ഒരു പെണ്‍വാണിഭം

''ഒന്നു പെറ്റതല്ലേ , വേണോ രൂപാ രണ്ടായിരത്തഞ്ഞൂറും?? ''

' കാശ് തന്നേ , ഉരുപ്പടി കണ്ടാല്‍ പറയുമോ,കൊള്ളാം !!'

നീണ്ട മുടിയും,ഉടലും,ഒതുങ്ങിയഴകുള്ളോരരക്കെട്ടും
ഗോതമ്പുതോല്‍ക്കും നിറം ,അല്‍പ്പം പതുങ്ങിക്കുണുങ്ങി നടത്തം.

'പുറത്തു നിര്‍ത്തണ്ടധികം,അകത്തേക്കാനയിക്കൂ
ഇണങ്ങുവാന്‍ ലേശം മടിയും,നാണവും കാണും '

''ഭയപ്പെടുത്തണോ,പീഡന മുറകളെന്തെങ്കിലും വേണോ
അടുക്കുവാന്‍ , അനുനയത്തിനടവുകളെന്തെങ്കിലും ? ''

'മൂന്നു നേരം മട്ടന്‍ കുഴച്ചുരുട്ടിയ ചോറും ,
നാലുമണിക്കെന്നും ബ്രാന്‍ഡ് പട്ടി ബിസ്ക്കറ്റും മതി '

''കൂടൊന്നു തീര്‍ക്കും വരെ കൂടെക്കിടത്തേണ്ടി വര്വോ ?''

'ഹേയ്,കുഞ്ഞൊരു തുടലിന്‍റെ കാര്യമേയുള്ളൂ , ഞാനേറ്റു '.


*<<<<<<<.>>>>>>>>*<<<<<<<<.>>>>>>>>>*

അബോര്‍ഷന്‍

കൃത്യം അഞ്ചരയ്ക്കു അലാറം ഒച്ചയിട്ടു .
ഞാന്‍ സ്വപ്നത്തില്‍ നിന്നെന്നപോലെ ഞെട്ടിയുണര്‍ന്നു .
ഏട്ടന്‍ കമിഴ്ന്നു കിടന്നു സുഖമായി ഉറങ്ങുന്നു.
ബ്ലാങ്കറ്റിനുള്ളിലെ സുഖോഷ്ണത്തില്‍ നിന്നു ഞാന്‍ പതിയെ അടുക്കളയിലെ തണുപ്പിലേക്ക് ഊളിയിട്ടു...
അടുക്കളയിലെ ലൈറ്റിടും മുന്‍പേ പുളിച്ചു പൊന്തിയ മാവിന്‍റെ മണം മൂക്കിനെ തുളച്ചു .
ഇന്നലെ അപ്പത്തിനു മാവ് അരച്ച് വെച്ചതില്‍ യീസ്റ്റ് കൂടിപ്പോയോ ആവോ...

തലയ്ക്കു വല്ലാത്ത പെരുപ്പ് പോലെ.
ഉറക്കം തീരെ ശരിയായില്ല.ഉണ്ണിയുടെ ഗൃഹപാഠങ്ങളും,പ്രൊജക്റ്റ്‌ വര്‍ക്കുകളും ,യൂനിറ്റ് ടെസ്റ്റ്-നുള്ള
തയ്യാറാക്കലും കഴിഞ്ഞു ഞാനും അവനും പാതിരാവിലെപ്പോഴോ ആണ് കിടന്നത് .ബ്ലാങ്കറ്റിനുള്ളില്‍ പട്ടുനൂല്‍ പ്യൂപ്പയെ പ്പോലെ അവന്‍ ഇപ്പോഴും ചുരുണ്ട് കൂടി കിടക്കുന്നു...പാവം കുട്ടി ! കുഞ്ഞിന്‍റെ പഠനഭാരത്തെ ക്കുറിച്ചോര്‍ത്തു ഏതൊരു അമ്മയെയും പോലെ എന്‍റെ ധാര്‍മ്മിക രോഷവും ആളിക്കത്തി.

കുടിക്കാനുള്ള വെള്ളം തിളപ്പിക്കാന്‍ സ്റൌവില്‍ വെച്ചിട്ട് ബാത്രൂമിലേക്ക് നടന്നു .വെള്ളത്തിന്‌ ഐസിനെക്കാള്‍ തണുപ്പ് . വര്‍ഷം പൊതുവേ തണുപ്പ് കൂടുതലാണ്.ആഗോള താപനത്തിന്‍റെ പരിണിത ഫലമത്രെ !ആവോ !!
ഉത്തരേന്ത്യയില്‍ അതിശൈത്യം കാരണം കുറേപ്പേര്‍ മരിച്ചെന്നോ,ഡെല്‍ഹി വിമാനത്താവളം മൂടല്‍ മഞ്ഞു കാരണം അടച്ചിട്ടെന്നോ ....ഒക്കെ ന്യൂസില്‍ കേട്ടു.

ഡെല്‍ഹി, മനുവേട്ടനെ ഓര്‍മ്മിപ്പിച്ചു.
ഇന്ന് ,പതിവില്ലാതെ പുലരുവോളം മനുവേട്ടനെ സ്വപ്നം കണ്ടു.
എന്‍റെ അപ്പച്ചിയുടെ മകനാണ് കേട്ടോ,മനുവേട്ടന്‍ .എന്‍റെ മുറചെറുക്കന്‍ .!!
വിധി സംവിധാനം ചെയ്ത ദുരന്തനാടകത്തിലെ കഥാപാത്രമായിരുന്നില്ലെങ്കില്‍ ...ഒരു പക്ഷെ,എന്റെതാകുമായിരുന്ന മനുവേട്ടന്‍ ....

