറ്റും,ടേപ്പ് റെക്കോര്‍ഡര്‍ -ഉം ഏല്‍പ്പിക്കുകയും ചെയ്തു.
പിന്നീട് നല്ല കുട്ടിയായി വീട്ടിലേക്ക് കയറിച്ചെന്നു അച്ഛനും,അപ്പുപ്പനും ഇടയില്‍ ഭവ്യതയോടെ വിരാജിച്ചു.
രണ്ടുപേര്‍ക്കുമിടയില്‍ ഡിസ്കഷന്‍ കൊഴുക്കുന്നു.
വിഷയം ഓട്ടന്‍ തുള്ളല്‍ .
[അച്ഛന്‍ ഓട്ടന്‍ തുള്ളല്‍ കലാകാരന്‍ കൂടി ആണ് .അദ്ദേഹം,ഗള്‍ഫില്‍,കേരള സമാജത്തിലും,ഇന്ത്യന്‍ അസോസിയേഷന്‍- ലും ധാരാളം തുള്ളല്‍ പരിപാടികള്‍ അവതരിപ്പിച്ചിട്ടുണ്ട്‌.)]

പെണ്ണുകാണാന്‍ പയ്യനും കൂട്ടരും വരുന്നുമില്ല, ,മുരളിയുടെ വീട്ടില്‍ recording എന്തായി എന്ന ആകാക്ഷയും.
കുറച്ചു കഴിഞ്ഞപ്പോള്‍ തൊടിയില്‍ മുരളിയുടെ ചൂളമടി കേട്ടു.പതിയെ പിന്നാമ്പുറത്തൂടെ മുറ്റത്തിറങ്ങി പതുങ്ങിചെന്നു
,ടേപ്പ് റെക്കോര്‍ഡര്‍ മേടിച്ച് മുറിയില്‍ കൊണ്ടു വച്ചു.recording ഭംഗിയായി നടന്നെന്നാണ് മുരളി പറഞ്ഞത്.
കാസെറ്റ് മുരളി ഭദ്രമായി സൂക്ഷിച്ചു വെച്ചിട്ടുണ്ടത്രെ.ഇനി, നാളെ വൈകിട്ട് പരിപാടിയുടെ സമയത്തു ടേപ്പ് റെക്കോര്‍ഡര്‍
കൊണ്ടുചെല്ലാന്‍ മറക്കരുതെന്നും മുരളി ഓര്‍മ്മപ്പെടുത്തി.ഏതായാലും സമാധാനമായി.
ഇന്നലെ അച്ഛന്റെ കയ്യില്‍ തിരക്കഥയും,സംഭാഷണവും എത്തിപ്പെടും മുന്‍പ് ഒന്നു രണ്ടാവര്‍ത്തി വായിച്ചത് ഓര്‍മ്മയിലുണ്ട്.
കുട്ടപ്പന്‍ ചേട്ടനും,ഗോപിക്കുട്ടനും എല്ലാം ഇതിനകം മനപാഠമാക്കിക്കാണും .
നാളെ രാവിലെ മുതല്‍ ഓരോരോ പരിപാടികളുമായി തെരക്കിലാവുമെന്നതിനാല്‍ ഇടയ്ക്കു റിഹേഴ്സലിനും സമയമില്ല.
സാരമില്ല.റെക്കോര്‍ഡ്‌ ചെയ്ത ശബ്ദത്തിനു അനുസരിച്ച് ചുണ്ടനക്കുകയും,അഭിനയിച്ചു ഫലിപ്പിക്കുകയും ചെയ്‌താല്‍ മതിയല്ലോ.
വൈകുന്നേരമായപ്പോഴാണ് പയ്യനും,സുഹൃത്തും കൂടി എത്തിയത്.
അവര്‍ പോയപ്പോഴേക്കും സന്ധ്യയായതിനാലും,അച്ഛന്റെ അപ്രഖ്യാപിത നിരോധനാജ്ഞ
നിലവിലുള്ളതിനാലും അന്ന് രാത്രി വീടിനു പുറത്തിറങ്ങാല്‍ പറ്റിയില്ല.
അത്താഴം കഴിഞ്ഞു ഉറങ്ങാന്‍ കിടന്നിട്ടു ഉറക്കം വന്നതുമില്ല.
പിറ്റേന്നത്തെ ഓണാഘോഷ പരിപാടികളും, തങ്ങളുടെ ഡ്രീം പ്രൊജക്റ്റ്‌ -ഉമായിരുന്നു മനസ്സില്‍.
നേരം വെളുത്തപ്പോള്‍, ഉണര്‍ന്നത് മൈക്കിലൂടെ ഒഴുകിവരുന്ന പാട്ടുകെട്ടാണ്.
''മാനസനിളയില്‍ പൊന്നോളങ്ങള്‍
മഞ്ജീര ധ്വനിയുണര്‍ത്തീ ...ഈ....ഈ....''.
ചാടിയെഴുന്നേറ്റു കുളിച്ചൊരുങ്ങി,കയ്യില്‍ കിട്ടിയതെന്തോ കഴിച്ചെന്നു വരുത്തി ,
അമ്മയെ സോപ്പിട്ടു അച്ഛന്റെ മുന്‍‌കൂര്‍ അനുവാദം വാങ്ങിയതിനാല്‍ അല്‍പ്പം ധൈര്യത്തോടെ തന്നെ വീട്ടില്‍ നിന്നിറങ്ങി.
ഓണാഘോഷം സംഘടിപ്പിച്ചിരിക്കുന്നത് സ്കൂള്‍ മൈതാനത്താണ് .
അവിടെ താല്‍ക്കാലികമായി ഒരു സ്റ്റെജോക്കെ കെട്ടി അലങ്കരിച്ചിട്ടുണ്ട്.രാവിലെ തന്നെ സ്ഥലത്ത് ഒരു ഉത്സവ പ്രതീതി.