അടുപ്പത്ത് വെള്ളം തിളയ്ക്കുന്ന ശബ്ദം എന്നെ ചിന്തകളില്‍ നിന്നുണര്‍ത്തി .
വെള്ളം പകര്‍ന്നു വെച്ചു,ചായക്ക്‌ വെള്ളം വെച്ചപ്പോഴേക്കും ഉണ്ണി എഴുന്നേറ്റു .
കണ്ണും തിരുമ്മി മടി പിടിച്ചു വന്നു എന്‍റെ വയറ്റില്‍ മുഖമമര്‍ത്തി നിന്നു കുറച്ചു നേരം...എന്‍റെ ചലനങ്ങള്‍ക്കനുസരിച്ച് അവന്റെ കുഞ്ഞു ശരീരം എന്നോടൊപ്പം ഉലഞ്ഞു...
''മോന്‍ പോയി പല്ല് തേക്കൂ....അപ്പോഴേക്കും അമ്മ കുളിപ്പിക്കാന്‍ വരാം...'''
മോനെ ഉന്തി തള്ളി വിട്ട ശേഷം ഞാന്‍ അപ്പച്ച ട്ടിയിലേക്ക് മാവ് കോരിയൊഴിച്ച് മൂടി വെച്ചു. കറിയെന്തുണ്ടാക്കും??
പൊട്ടറ്റോ സ്ട്യൂ ആയാലോ...
പല്ലുതേച്ചു വന്ന ഉണ്ണി ചിണുങ്ങി,''
അമ്മേ,ഇന്നലെ ഇംഗ്ലീഷ് ഹോം വര്‍ക്ക്‌-ല്‍ ഒരെണ്ണം രാവിലെ എഴുതാമെന്ന് പറഞ്ഞു വിട്ടില്ലേ,അതു പറഞ്ഞുതാ...'
''ഏതു ?''
'' 'Tajmahal ' -ന്‍റെ മുന്നില്‍ ' the' ആണോ,'a' ആണോ 'an' ആണോ ചേര്‍ക്കുന്നെ ?''

''മോന് ഏതാണ് ശരിയെന്ന തോന്നുന്നേ, ഒക്കെ ഇന്നലെ അമ്മ പറഞ്ഞു തന്നതല്ലേ ?''

''അതു 'താജ്മഹല്‍ ' ലോകത്ത് ഒരെയോരെണ്ണമല്ലേ ഉള്ളൂ.. അപ്പോള്‍ the അല്ലേ ചേര്‍ക്കണ്ടത് ''
''ഉം..''
ഞാന്‍ അലസമായി മൂളി...
മനുവേട്ടന്‍ വീണ്ടും ഓര്‍മ്മയിലേക്ക് തെളിഞ്ഞു വന്നു...അനുവാദം വാങ്ങാതെ...

ഡല്‍ഹിയില്‍എയര്‍ ഫോഴ്സില്‍ ആയിരുന്നു മനുവേട്ടന്‍ .
'എന്‍റെ മനുവിന്‍റെ പെണ്ണാണ് നീ 'എന്ന് അപ്പച്ചി ഇടയ്ക്കിടെ പരസ്യമായി ഓര്‍മ്മപ്പെടുത്തുന്നത്‌ കൊണ്ടു ഒരു അംഗീകൃത പ്രണയത്തിന്‍റെ സുഖം നുകര്‍ന്ന് മനുവേട്ടന്‍റെ ഓരോ അവധികാലത്തെയും ഞങ്ങള്‍ അവിസ്മരണീയമാക്കി .
ഒരിക്കല്‍ തെക്കേ തൊടിയിലെ പച്ചപ്പായല്‍ പിടിച്ച കല്‍പ്പടവില്‍ വെച്ചു ,എന്‍റെ പ്രണയ കവിത വായിച്ചിട്ട് നെറ്റിയില്‍ ഉമ്മവേച്ച ശേഷം മനുവേട്ടന്‍ പറഞ്ഞത് ഇന്നലെയെന്നപോലെ ഓര്‍മ്മവരുന്നു .
''കല്യാണം കഴിഞ്ഞാല്‍ എന്‍റെ പെണ്ണിനെ ഞാന്‍ ആദ്യം കൊണ്ടു പോകുക ,താജ്മഹല്‍ കാണാന്‍ ആണ് ,അനശ്വര പ്രണയത്തിന്‍റെ സ്മാരകം കാണാന്‍ ...''
നാണത്തോടെ പുഞ്ചിരിച്ച എന്‍റെ കവിളില്‍ കിള്ളി '' കാത്തിരിക്കാന്‍ വയ്യ പെണ്ണെ... അടുത്ത ലീവിന് പറ്റുമെങ്കില്‍ നിന്നെയും കൂടെ കൂട്ടണം ''എന്ന് പറഞ്ഞു പോയ മനുവേട്ടന്‍ ലീവാകാന്‍ കാത്തുനില്‍ക്കാതെ എത്തി,ത്രിവര്‍ണ്ണ പതാകയില്‍ പൊതിഞ്ഞ പെട്ടിയില്‍ ,ഭദ്രമായി ...
ഹെലികോപ്ടര്‍ ആക്സിഡന്‍റ് ആയിരുന്നത്രെ .
ഓര്‍മ്മകള്‍ കണ്ണ് നനയിച്ചു...

'' ഞാന്‍ മരണത്തെപ്പുല്കാം ,എന്ന -
നുരാഗ യമുനാ തീരത്തു നീയൊരു ,
താജ് മഹല്‍ എന്നോര്‍മ്മക്കായ് പണിയുമെങ്കില്‍ ...
എന്‍ തകര്‍ന്ന സ്വപ്നത്തിന്‍ വെള്ളാരംകല്ലിനാല്‍ .'
നിന്‍റെ ജ്വലിക്കും സ്നേഹത്തിന്‍ നിറക്കൂട്ടാല്‍ ......''

മനസ്സില്‍ വരികള്‍ തുളുമ്പി....
എന്‍റെ പെന്‍സില്‍ എവിടെ ?
അടുക്കളയില്‍തീര്‍ന്നു പോകുന്ന സാധനങ്ങളുടെ ലിസ്റ്റ് കുറിക്കാന്‍ സ്പൂണ്‍ റാക്കില്‍ കരുതിയിരുന്ന പെന്‍സിലും,പേപ്പറും എടുത്തപ്പോഴേക്കും ബാത്രൂമില്‍ നിന്നും ഉണ്ണിയുടെ വിളി..

സ്ഥലകാല ബോധം വന്നു.
ഭാഗ്യം! ഓര്‍മ്മകളുടെ കുത്തൊഴുക്കിലും,അപ്പം ചുട്ടു തീര്‍ന്നിരിക്കുന്നു .
പക്ഷെ,മറക്കാതെ വരികള്‍ പകര്‍ത്തണ്ടേ ?ഇല്ല,ഒന്നും നടക്കില്ല...

എത്ര ദിവസമായി വിചാരിക്കുന്നു മനസിലുള്ളതൊക്കെ പേപ്പറിലേക്ക്‌ കുറിച്ച് വെക്കണമെന്ന്...
പച്ചക്കറി നുറുക്കുമ്പോഴും,ദോശക്കു മാവരക്കുമ്പോഴുമോക്കെയാണ് മനസ്സിനെ യഥേഷ്ടം മേയാന്‍ വിടുന്നത്...കഥയെന്നും,കവിതയെന്നു ഞാന്‍ രഹസ്യപ്പേര് വിളിച്ചു, ഞാന്‍ പേപ്പറില്‍ കുനുകുനെ കിളിര്‍ക്കാനിടുന്ന അക്ഷരമണികള്‍ക്ക് വെള്ളവും,വളവും നല്‍ക്കുന്നത് , ,എന്തിനു,നിലമൊരുക്കുന്നത് പോലും, ജോലികള്‍ക്കിടയിലുള്ള എന്‍റെ മാനസിക വ്യാപാരങ്ങളാണ് .
എന്തെങ്കിലും കുറിക്കാന്‍ കുത്തൊഴുക്കായി മനസ്സിലേക്ക് കൊണ്ടു വരുന്നതും അവയാണ് .പക്ഷെ,
മിന്നല്‍പ്പിണര്‍ പോലെ മനസ്സില്‍ തികട്ടുന്നത് പകര്‍ത്താന്‍ നിന്നാല്‍ ഉച്ചക്ക് ഊണിനു പകരം കവിത വിളമ്പേണ്ടി വരും...
ഒരു വീട്ടമ്മയിലെ കുഞ്ഞുകവയിത്രിയുടെ ദുര്‍വിധി.
ഞാന്‍ ബാത്ത് റൂമിലേക്ക്‌ നടനന്നു.
ഉണ്ണിയെ കുളിപ്പിക്കുമ്പോഴേക്കും ഏട്ടന്‍ എഴുന്നേറ്റു വന്നു.
ചട്ടുകത്തിന്‍റെ അടിയില്‍ വിശ്രമിക്കുന്ന കടലാസിലെ അപൂര്‍ണ്ണമായ വരികള്‍ വായിച്ചു ഏട്ടന്‍ പുഞ്ചിരിച്ചു.
''എന്‍റെ പെണ്ണിന് വീണ്ടും ഗര്‍ഭം ''??
കേട്ട വാക്കുകളോടുള്ള അനിഷ്ടം ഞാന്‍ ഉണ്ണിയുടെ ഷര്‍ട്ട് ഒട്ടൊരു ഒച്ചയോടെ കുടഞ്ഞു തീര്‍ത്തു .
ധൃതിയില്‍ മോനെ ഡ്രസ്സ്‌ ചെയ്യിച്ചു കോണ്‍ഫ്ലേക്സും പാലും കൊടുത്തു ,ടിഫ്ഫിനും വെള്ളവും,ബുക്സും ബാഗിലാക്കി കുഞ്ഞിന്‍റെ കയ്യില്‍പ്പിടിച്ചു പുറത്തേക്കു ഓടുമ്പോള്‍ സ്കൂള്‍ ബസിന്‍റെ ഹോണ്‍ കേട്ടു.