നാട്ടിലെ ആബാലവൃദ്ധം ജനങ്ങളും സ്ഥലത്തുണ്ട്.
മുരളിയും,ഗോപിക്കുട്ടനും സീനിയര്‍ ഭാരവാഹികള്‍ ആയതിനാല്‍ എല്ലായിടവും തിരക്കില്‍ ഓടിപ്പാഞ്ഞു നടക്കുന്നു.
കള്ളിമുണ്ടിന്റെ പുറകില്‍ ഒരു കൊടുവാളും തൂക്കി കുട്ടപ്പന്‍ചേട്ടനും കാര്യവാഹിയായി ഓടി നടക്കുന്നു.
ആള്‍ക്കാരെ നിയന്ത്രിക്കുന്നു.തൊഴില്‍ തെങ്ങാവെട്ട് ആയതിനാല്‍ കൊടുവാള്‍ ഇല്ലാതെ പുള്ളിക്കാരനെ കാണാന്‍ പറ്റില്ല.
കക്ഷീടെ ഒരു അവയവം പോലെയാണ് അത്.
ഇനി മാവേലിയുടെ എളീലും കൊടുവാള്‍ കാണുമോ എന്നോര്‍ത്ത് ഏട്ടന്‍ അറിയാതെ ചിരിച്ചു.നിവര്‍ന്നു നോക്കിയത് മുരളീടെ മുഖത്ത്.
ഏട്ടന്‍ നേരത്തെ ഹാജര്‍ അകാത്തതില്‍ മുരളി ഇടയ്ക്കിടയ്ക്ക് നേരത്തെ തന്നെ രൂക്ഷമായ നോട്ടം പാസ്സാക്കുന്നുണ്ടായിരുന്നു.
''ഡാ,എവിടെയായിരുന്നു നീ,നല്ല പുള്ളിതന്നെ''
''എവിടെ ടേപ്പ് റെക്കോര്‍ഡര്‍ .??'
അത് വൈകിട്ട് സമയത്ത് ഇവിടെ എത്തിയിരിക്കും.ഞാന്‍ അല്ലേ വാക്ക് പറയുന്നത് ''
''എന്നാലും അത് ഇപ്പൊ കിട്ടിയിരുന്നെങ്കില്‍ നമുക്ക് ഇടയ്ക്കു സമയം കിട്ടിയാല്‍ ഒന്നു റിഹേഴ്സല്‍ ചെയ്തു നോക്കാരുന്നു.''
''നീ പേടിക്കണ്ട',നാടകം പോലെ നീണ്ട പ്രോഗ്രാം ഒന്നുമല്ലല്ലോ,അരമണിക്കൂര്‍ നേരത്തെ സംഭവമല്ലേ ഉള്ളൂ..നമുക്ക് കലക്കാം.''

അപ്പോള്‍ മുരളിയുടെ വലത്തേ കണ്ണ് അകാരണമായി തുടിച്ചു.
മത്സരങ്ങളും,സമ്മാനദാനവും ഒക്കെയായി സമയം പെട്ടെന്ന് കടന്നുപോയി.
എല്ലാവരും ഉത്സവ ലഹരിയിലായിരുന്നു.
''ഇനി രാത്രിയിലെ സ്കിറ്റ് കൂടി പൊടിപൊടിച്ചാല്‍ നമ്മുടെ ക്ലബ്‌ ലോകപ്രശസ്തമാകും.''
ഇത്തവണയും 7 മണിക്കാണ് പ്രസ്തുത പ്രോഗ്രാം .
സംഗീത പരിപാടികള്‍ നടക്കുന്നതിനിടയില്‍,ഏട്ടന്‍ വീട്ടില്‍ പോയി,കോരന് വേണ്ടി ഒരു കള്ളിമുണ്ടും,ബനിയനും,പിന്നെ അച്ഛന്റെ അനുവാദത്തോടെ ടേപ്പ് റെക്കോര്‍ഡര്‍ -ഉം എടുത്തു,അത്താഴവുംകഴിച്ച്
വീട്ടിലുള്ള മഹാജനങ്ങളെ ഔപചാരികമായി പ്രോഗ്രാമിന് ക്ഷണിച്ചിട്ട് സംഭവസ്ഥലത്തേക്ക് വന്നു.
മേക്കപ്പിട്ടതിനു ശേഷം,കാസെറ്റ് ,ടേപ്പ് റെക്കോര്‍ഡറില്‍ ഇട്ടു ജസ്റ്റ്‌ ഒന്നു റണ്‍ ചെയ്തു.
തുടക്കം,ഗോപിക്കുട്ടന്‍ ഭാര്യയോടു പറയുന്ന ഡയലോഗുകള്‍ തന്നെ ഗംഭീരം.അപ്പോള്‍ പിന്നെ കോരനായ തനിക്കുവേണ്ടി മുരളിയുടെ ബാസുള്ള ശബ്ദത്തില്‍ ഡബ്ബ് ചെയ്തത് എത്ര മനോഹരമായിരിക്കും...ഏട്ടന് ഓര്‍ത്തപ്പോള്‍ തന്നെ രോമാഞ്ചം വന്നു.
''സമയം പോകുന്നു.മതി ,ദേ,കോരനും ചിരുതയും സ്റ്റേജില്‍ കയറാന്‍ പോകുകയാണ്''
ഡയറക്ടര്‍ മുരളി ഓര്‍ഡര്‍ കൊടുത്തു.
കര്‍ട്ടന്‍ പൊങ്ങി.
ചിരുത പാചകം ചെയ്യുന്നു.
കോരന്‍ സഹായിക്കുന്നു.