തിരികെയെത്തി,ഏട്ടന്‍റെ ഡ്രസ്സ്‌ തേച്ചു മിനുപ്പാക്കി ,പ്രാതലും കൊടുത്തു
യാത്രയാക്കി .
സോഫയില്‍ വന്നു കുറച്ചുനേരം കണ്ണടച്ച് കിടന്നു, വരികള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു...
ഇല്ല.... ഒരു മൂടല്‍ മാത്രം.
'കവിത വരാന്‍ തലയില്‍ നെല്ലിക്കാത്തളം വെച്ചു വെയിലത്തിരിക്ക് പെണ്ണെ 'എന്ന് എന്ന ശുണ്ടിപിടിപ്പിക്കുമായിരുന്ന മനുവേട്ടനെ വീണ്ടും ഓര്‍ത്തു .
7 വര്‍ഷങ്ങള്‍ക്കിപ്പുറം മനുവേട്ടനെ ഓര്‍ക്കാനും,സ്വപ്നം കാണാനും എന്താണെന്ന് ഞാന്‍ വീണ്ടും അതിശയിച്ചു...
അല്ലെങ്കിലും എന്തെങ്കിലും എഴുതിവരുമ്പോള്‍ അതിലെല്ലാം മനുവേട്ടന്‍റെ പ്രണയാര്‍ദ്രമായ നോട്ടത്തിന്‍റെ,സ്പര്‍ശനത്തിന്‍റെ അഭൌമമായ ചൈതന്യം നിറയും...പ്രണയവും,വിരഹവും ഇല്ലെങ്കില്‍ എനിക്ക് കവിതയെഴുതാന്‍ പറ്റില്ലെന്നാണോ....
മനസ്സിനെ മഥിക്കാന്‍ ഇതിലും തീവ്രമായ വികാരങ്ങള്‍ ഇല്ലെന്നാണോ....
എന്നിട്ടും ഞാന്‍ മറന്നില്ലേ,മനുവേട്ടനെ,പലപ്പോഴും....
പൂര്‍വ്വകാല കഥകളെല്ലാം അറിഞ്ഞു,പൂര്‍ണ്ണ മനസ്സോടെയാണ് ഏട്ടന്‍ തന്‍റെ ജീവിതത്തിലേക്ക് എന്നെ കൈ പിടിച്ചു കൊണ്ട് വന്നത്...
സൌഭാഗ്യങ്ങളുടെ നടുവിലേക്ക്....
സ്നേഹസമുദ്രത്തില്‍ നീന്തുന്ന ഞാന്‍ നഷ്ടപ്രണയത്തിന്‍റെ കാവല്‍ മാലാഖയാകാന്‍ പാടില്ലെന്ന് ഞാന്‍ മനസിനെ പറഞ്ഞു പഠിപ്പിച്ചു...ഒട്ടൊരു കാര്‍ക്കശ്യത്തോടെ.....
ക്ലോക്ക് 9 അടിച്ചു .
കിടന്നാല്‍ പറ്റില്ല.....
ഏട്ടന്‍ കൃത്യം 12 മണിക്ക് എത്തും.
ഊണൊരുക്കല്‍ ,മുറി തുടക്കല്‍ ,തുണിയലക്കല്‍ ..
കുറെ പണികള്‍ കിടക്കുന്നു...

* * *
അടുക്കളയിലെ സിങ്കില്‍ നീന്തുന്ന അയലകള്‍ !
ഫ്രീസറിലെ മരവിച്ച തണുപ്പില്‍ നിന്നു താരതമ്യേന ചൂടുള്ള വെള്ളത്തിലേക്ക്‌ ചാടിയ മീനുകള്‍ ഉത്സാഹത്തിമര്‍പ്പില്‍ ഒന്നു പുളഞ്ഞു അടിയിലേക്ക് ഊളിയിട്ടു .സാന്‍റ് പേപ്പറില്‍ തേച്ചു മൂര്‍ച്ച വരുത്തിയ കത്തിയും,ചിറകുകളും ,വാലും അരിഞ്ഞു തള്ളാന്‍ ഞാന്‍ സജ്ജമാക്കിയ കത്രികയും ഇവറ്റകള്‍ കണ്ടില്ലെന്നുണ്ടോ?

മീനുകള്‍ ഐസൊക്കെ പോയി ഒന്നുഷാറാകുമ്പോഴേക്കും കറിക്കുള്ള മാങ്ങയും,മസാലകളും തയാറാക്കി വെക്കാം.
ഫ്രിഡ്ജിന്‍റെ വെജിറ്റബിള്‍ റാക്കില്‍ നിന്നെടുത്ത പുളിച്ചി മാങ്ങയുടെ തൊലി ചാതുര്യത്തോടെ ഞാന്‍ ചെത്തി തുടങ്ങി .അറബിനാട്ടിലെ മരുപ്പച്ചയില്‍ വിളഞ്ഞ മാങ്ങയാണെങ്കിലും നല്ല നാട്ടുമാങ്ങയുടെ മണം !
ഞാന്‍ കണ്ണുകളടച്ചു വാസനിച്ചു .ഉള്ളിലേക്കെടുത്ത മണത്തോടൊപ്പം മനസ്സ് കടല്‍ കടന്നു തറവാട്ടിലെ തൊടിയിലേക്ക്‌ പറന്നു...