ചിരുത: മാവേലി തമ്പ്രാനെ ഒന്നു കാണാന്‍ പറ്റീരുന്നെല്... എനക്ക് പെരുത്ത്‌ മോഹം''
കോരന്‍: നീ തഞ്ചപ്പെടു പെണ്ണെ,തമ്പ്രാന്‍ മ്മടെ കുടീല് വരും.നീ നോക്കിക്കോ ''
[സ്റ്റേജിനു പിറകില്‍ മുരളി സന്തോഷം കൊണ്ട് തുള്ളിച്ചാടി.ഓ,അഭിനേതാക്കളുടെ lip movement -ഉം ,മൈക്കിലൂടെ ഒഴുകി വരുന്ന സംഭാഷണവും തമ്മില്‍ എന്തൊരു എകകാലികത്വം( synchronization .)
അകത്തു ഡയലോഗുകള്‍ ഒഴുകുമ്പോള്‍ മാവേലി റെഡി ആയി.
അതാ മാവേലി സ്റ്റെജിലേക്ക്.
മേക്കപ്പിട്ട കുട്ടപ്പന്‍ ചേട്ടനെ കണ്ടാല്‍ ഒറിജിനല്‍ മാവേലി പോലും
ഒന്നു beauty parlour വരെ പോകും .അത്ര ഗ്ലാമര്‍ .
കടന്നു വരുന്ന മാവേലിയെ കണ്ട കോരനും,ചിരുതയും, അത്ഭുത പരതന്ത്രരാകുകയും,പാദങ്ങളില്‍ വീണു നമസ്കരിക്കുകയും ചെയ്യുന്നു.
കോരന്‍ അഭിനയിച്ചു കസറുകയാണ്.
ഇത് കണ്ടു സന്തോഷം അടക്കാനാകാതെ മുരളി ആരും കാണാതെ ഫ്ലയിംഗ് കിസ്സുകള്‍ എറിഞ്ഞു കൊടുത്തു.
ഇനി,മാവേലിയെ പുകഴ്ത്തി ,പാട്ട് പാടുക എന്ന കര്‍മ്മം.
അത് കഴിഞ്ഞാണ് തിരുമേനിക്ക് സദ്യ വിളമ്പേണ്ടത്.

ടൈമിംഗ് തെറ്റാതിരിക്കാന്‍,റിഹേഴ്സല്‍ ഇല്ലാതെ തന്നെ മൂന്നുപേരും സശ്രദ്ധരയതു കണ്ടു,മുരളി അഭിമാനിച്ചു.
മാവേലി ,കുടയും ചൂടി ഞെളിഞ്ഞു നില്‍ക്കവേ,കോരന്‍ പാട്ട് പാടാനായി മഹാബലിക്കു നേരെ തിരിയവേ,
ജനക്കൂട്ടത്തിനിടയില്‍ നില്‍ക്കുന്ന അച്ഛനെയും,അമ്മയെയും കണ്ടു.ആദ്യം ഒന്നു ഞെട്ടിയെങ്കിലും,പിന്നെ ധൈര്യം സംഭരിച്ച് പാടാന്‍ തുടങ്ങി.
പാട്ടിനൊപ്പം action song പോലെ അഭിനയിച്ചു ഫലിപ്പിക്കുകയും വേണം.
''മാവേലി നാട് വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ....
കള്ളവുമില്ല ചതിയുമില്ല... എള്ളോളമില്ലാ,പൊളിവചനം...''
പെട്ടെന്ന് ഒഴുകിവരുന്ന റെക്കോര്‍ഡില്‍ ഒരു വലിച്ചുപറിക്കുന്ന ശബ്ദം.
മാവേലിയും,കോരനും,ചിരുതയും ഞെട്ടി.
മുരളി നാലുകാലും പറിച്ചു ടേപ്പ് റെക്കോര്‍ഡറിനടുത്തേക്ക് ഓടി
ഒന്ന്....രണ്ട്..... മൂന്ന്..... അടുത്തനിമിഷം പാട്ട് ഓക്കേ ആയി.
ഇങ്ങനെ തുടരുന്നു.
''..........കൈകളും കാലും കുഴഞ്ഞു,വാലുമക്കാലും മെലിഞ്ഞു.....''
കോരന്‍ ഞെട്ടി, മാവേലി ഞെട്ടി....
ഇതേത് ?? ഇനി ഞാന്‍ ഇല്ലാഞ്ഞപ്പോള്‍ മുരളി ഡയലോഗിലും ,പാട്ടിലും ആധുനികത കേറ്റിയോ!!.(കോരന്റെ ആത്മഗതം)
ദേ,വീണ്ടും ആ വരികള്‍ റിപീറ്റ് ചെയ്യുന്നു...
''..........കൈകളും കാലും കുഴഞ്ഞു,വാലുമാക്കാലും മെലിഞ്ഞു.....''
ഏട്ടന്‍ പിന്നെ ശങ്കിച്ചില്ല,[മുരളീടെ തിരക്കഥയില്‍ മാറ്റം വരുത്തി ഓണമായിട്ട് അവന്റെ തെറി മേടിച്ച് കെട്ടണ്ട}
വാല്‍ എന്ന് കേട്ടപ്പോള് മാവേലിയുടെ പിന്നിലേക്കു കൈ ചൂണ്ടി,,‍,
മാവേലീടെ കാലു മെലിഞ്ഞതും അഭിനയിച്ചു കാണിച്ചു.
പാട്ട് തുടരുന്നു.
''കൈകളെക്കൊണ്ടു ചൊറിഞ്ഞു,രോമമപ്പേരും കൊഴിഞ്ഞു,
മേനിയും ചുക്കി ചുളിഞ്ഞു ,കണ്ണിനു കാഴ്ച കുറഞ്ഞു'
പീളയും വന്നു നിറഞ്ഞു....താന്‍ വഴിയില്‍ ചെന്നുറച്ചു.''