ധനുമാസക്കാറ്റേറ്റു പുളകിതയായി തെരുതെരെ മാമ്പഴം ചോരിഞ്ഞിടുന്ന മുത്തശ്ശി നാട്ടുമാവ് ,കഴിഞ്ഞതിന്‍റെ അങ്ങേക്കൊല്ലമാണ് മുറിച്ചത്.മുത്തശ്ശീടെ ചിതയൊരുക്കാന്‍ .
കാറ്റത്ത് അടര്‍ന്നു വീഴുന്ന നാട്ടുമാമ്പഴങ്ങള്‍ പെറുക്കിക്കൂട്ടുന്ന ഞങ്ങള്‍ കുട്ടികളുടെ കലപില,മാറിനിന്നു കണ്ടു രസിച്ചു വല്യേട്ടന്‍ ചമയുമായിരുന്നു മനുവേട്ടന്‍ .
വള്ളിനിക്കറിന്റെ പോക്കറ്റിലും,കൈക്കുമ്പിളിലും മാമ്പഴങ്ങളുമായി കൂട്ടുകാര്‍ ഓടി മറയുമ്പോള്‍ ,തെറുത്തുവേച്ച പാവാടയില്‍ നിറച്ച മാമ്പഴങ്ങളുമായി,ഓടാനാവാതെ പരുങ്ങി നിന്ന എന്‍റെ കയ്യില്‍ എത്തിപ്പിടിച്ച്‌ ''മാമ്പഴം തിന്നു തിന്നു എന്‍റെ ലക്ഷ്മിക്കുട്ടിക്കും മാമ്പഴത്തിന്‍റെ മണമായോന്നു നോക്കട്ടെ '' എന്ന് പറഞ്ഞു,കവിളില്‍ ചുണ്ടമര്‍ത്തിയപ്പോള്‍ ,നനുത്ത പൊടി മീശ കൊണ്ടു കവിള്‍ നൊന്തു.
'പോ കുന്തക്കാലാ 'ന്നു വിളിച്ചു ഓടിപ്പോയതോര്‍ത്ത്‌ അറിയാതെ ചിരിവന്നു .ഞാന്‍ മാങ്ങ ചെറിയ കഷണങ്ങളായി അരിയാന്‍ തുടങ്ങി.
പെട്ടെന്ന് കോളിംഗ് ബെല്‍ ശബ്ദിച്ചു.
ഈശ്വരാ..! മണി അതിനിടേല്‍ 12 ആയോ?
വാതില്‍ തുറന്നു.
എട്ടന്‍ .
''ഉം,എന്താ ഒരു പുഞ്ചിരി,ഭാവനയുടെ ലോകത്ത് വിഹരിക്കുകയാണോ ?''
'കളിയാക്കണ്ട,എഴുതും ഞാന്‍ '
'' ദിവസം മൂന്നാല് പ്രാവശ്യം നാട്ടിലേക്ക് വിളിച്ചു അവിടുള്ളോരുടെ സ്വസ്ഥത കെടുത്തുന്നത് പോരാഞ്ഞിട്ടാണോ ഇനി കത്തെഴുത്ത്..''
''അയ്യെടാ,എന്തൊരു വില കുറഞ്ഞ തമാശ.''
'ഹിഹി'..എട്ടന്‍ ചമ്മിയ ചിരി ചിരിച്ചു
''എഴുതിക്കോളൂ ,അക്ഷരങ്ങള്‍ കുറച്ചു കൂടി നന്നാവട്ടെ ...കുറെ നാളായി ഉപയോഗിക്കാതെ ഒക്കെ തുരുമ്പെടുത്തു ഇരിക്കുവല്ലേ ...''
പ്രണ്‍ കെട്ടി ആയുധങ്ങളുമായി മീനിനെ പോസ്റ്റ്‌ മോര്‍ട്ടം ചെയ്യാന്‍ തുടങ്ങുമ്പോള്‍ പിന്നില്‍ ഏട്ടന്റെ ശബ്ദം വീണ്ടും .
''എന്‍റെ മാധവിക്കുട്ടീ,ബാലാമണിയമ്മേ,...സാഹിത്യ രചന തുടങ്ങിയാല്‍ ഈയുള്ളവന് ഇനി നേരത്തും കാലത്തും വല്ലതും തിന്നാന്‍ കിട്ടുമോ ആവോ...?''.ഇരച്ചു വന്ന ദേഷ്യം കത്തിയെടുത്തു കട്ടിംഗ് ബോര്‍ഡില്‍ വിശ്രമിക്കുകയായിരുന്ന മീനിന്‍റെ തലയും ,ഉടലും രണ്ടാക്കിപ്പകുത്ത് മീനിനോടു തീര്‍ത്തു.
നിന്നോടൊക്കെ മല്ലിട്ട് എന്‍റെ സര്‍ഗ്ഗശേഷി വറ്റിപ്പോകുകയെ ഉള്ളൂ....''
''എന്നോടാണോ ആവോ?''
''ഈ മീനിനോടാണേ ...''കത്രികയെടുത്ത് ഞാന്‍ മീനിന്‍റെ ചിറകുകള്‍ കുനുകുനെ അരിഞ്ഞു .
''അല്ലെങ്കിലും ആണുങ്ങള്‍ക്ക് മിടുക്കികളായ ഭാര്യമാരോട് അസൂയയാ...''
എങ്ങാനും ഫേമസ് ആയിപ്പോയാലോ......
മറുപടി ബാലിശവും,കുറിക്കു കൊള്ളാന്‍ കെല്‍പ്പില്ലാത്തതുമാണെന്ന് എനിക്ക് അറിയാം. ശേഷം,നിശബ്ദമായി നിന്നു .
തര്‍ക്കിച്ചു തോല്‍പ്പിക്കാന്‍ ഞാന്‍ പണ്ടേ മഠയിയാണ്.
ഉറക്കെ വിളിച്ചു പറയാന്‍ ആഗ്രഹിക്കുന്നതൊക്കെ തൊണ്ടക്കുഴിയില്‍ വന്നു കണ്ണീരായി പരിണമിച്ചു എന്നെ തളര്‍ത്തും.
മീനിനെ അരപ്പ് ചേര്‍ത്ത് അടുപ്പിലാക്കി.
മെഴുക്കുപുരട്ടിക്കു പാവക്ക നുറുക്കുമ്പോഴും ,പരിഭവം കൊണ്ടു കണ്ണ് നനഞ്ഞു .
പ്രോത്സാഹിപ്പിക്കണ്ട,നിരുത്സാഹപ്പെടുതാതിരുന്നൂടെ?
മീന്‍കറി അടുപ്പത്തിരുന്നു തിളച്ചു വറ്റി.
ഉപ്പുനോക്കാന്‍ കയ്യിലെക്കിറ്റിച്ച ചാറു വായില്‍ നിറഞ്ഞു നിന്ന അരിശക്കയര്‍പ്പിനോടൊപ്പം അരുചിയുണ്ടാക്കി ഉള്ളിലേക്കിറങ്ങി.

ഊണ് വിളമ്പുമ്പോള്‍ എത്ര ശ്രമിച്ചിട്ടും എന്‍റെ കവിള്‍ കടന്നല്‍ കുത്തിയപോലെ വീര്‍ത്തിരുന്നു.
ഏട്ടന്‍ പുഞ്ചിരിയോടെ വെച്ചു നീട്ടിയ ഉരുളക്കു വാ തുറക്കാന്‍ ,പക്ഷെ എനിക്ക് ഒന്നുകൂടി ആലോചിക്കേണ്ടി വന്നില്ല..
ലഞ്ച് കഴിഞ്ഞു പുറത്തേക്കിറങ്ങുമ്പോള്‍ ഏട്ടന്‍ ഓര്‍മ്മിപ്പിച്ചു .''വൈകിട്ട് ഒരുങ്ങി നില്‍ക്ക് ,നമുക്കൊന്ന് പുറത്തു പോകാം,തനിക്കും ,മോനും ഒരു റിഫ്രെഷ്മെന്‍റ് ആയിക്കോട്ടെ ''
എച്ചില്‍ പാത്രങ്ങള്‍ സോപ്പുകുമിളകള്‍ കൊണ്ടു മൂടി ,സ്ക്രബ്ബര്‍ കൊണ്ടു ഞാന്‍ ആക്രമണം തുടങ്ങുമ്പോഴേക്കും വാതിലില്‍ 'പ്ടേ 'ന്നു ഉച്ചത്തില്‍ ശബ്ദം കേട്ടു.
ഉണ്ണിയാണ്.ആദ്യത്തെ മുട്ടിനു വാതില്‍ തുറക്കാത്തതിന്‍റെ പ്രതിഷേധം അവന്‍ വാട്ടര്‍ ബോട്ടില്‍ കതകില്‍ ശക്തിയായി ഇടിച്ചു എന്നെ അറിയിച്ചതാണ്.
സ്കൂള്‍ ബസ്‌ നേരത്തെ വന്നിരിക്കുന്നു .
''അമ്മക്ക് കതകു കുറ്റി ഇടാതിരുന്നൂടെ ''
''ഓഹ്‌,ഞാഞ്ഞൂലിനും പത്തി ''
അവന്‍റെ ബാഗ്‌ തുറന്നു ,ടിഫ്ഫിന്‍ ബോക്സും,ബോട്ടിലും.ബുക്കുകളും എടുത്തു വെച്ചു.
സോഫയില്‍ പടേന്ന് വീണ അവനെ പൊക്കിയെടുത്തു കുളിമുറിയില്‍ കൊണ്ടു പോയി...കുളിപ്പിച്ച് ,ഭക്ഷണവും കൊടുത്തു കഴിഞ്ഞപ്പോഴേക്കും മണി 3 . ഇതിനിടെല്‍ മോന്‍റെ കൂടെ ഞാനും നാലഞ്ചു ഉരുളകള്‍ കഴിച്ചിരുന്നു. പതിവ് വിശപ്പ്‌ തോന്നിയില്ല...
ഹോംവര്‍ക്ക് ഇന്നും ഉണ്ടാകും,പാതിരാത്രി വരെ ചെയ്യാന്‍ ....
കുറച്ചു നേരം ഉറക്കിയില്ലെകില്‍ ഒന്നും നടക്കില്ല.
നേരത്തെ ഒക്കെ ചെയ്യിച്ചാല്‍ ,രാത്രി സ്വസ്ഥമായി ഇരുന്നു എഴുതാം...
ഇന്ന് തന്നെ എഴുതണം...
ഭാവന വിടരണ്ട....എന്നാലും ...
ഏട്ടനോട് വാശി കൂടി...
ഉറങ്ങാന്‍ കിടന്ന ഉണ്ണി,പുറം തിരിഞ്ഞു എന്‍റെ വയറ്റില്‍ മുതുകു ചേര്‍ത്തുവെച്ചു ,ചേര്‍ന്ന് കിടന്നു.
എന്‍റെ വലതു കൈ അവന്‍റെ ഉടലിനെ ചുറ്റി വച്ച് ,ലോകത്തിലെ ഏറ്റവും നല്ല സുരക്ഷിതത്വം അനുഭവിച്ചു അവന്‍ ഉറങ്ങുന്നു...
താളത്തിലുള്ള ശ്വാസോച്ച്വാസം കേട്ടു അവന്‍ ഉറങ്ങിയെന്നു ഉറപ്പു വരുത്തി ഞാന്‍ എഴുന്നേല്‍ക്കാനാഞ്ഞു.
അലക്കാനുള്ള തുണി വാരി മെഷീനില്‍ ഇട്ടില്ലെങ്കില്‍ നാളെ ഒരു കുന്നു തുണിയുണ്ടാവും...
''അമ്മ പോണ്ട .കഥ പറഞ്ഞെ''
''അയ്യെടാ,ഇനിയും ഉറങ്ങീലേ ,കള്ളാ...''
''ഉം,പണ്ട് പണ്ട്,ദൂരെ ദൂരെ ഒരു നാട്ടില്‍,എല്ലാവരുടെയും കണ്ണിലുണ്ണിയായി ,കുസൃതി ക്കുടുക്കയായി വളര്‍ന്ന ഒരു കുഞ്ഞു പെണ്ണിന്‍റെ കഥ പറയട്ടെ ?''
ആത്മകഥ ആകുമ്പോള്‍ എന്തെളുപ്പം...എല്ലാം ഒന്നു അടുക്കിയെടുത്താല്‍ മതി.
''വേണ്ട,നിക്ക് സൂപ്പര്‍മാന്‍റെ '' കഥ മതി ''
അച്ഛന് ചേര്‍ന്ന മകന്‍ .
സൂപ്പര്‍മാനെ ക്കുറിച്ച് ഞാന്‍ എന്തെങ്കിലും പറയാന്‍ തുടങ്ങും മുന്‍പേ അവന്‍ ഉറക്കത്തിലേക്ക് വഴുതി വീണു...
തളര്‍ന്നുങ്ങുകയാണ് .