പാട്ടിനനുസരിച്ച് കോരന്‍ മാവേലിയെ ആംഗ്യത്താല്‍ മനോഹരമായി വര്‍ണ്ണിക്കുന്നു .
കാണികളുടെയിടയില്‍ നില്‍ക്കുന്ന അച്ഛന് ബള്‍ബ് കത്തി .
''കല്യാണസൌഗന്ധികം ''തുള്ളല്‍പ്പാട്ടാണ് മോന്‍ അഭിനയിച്ചു തകര്‍ക്കുന്നത്.
വഴിയില്‍ക്കിടക്കുന്ന ഹനുമാനെ വര്‍ണിക്കുന്ന ഭാഗം...
കാസെറ്റില്‍ തിരിമറി നടന്നിരിക്കുന്നു.
താന്‍ ഗള്‍ഫില്‍ നിന്നും കൊണ്ട് വന്ന തുള്ളല്‍പ്പാട്ടിന്റെ കാസെറ്റില്‍ ആണ് ഇവന്മാര്‍ ഇത് പിടിച്ചിരിക്കുന്നത്.
''വാടീ,പോകാം''
ഇനിയിവിടെ നിന്നാല്‍ എന്റെ ഷേപ്പും മാറും''
മോനെ അഭിമാനപുളകിതയായി നോക്കി നിന്ന അമ്മയെ വിളിച്ചു അച്ഛന്‍ നടന്നു.
അവിടെ,സ്റ്റേജില്‍,താന്‍ ചിരുതയാണെന്ന് ഓര്‍ക്കാതെ ,ഗോപിക്കുട്ടന്‍ മുണ്ട് മടക്കിക്കുത്തി ഓടാന്‍ തയ്യാറെടുത്തു.
മാവേലി അപകടം മനസ്സിലാക്കി സുവര്‍ണ്ണ പാദുകം ഇടതു കൈ കൊണ്ട് അഴിചെടുത്തു.(റാം ജി റാവു സ്പീക്കിംഗ്‌ സിനിമയില്‍ ഇന്നസെന്റ് മുണ്ട് തപ്പിയെടുത്തു ഉടുക്കുന്നപോലെ..)ഉപയോഗിച്ച് പരിചയമില്ലാത്ത സാധനം ധരിച്ച്,ഓടി,കാലും ഒടിഞ്ഞു കിടക്കരുതല്ലോ.കയ്യില്‍ ക്കിട്ടിയാല്‍ നാട്ടുകാര്‍ ഓണത്തല്ലും നടത്തി ആഘോഷിചേക്കും.
പാവം കോരന്‍,ഒന്നും ശ്രദ്ധിക്കാതെ പാട്ട് തകര്‍ക്കുന്നു.അഭിനയവും .
''നേത്രവും ചിമ്മി ശയിച്ചു,മൂന്ന് ലോകങ്ങള്‍ ജയിച്ചുള്ള മഹാവീരന്‍...''
വര്‍ണ്ണിക്കാനായി മാവേലിയെ നോക്കിയപ്പോള്‍ കാണുന്നില്ല.തന്റെ പ്രാണേശ്വരി,ചിരുതയെയും.
,കഴിഞ്ഞ അനുഭവം വെച്ച്,സായുധരായി,തയ്യാറെടുപ്പോടെ വന്ന ലോക്കല്‍ സഹൃദയര്‍ ചെരുപ്പൂരി എറിഞ്ഞു തുടങ്ങിയപ്പോഴേക്കും കോരന് ബോധം വീണു തുടങ്ങിയിരുന്നു.
''ദേ,നമ്മുടെ കുഞ്ഞു,അവനെക്കൂടി....''അമ്മ തിരിഞ്ഞു നിന്നു .
''അവനു രണ്ട് കിട്ടട്ടെ,കലാരംഗത്ത് അവന്‌ നല്ല ഭാവി കാണുന്നുണ്ട് ഞാന്‍ ''അമ്മയുടെ വാക്കുകളെ മുറിച്ചു കൊണ്ട് അച്ഛന്റെ ശബ്ദം ഉയര്‍ന്നു.
പിന്നെ കയ്യില്‍ക്കരുതിയിരുന്ന തോര്‍ത്തും (മഞ്ഞുകൊള്ളാതിരിക്കാന്‍)തലയില്‍ ചൂടി രണ്ടുപേരും ടോര്‍ച്ചും തെളിച്ചു വീട് ലക്ഷ്യമാക്കി നടന്നു.

പൂതനാമോക്ഷം

'എന്റെ കുനുഷ്ടുകള്‍ '' എന്ന ലേബലില്‍ ഈ പോസ്റ്റ്‌ ഉള്‍പ്പെടുത്താമോ എന്ന് പല തവണ ആലോചിച്ചു.
പിന്നെ ,ഇത് പോസ്റ്റുന്നത് തന്നെ ഒരു 'കുനുഷ്ടു ബുദ്ധി ' ആയതുകൊണ്ട് ആ ലേബല്‍ തന്നെ ഉചിതം എന്ന് ഉറപ്പിക്കുകയാണ് .
പ്രസ്തുത വിഷയം ,മൂന്നു പോസ്റ്റുകളായി ഇടാമെന്ന് വിചാരിക്കുന്നു

ഈ സംഭവ കഥകളിലെ നായകന്‍, എന്റെ സ്വന്തം പ്രാണനാഥന്‍ തന്നെ.