എടുത്താല്‍ പൊങ്ങാത്ത ബാഗും ചുമന്നു കുഞ്ഞു എത്രനാള്‍ ഇനിയും നടക്കണം...
അവന്‍റെ മുടിയിഴകളില്‍ ഞാന്‍ അരുമയായി തലോടി.. കുഞ്ഞു നെറ്റിയില്‍ പതിയെ ഉമ്മ വെച്ചു.
* * *

പുറത്തുപോയിട്ടു തിരികെയെത്തുമ്പോള്‍ നേരം 9 മണി .
പുറത്തുനിന്നു തന്നെ ഭക്ഷണം കഴിച്ചത് കൊണ്ടു വൈകിട്ടത്തെ ചപ്പാത്തി മാവുമായുള്ള യുദ്ധം ഒഴിവായി.
എന്നാലും പിന്നെയും ഉണ്ട് പണികള്‍ .
മോന്‍റെ യൂണിഫോം അയണ്‍ ചെയ്യണം .ടൈം ടേബിള്‍ നോക്കി ബുക്സ് അടുക്കിവെക്കണം.അവന്‍ നോക്കി വെച്ചതാണ്.എന്നാലും എന്‍റെ സമാധാനത്തിനു.
ഏട്ടന്‍ കമ്പ്യൂട്ടറിന്‍റെ മുന്നില്‍ .....
പണി തീര്‍ത്തു പേപ്പറും പേനയുമായി കട്ടിലില്‍ ചടഞ്ഞിരുന്നു.ഉച്ചക്ക് മനസ്സില്‍ മിന്നി മറഞ്ഞ കവിതയെ ഓര്‍ത്തെടുക്കാന്‍ നിന്നാല്‍ ,ഒരുക്കിയെടുത്ത സമയം നഷ്ടമാകും...
അല്ലാതെ തന്നെ എത്രയോ കഥകള്‍ക്ക്,കവിതകള്‍ക്കുമുള്ള സാധ്യതകള്‍ തരുന്ന ബാല്യകാല സ്മരണകള്‍ ,മനസ്സില്‍ നിറഞ്ഞു തുളുമ്പുന്നു...കഥാപാത്രങ്ങള്‍ തൊട്ടടുത്ത്‌ നിന്നു പുഞ്ചിരിക്കുന്നു...മുത്തശ്ശന്‍,മുത്തശ്ശി,അപ്പച്ചി ,,മീരച്ചിറ്റ ...കണ്ണടച്ചു തലയിണയിലേക്കു ചാഞ്ഞു...സ്മൃതികള്‍ ഒരു ഫ്ലാഷ് ബാക്കായി കണ്മുന്നിലേക്ക് വന്നു.

''ആഹാ,മണിയെത്രയായെന്നു നോക്കൂ,എടോ,എനിക്ക് രാവിലെ പോകണം''
ഞെട്ടിത്തരിച്ചു കണ്ണ് തുറന്നു .

''ഏട്ടന്‍ കിടന്നോളൂ.ഞാന്‍ ഇതൊന്നെഴുതിക്കോട്ടേ ...''
ഏട്ടന്‍ സിസ്റ്റം ഓഫ്‌ ചെയ്തു എഴുന്നേറ്റു ന്‍റെയടുത്തേക്ക് വന്നു.
പതിയെ മടിയില്‍ നിന്നും പേപ്പര്‍ എടുത്തു മാറ്റി.
''അതെ,എന്‍റെ കൂടെ ഉണ്ണാനും,ഉറങ്ങാനുമാ,എന്‍റെ പെണ്ണിനെ ഞാന്‍ ഇങ്ങോട്ട് കൊണ്ടുവന്നെ....''
''നാളെ എഴുതിയാല്‍ മതി.ഞാനും ,മോനും പോയിക്കഴിഞ്ഞു തനിക്കു ലെഷര്‍ ടൈം ഇഷ്ടം പോലെ കിട്ടില്ലേ...''
''നാളെ എഴുതാന്‍ പറ്റില്ല,ഇപ്പോള്‍ മനസ്സില്‍ വന്നതൊക്കെ നാളെവരെ ഓര്‍മ്മയില്‍ നില്‍ക്കില്ല''
ഞാന്‍ കെഞ്ചി.
''പേറ്റുനോവ് ഇന്നേക്ക് കൂടി നിന്നോട്ടെ '' ഏട്ടന്റെ മുഖത്ത് കുസൃതിച്ചിരി
കഥയുടെ അവതരണ ഗാനം പാടാന്‍ തയ്യാറായി നിന്ന ചിരുതപ്പുലയിയും,സംഘവും വയലിറമ്പത്ത് കുത്തിയിരുന്നു.മുത്തശിയല്ലേ പൂമുഖത്ത് നിന്നു അക്ഷമയോടെ കൈ മാടി വിളിക്കുന്നത്‌...നാട്ടുമാവിനു ചുറ്റും എല്ലാവരുമുണ്ട്‌.... അമ്പിളിയും,അരവിന്ദനും,ബാലുവും,അജയനും...
ഏട്ടന് ഇതൊന്നും കാണാനും,കേള്‍ക്കാനും പറ്റുന്നില്ലേ...
''വേണ്ട,നാളെയും കുഞ്ഞു പിറക്കണ്ട,എല്ലാവരുടെയും തെരക്കെല്ലാം ഒഴിഞ്ഞിട്ട് ഞാന്‍ പ്രസവിച്ചോളാം .

സമയത്ത് പിറക്കാതെ പോയാല്‍ എന്‍റെ കുഞ്ഞു ചാപിള്ളയായാല്‍ ...ആര്‍ക്കെന്തു നഷ്ടം...
വാക്കുകള്‍ വീണ്ടും എന്‍റെ തൊണ്ടക്കുഴിയില്‍ കുടുങ്ങി .
അതോ ,എന്‍റെ കുഞ്ഞു ഇനി ഒരിക്കലും ജനിക്കുകയില്ലെന്നോ ........
വായില്‍ വീണ്ടും കണ്ണീര്‍ ചുവച്ചു .
കട്ടിലിന്‍റെ ഞരക്കത്തിലും നിലത്തുവീണ പേന ഉടഞ്ഞ ശബ്ദം ഞാന്‍ വ്യക്തമായും കേട്ടു..

*..........................*..........................*.......................*


നഷ്ടപ്പെട്ട നീലാംബരി

ദിവ്യാനുരാഗത്തിന്റെ കഥാകാരി വിടപറഞ്ഞു.
ഇനിയും പറഞ്ഞു തീരാത്ത നൂറായിരം കഥകളുടെ ചിമിഴുകള്‍ എന്നെന്നേക്കുമായി അടച്ചുവെച്ച് ,തന്റെ സ്വപ്നങ്ങളിലെ സ്ഥിരസാന്നിധ്യമായ ദൈവ സന്നിധിയിലേക്ക്,'സ്വര്‍ഗ്ഗത്തിലേക്ക്' , നിത്യ പ്രണയിനി പറന്നകന്നിരിക്കുന്നു.
ജീവിതം,പ്രണയത്തിന്റെ ഉത്സവമാണെന്ന് ഉദ്ഘോഷിക്കാന്‍,സ്ത്രൈണതയുടെ ഋതു ഭേദങ്ങളെ സദാചാരമാകുന്ന കശാപ്പുശാലയില്‍ നിന്നും മോചിപ്പിച്ച്‌, നറും നിലാവില്‍ വിരിഞ്ഞ നീര്‍മാതളപ്പൂക്കളുടെ സുഗന്ധം ആവാഹിച്ചു ,അണിയിച്ചൊരുക്കി സാഫല്യത്തിന്റെ പൂര്‍ണ്ണതയിലെത്തിച്ച നമ്മുടെ പ്രിയപ്പെട്ട ആമിക്ക് കണ്ണീര്‍പ്പൂവുകള്‍ അര്‍പ്പിച്ചു ഞാനും വിട ചൊല്ലുന്നു.
പ്രണയിനിയുടെ വികാരതീഷ്ണത ,പിഞ്ചു പൈതലിന്റെ നിഷ്കളങ്കത, മാതൃത്വത്തിന്റെ മഹനീയത,എന്നിങ്ങനെ സ്ത്രീയുടെ വിവിധ ഭാവങ്ങളും,ആര്‍ദ്രതയും,ഹൃദയത്തിലേക്കും,തന്റെ എഴുത്തിലേക്കും ആവാഹിച്ചു സ്നേഹം സദാചാര വിരുദ്ധമെങ്കില്‍ താന്‍ സദാചാരവിരുദ്ധയാനെന്നു ഉറക്കെ വിളിച്ചു പറഞ്ഞ് ,പിന്നിട്ട വഴികളിലെല്ലാം താന്‍ സത്യമുള്ള മുഖങ്ങളെ അന്വേഷിച്ചലയുകയായിരുന്നെന്നു വേപഥു പൂണ്ട് ,പ്രേമിക്കാതെ കടന്നു പോകുന്നവരുടെ ജിവിതം വ്യര്‍ത്ഥമാണെന്ന് ഓര്‍മ്മപ്പെടുത്തി മലയാളത്തിന്റെ പ്രിയ കഥാകാരി വിടപറയുമ്പോള്‍ ,ഭൂമിയില്‍ ആര്ക്കും ഒന്നിലും ഉടമസ്ഥാവകാശം ഇല്ലെന്നു വിശ്വസിച്ച മാധവിക്കുട്ടിക്ക്,സ്വര്‍ഗത്തില്‍ ,ദൈവത്തിന്നരികില്‍ ഒരു ഇരിപ്പിടം സ്വന്തമായിട്ടുണ്ടാകും,അവര്‍ എപ്പോഴും,ആഗ്രഹിച്ചിരുന്നതു പോലെ,വിശ്വസിച്ചിരുന്നതു പോലെ...
എങ്കിലും,നമുക്കു നഷ്ട്ടപ്പെട്ടു, ''നീലാംബരി'',എന്നെന്നേക്കുമായി...