മിക്ക ഗള്‍ഫുകാരുടെയും കല്യാണം പോലെ,ഞങ്ങളുടെതും,ഒരു അപ്രതീക്ഷിത-ആകസ്മിക സംഭവം ആയിരുന്നത് കൊണ്ടും ,
പെണ്ണുകാണാന്‍ വന്നതിന്റെ പത്തിന്റെയന്നു കല്യാണവും,കല്യാണം കഴിഞ്ഞു പത്തിന്റെയന്നു ദൂഫായിലേക്ക് പറക്കേണ്ടതുകൊണ്ടും,
സ്വസ്ഥമായി പഞ്ചാരയടിക്കാന്‍ പരിമിതമായ സമയമേ ഉള്ളൂ എന്നതിനാല്‍,ഉള്ള സമയം മാക്സിമം പ്രയോജനപ്പെടുത്തി ,പുതുപ്പെണ്ണിനെ ഇംപ്രെസ് ചെയ്യിക്കാന്‍ എന്റെ ഏട്ടന്‍ അന്ന് പല വഴികളും ആലോചിക്കുകയും,(ശ്രീനിവാസന്റെ 'ഫലിതബിന്ദുക്ക'ളൊക്കെ പ്രയോജനപ്പെട്ടാലോ എന്ന് കരുതി വടക്കുനോക്കിയന്ത്രം ' സിനിമ,രഹസ്യമായി നാലഞ്ചു തവണ കണ്ടെന്നൊക്കെ പിന്നീട് കക്ഷി എന്നോട് പറഞ്ഞു.:) ),അവസാനം,പണ്ടു കൊല്ലം T.K.M. കോളേജില്‍ പ്രീഡിഗ്രീ പരീക്ഷയൊക്കെ കഴിഞ്ഞു റിസള്‍ട്ടും പ്രതീക്ഷിച്ചിരിക്കവേ ,സ്ഥലത്തെ ചില പ്രധാന പയ്യന്സുമായി ചേര്ന്നു നടത്തിയ സാഹസികതകള്‍ പറഞ്ഞു എന്നെ ബോറടിപ്പിക്കാം എന്നൊരു ചിന്ത കക്ഷിയുടെ മനസ്സില്‍ ഉദിക്കുകയും ചെയ്തു.
അങ്ങനെ പറഞ്ഞ 3 വീരകഥകളില്‍ ഒന്നാണ് ഞാന്‍ പോസ്ടാന്‍ പോകുന്നത്.ദേ പിടിച്ചോ...


പരിഷ്കാരങ്ങളൊന്നും തൊട്ടു തീണ്ടാത്ത ഒരു ഉള്‍നാടന്‍ ഗ്രാമം ആണ് കേട്ടോ ,കഥയുടെ പശ്ചാത്തലം.
ശരിക്കും ഒരു കുഗ്രാമം. നാട്ടുകാര്‍ വളരെ സഹൃദയരും,കലാസ്നേഹികളും .
അല്‍പ്പമെങ്കിലും കലാവാസനയുള്ളവര്‍ക്ക് perform ചെയ്തു ഒരു ലോക്കല്‍ സ്റാര്‍ സിങ്ങറോ ,സ്റാര്‍ ഡാന്സറോ ഒക്കെ ആകാനുള്ള സാഹചര്യങ്ങള്‍ അന്ന് ആ നാട്ടില്‍ സുലഭമായിരുന്നു.
അങ്ങനെ ഫലഭൂയിഷ്ടമായ ആ മണ്ണില്‍ ,കലയുടെ പുതുവസന്തം വിരിയിക്കാന്‍ ,ഞാന്‍ തുടക്കത്തില്‍ സൂചിപ്പിച്ച ''സ്ഥലത്തെ പ്രധാന പയ്യന്‍സ് '' കൂലംകഷമായി ആലോചിക്കുകയും,അതിന്റെ ഫലമായി ''പ്രതിഭ ''എന്ന ഒരു ആര്‍ട്സ്‌ ക്ലബ്‌ രൂപംകൊള്ളുകയും ചെയ്തു.
ക്ലബ്ബിന്റെ പ്രസിഡന്റ്‌ ആയി ,ഏട്ടന്റെ ഉറ്റ സുഹൃത്ത്‌ ആയ മുരളിയും,സെക്രട്ടറി ആയി ഏട്ടനും,ഖജാന്‍ജി ആയി ഗോപിക്കുട്ടനും,ബാക്കി തസ്തികകളില്‍ ശുപാര്‍ശയും , കൈക്കൂലിയും ഇല്ലാതെ യോഗ്യരായ ചില പയ്യന്‍സിനെ കൂടി നിയമിക്കുകയും ചെയ്തു.
ക്ലബ്ബിന്റെ ഉദ്ഘാടന ദിവസം ഗംഭീരമാക്കാന്‍ ഭാരവാഹികള്‍ തീരുമാനിച്ചു.പരിപാടി എങ്ങനെ കൊഴുപ്പിക്കണം എന്ന് തല പുകച്ച ഇതര ഭാരവാഹികളോട്,ഒരു നാടകം അവതരിപ്പിച്ചാലോ എന്ന് ഏട്ടന്‍ തന്നെ നിര്‍ദ്ദേശം വെക്കുകയും,അത് ഭൂരിപക്ഷ ശബ്ദ വോട്ടോടെ പാസ്സാകുകയും ചെയ്തു.

ഇനി,നാടകത്തിനു കഥ വേണം ,നടീനടന്മാര്‍ വേണം.
ലോക്കല്‍സ് കൂടുതലും,ഭക്തമീരകളും,മീരന്മാരും ആയതിനാല്‍,പുരാണനാടകം മതി എന്ന് ഡിസ്ക്കഷനോടുവില്‍ തീരുമാനമായി.കഥ,'പൂതനാമോക്ഷം ' ഇനി,കഥാപാത്രങ്ങല്‍ക്കനുസരിച്ചു നടീനടന്മാര്‍ വേണം.
കൂട്ടത്തില്‍ മീശയില്ലാത്ത,,സ്ത്രൈണമായ മുഖമുള്ള ഗോപിക്കുട്ടനെ പൂതനയായും,ഗോപിക്കുട്ടന്റെ തന്നെ പെങ്ങള്ടെ മകന്‍ മനുവിനെ ശ്രീകൃഷ്ണനായും, ഫിക്സ് ചെയ്തു.കംസനായും ,നന്ദഗോപരായും മുരളി,ഏട്ടന്‍ എന്നീ മഹാത്മാക്കള്‍ യഥാക്രമം നിയമിതരാവുകയും ചെയ്തു.
മറ്റു കഥാപാത്രങ്ങളുടെ റോളുകള്‍ കൈകാര്യം ചെയ്ത നടന്മാര്‍ക്ക് , നമ്മുടെ ഈ കഥയില്‍
പ്രസക്തിയില്ലതതിനാല്‍ അവരെക്കൂടി പരിചയപ്പെടുത്തി ഞാന്‍ നിങ്ങളെ ബോറടിപ്പിക്കുന്നില്ല.
മുരളിയുടെ കെട്ടുറപ്പുള്ള തിരക്കഥയില്‍,നാടകത്തിന്റെ റിഹേഴ്സല്‍ ,ഗംഭീരമായി മുന്നേറിക്കൊണ്ടിരുന്നു .
പൂതനയായി ഗോപിക്കുട്ടനും,ഉണ്ണികൃഷ്ണനായി മനുവും(മനു ശ്രീകൃഷ്ണനെയും വെല്ലുന്ന കുസൃതി ) അഭിനയിച്ചു തകര്‍ക്കുന്നത് കണ്ടു കണ്ടിരുന്ന എല്ലാവര്ക്കും രോമാഞ്ചം വന്നു.
രോമമില്ലാത്തവര്‍,അസൂയയോടെ അത് നോക്കി നിന്നു.
.നാടകം ആദ്യകളിയില്‍ തന്നെ ഹിറ്റാകുമെന്ന് മനപ്പായസമുണ്ട് ,പരിപാടിയുടെ മുഴുവന്‍ ചുക്കാന്‍ പിടിക്കുന്ന ഏട്ടനും,മുരളിയും ആഹ്ലാദപുളകിതരായി .നാടകത്തിന്റെ തലേന്നാള്‍ വൈകിട്ട് റിഹേഴ്സല്‍ കഴിഞ്ഞു അവരവരുടെ പക്കലുള്ള costumes -ഉമായിപിറ്റേന്നു വൈകിട്ട് 5 മണിക്ക് തന്നെ അഭിനേതാക്കളും, 6 മണിക്ക് മറ്റു അണിയറ പ്രവര്‍ത്തകരും,ഹാജരാകണമെന്ന മെമോയും കൊടുത്തു .

അങ്ങനെ ആ സുദിനം സമാഗതമായി.
വൈകുന്നേരം 6 മണിക്ക് ബഹു: പഞ്ചായത്ത് മെമ്പര്‍ ക്ലബ്ബിന്റെ ഉദ്ഘാടനം നിര്‍വ്വഹിക്കും.
7മണിക്കാണ് നാടകം
5 മണിക്ക് ഗോപിക്കുട്ടനോഴികെ എല്ലാവരും ഗ്രീന്‍ റൂമില്‍ ഒത്തു ചേര്‍ന്നു.ഗോപിക്കുട്ടന്റെ വീട് താരതമ്യേന ദൂരെയാണ്.
അതിനാല്‍ കക്ഷി എത്തിക്കോളുമെന്നു വിചാരിച്ചു മനു ഉള്‍പ്പെടെയുള്ള അഭിനേതാക്കള്‍ മേക്കപ്പണിയുകയും ചെയ്തു.സമയം അഞ്ചരയായിട്ടും ഗോപിക്കുട്ടനെ കാണാഞ്ഞതിനാല്‍,നിയുക്ത പൂതനയെ തെരക്കി ഒരാളെ സൈക്കിളില്‍ വിടുകയും,ഗോപിക്കുട്ടന് ചിക്കന്‍പോക്സ് പിടിപെട്ടെന്നു ഞെട്ടിപ്പിക്കുന്ന വാര്‍ത്തയുമായി ദൂതന്‍ പോയതിനേക്കാള്‍ വേഗത്തില്‍ തിരികെയെത്തുകയും ചെയ്തു .
വാര്‍ത്ത കേട്ടതും,കംസനും,നന്ദഗോപരും (ഇപ്പോള്‍ രണ്ടാളും ആ വേഷത്തിലാണ് കേട്ടോ )വാലില്‍ തീപിടിച്ചപോലെ അങ്ങോട്ടും ഇങ്ങോട്ടും പാഞ്ഞു.
ഇനി ഈ മുഹൂര്‍ത്തത്തില്‍ കേന്ദ്ര കഥാപാത്രമായ പൂതനയെ എവിടുന്നു സംഘടിപ്പിക്കും.
ആരെങ്കിലും സന്നദ്ധരായാല്‍ തന്നെ റിഹേഴ്സല്‍ ഒന്നുമില്ലാതെ എങ്ങനെ.....
കംസന്‍ (മുരളി )തലയില്‍ കയ്യും കൊടുത്തു താഴെയിരുന്നു.ഒടുവില്‍ നന്ദഗോപര്‍ കംസനെ തോളില്‍ തട്ടി വിളിച്ചു
'' എടാ,ഡോണ്ട് വറി, ആ റിസ്ക്‌ ഞാന്‍ ഏറ്റെടുക്കാം .നന്ദഗോപരായി വേറെ ആരെയെങ്കിലും ഇറക്കാം.അങ്ങേര്‍ക്കു കൂടുതല്‍ ഡയലോഗ് ഒന്നുമില്ലല്ലോ പിന്നെ പൂതന, ഞാന്‍ ആകുമ്പോള്‍ റിഹേഴ്സല്‍ ഒന്നും വേണ്ട.സംഭവം എനിക്ക് ഇപ്പോള്‍ കാണാപാഠം ആണല്ലോ . ഞാന്‍ ഓടി വീട്ടില്‍ പോയി ഈ മീശയും എടുത്തു,അമ്മയുടെ ഒരു ബ്ലൌസും ,പട്ടുസാരീം സംഘടിപ്പിച്ചു ഓടി വരാം.''(പൂതനക്കുള്ള വേഷങ്ങള്‍ ഗോപിക്കുട്ടന്റെ കൈവശം ആയിരുന്നല്ലോ )കംസന്റെ ഉത്തരവ് കാത്തു നില്‍ക്കാതെ നന്ദഗോപര്‍ ചേലയോക്കെ ഊരിയെറിഞ്ഞു സിവില്‍ ഡ്രസ്സില്‍ സൈക്കിളില്‍ വീട്ടിലേക്കു പാഞ്ഞു .

ഉമ്മറത്ത്‌ നില്‍ക്കുന്ന അമ്മയോട് സാരിയും,ബ്ലൌസും തരാന്‍ സൈക്കിളില്‍ ഇരുന്നു കൊണ്ടുതന്നെ അലറിയിട്ടു ഓടി പോയി മീശ വടിച്ചു.പിന്നെ അമ്മ കാണാതെ കൊപ്ര ഇടുന്ന തട്ടിന്പുറത്തു നിന്നു 2 വലിയ ചിരട്ടയും (പൂതനയെക്കാള്‍ importance ഈ equipment- ന് ഉണ്ടെന്നു പാവം ഏട്ടന്‍ ഓര്‍ത്തത്‌ കുറ്റമാണോ.ഇല്ലെങ്കില്‍ പൂതനാമോക്ഷം എങ്ങനെ സംഭവ്യമാകും??ആ ദുഷ്ടന്‍ ഗോപിക്കുട്ടന്‍ അതുപോലും കൊടുത്തയച്ചില്ല കശ്മലന്‍ !!!) അമ്മ കാണാതെ ഒരു കവറില്‍ ആക്കി ,അമ്മ കൊടുത്ത സാരിയും,ബ്ലൌസും മേടിച്ച് വീണ്ടും തിരിച്ചു പറന്നു.
തിരകെ ഗ്രീന്‍ റൂമില്‍ എത്തിയപ്പോള്‍ സമയം 7.
നാടകം തുടങ്ങിയിരിക്കുന്നു .
.തെങ്ങാവെട്ടുകാരന്‍ കുട്ടപ്പന്‍ ചേട്ടനെ നന്ദഗോപരായി അവരോധിച്ചിരിക്കുന്നു.അങ്ങേരും,ഉണ്ണിക്കണ്ണനും ചേര്‍ന്നുള്ള ഏതോ രംഗം ആണ് നടക്കുന്നത്
പാവം എന്റെ ഏട്ടന്‍,പൂതനയിലെക്കുള്ള transformation ആരംഭിക്കുന്നതിന്റെ ഭാഗമായി ,ബ്ലൌസ് അണിഞ്ഞു
ഭഗവാനെ.!!!
വീണ്ടും പരീക്ഷണം .അമ്മക്ക് അല്‍പ്പം തടിയുള്ളത് കൊണ്ട് കയ്യൊക്കെ പാകം.പക്ഷെ,ഉടല്‍ ..അങ്ങോട്ട്‌ ശരിയാകുന്നില്ല.2 ഹൂക്കുകള്‍ ഇടാന്‍ വയ്യെന്ന് സാരം. വെക്കേഷന് വയററിയാതെ ഓരോന്ന് വലിച്ചു വാരി തിന്നതിന്റെ ഗുണം ,അല്ല ദോഷം..
false equipment (ചിരട്ട )കൂടി വെച്ചപ്പോള്‍ ശ്വാസം പോലും നേരെ കഴിക്കാന്‍ വയ്യ....
ദൈവമേ...ഇങ്ങനെ എങ്ങനെ നാടകം കളിച്ചു തീര്‍ക്കും.
സ്പെഷ്യല്‍ ഇഫക്ട്-ന് വലിയ കണ്ണന്‍ ചിരട്ട എടുക്കാന്‍ തോന്നിയ നിമിഷത്തെ ഏട്ടന്‍ മനസ്സാ ശപിച്ചു.
ഗോപിക്കുട്ടന്റെ ചിക്കന്പോക്സിനെയും.
താഴത്തെ രണ്ടു ഹൂക്കുകള്‍ ഇടാതിരുന്നാല്‍ സുഖം.
പക്ഷെ,ചിരട്ട അവിടെ ഇരിക്കുന്നില്ല.
ഇനി ഏതാനും നിമിഷങ്ങള്‍ക്കകം കംസനോടൊപ്പം
പൂതനയും കൃഷ്ണനെ കൊല്ലാന്‍ quotationഏറ്റെടുക്കാനായി സ്റ്റേജില്‍ കയറണം.

ആ മുഹൂര്‍ത്തമെത്തി.
അതാ കംസന്‍ '' ആരവിടെ,പൂതനയെ വിളിക്കൂ'' എന്ന് ഉത്തരവിടുന്നു.
പൂതന മെല്ലെ സ്റ്റേജിലേക്ക് നീങ്ങി.
രക്ഷയില്ല.
സംഗതി വശപ്പിശകാണ്.
ചിരട്ട , ഭൂഗുരുത്വബലം മാക്സിമം പ്രയോജനപ്പെടുത്തുകയാണ്.
താഴേക്കു സ്ലിപ്‌ ആകുന്നു.
പൂതന കംസന്റെ മുന്നില്‍ ചെന്ന് കൈകൂപ്പി നിന്നു
(കൈകൂപ്പിയാല്‍ ഒരു വിധം പൊസിഷന്‍ അഡ്ജസ്റ്റ് ചെയ്യാമല്ലോ)
ഡയലോഗ് മുറയ്ക്ക് തട്ടിവിടുന്നുണ്ട്‌
പക്ഷെ ഈ കൈകൂപ്പല്‍!!!
പൂതന ഇടയ്ക്കിടെ കാറിന്റെ വൈപ്പര്‍ പോലെ കൈകള്‍ രണ്ടും രണ്ടും കൂട്ടിപ്പിടിച്ച്‌ മുകളിലേക്ക് നീക്കുന്നുമുണ്ട്
കംസന്റെ നെറ്റിയും വിയര്‍ക്കാന്‍ തുടങ്ങി.
ആ രംഗങ്ങള്‍ കൈകൂപ്പി നിന്നു തന്നെ അവസാനിച്ചു.
കാണികള്‍,''കണ്ടില്ലേ,പൂതനക്ക് കംസനോടുള്ള ഭയഭക്തി'' എന്നൊക്കെ പറഞ്ഞു അര്‍മ്മാദിക്കുന്നു ( സോറി മൊത്തം ചില്ലറേ ... വീണ്ടും ഇത് ഇങ്ങട് കടം എടുക്കുവാ )

അങ്ങനെ ക്ലൈമാക്സ്‌ രംഗം വന്നെത്തി
മനു , കൃഷ്ണന്റെ വേഷത്തില്‍ അല്‍പ്പം 'ജാഡ''യൊക്കെയായി അമ്പാടിയില്‍ കറങ്ങി നടക്കുന്നു.
പാവം പൂതന,കൃഷ്ണന്റെയടുത്തും, കൈകൂപ്പിയാണ് എത്തിയത്.(ഇതെങ്ങാനും ആ കംസന്‍ മൊതലാളി കണ്ടാല്‍ പണി പോയി കിട്ടും എന്ന പേടിയോടെ ചുറ്റും നോക്കുന്നുണ്ടായിരുന്നു )
കുറച്ചു നേരം രണ്ടു പേരും കൊച്ച് വര്‍ത്തമാനമൊക്കെ പറഞ്ഞിരുന്നു.ഗ്രീന്‍ റൂമില്‍ നിന്നുമുള്ള പഴുതിലൂടെ രംഗം കണ്ടു നിന്ന കംസന്‍ ,ദീര്‍ഘ ശ്വാസം വിട്ടു,''ഏതായാലും ഈ സീന്‍ കൂടെ കഴിഞ്ഞാല്‍ ടെന്‍ഷന്‍ തീര്‍ന്നുകിട്ടുമല്ലോ .''
അങ്ങനെ,ഒടുവില്‍ പൂതന,കൃഷ്ണനെ,അമുല്‍ മില്‍ക്ക് കഴിക്കാന്‍ ക്ഷണിച്ചു.
''വാ മോനെ... ആന്റിയുടെ മടിയില്‍ കിടക്കൂ ''
ക്ഷണം കിട്ടിയതും മനു ആക്രാന്തത്തോടെ പൂതനയുടെ കയ്യിലേക്ക് ചാടിക്കയറി.
ഏട്ടന്‍പൂതന ഷോക്ക്‌ അടിച്ചപോലെയായി.
ചെക്കന്റെ കൈതട്ടി ,ഒരു ചിരട്ട വയറിനു മുകള്‍ ഭാഗത്ത് എത്തി വിശ്രമിക്കുന്നു ഇപ്പോള്‍.
ദൈവമേ.. ഈ ചെക്കന്‍ അവസാനം കൊണ്ടിട്ടു നശിപ്പിച്ചല്ലോ.ഇനിയെന്തുചെയ്യും...''(ആത്മഗതം)
സമയം പോകുന്നു.
''പാല് കൊടുക്കൂ..'' മുരളി കംസന്‍ കര്‍ട്ടന്റെ ഇടയിലൂടെ ആംഗ്യം കാണിക്കുന്നു.
പക്ഷെ,എങ്ങനെ..??
കൃഷ്ണന്റെ ക്ഷമയും കെട്ടു. .(greedy boy )
കൃഷ്ണന്‍ പൂതനയുടെ സാരി മെല്ലെ മാറ്റി ബ്ലൌസ് പൊക്കിയതും.........( ഈ സീന്‍ സത്യമായിട്ടും സ്ക്രീന്‍ പ്ലേ-യില്‍ ഇല്ലായിരുന്നു )
''ടാപ്‌ ''.....ചിരട്ട ചാടി താഴെവീണ്‌ .,പിന്നെ മന്ദം മന്ദം ഉരുണ്ടു ഭക്തജനങ്ങളുടെ ഇടയിലേക്ക് പോയി.
പാവം പൂതന ........അംഗങ്ങള്‍ ചേദിക്കപ്പെട്ടതിന്റെ വേദന പണ്ടു ശൂര്‍പ്പണഖയോടു ചോദിച്ചാലല്ലേ അറിയൂ... ഇപ്പോള്‍ നമ്മുടെ പൂതനയും..
ആ നിമിഷം തന്റെ 2 ഹാര്‍ട്ട്‌ ബീറ്റ്‌ മിസ്സ്‌ ആയെന്നു ഏട്ടന്‍ എന്നോട് പറഞ്ഞപ്പോ എന്റെ ചങ്കും ഇടിച്ചു പോയി.പിന്നീട് സംഭവിച്ചതൊക്കെ.... ഓര്‍മ്മയില്ലെന്നും പറഞ്ഞു.പാവം .
പക്ഷെ,ഇപ്പൊ ബുള്‍സ് ഐ ഉണ്ടാകുമ്പോള്‍ പറയും,വേകാത്ത ബുള്‍സ് ഐ -ടെ ടേസ്റ്റ് അന്ന് ആ സ്റ്റേജില്‍ വെച്ചാ രുചിച്ചതെന്ന്.

(തുടരും )